15 April 2024, Monday

Related news

January 1, 2024
December 26, 2023
October 21, 2023
May 18, 2023
February 24, 2023
February 2, 2023
January 31, 2023
January 20, 2023
January 20, 2023
January 1, 2023

തൊഴിലുറപ്പ് തൊഴിലാളികളില്‍ 5 കോടി വെട്ടി

പുതിയ ഇപിഎഫ് അംഗത്വത്തില്‍ വന്‍ ഇടിവ് 
Janayugom Webdesk
ന്യൂഡല്‍ഹി
October 21, 2023 10:26 pm

രാജ്യത്തെ സാധാരണക്കാര്‍ അന്നത്തിനായി ആശ്രയിക്കുന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് അംഗങ്ങളെ കൂട്ടമായി ഒഴിവാക്കി. വിവിധ സംസ്ഥാനങ്ങളിലായി അഞ്ച് കോടിയിലധികം വരുന്ന തൊഴിലാളികളുടെ തൊഴില്‍കാര്‍ഡാണ് റദ്ദാക്കിയത്.
കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചാണ് കാര്‍ഡുകള്‍ റദ്ദ് ചെയ്തതെന്നാണ് പുറത്ത് വരുന്ന വിവരം. നടപടിക്രമങ്ങളിലെ വീഴ്ചയാണ് റദ്ദാക്കലിലേക്ക് നയിച്ചതെന്നാണ് അധികൃതരുടെ വിശദീകരണമെന്ന് ലിബ് ടെക് ഇന്ത്യയെ ഉദ്ധരിച്ച് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2022 ഒക്ടോബര്‍ മുതല്‍ 23 ജൂണ്‍ വരെയുളള കാലത്താണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അഞ്ച് കോടിയിലേറെ പേരെ ഒഴിവാക്കിയത്. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തെലങ്കാന, ഒഡിഷ, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഏറെപ്പേര്‍ പുറത്തായി.
പ്രതിവര്‍ഷം ഒരു കോടി മുതല്‍ ഒന്നരക്കോടി കാര്‍ഡുകളാണ് വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ റദ്ദ് ചെയ്യുന്നത്.

ആധാര്‍ അധിഷ്ഠിത വേതന വിതരണം (എബിപിഎസ് ) നിര്‍ബന്ധമാക്കാന്‍ കേന്ദ്രം ഉത്തരവിട്ടതും കാര്‍ഡ് റദ്ദാക്കലിന്റെ ആക്കം വര്‍ധിപ്പിച്ചു. എബിപിഎസ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രം സമ്മര്‍ദം ചെലുത്തുന്നതിന്റെ ഫലമായാണ് വ്യാപകമായി തൊഴില്‍ കാര്‍ഡുകള്‍ റദ്ദാകുന്നതെന്ന് ലിബ്ടെകിലെ ഗവേഷക വിദ്യാര്‍ത്ഥിയായ ലാവണ്യ തമാങ് പറഞ്ഞു. എബിപിഎസ് സംവിധാനം തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും രജിസ്റ്റര്‍ നടപടികളില്‍ സംഭവിക്കുന്ന വീഴ്ചയും കാര്‍ഡ് റദ്ദാക്കാന്‍ ഇടവരുത്തുന്നതായും അവര്‍ പറഞ്ഞു.

എബിപിഎസ് സംവിധാനത്തിന്റെ ചുമതല അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. ക്ലേശകരമായ ബന്ധിപ്പിക്കല്‍ നടപടിയില്‍ നിന്ന് രക്ഷനേടാന്‍ കാര്‍ഡ് റദ്ദാക്കല്‍ എളുപ്പമാര്‍ഗമായി പല സംസ്ഥാനങ്ങളും സ്വീകരിച്ച് വരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. 2023 ഫെബ്രുവരി മാസം മുതല്‍ എബിപിഎസ് സംവിധാനം നടപ്പിലാക്കണമെന്ന കേന്ദ്ര നിര്‍ദേശം വന്നതിനുശേഷം കേവലം 43 ശതമാനം പേര്‍ മാത്രമാണ് ഈ സംവിധാനം വഴി തൊഴിലുറപ്പ് വേതനം കൈപ്പറ്റിയത്. വിലക്കയറ്റവും പണപ്പെരുപ്പവും രൂക്ഷമായി ഉയരുന്ന വേളയിലാണ് ഗ്രാമീണ ജനതയുടെ ആശ്രയമായ തൊഴിലുറപ്പ് പദ്ധതിയും ഇല്ലാതാക്കിക്കൊണ്ടുള്ള കാര്‍ഡ് റദ്ദാക്കലും നടക്കുന്നത്.

തൊഴില്‍ രംഗം തളരുന്നു

രാജ്യത്തെ തൊഴില്‍ രംഗം തളരുന്നതായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് കണക്കുകള്‍. ഓഗസ്റ്റ് മാസത്തെ കണക്ക് പ്രകാരം പുതിയ അംഗങ്ങളായി ചേരുന്നവരുടെ എണ്ണത്തില്‍ 13.3 ശതമാനം ഇടിവ് രേഖപ്പെടുത്തി.
പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടതാണ് പുതിയ ഇപിഎഫ് അംഗത്വങ്ങളില്‍ ഗണ്യമായ കുറവ് വരാന്‍ ഇടയാക്കിയതെന്നാണ് വിലയിരുത്തല്‍. ജൂലൈ മാസം 10.6 ലക്ഷം ഗുണഭോക്താക്കള്‍ പുതുതായി പദ്ധതിയില്‍ ചേര്‍ന്നപ്പോള്‍ ഓഗസ്റ്റ് മാസത്തെ കണക്ക് അനുസരിച്ച് 9,25,984 പേരാണ് പദ്ധതിയില്‍ അംഗങ്ങളായതെന്ന് കഴിഞ്ഞദിവസം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

Eng­lish Summary:5 crore cut from guar­an­teed employ­ment workers
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.