20 November 2024, Wednesday
KSFE Galaxy Chits Banner 2

കളിയാരവങ്ങളിലൂടെ

രഹാന ഹബീബ്
November 27, 2022 7:45 am

ക്രിക്കറ്റിനോടുള്ള ഇഷ്ടം തുടങ്ങിയത് എന്നാണ് എന്ന് ഓർമ്മയുണ്ട്. 1983 ‑ൽ കപിൽ ദേവിന്റെ ചെകുത്താന്മാർ അന്നത്തെ രാജാക്കന്മാരായ വെസ്റ്റ് ഇൻഡീസിനെ തകർത്ത് വേൾഡ് കപ്പ് ഇന്ത്യയിലേയ്ക്ക് കൊണ്ട് വന്ന ദിവസം മുതൽ. സ്കൂളിൽ പോകുന്ന വഴിക്കുള്ള മാഗസിൻ സ്റ്റോറുകളിൽ കപിൽദേവ് കപ്പ് ഉയർത്തിപ്പിടിച്ച് ചിരിച്ചുകൊണ്ട് നിൽക്കുന്ന സ്പോർട്സ് സ്റ്റാർ മാഗസിനുകൾ കാണാമായിരുന്നു. പിറ്റേദിവസം തന്നെ വീട്ടിൽ പത്രമിടുന്ന ആളോട് ഇനി മുതൽ എനിക്ക് ”സ്പോർട്സ് സ്റ്റാർ’ വേണം എന്ന് പറഞ്ഞു. സ്പോർട്സ് സ്റ്റാർ വായിക്കുന്നത് കാരണം മിക്ക ക്രിക്കറ്റ് ടീമുകളെയും അതിലെ താരങ്ങളെയും പരിചയമായി തുടങ്ങി. ഓസ്ട്രേലിയ, വെസ്റ്റ് ഇൻഡീസ്, ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാൻ ഇതൊക്കെയായിരുന്നു അന്നത്തെ പ്രധാന ടീമുകൾ. ടിവി യിൽ ടെന്നിസും ലൈവ് കാണിച്ചു തുടങ്ങിയ സമയമായിരുന്നു. ക്രിസ് എവെർട്ടും, മാർട്ടീന നവര്ത്തലോവയും കളം ഒഴിയുന്ന സമയം. ഗബ്രിയേല സബാറ്റിനിയും സ്റ്റെഫിഗ്രാഫും ഒക്കെ അരങ്ങേറ്റം കുറിക്കുന്ന സമയം. കണ്ടും വായിച്ചുമൊക്കെ ടെന്നിസും ക്രിക്കറ്റും ഒരുവിധം അറിയാം എന്ന നിലയിൽ ആയി. സ്റ്റെഫി ഗ്രാഫും, ബോറിസ് ബെക്കറും, ഇമ്രാൻ ഖാനും, മാക്ഡെർമോട്ടും, ശ്രീകാന്തും, സച്ചിനും ഒക്കെ ഇഷ്ടതാരങ്ങളായി മാറി. പക്ഷെ അപ്പോഴും ഫുട്ബോൾ എന്ന ലോകം അപരിചിതമായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ഫുട്ബോൾ വേൾഡ് കപ്പ് വരുന്നത്.

