22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 14, 2024
November 14, 2024
November 12, 2024
November 6, 2024
October 18, 2024
October 12, 2024
October 10, 2024
October 6, 2024
October 6, 2024
October 1, 2024

കോവിഡ് വന്നവരില്‍ ക്ഷീണത്തിനും വിഷാദരോഗത്തിനും കാരണമാകുന്ന രോഗം ഫൈബ്രോമയാള്‍ജിയ; എങ്ങനെ തിരിച്ചറിയാം, പരിഹാരങ്ങള്‍

Janayugom Webdesk
ഡോ. ഗ്ലാക്സോണ്‍ അലക്സ്
August 8, 2022 4:44 pm

വളരെ വ്യത്യസ്തവും സങ്കീര്‍ണ്ണവുമായ ലക്ഷണങ്ങളോടു കൂടി കാണപ്പെടുന്ന ഒരു അവസ്ഥയാണ് ഫൈബ്രോമയാള്‍ജിയ അഥവാ പേശിവാതം. കേരളത്തില്‍ 3% — 4% ആളുകളില്‍ ഇത് കണ്ടുവരുന്നു. അതില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. കോവിഡാനന്തരം ഈ അസുഖത്താല്‍ വരുന്നവരുടെ എണ്ണത്തില്‍ എടുത്തു പറയേണ്ട വര്‍ദ്ധനയുണ്ടായിട്ടുണ്ട്. അകാരണവും വിട്ടുമാറാത്തതുമായ പേശികളുടെയും സന്ധികളുടെയും വേദനയും ക്ഷീണവുമാണ് ഇതിന്റെ പ്രധാന ലക്ഷണം. മറ്റു വാതരോഗങ്ങളില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത് എന്തെന്നാല്‍ മിക്ക രക്ത പരിശോധനാ, സ്‌കാനിംഗ് റിപ്പോര്‍ട്ടുകളിലും ഫൈബ്രോമയാള്‍ജിയ സാധാരണ നിലയില്‍ ആയിരിക്കും എന്നതാണ്. പല വിഭാഗങ്ങളിലെ ഡോക്ടര്‍മാരെയും കണ്ട് ചുറ്റിത്തിരിഞ്ഞ് ശരിയായ രോഗനിര്‍ണ്ണയം നടത്താന്‍ വളരെയധികം കാലതാമസം കണ്ടു വരാറുണ്ട്. ആയതുകൊണ്ടു തന്നെ ഈ രോഗികള്‍ വളരെയധികം കാലം വേദന സഹിക്കേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്.

ഫൈബ്രോമയാള്‍ജിയയുടെ രോഗ ലക്ഷണങ്ങള്‍ എന്തൊക്കെ?

· ശരീരത്തിന്റെ ഒരു വശത്തോ ഒരു ഭാഗത്തോ തുടങ്ങി പിന്നീട് ദേഹമാസകലമുള്ള വേദനയായി കാലങ്ങളോളം നില്‍ക്കുന്നു (Wide spread body pain).

· ചില പേശികളില്‍ തൊട്ടാല്‍ അതികഠിനമായ വേദനയായി രോഗികള്‍ക്ക് അനുഭവപ്പെടാം (Trig­ger point).

· അകാരണമായ ക്ഷീണമാണ് ഇതിന്റെ മറ്റൊരു പ്രധാന ലക്ഷണം.

· ചിലര്‍ക്ക് ഇത് ശരീരത്തില്‍ കഴപ്പായോ, പുകച്ചിലായോ തരിപ്പായോ അനുഭവപ്പെടാം.

· അകാരണമായ വ്യാകുലത (Anx­i­ety), വിഷാദം (Depres­sion) എന്നിവയും ഭൂരിഭാഗം രോഗികളിലും കാണാറുണ്ട്.

· ഉറക്കക്കുറവ്, നന്നായി ഉറങ്ങിയാലും രാവിലെ ഉന്മേഷമില്ലായ്മ.

· ഓര്‍മ്മക്കുറവ്, ഏകാഗ്രതക്കുറവ്, പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള ബുദ്ധിമുട്ട് (Cog­ni­tive Dysfunction).

ഫൈബ്രോമയാള്‍ജിയ രോഗികളില്‍ കണ്ടുവരുന്ന മറ്റു അനുബന്ധ രോഗങ്ങള്‍:

· ചെന്നിക്കുത്ത് (Migraine headache).

