22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 6, 2024
December 1, 2024
November 29, 2024
November 26, 2024
November 26, 2024
November 8, 2024
November 8, 2024
November 6, 2024
October 28, 2024
October 12, 2024

കർഷകരെ വഞ്ചിച്ചവരുടെ മുതലക്കണ്ണീർ

ജി ആര്‍ അനില്‍ (ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി)
November 13, 2023 4:30 am

ആലപ്പുഴയിലെ തകഴിയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവം ഏറ്റവും വേദനാജനകമാണ്. അദ്ദേഹം തന്നെ പറഞ്ഞതുപ്രകാരം തുടർക്കൃഷിയ്ക്ക് ബാങ്കുകൾ വായ്പ നിഷേധിച്ചതിനാലുണ്ടായ പ്രയാസമാണ് ആത്മഹത്യക്ക് കാരണം. രാജ്യത്താകമാനം കർഷകർ തീരാദുരിതത്തിലാണ്. കേന്ദ്രസർക്കാർ കൈക്കൊണ്ടുവരുന്ന ഉദാരവല്‍ക്കരണനയങ്ങൾ കുത്തകകൾക്കും ഇടനിലക്കാർക്കും ഗുണം ചെയ്യുകയും കർഷകരെ ദ്രോഹിക്കുകയും ചെയ്യുന്നതാണ്. ഇതിൽ നിന്ന് വ്യത്യസ്തമായി കർഷകരുൾപ്പെടെ എല്ലാ ജനവിഭാഗങ്ങളെയും ചേർത്തുപിടിക്കുന്ന ജനപക്ഷസർക്കാരാണ് കേരളത്തിലേത്. അതുകൊണ്ടുതന്നെ തകഴിയിലുണ്ടായ സംഭവം പ്രത്യേകമായ ശ്രദ്ധ അർഹിക്കുന്നു. മരിച്ച കർഷകന്റെ പേരിൽ പ്രചരിക്കുന്ന ആത്മഹത്യാക്കുറിപ്പ് പ്രകാരം, അദ്ദേഹം 2011ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നെടുത്ത കാർഷിക വായ്പ 2020ൽ ഒറ്റത്തവണ തീർപ്പാക്കിയതുകൊണ്ട് സിബിൽസ്കോറിനെ ബാധിക്കുകയും പിന്നീട് ബാങ്കുകൾ വായ്പ നൽകാതിരിക്കുകയുമാണ്. ഇതുമൂലമുണ്ടായ പ്രയാസമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് അദ്ദേഹത്തിന്റെയും പത്നിയുടെയും സത്യസന്ധമായ വെളിപ്പെടുത്തലുകളിൽ നിന്ന് വ്യക്തവുമാണ്. എന്നാൽ എല്ലാക്കാലത്തും കർഷകവഞ്ചനയുടെ നിലപാട് സ്വീകരിച്ച കേരളത്തിലെ പ്രതിപക്ഷം ഈ സത്യം മൂടിവച്ച് ഹീനമായ രാഷ്ട്രീയപ്രചരണായുധമാക്കി മാറ്റിയിരിക്കുന്നു. ഈ കർഷകനിൽ നിന്ന് 2021–22 കാലയളവിൽ സംഭരിച്ച നെല്ലിന്റെ വില പിആർഎസ്.

