രാജ്യത്തിന്റെ ആത്മാവിനും സമൂഹത്തിനും ബാധിച്ച രോഗത്തെക്കുറിച്ച് പറഞ്ഞാല്‍, അത് നിര്‍മ്മാര്‍ജനം ചെയ്യണമെന്ന് യുക്തിഭദ്രമായി ചൂണ്ടിക്കാണിച്ചാല്‍ കൂവല്‍, തടഞ്ഞുനിര്‍ത്തി മുദ്രാവാക്യം വിളി, വാഹനം തടഞ്ഞുവയ്ക്കല്‍, പ്രസ്താവന പിന്‍വലിക്കണമെന്ന ഭീഷണിപ്പെടുത്തല്‍. ഇതാണ് സംഘപരിവാര ഫാസിസ്റ്റുകള്‍ വര്‍ത്തമാനകാല ഇന്ത്യയില്‍ അരങ്ങേറ്റുന്നത്.
നവോത്ഥാന നായകന്‍ ശ്രീനാരായണ ഗുരുവിന്റെയും രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെയും ചരിത്രസന്ദര്‍ശനത്തിന്റെ ശതാബ്ദി ദിനത്തിലാണ് ഗാന്ധിജിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി കേരളത്തില്‍ വന്നത്. പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമരസേനാനിയും ദീര്‍ഘകാലം ഗാന്ധി സ്മാരക സമിതിയുടെ അധ്യക്ഷനുമായിരുന്ന ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദനവും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുവാനായി തുഷാര്‍ ഗാന്ധി, ദിവാന്‍ ഭരണത്തില്‍ നാടുകടത്തപ്പെട്ട തൂലിക പടവാളാക്കിയ പത്രാധിപര്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെയും സ്വാതന്ത്ര്യസമ്പാദനത്തിനുവേണ്ടിയും ജന്മിത്തത്തിനെതിരായുമുള്ള പോരാട്ടത്തില്‍ വീരരക്തസാക്ഷിത്വം വരിച്ച വീരരാഘവന്റെയും ജന്മനാടായ നെയ്യാറ്റിന്‍കരയിലുമെത്തി. അവിടെ നടത്തിയ പ്രഭാഷണത്തില്‍ വര്‍ത്തമാനകാല ഇന്ത്യ അഭിമുഖീകരിക്കുന്ന സാമൂഹ്യവും രാഷ്ട്രീയവുമായ വെല്ലുവിളിയെക്കുറിച്ച് അദ്ദേഹം പ്രതിപാദിച്ചു.
‘രാജ്യത്തിന്റെ ആത്മാവിന് കാന്‍സര്‍ ബാധിച്ചിരിക്കുന്നുവെന്നും അത് സൃഷ്ടിച്ചതും വ്യാപകമാക്കുന്നതും സംഘ്പരിവാറും ബിജെപി ഭരണവുമാണെ‘ന്നും അദ്ദേഹം പറഞ്ഞു. മതവിദ്വേഷവും ഏകമത മേധാവിത്വത്തിലധിഷ്ഠിതമായ വര്‍ഗീയ ഫാസിസത്തിലൂടെ മതനിരപേക്ഷ ഇന്ത്യയെ ദുര്‍ബലമാക്കുവാനും തകര്‍ക്കുവാനും ആര്‍എസ്എസും ബിജെപിയും ഇതര സംഘപരിവാര സംഘടനകളും അഹോരാത്രം യത്നിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അസഹിഷ്ണുക്കളായ സംഘ്പരിവാറുകാര്‍ അദ്ദേഹത്തെ കൂക്കിവിളിച്ചു. അധിക്ഷേപ സ്വരത്തില്‍ മുദ്രാവാക്യം മുഴക്കി. വാഹനം വഴിയില്‍ തടഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യം