27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 18, 2024
July 17, 2024
July 12, 2024
June 16, 2024
June 15, 2024
June 11, 2024
May 4, 2024
May 2, 2024
May 2, 2024
May 2, 2024

പട്ടിണി: ഗാസയില്‍ നവജാത ശിശു മരണനിരക്ക് വർധിക്കുന്നു

സഹായമെത്തിക്കണമെന്ന് ലോകാരോഗ്യ സംഘടന 
Janayugom Webdesk
ഗാസ സിറ്റി
March 21, 2024 9:43 am

പട്ടിണിയുടെ അനന്തരഫലമായി ഗാസയിലെ നവജാത ശിശുക്കളുടെ മരണനിരക്ക് വർധിക്കുന്നതായി ലോകാരോഗ്യ സംഘടന. ഗർഭിണികളിൽ ഭാരക്കുറവ്, പോഷകാഹാരക്കുറവ് പോലെയുള്ള അവസ്ഥകളും സാധാരണമായിക്കഴിഞ്ഞുവെന്ന് ലോകാരോഗ്യ സംഘടന വക്താവ് മാർഗരറ്റ് ഹാരിസ് പറഞ്ഞു. ജനിച്ചുവീഴുന്ന കുട്ടികളുടെ ഭാരം വളരെക്കുറവാണ്. പട്ടിണിമൂലം മരണത്തിന്റെ വക്കിൽ നിൽക്കുന്ന കുട്ടികൾ ഗാസയിൽ നിരവധിയാണ്. അവർക്ക് ഭക്ഷണം എത്തിക്കുക, പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള കേന്ദ്രങ്ങൾ സ്ഥാപിക്കുക എന്നീ ലക്ഷ്യങ്ങളാണ് സംഘടനയ്ക്ക് മുന്നിലുള്ളത്.

എന്നാൽ അതിനായുള്ള വസ്തുക്കള്‍ എത്തിക്കാൻ ആവശ്യമായ സുരക്ഷയോ സാഹചര്യമോ ഇപ്പോൾ ലഭ്യമല്ലെന്നും മാര്‍ഗരറ്റ് ചൂണ്ടിക്കാട്ടി. ഗാസയില്‍ ക്ഷാമം ആസന്നമായിരിക്കുകയാണെന്നാണ് പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎൻ ഏജൻസി (യുഎൻആർഡബ്ല്യുഎ) യുടെ മുന്നറിയിപ്പ്. സഹായവിതരണം സുസ്ഥിരമായി നടന്നാൽ മാത്രമേ ജീവനുകൾ രക്ഷിക്കാൻ സാധിക്കൂ. രൂക്ഷമായ പോഷകാഹാരക്കുറവ് കണ്ടെത്തുന്ന നവജാത ശിശുക്കളുടെ കേസുകൾ പെരുകുകയാണെന്നും ആവശ്യമായ വൈദ്യസഹായം നൽകാൻ സാധിക്കാത്ത അവസ്ഥ നിലവിലുണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു. പട്ടിണിയെ യുദ്ധത്തിനുള്ള ഉപകരണമായി ഇസ്രയേൽ ഉപയോഗിക്കുന്നുവെന്ന് യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി ജോസെപ് ബോറെലും ആരോപിച്ചിരുന്നു.

അതേസമയം, ഗാസയിലെ ആശുപത്രികള്‍ക്കെതിരായ ഇസ്രയേല്‍‍ ആക്രമണങ്ങളെയും ലോകാരോഗ്യ സംഘടന അപലപിച്ചു. ആശുപത്രികളും ആംബുലൻസുകളും അടക്കമുള്ള ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ 410 തവണ ആക്രമണം നടത്തിയെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ഒക്‌ടോബർ ഏഴു മുതൽ നടത്തിയ ആക്രമണങ്ങളുടെ കണക്കാണ് പുറത്തുവിട്ടത്. ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണങ്ങളിൽ 685 പേർ കൊല്ല​പ്പെട്ടു. 902 പേർക്ക് പരിക്കേറ്റു. 104 ആംബുലൻസുകൾ തകർത്തു.

ഗാസ സിറ്റിയിലാണ് 40 ശതമാനം ആക്രമണങ്ങളും നടന്നത്. 23 ശതമാനം വടക്കൻ ഗാസയിലും 28 ശതമാനം തെക്ക് ഖാൻ യൂനിസിലും ആക്രമിക്ക​പ്പെട്ടു. ആരോഗ്യ സംരക്ഷണകേന്ദ്രങ്ങൾ ഒരിക്കലും യുദ്ധത്തിൽ ആക്രമിക്കപ്പെടരുത്. അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കണമെന്നും സാധാരണക്കാരെയും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളെയും സംരക്ഷിക്കണമെന്നും ആവശ്യപ്പെടുന്നതായി സംഘടന പറഞ്ഞു.

Eng­lish Sum­ma­ry: Famine in Gaza: Deaths of Chil­dren from Star­va­tion on the Rise
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.