22 December 2024, Sunday
KSFE Galaxy Chits Banner 2

കര്‍ഷകസമരം ചരിത്രവിജയത്തിലേക്ക്

പ്രൊഫ. കെ അരവിന്ദാക്ഷന്‍
December 1, 2021 6:30 am

രാജ്യത്തെയാകെ പിടിച്ചുകുലുക്കിയ കര്‍ഷക സമരം ഒരു വര്‍ഷം പൂര്‍ത്തിയാക്കാന്‍ കേവലം ഒരാഴ്ചമാത്രം അവശേഷിക്കേ, മൂന്നു കാര്‍ഷിക മേഖലാ പരിഷ്കാരങ്ങള്‍ റദ്ദാക്കാനുള്ള പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോഡിയില്‍ നിന്നുതന്നെ കേള്‍ക്കാനിടവന്നപ്പോള്‍ മനസില്‍ ഓടിയെത്തിയ ഒരു പഴഞ്ചൊല്ലുണ്ട്. “ഏഴരശനിവന്നാല്‍ ഏമാനും തലകുനിക്കും.” ശരിയായ അര്‍ത്ഥത്തില്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതും മറ്റൊന്നല്ല. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ കര്‍ഷക വീര്യത്തിനു മുന്നില്‍ ദയനീയമായ പരാജയമേറ്റുവാങ്ങിയ മോഡി ഭരണകൂടത്തിന്റെ ധാര്‍ഷ്ട്യമാണ് ഇതിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്നത്. കര്‍ഷക ജനതയോടൊപ്പം ഇന്ത്യന്‍ ജനതയോടും മാപ്പപേക്ഷിച്ചത് സാക്ഷാല്‍ നരേന്ദ്രമോഡിയാണോ എന്ന് ആര്‍ക്കെങ്കിലും സംശയം തോന്നുന്നെങ്കില്‍ അതില്‍ അത്ഭുതമില്ല. പ്രഖ്യാപനത്തിനപ്പുറം നിയമം ഇരുസഭകളിലും പിന്‍വലിക്കണമെന്ന ആവശ്യം നടപ്പിലായിക്കഴിഞ്ഞു. എങ്കിലും മറ്റ് ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ സമരം തുടരുമെന്ന നിലപാടിലാണ് കര്‍ഷകര്‍. നിയമഭേദഗതികളുടെ ഉള്ളടക്കവും അതിന്റെ ദുര്‍വ്യാഖ്യാന വിനിയോഗ സാധ്യതകളും സംബന്ധിച്ച് കര്‍ഷക സംഘടനകള്‍ക്കുണ്ടായിരുന്ന ന്യായമായ ഭയാശങ്കകളാണ് മോഡി സര്‍ക്കാരും തുടക്കത്തില്‍ കര്‍ഷകരില്‍ ബഹുഭൂരിഭാഗവും തമ്മില്‍ മാത്രം രൂപപ്പെട്ട അഭിപ്രായ ഭിന്നതകള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും വഴിവച്ചത്. ഈ ഭിന്നതകളും ഏറ്റുമുട്ടലുകളും രാജ്യത്തെ വിവിധ കാര്‍ഷിക പ്രാധാന്യമുള്ള സംസ്ഥാനങ്ങളില്‍ നിന്നും പ്രാദേശിക, രാഷ്ട്രീയ, സാമുദായികഭേദമില്ലാതെ നിരവധി കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയുടെ രൂപീകരണത്തിലെത്തിക്കുകയാണുണ്ടായത്. ഇന്നും ഒരു കാര്‍ഷിക രാജ്യമായി തുടര്‍ന്നുവരുന്ന ഇന്ത്യയുടെ കര്‍ഷക സമൂഹത്തെ വിശ്വാസത്തിലെടുക്കാതെയും ജനാധിപത്യപരമായ നിലയില്‍ നിയമനിര്‍മ്മാണം നടത്തുന്നതിനു പകരം ഓര്‍ഡിനന്‍സുകള്‍ വഴി ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് കര്‍ഷകര്‍ ഭയപ്പെടുന്ന നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്താന്‍ കച്ചകെട്ടി ഇറങ്ങുകയും ചെയ്ത മോഡി ഭരണത്തിന് അവര്‍ സംഘടനാശക്തിയിലൂടെ ശക്തമായ വെല്ലുവിളി ഉയര്‍ത്തുകയാണുണ്ടായത്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് കര്‍ഷകസമരം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം തന്നെ എഴുതിച്ചേര്‍ത്തിരിക്കുകയാണെന്നും ഈ വിജയം ഇന്ത്യന്‍ ജനാധിപത്യത്തിന്റെതന്നെ വിജയമാണെന്നും വിശേഷിപ്പിക്കപ്പെട്ടുവരുന്നത്. 