വായ്പയായി ഫെഡറൽ ബാങ്ക് വഴി നൽകുകയും സപ്ലൈകോ അത് സമയബന്ധിതമായി അടച്ചുതീർക്കുകയും ചെയ്തിട്ടുണ്ട്. 2022–23 സീസണിലെ ഒന്നാംവിളയായി ഇദ്ദേഹത്തിൽ നിന്നും സംഭരിച്ച 4,896 കിലോഗ്രാം നെല്ലിന്റെ വിലയായി 1,38,655 രൂപ കേരള ബാങ്ക് വഴി പിആർഎസ് വായ്പയായി നൽകിയിട്ടുണ്ട്. ഇതിന്റെ തിരിച്ചടവിന്റെ സമയപരിധി ആകുന്നതേയുള്ളൂ. അതിനാൽ പിആർഎസ് വായ്പ സിബിൽ സ്കോറിനെ ബാധിച്ചിട്ടില്ല എന്ന് മനസിലാക്കാം. എന്നാൽ നെല്ല് സംഭരണവില ലഭിക്കുന്നതിന് പിആർഎസ് വായ്പ എടുക്കേണ്ടി വന്നതാണ് ദുരന്തത്തിന് കാരണമെന്ന് വസ്തുതാവിരുദ്ധമായി പ്രചരിപ്പിക്കുകയും ജനപക്ഷ സർക്കാരിനെ താറടിക്കുന്നതിനുള്ള സുവർണാവസരമായി ഉപയോഗപ്പെടുത്തുകയും ചെയ്യുകയാണ് ഒരു വിഭാഗം. ഇവരുടെ കുടില പരിശ്രമങ്ങളെ വസ്തുതകളുടെയും സത്യത്തിന്റെയും പിൻബലത്തോടെ പ്രതിരോധിക്കേണ്ടിയിരിക്കുന്നു. നെല്ല്സംഭരണവില യഥാസമയം നൽകാൻ ഏർപ്പെടുത്തിയ പിആർഎസ് വായ്പാ പദ്ധതിയെയാണ് വില്ലനായി ഒരു വിഭാഗം മാധ്യമങ്ങളും പ്രതിപക്ഷവും ചിത്രീകരിക്കുന്നത്. വികേന്ദ്രീകൃത‑ധാന്യ‑സംഭരണ‑സംസ്കരണ‑വിതരണം ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയാണ്. രാജ്യത്തുല്പാദിപ്പിക്കുന്ന ഭക്ഷ്യധാന്യം താങ്ങുവില നൽകി കർഷകരിൽ നിന്ന് സംഭരിക്കുകയും ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഗോഡൗണുകളിൽ സൂക്ഷിക്കുകയും സംസ്ഥാനങ്ങൾക്ക് വിഹിതം അനുവദിച്ച് പൊതുവിതരണ സംവിധാനം വഴിയും മറ്റുവിധത്തിലും വിതരണം നടത്തുകയും ചെയ്യുന്നത് കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലും മാർഗനിർദേശങ്ങൾ പ്രകാരവുമാണ്. സംഭരിക്കുന്ന നെല്ല് അരിയാക്കി പൊതുവിതരണ സമ്പ്രദായം വഴി ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുകയോ കേന്ദ്രപൂളിലേയ്ക്ക് നൽകി എഫ്‌സിഐക്ക് കൈമാറുകയോ ചെയ്യാം. കേരളം കർഷകർ ഉല്പാദിപ്പിക്കുന്ന മുഴുവൻ നെല്ലും സംഭരിക്കുകയും സംസ്കരിച്ച് അരിയാക്കി റേഷൻകടകൾ വഴി വിതരണം ചെയ്യുകയുമാണ്.


