സൗദി അറേബ്യയിൽ ജോലിയ്ക്ക് എത്തിയിട്ട് കാണ്മാനില്ല എന്ന ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം നടത്തിയ നവയുഗം സാംസ്ക്കാരികവേദിയുടെ പരിശ്രമം ഫലം കണ്ടു. കണ്ടെത്തുക മാത്രമല്ല, നിയമക്കുരുക്കുകൾ അഴിച്ചു ഫാത്തിമയെ നാട്ടിലേയ്ക്ക് മടക്കി അയയ്ക്കാനും നവയുഗം ജീവകാരുണ്യ വിഭാഗത്തിന് കഴിഞ്ഞു.
തൃശൂർ മതിലകം സ്വദേശിനി ഹനീഫ ഫാത്തിമ മൂന്നര വർഷം മുൻപാണ് നാട്ടിൽ നിന്നും സൗദി അറേബ്യയിലെ റിയാദിനടുത്തുള്ള അൽഖർജിൽ ഒരു സൗദി പൗരന്റെ വീട്ടിൽ ജോലിയ്ക്ക് എത്തിയത്. എന്നാൽ ആ വീട്ടിലെ ജോലിസാഹചര്യങ്ങൾ മോശമായിരുന്നു. രാപകൽ വിശ്രമമില്ലാതെ പണി എടുപ്പിച്ചെങ്കിലും, വന്നിട്ട് ആറു മാസങ്ങൾ കഴിഞ്ഞിട്ടും രണ്ടു മാസത്തെ ശമ്പളം മാത്രമാണ് ആ വീട്ടുകാർ കൊടുത്തത്. സ്പോൺസറോട് പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ല. ഒടുവിൽ സഹികെട്ട് അവിടെ നിന്നും പുറത്ത് ചാടിയ ഫാത്തിമയെക്കുറിച്ചുള്ള ഒരു വിവരവും പിന്നീട് അവരുടെ ബന്ധുക്കൾക്ക് ലഭിച്ചില്ല. അവർ പല വഴിയ്ക്കും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
നാട്ടിലുള്ള ഫാത്തിമയുടെ മകൻ കൈരളി ചാനലിലെ “പ്രവാസലോകം” പ്രതിനിധി റഫീഖ് റാവുത്തറുമായി ബന്ധപെടുകയും, മൂന്ന് വർഷത്തോളം ആയി ഉമ്മയെ കുറിച്ച് അറിവില്ലെന്നും അവരെ കണ്ടെത്തി നാട്ടിൽ എത്തിക്കാൻ സഹായിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. പല വിധത്തിലും ശ്രമിച്ചിട്ടും വിവരമൊന്നും ലഭിയ്ക്കാത്തതിനെ തുടർന്ന്, നാലു മാസം മുൻപ് റഫീഖ് റൗവുത്തർ നവയുഗം ജീവകാരുണ്യവിഭാഗവുമായി ബന്ധപ്പെട്ട് ഈ വിഷയം പറയുകയും, ഫാത്തിമയെക്കുറിച്ചു അന്വേഷിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു.
നവയുഗം കേന്ദ്രരക്ഷാധികാരി ഷാജി മതിലകത്തിന്റെ സഹായത്തോടെ, നവയുഗം ജീവകാരുണ്യപ്രവർത്തകൻ പദ്മനാഭൻ മണിക്കുട്ടന്റെ നേതൃത്വത്തിൽ ജീവകാരുണ്യവിഭാഗം നടത്തിയ ദീർഘമായ അന്വേഷണത്തിന് ഒടുവിൽ, ഫാത്തിമ ജിദ്ദയിൽ ഒരു വീട്ടിൽ ജോലി ചെയ്യുന്നതായി കണ്ടെത്താൻ കഴിഞ്ഞു. നവയുഗം വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ ഫോണിൽ ബന്ധപ്പെട്ട് സംസാരിച്ചപ്പോൾ ഫാത്തിമ തന്റെ അനുഭവകഥ പറഞ്ഞു.