· 3ഉം 4ഉം തവണ വയറൊഴിയുക, മലബന്ധം (Irri­ta­ble Bow­el Syn­drome — IBS).

· വേദനയോടു കൂടിയ ആര്‍ത്തവം.

· ദീര്‍ഘകാലം നിലനില്‍ക്കുന്ന അകാരണമായ ക്ഷീണം (Chron­ic Fatigue Syndrome).

ഇവയില്‍ എല്ലാ ലക്ഷണങ്ങളും ഒരു രോഗിയില്‍ ഉണ്ടാകണമെന്നില്ല.

എന്തുകൊണ്ടാണ് ഫൈബ്രോമയാള്‍ജിയ ഉണ്ടാകുന്നത്?

ഇതിന് ഒരു വ്യക്തമായ കാരണം നിര്‍വ്വചിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും തലച്ചോറില്‍ നിന്നും വേദന നിയന്ത്രിക്കുന്ന ചില രാസപദാര്‍ത്ഥങ്ങളുടെ (Neu­ro chem­i­cals) വ്യതിയാനങ്ങള്‍ ഈ രോഗികളില്‍ കണ്ടുവരാറുണ്ട്. അതുപോലെ തന്നെ കേന്ദ്രനാഡീ വ്യവസ്ഥയുടെ വ്യതിയാനങ്ങളും പഠനങ്ങളില്‍ വ്യക്തമാണ്.

ചിലര്‍ക്ക് മാനസികമോ ശാരീരികമോ ആയ ഒരു ആഘാതത്തിനു ശേഷം ഇത് കണ്ടു വരാറുണ്ട് (Post trau­mat­ic stress dis­or­der). Osteo arthri­tis, Rheuma­toid arthri­tis (ആമവാതം), SLE, Seroneg­a­tive spindy­lo arthri­tis, Sjo­gren’s syn­drome തുടങ്ങിയ റുമറ്റിക് അസുഖങ്ങളുടെ അനുബന്ധമായി വളരെ സാധാരണമായി ഫൈബ്രോമയാള്‍ജിയ കണ്ടു വരാറുണ്ട് (Sec­ondary Fybromyalgia).

രോഗനിര്‍ണ്ണയം എങ്ങനെ?

പ്രമേഹമോ, അമിത രക്തസമ്മര്‍ദ്ദമോ പോലെ ഒന്നോ രണ്ടോ ടെസ്റ്റില്‍ കണ്ടുപിടിക്കാന്‍ സാധിക്കുന്ന രോഗമല്ല. ഈ അനവധ്യങ്ങളായ രോഗലക്ഷണങ്ങള്‍ ഉള്ളതിനാല്‍ പല ഡോക്ടര്‍മാരെയും കണ്ട് ഒട്ടുമിക്ക ബ്ലഡ് ടെസ്റ്റുകളും സ്‌കാനിംഗ് റിപ്പോര്‍ട്ടുകളുമായി ആയിരിക്കും ഫൈബ്രോമയാള്‍ജിയ വരാറുള്ളത്. എല്ലാ ടെസ്റ്റുകളും ഇവരില്‍ നോര്‍മല്‍ ആയിരിക്കും എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. അതില്‍ പ്രധാനമായും ESR, CRP മുതലായ നീര്‍ക്കെട്ടിനെ കാണിക്കുന്ന ടെസ്റ്റുകള്‍ മിക്ക ഫൈബ്രോമയാള്‍ജിയ രോഗികളിലും നോര്‍മല്‍ ആയിരിക്കും.

ഫൈബ്രോമയാള്‍ജിയ പോലെ തോന്നിപ്പിക്കുന്ന മറ്റു അസുഖങ്ങളായ വിറ്റമിന്‍ ഡി ഡെഫിഷ്യന്‍സി, ഓസ്റ്റിയോപോറോസിസ്, ഹൈപ്പോതൈറോടിസം, Sjo­gren’s syn­drome മുതലായവ വേര്‍തിരിച്ചറിയാന്‍ കാല്‍സ്യം, വിറ്റാമിന്‍ ഡി, ANA test, Thy­roid test, Bone scan മുതലായവ ആവശ്യമായി വരാം. സ്‌കോറിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയാണ് പ്രധാനമായും ഫൈബ്രോമയാള്‍ജിയ നിര്‍ണ്ണയിക്കുന്നത്. വ്യാപകമായ വേദന സൂചികയും രോഗ ലക്ഷണങ്ങളുടെ തീവ്രതയും അടിസ്ഥാനപ്പെടുത്തിയാണ് സ്‌കോറിംഗ് നിര്‍ണ്ണയിക്കുന്നത്. ഈ ലക്ഷണങ്ങള്‍ മൂന്നു മാസത്തിലധികം നീണ്ടു നില്‍ക്കുകയും വേണം.