ബിജെപി — സംഘപരിവാര്‍ വൃന്ദവും കര്‍ഷകവിരുദ്ധ ചിന്താഗതിക്കാരായ കേന്ദ്ര – സംസ്ഥാന മന്ത്രിമാരും അനുദിനം ശക്തിപ്രാപിച്ചുവന്നിരുന്ന കര്‍ഷക പ്രക്ഷോഭത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് സമര നേതൃത്വത്തിലുള്ളവരേയും അവരുടെ അനുയായികളേയും ഖാലിസ്ഥാനികളും രാജ്യദ്രോഹികളുമായി മുദ്രകുത്തി ജനവികാരം അവര്‍ക്കെതിരെ തിരിച്ചുവിടാന്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഇതില്‍ അവര്‍ക്ക് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ഇത്തരമൊരു ഹീനമായ പ്രചാരണത്തിന് ഏതാനും ചില ദേശീയ മാധ്യമങ്ങളും കൂട്ടുനിന്നു. ‘ആന്ദോളന്‍ ജീവികള്‍’ എന്ന് വിശേഷിപ്പിച്ച് സമരരംഗത്തുള്ള കര്‍ഷകരെ പരിഹസിച്ചത് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെ ആയിരുന്നെങ്കില്‍ സംഘപരിവാര്‍ വക്താക്കള്‍ അവരെ വിശേഷിപ്പിച്ചതോ? സമരം കൊണ്ടുമാത്രം ജീവിക്കുന്നവര്‍, മാവോവാദികള്‍, പാകിസ്ഥാന്‍ അനുകൂലികള്‍ എന്നിങ്ങനെ അതി നികൃഷ്ടമായ നിലയിലാണ്. ആധാര്‍ കേസ്, പൗരത്വ നിയമഭേദഗതി, ജമ്മു — കശ്മീര്‍ നയം, റഫാല്‍ വിമാന അഴിമതി ഇടപാട്, ഇലക്ടറല്‍ ബോണ്ട് തുടങ്ങി നിരവധി പരിഷ്കാരങ്ങളുടെ കാര്യത്തിലെന്നപോലെ കാര്‍ഷിക ഭേദഗതി നിയമങ്ങളും പ്രാവര്‍ത്തികമാക്കാമെന്ന മോഡിയുടെ മോഹമാണ് പൂവണിയാതെ വന്നത്. കര്‍ഷക പ്രക്ഷോഭത്തെ കരിവാരിതേക്കാനും അടിച്ചമര്‍ത്താനും ഒരു വര്‍ഷക്കാലം നടത്തിയ സംഘടിത ശ്രമം വിജയിച്ചില്ലെന്നു മാത്രമല്ല, സ്വന്തം മന്ത്രിസഭയിലെ ഒരു മന്ത്രി പുത്രന്‍ കൊലപാതക കേസില്‍ പ്രതിയാക്കപ്പെടുന്നിടംവരെ കാര്യങ്ങള്‍ ചെന്നെത്തിയപ്പോഴാണ് മോഡി ഭരണകൂടത്തിന് സല്‍ബുദ്ധി ലേശമെങ്കിലും ഉണ്ടായത്. പ്രതിഷേധക്കാര്‍ ശക്തി സംഭരിക്കുന്നത് ഏതു വിധേനയാണെന്നു കൃത്യമായി നിരീക്ഷിക്കാതെ അതിനെതിരെ നീങ്ങുന്നത് അബദ്ധമായിരിക്കുമെന്ന് ഇപ്പോഴെങ്കിലും സംഘപരിവാര്‍ ശക്തികള്‍ക്ക് ബോധ്യമായിട്ടുണ്ടാവണം. പൗരത്വ നിയമഭേദഗതിക്കെതിരെ പടുത്തുയര്‍ത്തിയ പ്രതിരോധത്തിനു സമാനമായൊരു അടവും തന്ത്രവും കര്‍ഷക സമരത്തിനെതിരായും സൃഷ്ടിച്ചതാണ് പിഴച്ചുപോയതെന്ന് ഇതിനകം അധികൃത സ്ഥാനത്തുള്ളവര്‍ക്ക് വ്യക്തമായിട്ടുണ്ടെന്നു തോന്നുന്നു. നയപരമായ സമീപനമാണ് ഏറ്റുമുട്ടലിനേക്കാള്‍ ഗുണം ചെയ്യുക എന്ന യാഥാര്‍ത്ഥ്യബോധം പ്രധാനമന്ത്രി നരേന്ദ്രമോഡിക്കുണ്ടായിട്ടുണ്ടെങ്കിലും സാക്ഷി മഹാരാജിനെപ്പോലുള്ളവര്‍ക്ക് ഇത്തരമൊരു തിരിച്ചറിവുണ്ടാകാന്‍ ഇനിയും ഏറെ സമയം വേണ്ടിവന്നേക്കും എന്നാണ് അവരുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.