പോലുമില്ലാത്ത ഇന്ത്യയെ സൃഷ്ടിക്കുകയാണ് സംഘപരിവാര ഫാസിസ്റ്റ് ശക്തികള്‍. എത്രയോ ദശാബ്ദങ്ങള്‍ക്ക് മുമ്പ് ഡോ. സുകുമാര്‍ അഴീക്കോട് ‘ഗുരുവിന്റെ ദുഃഖം’ എന്ന ഗ്രന്ഥത്തില്‍ രാജ്യത്തെ ഗ്രസിക്കുന്ന അസുഖത്തെക്കുറിച്ച് ഈവിധം കുറിച്ചു. “വര്‍ത്തമാനകാലത്തിനുള്ള ഏറ്റവും വലിയ ഒരു രോഗം, വര്‍ത്തമാനകാലം ഭൂതകാലത്തെ സ്വന്തം പ്രതിരൂപത്തില്‍ വാര്‍ത്തെടുക്കുവാന്‍ ശ്രമിക്കുന്നു എന്നുള്ളതാണ്. നമ്മുടെ രോഗങ്ങളും ദെെന്യങ്ങളും ന്യൂനതകളും എന്തെല്ലാമാണോ, നമ്മുടെ അഭിപ്രായങ്ങളും ചിന്തകളും വിചാരഗതികളും എന്തൊക്കെയാണോ അവയ്ക്കൊക്കെ അനുഗുണമായ വിധത്തില്‍ നാം മൗലികമായ ഒരു പക്ഷപാതിത്വത്തോട് കൂടിയാണ് ഭൂതകാലത്തിന്റെ സംഭാവനകളെയും നേതൃത്വത്തെയും ചരിത്രത്തെത്തന്നെയും കാണുവാന്‍ ശ്രമിക്കുന്നത്. ഇതിന്റെ ഫലമായി വസ്തുനിഷ്ഠമായ പഠനത്തിനും ബുദ്ധിപരമായ സമീപനത്തിനും സാരമായ ദോഷം സംഭവിക്കുമെന്ന് ധാരാളം തെളിവുകളോടുകൂടെ നമുക്ക് വിശ്വസിക്കാവുന്നതാണ്.”
‘തത്വമസി’ എഴുതിയ സുകുമാര്‍ അഴീക്കോട് ശ്രീനാരായണഗുരു ദര്‍ശനങ്ങളെ മുന്‍നിര്‍ത്തി 1993ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനത്തിലാണ് ഇത് ചൂണ്ടിക്കാട്ടിയത്. അന്ന് അദ്ദേഹത്തിനെതിരെയും സംഘപരിവാരം പുലഭ്യവര്‍ഷങ്ങളും പ്രതിഷേധവുമായി രംഗത്തുവന്നു. കേരള സാഹിത്യ അക്കാദമി അങ്കണത്തില്‍ ഭാരതീയ സാംസ്കാരിക പെെതൃകത്തെക്കുറിച്ച് പ്രഭാഷണപരമ്പര നടത്തിയപ്പോഴും അഴീക്കോടിന് നേരെ സംഘ്പരിവാര്‍ ആക്രോശിച്ചു.
‘രാമനും റഹീമും ഒന്നുതന്നെ, സബ്കോ സന്‍മതി ദേ ഭഗവാന്‍’ എന്ന് വര്‍ഗീയ കലാപ രക്തരൂക്ഷിത ഭൂമികളില്‍ മുട്ടന്‍ വടിയും പിടിച്ച് മുട്ടോളമെത്തുന്ന മുണ്ടുമുടുത്ത് നടന്ന അഹിംസാ സന്ദേശവാദിയായ ഗാന്ധിജി എന്നും സംഘ്പരിവാറിന്റെ പേടിസ്വപ്നമായിരുന്നു. മതരാഷ്ട്രവാദത്തെ ഗാന്ധിജി എന്നും എതിര്‍ത്തു. താനൊരു സനാതന ഹിന്ദുവാണെന്ന് പറഞ്ഞ ഗാന്ധിജി തന്റെ സനാതന ഹിന്ദുത്വം എല്ലാ മതങ്ങളെയും ചേര്‍ത്തുപിടിക്കുന്നതാണെന്ന് നിരന്തരം ഓര്‍മ്മിപ്പിച്ചു. ഇന്ത്യയെ വിഭജിക്കണമെങ്കില്‍ തന്റെ ഹൃദയം വിഭജിച്ചുകൊണ്ടാവണമെന്ന് പറഞ്ഞ ഗാന്ധിജിയെ നാഥുറാം വിനായക് ഗോഡ്‌സെ എന്ന സംഘപരിവാര പ്രതിനിധി മൂന്ന് വെടിയുണ്ടകളാല്‍ കൊന്നുതള്ളി.