ഇതുകൂടി വായിക്കൂ:നെല്ല് സംഭരണം: പ്രതിസന്ധികളെ അതിജീവിക്കും


സംസ്ഥാനത്തിന്റെ ഭക്ഷ്യവിഹിതമായ 14.25 ലക്ഷം മെട്രിക് ടണ്ണിൽ, നാലേകാൽ ലക്ഷത്തിലധികം സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന കുത്തരി കഴിച്ച് ബാക്കിയാണ് എഫ്‌സിഐയിൽ നിന്നെടുക്കുന്നത്. നെല്ല് കുത്തിയ അരി റേഷൻകടകൾ വഴി ഗുണഭോക്താവിന്റെ വിരലടയാളം പതിപ്പിച്ച് വിതരണം പൂർത്തിയായ കാര്യം അന്നവിതരൺ പോർട്ടലിൽ അപ്‌ലോഡ് ചെയ്യപ്പെട്ടതിനുശേഷമേ നെല്ലിന്റെ താങ്ങുവിലയും അനുബന്ധചെലവുകളും ലഭിക്കാനുള്ള ക്ലെയിം കേന്ദ്രത്തിലേക്ക് സമർപ്പിക്കാൻ പോലും കഴിയുകയുള്ളു. ഈ പ്രക്രിയ പൂർത്തിയാവാൻ സാധാരണഗതിയിൽ ആറ് മാസം വരെ സമയമെടുക്കാറുണ്ട്. പലരും പ്രചരിപ്പിക്കുന്നതുപോലെ ധാന്യം സംഭരിച്ചാലുടൻ പണം ലഭിക്കുന്നതല്ല ഈ പദ്ധതി. ഈ സാഹചര്യത്തിൽ താങ്ങുവില അനുവദിച്ചു കിട്ടുന്നതുവരെ കാത്തിരിക്കാൻ കർഷകനോട് പറയുകയല്ല കേരള സർക്കാർ ചെയ്തത്, നെല്ല് അളന്നെടുത്താലുടനെ പണം നൽകാൻ കഴിയുന്ന ബദൽ മാർഗം ആവിഷ്കരിക്കുകയാണ്. അതാണ് പിആർഎസ് വായ്പാ പദ്ധതി. സംഭരിച്ച നെല്ലിന്റെ രശീതിയായ പാഡി റസീറ്റ് ഷീറ്റ് ബാങ്കുകൾക്ക് കൈമാറി മറ്റ് ഈടൊന്നും കൂടാതെ വായ്പ അനുവദിക്കുകയാണ് ചെയ്യുന്നത്. ഈ വായ്പയ്ക്ക് നെല്ല് സംഭരണത്തിന്റെ നോഡൽ ഏജൻസിയായ സപ്ലൈകോ ഗ്യാരന്റി നിൽക്കുകയും തുകയും പലിശയും അടച്ചുതീർക്കുകയും ചെയ്യുന്നു. കിലോയ്ക്ക് 20.40 രൂപയാണ് കേന്ദ്രം നിശ്ചയിച്ചിരിക്കുന്ന വില. എന്നാൽ കേരളം 7.80 രൂപ സംസ്ഥാന പ്രോത്സാഹന ബോണസ് കൂടി ചേർത്ത് 28.20 ഒരു കിലോ നെല്ലിന് നൽകുന്നു. രാജ്യത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ഇക്കാര്യങ്ങളൊക്കെ മറച്ചുവച്ചുകൊണ്ടാണ് പിആർഎസ് വായ്പയെ കർഷകദ്രോഹമായി ചിത്രീകരിക്കുന്നത്. ദേശീയ ക്രൈം റെക്കാേഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം 1995നും 2024നും ഇടയിൽ രാജ്യത്ത് 2,96,438 കർഷകരാണ് ആത്മഹത്യ ചെയ്തത്. ഇതിൽ 60,750 പേർ മഹാരാഷ്ട്രയിൽ നിന്നായിരുന്നു. കർഷകവിരുദ്ധവും കുത്തകാനുകൂലവുമായ നിയമങ്ങൾ, ബാങ്കുകളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും കണ്ണിൽച്ചോരയില്ലാത്ത വ്യവസ്ഥകൾ, സർക്കാരുകളുടെ നിസംഗത ഇവയെല്ലാമാണ് കാരണങ്ങൾ എന്ന് വിദഗ്ധർ വിലയിരുത്തുന്നു. 1990കളിൽ ആരംഭിച്ച ഉദാരവല്‍ക്കരണനയങ്ങൾ ബാങ്കിങ് മേഖലയിലും ജനവിരുദ്ധമായ നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവന്നു. വട്ടിപ്പലിശക്കാരുടെയും കൊള്ളപ്പലിശക്കാരുടെയും ഇരകളായി കടത്തിൽ ജനിച്ച് ജീവിച്ച് മരിച്ച ഇന്ത്യൻ കർഷകനെ ഒരു പരിധിവരെ രക്ഷപ്പെടുത്തിയിരുന്നത് ബാങ്ക് ദേശസാൽക്കരണം അടക്കമുള്ള ഇടതുപക്ഷ പരിഷ്കാരങ്ങളായിരുന്നു.

കൂടുതല്‍ ഗ്രാമീണശാഖകൾ അനുവദിച്ചും കർഷകരടക്കമുള്ള സാധാരണക്കാരെ സഹായിക്കുംവിധമുള്ള വായ്പാനയങ്ങൾ രൂപപ്പെടുത്തിക്കൊണ്ടും ബാങ്കുകൾ മുന്നോട്ടുപോയി. ഉദാരവല്‍ക്കരണനയങ്ങളുടെ ഭാഗമായി ഇതിൽനിന്ന് വ്യതിചലിച്ചുകൊണ്ട് സമ്പന്നർക്കും വൻകിടക്കാർക്കും അനുകൂലമായ നയങ്ങൾ രൂപപ്പെടുത്തി. 2002 ലെ സർഫാസി ആക്ട്, കിട്ടാക്കുടിശിക പിരിച്ചെടുക്കാൻ കരാർ സംഘങ്ങളെ ഏർപ്പെടുത്തൽ, ഗ്രാമീണശാഖകൾ അടച്ചുപൂട്ടൽ, സിബിൽ സ്കോർ സമ്പ്രദായം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി വന്നിട്ടുള്ളതാണ്. വൻകിട മുതലാളിമാർ കോടാനുകോടികൾ അപഹരിച്ചുകൊണ്ട് രാജ്യം വിട്ട് സ്വൈരവിഹാരം നടത്തുമ്പോൾ ചെറുകിട, കാർഷികവായ്പകൾ പോലും നിഷേധിക്കപ്പെട്ട് കർഷകർ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം കോൺഗ്രസും ബിജെപിയും പിൻതുടരുന്ന ജനവിരുദ്ധനയങ്ങളുടെ അനിവാര്യഫലമാണ്. കേരളത്തിലും യുഡിഎഫ് ഭരണകാലത്ത് സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 2001 മുതൽ 06 വരെയുള്ള യുഡിഎഫ് കാലത്ത് നിരവധി കർഷകർ ആത്മഹത്യ ചെയ്തു. കാർഷികമേഖലയായ വയനാടും പാലക്കാടുമാണ് ദുരന്തത്തിന് ഏറ്റവും കൂടുതൽ ഇരയായത്. 2006ൽ അധികാരത്തിൽ വന്ന വി എസ് അച്യുതാനന്ദൻ സർക്കാരാണ്, ആത്മഹത്യ ചെയ്ത കർഷകരുടെ മുഴുവൻ കടങ്ങളും എഴുതിത്തള്ളിയതും കാർഷിക കടാശ്വാസ കമ്മിഷൻ രൂപീകരിച്ചതും. നെല്ലിന് രാജ്യത്ത് ഏറ്റവും ഉയർ‍ന്ന വില നൽകുന്നതിനു പുറമെ സുസ്ഥിര നെൽക്കൃഷി വികസനപദ്ധതി പ്രകാരം ഹെക്ടറിന് 5,500 രൂപ, തരിശുനില കൃഷിക്ക് ഹെക്ടറിന് കർഷകന് 35,000 രൂപയും ഉടമയ്ക്ക് 5,000 രൂപയും, കുമ്മായത്തിന് 5400 ഉം സൂക്ഷ്മ മൂലകങ്ങൾക്ക് 500 രൂപയും, പാഡി റോയൽറ്റിയായി ഉടമയ്ക്ക് ഹെക്ടറിന് 3000 രൂപ, ഉല്പാദന ബോണസായി ഹെക്ടറിന് 1000 രൂപ എന്നിങ്ങനെയും നൽകുന്നു. ഇതിനു പുറമെയാണ് രാസവളത്തിന് 50 ശതമാനം സബ്സിഡി.