ചികിത്സാ രീതികള്‍

മരുന്നുകളും ഫിസിയോതെറാപ്പിയും സൈക്കോളജിക്കല്‍ തെറാപ്പിയും സമന്വയിപ്പിച്ച ചികിത്സാ രീതിയാണ് ഫൈബ്രോമയാള്‍ജിയക്ക് പ്രധാനമായും നിര്‍ദ്ദേശിക്കുന്നത്. ഒരു റുമറ്റോളജിസ്റ്റിന്റെ നേതൃത്വത്തില്‍ ദൈനംദിന ജീവിതം സുഖകരമാക്കാന്‍ സാധിക്കുന്ന രീതിയിലേക്ക് രോഗിയെ മാറ്റിയെടുക്കാന്‍ ഇന്ന് സാദ്ധ്യമാണ്. അടുത്തതായി ജീവിതശൈലിയിലെ മാറ്റങ്ങളാണ് പ്രധാനം. നല്ല ഉറക്ക ശീലങ്ങള്‍, ദിവസേനയുള്ള വ്യായാമം, മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക, അധിക അളവിലുള്ള കാര്‍ബോഹൈഡ്രേറ്റ്, ചുവന്ന മാംസം, കൃത്രിമ മധുരങ്ങള്‍ (Arti­fi­cial sweet­ners), അമിതമായ ഉപ്പിന്റെ ഉപയോഗം മുതലായവ ചില ഉദാഹരണങ്ങളാണ്. ഒരു സൈക്കോളജിസ്റ്റിന്റെ സഹായത്തോടെയുള്ള കൊഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പിയും ഇതിന്റെ ചികിത്സയില്‍ ആവശ്യമായി വരാം.

ഫൈബ്രോമയാള്‍ജിയ എന്ന രോഗാവസ്ഥയെക്കുറിച്ചുള്ള പൊതുഅവബോധം ഇപ്പോഴും വളരെ കുറവാണ്. അതുകൊണ്ടു തന്നെ വീട്ടുകാരില്‍ നിന്നു രോഗികള്‍ക്ക് വേണ്ടത്ര ഗൗരവപൂര്‍വ്വമായ ഒരു ശ്രദ്ധ ലഭിക്കുന്നത് കുറവായാണ് കണ്ടുവരുന്നത്. ഇത് ഈ രോഗികളില്‍ മാനസിക സമ്മര്‍ദ്ദം, വിഷാദം, മുന്‍കോപം മുതലായ ലക്ഷണങ്ങള്‍ കൂട്ടാനും വിട്ടുമാറാത്തതും നീണ്ടകാലം നിലനില്‍ക്കുന്നതുമായ രോഗാവസ്ഥയായി ഫൈബ്രോമയാള്‍ജിയ മാറാനും കാരണമാകാം.

ഈ രോഗാവസ്ഥ നേരത്തെ തിരിച്ചറിഞ്ഞ്, ഒരു റുമറ്റോളജിസ്റ്റിന്റെ സഹായത്തോടെ ഉചിതമായ ചികിത്സകള്‍ അവലംബിച്ചന്‍ പൂര്‍ണ്ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കുന്ന ഒരു രോഗമാണ് ഫൈബ്രോമയാള്‍ജിയ.

കണ്‍സല്‍ട്ടന്റ് റുമാറ്റോളജിസ്റ്റ്
എസ്‌യുടി ഹോസ്പിറ്റല്‍, പട്ടം

Eng­lish Sum­ma­ry: Fibromyal­gia, a dis­ease that caus­es fatigue and depres­sion in those who come; How to iden­ti­fy and solutions

You may like this video also

TOP NEWS

November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.