ഗാന്ധിജിയുടെ ജീവിതത്തിലൂടെയും രക്തത്തുള്ളികളിലൂടെയുമാണ് വിഭജന രാഷ്ട്രീയത്തില്‍ നിന്ന് മതനിരപേക്ഷ ഇന്ത്യ രൂപപ്പെട്ടതും നെഹ്രുവിന്റെയും കമ്മ്യൂണിസ്റ്റുകാരുടെയും നേതൃത്വത്തില്‍ വളര്‍ന്നതും ശക്തിപ്പെട്ടതും. ആ മതനിരപേക്ഷ ഇന്ത്യയെ തകര്‍ത്ത് ഏകമത മേധാവിത്വ — സവര്‍ണ രക്തവിശുദ്ധ്യധിഷ്ഠിത — ഹെെന്ദവ രാഷ്ട്രം സൃഷ്ടിക്കുവാനുള്ള തീവ്രയത്നത്തില്‍ അഭിരമിക്കുമ്പോള്‍ ഇന്നും അവര്‍ ഗാന്ധിജിയെ ഭയപ്പെടുന്നു.
ആര്‍എസ്എസിന്റെ രണ്ടാമത്തെ സര്‍സംഘ ചാലക് ആയിരുന്ന മാധവ് സദാശിവ് ഗോള്‍വാള്‍ക്കര്‍ 1946ല്‍ ദില്ലിയില്‍ നടത്തിയ പ്രഭാഷണത്തില്‍ പറഞ്ഞു; ‘മുസ്ലിങ്ങളെ ഇന്ത്യയില്‍ നിന്ന് ആട്ടിപുറത്താക്കുവാന്‍ തടസം ഗാന്ധി‘യാണെന്ന്. വേണ്ടിവന്നാല്‍ ഗാന്ധിയെ നേരിട്ടും മുസ്ലിങ്ങളെ നിര്‍മ്മാര്‍ജനം ചെയ്യുമെന്ന്. പിന്നാലെ ഗാന്ധിജി കൊല ചെയ്യപ്പെട്ടു. ഗാന്ധിവധത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ആര്‍എസ്എസും ബിജെപിയും വാദിക്കുന്നു. പക്ഷേ നാഥുറാം വിനായക് ഗോഡ്സേയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്സേ എഴുതിയ പുസ്തകത്തില്‍ തങ്ങളുടെ കുടുംബം ആര്‍എസ്എസിന്റെ അവിഭാജ്യഭാഗമായിരുന്നു എന്നെഴുതിയിട്ടുണ്ട്. ആര്‍എസ്എസ് വിഷം ചീറ്റുന്ന പ്രസ്ഥാനം എന്ന് പ്രസ്താവിക്കുകയും ആര്‍എസ്എസിനെ ഗാന്ധിവധത്തെതുടര്‍ന്ന് നിരോധിക്കുകയും ചെയ്ത സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ വമ്പന്‍ പ്രതിമ അഹമ്മദാബാദില്‍ സ്ഥാപിക്കുന്ന ബിജെപിയുടെ ഇരട്ടമുഖവും പട്ടേലിനെ വാഴ്ത്തിയുള്ള ഇരട്ടനാവ് പ്രയോഗവും നാം കാണുന്നു. ഇത് ഫാസിസത്തിന്റെ അടിസ്ഥാന അജണ്ടയാണ്.