ഇതുകൂടി വായിക്കാം; ശക്തിപ്പെടുന്ന കര്‍ഷകസമരം


നോട്ട് നിരോധനത്തെ വിമര്‍ശിച്ചവരും കോവിഡ് കാലത്ത് ജീവിത പ്രതിസന്ധികള്‍ നേരിടുന്നതിനാല്‍ അതിഥി തൊഴിലാളികള്‍ക്ക് സഹിക്കേണ്ടിവന്ന യാതനകള്‍, ഇന്ധന വിലവര്‍ധന അന്നും ഇന്നും അടിച്ചേല്പിച്ചുവരുന്ന ദുരിതങ്ങള്‍, തൊഴിലാളിവര്‍ഗ സമരങ്ങളെ തകര്‍ക്കാന്‍ ലേബര്‍ കോഡുകള്‍ക്ക് രൂപം നല്കിയ നടപടികള്‍, പൗരത്വ നിയമത്തിലെ അനീതികള്‍, മാധ്യമസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം, യുഎപിഎ നിയമ വ്യവസ്ഥകള്‍ സ്വന്തം ഇഷ്ടാനുസരണം അടിച്ചേല്പിക്കാന്‍ യുപിയിലെ ആദിത്യനാഥ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്നിങ്ങനെ നിരവധി ജനാധിപത്യ വിരുദ്ധ നിയമങ്ങള്‍ക്കെതിരായും ശക്തമായ പോരാട്ടം അനിവാര്യമാണ്. ഒരു വര്‍ഷത്തോളം വിവിധ പ്രതികൂല സാഹചര്യങ്ങള്‍, സര്‍ക്കാരിന്റെ കള്ളക്കേസുകളില്‍ ഉള്‍പ്പെടുത്തി സമരത്തെ തകര്‍ക്കാന്‍ നടത്തിയ വൃഥാശ്രമങ്ങള്‍, സ്റ്റേറ്റിന്റെ മര്‍ദ്ദനമുറകള്‍ പരിധിവിട്ട് പ്രയോഗിച്ച സംഭവങ്ങള്‍, ഇതെല്ലാംതന്നെ സംഘടിതമായ ചെറുത്തുനില്പിലൂടെ നേരിട്ടത് മോഡി സര്‍ക്കാരിനെ മുട്ടുകുത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കര്‍ഷക സംഘടനകള്‍ നടപ്പാക്കിയത് മുന്‍കൂട്ടി സജ്ജമാക്കിയ അജണ്ടയുടെ ഭാഗമായിരുന്നില്ല. കര്‍ഷകര്‍ സ്വന്തം നിലനില്പിനുവേണ്ടി നടത്തിയ സഹനസമരത്തിനിടെ സ്വയം രൂപ്പെട്ടവയായിരുന്നു. അതു മാത്രമല്ല, സമരത്തെ രാഷ്ട്രീയവല്ക്കരിക്കാന്‍ കര്‍ഷകര്‍ സമ്മതിച്ചിരുന്നില്ല. എന്നാല്‍ ഒപ്പം കൂടിയ രാഷ്ട്രീയ പാര്‍ട്ടികളേയും അവ നയിക്കുന്ന കര്‍ഷക സംഘടനകളേയും തള്ളിക്കളഞ്ഞതുമില്ല. കൊടും വെയിലത്തും അതിശൈത്യത്തിലും പേമാരിയിലും ശരീരവും മനസും തെല്ലും തളരാതെ ഡല്‍ഹിയിലേയും അയല്‍ സംസ്ഥാനങ്ങളിലേയും തെരുവുകളില്‍ അന്തിയുറങ്ങിയ കര്‍ഷകര്‍ക്ക് ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. തങ്ങളെ ജീവിക്കാന്‍ അനുവദിക്കുന്ന സാഹചര്യം സൃഷ്ടിക്കുക. ഇതിലേക്കായി അവര്‍ സ്വീകരിച്ചതോ? മഹാത്മാഗാന്ധി കാട്ടിത്തന്ന സമാധാനപരമായ സഹനസമരം മുറുകെപ്പിടിക്കുക. അത്രമാത്രം. ഒട്ടേറെ പ്രകോപനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആക്രമണത്തിന് മുതിരുകയുണ്ടായില്ല. എന്തിനേറെ പറയുന്നു, രാഷ്ട്രീയ ഭിന്നതകള്‍ മാറ്റിവച്ച് ഒറ്റപ്പെട്ടുപോകുമെന്ന ഭയാശങ്കകളുണ്ടായതിനെ തുടര്‍ന്ന് ആര്‍എസ്എസ് അനുകൂല കര്‍ഷക സംഘടനകള്‍ പോലും സമരത്തില്‍ പങ്കാളികളായി. നിരവധി ഘട്ടങ്ങളില്‍ സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകരും പൊലീസും സമരരംഗത്തുള്ളവരെ ഫാസിസ്റ്റ് തന്ത്രങ്ങള്‍ വഴി അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കാന്‍ ശ്രം നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു. 

