
കോവിഡ് വരുത്തിവച്ച വിനാശകാരമായ ആഘാതങ്ങള്‍ക്കുശേഷം പാഠങ്ങള്‍ ഉള്‍ക്കൊള്ളാതെ കുടിയേറ്റത്തൊഴിലാളികളുടെ വിവരശേഖരണത്തില്‍ വീഴ്ച വരുത്തുന്നതായി പഠനം. സമഗ്രമായ വിവരങ്ങളുടെ അഭാവം മൂലം കുടിയേറ്റ തൊഴിലാളികള്‍ക്കായി യോജിച്ച നയപരിപാടികളും സാമൂഹ്യസുരക്ഷാപദ്ധതികളും നടപ്പാക്കാനാവുന്നില്ലെന്ന് പഠനറിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ മൈക്രോഫിനാന്‍സിന്റെ പിന്തുണയോടെ പോളിസി ആന്റ് ഡെവലപ്മെന്റ് അഡ്വൈസറി ഗ്രൂപ്പ് (പിഡിഎജി) നടത്തിയ പഠനത്തിലാണ് കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തില്‍ കോവിഡ് കാലത്തു നിന്നും ഇതുവരെയും പാഠങ്ങള്‍ ഉള്‍ക്കൊണ്ടില്ല എന്ന് വ്യക്തമാക്കുന്നത്. വിവരശേഖരണത്തിന്റെ അഭാവത്തില്‍ കോവിഡ് കാലത്ത് കുടിയേറ്റത്തൊഴിലാളികള്‍ നേരിടുന്ന പരാധീനതകളും അപകടകരമായ അവസ്ഥകളും ചൂഷണവും തുറന്നുകാട്ടപ്പെട്ടിരുന്നു. നാല് ജില്ലകളില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നുണ്ടോ എന്നറിയാന്‍ നടത്തിയ പഠനമാണ് വിവരശേഖരണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയത്. രാജസ്ഥാനിലെ രാജ്സാമന്ത്, ബേവാര്‍ യുപിയിലെ ബഹ്റിച്ച്, ലക്നൗ ജില്ലകളിലാണ് പഠനം നടന്നത്. ദേശവ്യാപകമായി കുടിയേറ്റതൊഴിലാളികള്‍ക്കായി ഒരു നയം നാളിതുവരെയും രൂപീകരിക്കപ്പെട്ടിട്ടില്ല. 2020 ഡിസംബറില്‍ പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി കുടിയേറ്റ തൊഴിലാളികളുടെ ദേശവ്യാപകമായ ഒരു വിവരശേഖരണത്തിന് ശുപാര്‍ശ ചെയ്തിരുന്നു. ഒാരോ സംസ്ഥാനത്തെയും കുടിയേറ്റ തൊഴിലാളികളുടെ എണ്ണം, അവരുടെ വരുമാനം, അവരുടെ താമസസ്ഥലം, മുന്‍ തൊഴില്‍ രേഖകള്‍, തൊഴില്‍ വൈദഗ്ധ്യം ഇവ സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിക്കണമെന്നായിരുന്നു ശുപാര്‍ശ.