ഗാന്ധിവധം എല്ലാവര്‍ക്കും അറിയാമെന്നും അത് വീണ്ടുംവീണ്ടും പഠിപ്പിക്കേണ്ടെന്നും കഴിഞ്ഞദിവസം കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജ്യസഭയില്‍ പ്രസ്താവിച്ചിരുന്നു. ഗാന്ധിജിയുടെ ഓര്‍മ്മപോലും സംഘ്പരിവാറിനെ അലോസരപ്പെടുത്തുന്നുവെന്നതിന്റെ തെളിവാണിത്. ഗാന്ധിജിയെ വെടിയുണ്ടകള്‍ക്കിരയാക്കിയവര്‍ വര്‍ത്തമാനകാലത്ത് അവരുടെ വര്‍ഗീയ ഫാസിസ്റ്റ് അജണ്ടകള്‍ക്കെതിരായി ശബ്ദിച്ച, എഴുത്തിലൂടെ പൊരുതിയ നരേന്ദ്ര ധബോല്‍ക്കറെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ഗോവിന്ദ് പന്‍സാരെയെയും സര്‍വകലാശാല വെെസ് ചാന്‍സലറായിരുന്ന കല്‍ബുര്‍ഗിയെയും മാധ്യമപ്രവര്‍ത്തകയായിരുന്ന ഗൗരി ലങ്കേഷിനെയും നിര്‍ദാക്ഷിണ്യം കൊലപ്പെടുത്തി.
കൊലകളിലൂടെ, ഭീഷണികളിലൂടെ ജനാധിപത്യ മതനിരപേക്ഷ ശബ്ദത്തെ ഇല്ലായ്മ ചെയ്യുവാന്‍ കഴിയില്ലെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ബിജെപി കൗണ്‍സിലറുടെ ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കാതെ, പറഞ്ഞതില്‍ ഒരു വ്യതിയാനവുമില്ലെന്ന തുഷാര്‍ ഗാന്ധിയുടെ പ്രതികരണം. എന്നാല്‍ അദ്ദേഹത്തെ വീണ്ടുംവീണ്ടും അപഹസിക്കുന്ന നികൃഷ്ടമായ നിലപാടാണ് സംസ്ഥാനത്തെ ബിജെപി നേതൃത്വത്തില്‍ നിന്നുണ്ടാകുന്നത്. ഗാന്ധി കുടുംബത്തിൽ ജനിച്ചതുകൊണ്ട് എല്ലാവരും മഹാത്മാക്കളാവില്ലെന്നാണ് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ പരിഹാസം. തുഷാർ ഗാന്ധി മാനസിക രോഗിയാണെന്നും തലച്ചോറും നാവും അർബൻ നക്സലൈറ്റുകൾക്കും രാജ്യദ്രോഹികൾക്കും പണയംവച്ചെന്നും ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് ആക്ഷേപിച്ചു.
‘ഗാന്ധി’ എന്ന കവിതയില്‍ പ്രൊഫ. വി മധുസൂദനന്‍ നായര്‍ കുറിച്ച വരികള്‍ നമുക്ക് മനസില്‍ വീണ്ടും വീണ്ടും കുറിച്ചിടാം.
‘നിങ്ങളീ രക്ത സാബര്‍മതിക്കക
മൂറിനില്‍ക്കുന്നൊരശ്രുനീ-
രൊരു തുള്ളിയാചമിക്കൂ,
ആത്മശുദ്ധരായ് ഒന്നു ചേര്‍ന്നൊഴുകൂ’
ഗാന്ധിജിയുടെ മതനിരപേക്ഷ ദര്‍ശനത്തിന്റെ ഒരു തുള്ളിയെങ്കിലും ആചമിച്ച് ആത്മശുദ്ധരായി മുന്നേറാന്‍ ഇന്ത്യ പൊരുതേണ്ട കാലമാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.