സമരഭൂമിയില്‍ വിവിധ കാരണങ്ങളാല്‍ 672 കര്‍ഷകരാണ് മരിച്ചുവീണതെങ്കിലും സമാധാനമാര്‍ഗം കൈവിടാന്‍ കര്‍ഷക സംഘടനകള്‍ തയാറായില്ല. അവരുടെ ലക്ഷ്യം കോര്‍പറേറ്റുകളുടെ കൊള്ളക്ക് കര്‍ഷക ജനതയെ അടിയറവയ്ക്കാന്‍ മോഡി ഭരണകൂടം സ്വീകരിക്കുന്ന ഗൂഢതന്ത്രങ്ങള്‍ ഏതുവിധേനയും ചെറുത്തുതോല്പിക്കുക എന്നതു മാത്രമായിരുന്നല്ലോ. ഇക്കാര്യത്തില്‍ അവര്‍ ത്യാഗോജ്വലമായ സഹനസമരത്തിലൂടെ വിജയം കണ്ടെത്തുകയും ചെയ്തിരിക്കുകയാണ്. എന്നാല്‍, ഇതിന്റെ അര്‍ത്ഥം അവര്‍ നടത്തിയ സമരത്തിന്റെ വിജയം പൂര്‍ണതയിലെത്തി എന്നല്ല. അവര്‍ക്കാവശ്യം മിനിമം താങ്ങുവില (എംഎസ്‌പി)യുടെ പ്രഖ്യാപനമാണ്, പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മാപ്പ് അപേക്ഷയല്ല. യു പി തലസ്ഥാനത്ത് സംഘടിപ്പിച്ച കിസാന്‍ പഞ്ചായത്ത് ഏകദിന സമ്മേളനത്തിലാണ് ഈ പ്രഖ്യാപനമുണ്ടായത്. 2011 ല്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ഒരുകൂട്ടം സംസ്ഥാന മുഖ്യമന്ത്രിമാര്‍ യുപിഎ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എംഎസ്‌പി നടപ്പാക്കണമെന്ന ശുപാര്‍ശ ഉള്‍പ്പെട്ടിരുന്നു. മോഡിയുടെ ഓഫീസില്‍ ഈ ശുപാര്‍ശ ചലനമാറ്റ നിലയില്‍ തുടരുകയാണെന്ന് ടിക്കായത്ത് അദ്ദേഹത്തെ ഓര്‍മ്മപ്പെടുത്തുന്നു. ഈ ശുപാര്‍ശ നടപ്പാക്കുക എന്നതിനു പുറമെ കരടു വൈദ്യുതി ബില്‍ (2020 ‑21) പിന്‍വലിക്കുക, വൈക്കോല്‍ കത്തിക്കുന്ന വിഷയത്തില്‍ കര്‍ഷകര്‍ക്കുമേല്‍ പിഴ ചുമത്താനുള്ള നീക്കം പിന്‍വലിക്കുക, കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കെട്ടിച്ചമച്ച കേസുകള്‍ പിന്‍വലിക്കുക, കര്‍ഷക സമരത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട എഴുന്നൂറോളം കുടുംബങ്ങള്‍ക്ക് സഹായം നല്കുക, ഇവരുടെ സ്മരണയ്ക്കായി ലഖിംപുര്‍ഖേരിയില്‍ ഒരു സ്മാരകം നിര്‍മ്മിക്കുക, ലഖിംപുര്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട എട്ടു കര്‍ഷകരുടെ ജീവത്യാഗത്തിനുള്ള ധാര്‍മ്മികമായ ബാധ്യത ഏറ്റെടുക്കേണ്ട കേന്ദ്ര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കുക എന്നീ ആവശ്യങ്ങള്‍ കൂടി കര്‍ഷക സംഘടനകള്‍ മോഡി സര്‍ക്കാരിന് കൈമാറിയിരിക്കുകയാണ്. മുഴുവന്‍ ആവശ്യങ്ങളും നടപ്പാക്കാതെ സമരരംഗത്ത് നിന്നും പിന്മാറേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് മുഴുവന്‍ കര്‍ഷക സംഘടനകളും. ഏതായാലും ചരിത്രപ്രധാനമായ ഈ സമരം ഒരു പാഠമായിരിക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കു മാത്രമല്ല, ഇന്ത്യയിലെ മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.