2021 ല്‍ തൊഴില്‍ മന്ത്രാലയം ഒരു സമഗ്രമായ ദേശീയനയം സൃഷ്ടിക്കുന്നതിനായി ഇ‑ശ്രാം പോര്‍ട്ടല്‍ ആരംഭിച്ചു. അസംഘടിതമേഖലയിലെ തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യുക എന്നതായിരുന്നു ഈ സംരംഭത്തിന്റെ ലക്ഷ്യം. 2022 ലും 23 ലും സുപ്രീംകോടതി ക്ഷേമാനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനായി എല്ലാ തൊഴിലാളികളും ഇതില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ടെന്ന് മന്ത്രാലയം ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചിരുന്നു. 2024 ഏപ്രില്‍ 24 ലെ കണക്കുപ്രകാരം 29.53 കോടി അസംഘടിത തൊഴിലാളികളാണ് ഇ ‑ശ്രാം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത്. യുപിയില്‍ 8.5 കോടിയും രാജസ്ഥാനില്‍ 1.37 കോടിയും രജിസ്റ്റര്‍ ചെയ്തു. പോര്‍ട്ടല്‍ വഴി ഇതുവരെ കുടിയേറ്റ വിഭാഗക്കാരെ ഒരു പ്രത്യേക വിഭാഗമായി തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇ ശ്രാം പോര്‍ട്ടല്‍ ഇപ്പോഴും ഒരു പൊതുവിഭാഗത്തിനായാണ് പ്രവര്‍ത്തിക്കുന്നത്. ഇന്നും കുടിയേറ്റ തൊഴിലാളികള്‍ ആരൊക്കെ, അവര്‍ എവിടെയാണ് എന്ന് കണ്ടെത്താന്‍ ഒരു പ്രത്യേക സംവിധാനം നിലവില്‍ ഇല്ല. ഇ ‑ശ്രാം പോര്‍ട്ടല്‍ പരിശോധിച്ചാലും കുടിയേറ്റ തൊഴിലാളികള്‍ ആരൊക്കെ, അല്ലാത്തവര്‍ ആരൊക്കെ എന്ന് വേര്‍തിരിച്ചറിയാനാവില്ല. കുടിയേറ്റ തൊഴിലാളികള്‍ക്കു വേണ്ട ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ അവരെ എങ്ങനെ കൃത്യമായി തിരിച്ചറിയും എന്നത് വെല്ലുവിളിയായി നിലനില്‍ക്കുകയാണ്. കുടിയേറ്റ തൊഴിലാളികളെ കണ്ടെത്താനും അവരെ സഹായിക്കാനും സംസ്ഥാനങ്ങള്‍ തമ്മില്‍ പരസ്പരസഹകരണ പദ്ധതികളും നിലവിലില്ല.
രാജ്യത്ത് പഞ്ചായത്ത് തലത്തില്‍ അതിഥി തൊഴിലാളികളുടെ വിവരശേഖരണം അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. അതിഥി തൊഴിലാളികള്‍ അവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങുമ്പോള്‍ പ്രാദേശികതലത്തില്‍ വിവരങ്ങള്‍ സമാഹരിക്കപ്പെണം. യുപി, ബിഹാര്‍, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ആധികാരികമായ ഒരു രേഖകളും അതിഥി തൊഴിലാളികളെ സംബന്ധിച്ചില്ല. കുടിയേറ്റ തൊഴിലാളികള്‍ക്ക് താമസസൗകര്യം വിഭാവനം ചെയ്യുന്നുണ്ടെങ്കിലും കൃത്യമായ വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ പല സംസ്ഥാനങ്ങളിലും ഇത് ലഭ്യമാകാറില്ല. കരാറുകാരും ഇടത്തരക്കാരും ഒരുക്കുന്ന അടിസ്ഥാനസൗകര്യങ്ങളില്ലാത്ത വാസസ്ഥലങ്ങളില്‍ ദുരിതപൂര്‍ണ ജീവിതം നയിക്കേണ്ട സാഹചര്യമാണ് ഇവര്‍ക്കുള്ളത്. എന്നാല്‍ കേരളത്തില്‍ സ്ഥിതി വളരെ വ്യത്യസ്തമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. സുരക്ഷിതമായ താമസസ്ഥലം ഒരുക്കുന്ന അപ്നാഹര്‍ പദ്ധതി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനങ്ങള്‍ തമ്മില്‍ അതിഥിതൊഴിലാളികളുടെ വിവരശേഖരണത്തിനും കൈമാറ്റത്തിനും അടിയന്തരമായി സംവിധാനമൊരുക്കണം. കുടിയേറ്റ തൊഴിലാളികള്‍ക്കായി സംസ്ഥാനങ്ങളില്‍ ഒരു എംബസി എന്ന ആശയം ദുരിതകാലങ്ങളില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുന്നതിന് ഗുണകരമാവുമെന്നും പഠനത്തില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.