25 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 10, 2024
November 10, 2024
November 3, 2024
October 30, 2024
October 29, 2024
October 28, 2024
October 18, 2024
October 9, 2024
October 8, 2024
September 9, 2024

സൈന്യത്തില്‍ ആള്‍ക്ഷാമം; നിലവിലുള്ളത് ഒരു ലക്ഷത്തിലധികം ഒഴിവുകള്‍

Janayugom Webdesk
ന്യൂഡല്‍ഹി
April 3, 2022 8:17 pm

ബിജെപിയുടെ ഭരണത്തിന്‍കീഴില്‍ ഇന്ത്യന്‍ ആര്‍മി അനുഭവിക്കുന്നത് മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ആള്‍ക്ഷാമം. ഒരു ലക്ഷത്തിലധികം ഒഴിവുകളാണ് നിലവില്‍ സേനയില്‍ നിലനില്‍ക്കുന്നത്. പാകിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നും രാജ്യം ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് സേനയുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്ന തരത്തില്‍ പട്ടാള ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കപ്പെടാതെ നില്‍ക്കുന്നത്.

1,04,653 ഒഴിവുകളാണ് ഇന്ത്യന്‍ ആര്‍മിയില്‍ നിലവിലുള്ളതെന്നാണ് കഴിഞ്ഞ ഡിസംബറില്‍ പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് പാര്‍ലമെന്ററില്‍ വ്യക്തമാക്കിയത്. 7,476 ഓഫീസര്‍മാരുടെയും 97,177 ജവാന്മാരുടെയും തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. ഫീല്‍ഡ് ഓപ്പറേഷനുകളിലുള്‍പ്പെടെ നിര്‍ണായക സ്ഥാനമുള്ള ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസര്‍മാരുടെയുള്‍പ്പെടെ നിരവധി ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുന്നത് സേനയില്‍ വലിയ പ്രതിസന്ധികള്‍ക്കിടയാക്കും.

2020–21ല്‍ 97 റിക്രൂട്ട്മെന്റ് റാലികള്‍ പ്രഖ്യാപിച്ചിരുന്നതില്‍ 47 എണ്ണം മാത്രമാണ് നടന്നതെന്ന് കഴിഞ്ഞ മാസം മന്ത്രി അറിയിച്ചു. പൊതു പ്രവേശന പരീക്ഷ(സിഇഇ)കളില്‍ നാലെണ്ണം മാത്രമാണ് നടന്നിട്ടുള്ളത്. തുടര്‍ന്ന് 2021–22ല്‍ 87 റിക്രൂട്ട്മെന്റ് റാലികള്‍ നിശ്ചയിച്ചിരുന്നതില്‍ നാല് റാലികള്‍ മാത്രമാണ് നടന്നത്. സിഇഇകള്‍ ഒന്നും ആ വര്‍ഷം നടന്നിട്ടില്ല. ഒരാള്‍ പോലും പുതുതായി സൈന്യത്തില്‍ ചേര്‍ന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍.

ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ സൈന്യത്തിലെ ഒഴിവുകള്‍ രണ്ട് ലക്ഷത്തോളമാകുമെന്ന് മിലിട്ടറി അനലിസ്റ്റ് ലഫ്റ്റനന്റ് ജനറല്‍ (റിട്ട.) എച്ച് എസ് പനാഗ് ചൂണ്ടിക്കാട്ടുന്നു. മിലിട്ടറി ട്രെയ്‌നിങ്ങ് സ്ഥാപനങ്ങളുടെ ശേഷിയും പരിശീലന സമയവും പരിഗണിക്കുമ്പോള്‍, സൈന്യത്തില്‍ ജോലി ചെയ്യാനാരംഭിക്കുന്നവരുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും 30 ശതമാനം വര്‍ധനവുണ്ടായാലും ഇപ്പോഴുള്ള ക്ഷാമം പരിഹരിക്കുന്നതിന് ആറോ ഏഴോ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.

രണ്ട് വര്‍ഷമായി സൈന്യത്തിലേക്കുള്ള റിക്രൂട്ട്മെന്റ് നടക്കാത്തത്, രാജ്യത്തെ തൊഴിലില്ലായ്മയില്‍ വലയുന്ന യുവജനങ്ങള്‍ക്കുള്ള കനത്ത തിരിച്ചടി കൂടിയാണ്. അപേക്ഷകര്‍ക്കുള്ള ഉയര്‍ന്ന പ്രായപരിധിയില്‍ രണ്ട് വര്‍ഷം ഇളവ് നല്‍കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

പ്രതിവര്‍ഷം വിരമിക്കുന്നത് അരലക്ഷം പേര്‍

14 ലക്ഷത്തോളം പേരടങ്ങുന്ന സേനയില്‍ നിന്ന് 50,000ത്തോളം സൈനികരാണ് ഓരോ വര്‍ഷം വിരമിക്കുന്നത്. ഈ ഒഴിവുകള്‍ നികത്താനുള്ള റിക്രൂട്ട്മെന്റ് നടപടികള്‍, കോവിഡ് മഹാമാരിയുടെ വ്യാപനത്തെത്തുടര്‍ന്ന് 2020 മുതല്‍ നിലച്ചിരിക്കുകയാണ്. 2020 മെയ് മാസം മുതല്‍ കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായുള്ള സംഘര്‍ഷവും കശ്മീരിലും സിയാച്ചിനിലും പാകിസ്ഥാനുമായുള്ള പ്രശ്നങ്ങളും തുടരുന്ന സാഹചര്യമാണുള്ളത്. യുദ്ധത്തിനും സമാധാനത്തിനും ഇടയിലുള്ള അന്തരീക്ഷമാണ് രാജ്യത്തിന്റെ അതിര്‍ത്തികളില്‍ നിലനില്‍ക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ സൈന്യത്തിലുള്ള ആള്‍ക്ഷാമം ആശങ്കയുയര്‍ത്തുന്നത്.

Eng­lish sum­ma­ry; Famine in the army; There are more than one lakh vacancies

You may also like this video;

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.