അൽഖർജിലെ ജോലിസ്ഥലത്തു നിന്നും പുറത്തു ചാടിയ ഫാത്തിമയെ, സാമൂഹ്യപ്രവർത്തകൻ എന്ന് നടിച്ച ഒരാൾ ജിദ്ദയിൽ ചെന്നാൽ നാട്ടിലേയ്ക്ക് മടങ്ങാനുള്ള ഫൈനൽ എക്സിറ്റ് അടിച്ചു കൊടുക്കാമെന്നു പറഞ്ഞു കൊണ്ട് രണ്ടായിരം റിയാൽ വാങ്ങി, ജിദ്ദയിലേക്ക് കൊണ്ട് പോകുകയായിരുന്നു. ജിദ്ദയിൽ എത്തിയപ്പോൾ അവരെ ഒരു സ്വദേശിയുടെ വീട്ടിൽ കൊണ്ട് ആക്കിയിട്ടു അയാൾ തന്ത്രപൂർവ്വം കടന്നു കളയുകയായിരുന്നു. പിന്നീട് മറ്റു വഴിയൊന്നുമില്ലാതെ, ഇത്രയും കാലം അവർ ആ വീട്ടിൽ ജോലി ചെയ്യുകയായിരുന്നു. പഴയ ഫോൺ നഷ്ടമായതിനാൽ നാട്ടിലെ നമ്പറോ മറ്റോ ഇല്ലാതെ, വീട്ടുകാരുമായി ബന്ധപ്പെടാനും അവർക്ക് കഴിഞ്ഞിരുന്നില്ല.
ഫാത്തിമ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മഞ്ജു മണിക്കുട്ടൻ വിവരങ്ങൾ ഇന്ത്യൻ എംബസ്സിയെ അറിയിക്കുകയും, ഫാത്തിമയ്ക്ക് എംബസ്സിയിൽ നിന്നും ഔട്ട്പാസ്സ് ഇഷ്യു ചെയ്യുകയും ചെയ്തു. മഞ്ജു മണിക്കുട്ടൻ ദമ്മാം വനിതാ അഭയകേന്ദ്രം മാനേജറുമായി സംസാരിയ്ക്കുകയും, അദ്ദേഹത്തിന്റെ സഹായത്തോടെ ഫാത്തിമയ്ക്ക് ഫൈനൽ എക്സിറ്റ് അടിച്ചു കൊടുക്കുകയും ചെയ്തു. തുടർന്ന് ഫാത്തിമ ജിദ്ദയിൽ നിന്നും ദമ്മാമിൽ എത്തി. മഞ്ജു മണിക്കുട്ടന്റെ വീട്ടിൽ ഫാത്തിമയ്ക്ക് താത്ക്കാലിക താമസസൗകര്യവും നൽകി.
മഞ്ജു മണിക്കുട്ടന്റെ അഭ്യർത്ഥന മാനിച്ചു തൃശൂർ നാട്ടുകൂട്ടം ഫാത്തിമയ്ക്ക് വിമാനടിക്കറ്റ് എടുത്തു കൊടുത്തു.
കൂടാതെ നവയുഗം പ്രവർത്തകർ ഉൾപ്പെടെ പലരും നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ പല സാധനങ്ങളും, ബാഗും ഒക്കെ വാങ്ങി കൊടുത്തു.
നിയമനടപടികൾ എല്ലാം പൂർത്തിയായപ്പോൾ, നവയുഗം പ്രവർത്തകർ അവരെ എയർപോർട്ടിൽ കൊണ്ട് പോയി യാത്രയാക്കി. വളരെ ഏറെ സന്തോഷത്തോടെ തന്നെ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞു അവർ യാത്രയായി.
English summary; Fatima, who went missing in Saudi Arabia, was found by the New Age and sent home
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.