ഇതുകൂടി വായിക്കൂ:കർഷകത്തൊഴിലാളികളുടെ സാമൂഹ്യപദവി ഉയർത്തണം


വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിത്തുവിതരണത്തിന് 100 ശതമാനവും സബ്സിഡി നൽകുന്നു. സ്ഥിരകൃഷിക്ക് കൂലിച്ചെലവായി ഹെക്ടറിന് 25,000 രൂപ നൽകുന്നു. ഇപ്രകാരമെല്ലാം കർഷകനെ ചേർത്തുനിർത്തുന്ന സമീപനമാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചുവരുന്നത്. ജനക്ഷേമപ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിലും ജനങ്ങളുടെ ജീവിതനിലവാരം ഉറപ്പുവരുത്തുന്നതിലും രാജ്യത്ത് പ്രഥമസ്ഥാനത്ത് കേരളമാണെന്നത് തർക്കമില്ലാത്ത സംഗതിയാണ്. നിതി ആയോഗ് അടക്കമുള്ള കേന്ദ്രസ്ഥാപനങ്ങൾ തന്നെ ഇക്കാര്യം പലയാവർത്തി പ്രഖ്യാപിച്ചിട്ടുള്ളതാണ്. കർഷകരോടുള്ള സമീപനത്തിലും ഈ മാതൃക തന്നെയാണ് സംസ്ഥാനം പിന്തുടരുന്നത്. സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ഞെരുക്കാനും ജന ക്ഷേമപ്രവർത്തനങ്ങളെ ശ്വാസംമുട്ടിക്കാനുമുള്ള നടപടികളുമായി കേന്ദ്ര സർക്കാർ മുമ്പോട്ടുപോകുന്നത് ചെറിയ പ്രയാസമല്ല സൃഷ്ടിച്ചിട്ടുള്ളത്. ഇതിനെ മറികടക്കുന്നതിന് കേരളത്തിന്റെ വികാരം രാജ്യതലസ്ഥാനത്ത് ഉൾപ്പെടെ പ്രകടിപ്പിക്കുന്ന വലിയ ജനമുന്നേറ്റത്തിന് വരുംനാളുകൾ സാക്ഷ്യംവഹിക്കും. അസത്യങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് ജനപക്ഷ സർക്കാരിനെ താറടിക്കാനുള്ള ശ്രമങ്ങൾ വിജയിക്കില്ല. കുത്തകകൾക്കും വൻകിടക്കാർക്കും അനുകൂലമായ ബാങ്കിങ് ഉൾപ്പെടെയുള്ള സാമ്പത്തികനയങ്ങൾ ആവിഷ്കരിച്ചു നടപ്പിലാക്കിയ ബിജെപിയുടെയും കോൺഗ്രസിന്റെയും കർഷകപ്രേമവും മുതലക്കണ്ണീരും കേരള ജനത തിരിച്ചറിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.