1986 ലെ വേൾഡ് കപ്പ് ആണോ 1990 വേൾഡ് കപ്പ് ആണോ ആദ്യം കണ്ടതെന്ന് ഓർമ്മയില്ല. എല്ലാരും ഫുട്ബോൾ ആവേശത്തിലായിരുന്നു. അന്നുവരെ എന്റെ ഐക്യു ലെവലിനുമപ്പുറമാണ് ഫുട്ബോൾ എന്നാണ് ചിന്തയെങ്കിലും, കാണാൻ ഞാൻ തീരുമാനിച്ചു. എന്താണ് ആളുകളെ ഇത്ര ആവേശം കൊള്ളിക്കുന്നത് എന്നെങ്കിലും അറിയാമല്ലോ. എന്റെ അച്ഛന് ഫുട്ബോൾ നല്ലതുപോലെ അറിയാമായിരുന്നു. ടെക്നിക്കൽ സൈഡ് ഒക്കെ. ഒരുമിച്ചിരുന്നു കളി കാണുമ്പോൾ കാര്യങ്ങൾ ഒക്കെ പറഞ്ഞു തരുമായിരുന്നു. അങ്ങനെ ഡിഫൻഡർ, സെന്റർ ബാക്, പെനാൽറ്റി കിക്ക്, കോർണർ കിക്ക്, സബ്സ്റ്റിട്യൂട് ഇങ്ങനെ ഓരോന്നൊക്കെ പഠിച്ചെടുത്തു. കളിക്കാരേക്കാൾ ഒരു ടീമിലെ ഗോളി എന്നെ വളരെ ആകർഷിച്ചു. അയാളുടെ ടെക്നിക്കുകൾ വളരെ രസകരമായി തോന്നി. സ്വന്തം ടീമിന് വേണ്ടി അങ്ങേയറ്റം വരെ പോകാനും മടിയില്ലാത്ത ഒരാൾ. കണ്ണിൽ കൂടി ഒഴുകിയിറങ്ങിയത് പോലെയുള്ള ചുരുണ്ട തലമുടി. നമ്മൾ അന്നുവരെ ക്രോപ് സ്റ്റൈൽ ഹെയർ മാത്രമേ കണ്ടിട്ടുള്ളൂ. ഹൈ റിസ്ക് കീപ്പർ‑സ്വീപ്പർ സ്റ്റൈൽ സേവിങ്. ഇതൊക്കെ ക്ലാസിക് സ്റ്റൈൽ ഫുട്ബോൾ ൽ നിന്നും വളരെ വിഭിന്നം. ടീം കൊളംബിയ, ഗോൾ കീപ്പർ റെനേ ഹിഗ്വിറ്റ.

ഹിഗ്വിറ്റയുടെ കളികളെല്ലാം രസം പിടിച്ച് കാണാൻ തുടങ്ങി. എതിരാളികളെ മണ്ടന്മാരാക്കി ഹിഗ്വിറ്റ ഓരോ ഗോളും സേവ് ചെയ്തു. ചെലപ്പോൾ സെന്റർ ഹാഫിലേയ്ക്ക് ഇറങ്ങി വന്നു വരെ. 1990 ലോകകപ്പിൽ കാമറൂണിനെതിയുള്ള മത്സരത്തിനിടെയായിരുന്നു വേദനപ്പിക്കുന്ന ആ കാഴ്ച. ഹിഗ്വിറ്റ സ്വന്തം പെനാൾട്ടി ബോക്സ് വിച്ച് മുന്നോട്ട് കയറി വന്ന സന്ദർഭം. ഡിഫന്റർ മടക്കി നൽകിയ പാസ് ഹിഗ്വറ്റിയുടെ കാലിൽ നിന്ന് തോണ്ടിയെടുത്ത് റോജർമില്ലയുടെ സൂപ്പർ ഫിനിഷിംഗ്. ഗ്രൗണ്ടിൽ വിഷണ്ണനായി നിൽക്കുന്ന ഹിഗ്വിറ്റയുടെ മുഖം ഇപ്പോഴും മനസ്സിൽ. അന്നുമുതൽ റോജർമില്ലയേയും കാമറുണിനേയും ഇഷ്ടമായി. പിന്നീട് അതെപ്പോഴാണ് അര്‍ജന്റീന ആയി മാറിയത് എന്നറിയില്ല. പക്ഷെ അങ്ങനെ ആവാൻ മറഡോണ തന്നെയായിരിക്കും കാരണം. പിന്നീടങ്ങോട്ട് മറഡോണയുടെ കാലമായിരുന്നു. ഫുട്ബോൾ ഗ്രൗണ്ടിലും അതിനു പുറത്തും മറഡോണ നിറഞ്ഞു നിന്നു. ഒരു കുഞ്ഞൻ മനുഷ്യൻ. പക്ഷെ മിസൈൽ പോലെ ബോളിനു പുറകെ പായും. ഗോൾ അടിക്കുന്നത് ഒക്കെ മിന്നൽപ്പിണർ പോലെ. യൂറോപ്യൻ ക്ലാസിക് സ്റ്റൈലിനേക്കാൾ ലാറ്റിനമേരിക്കൻ പാഷനേറ്റ് സ്റ്റൈൽ ഫുട്ബോഴിനെ ഇഷ്ടപ്പെട്ടു തുടങ്ങി. അതിലെന്തോ ഒരു മാജിക് ഉള്ളത് പോലെ.

1997 മുതൽ 2007 വരെയുള്ള കാലം എല്ലാത്തിൽ നിന്നും അകന്നു നിന്ന ഒരു കാലയളവായിരുന്നു. സൗദിയിൽ ജോലിയും കുടുംബവുമായി കഴിയുന്ന കാലം. ക്രിക്കറ്റ് ഫുട്ബോൾ വേൾഡ് കപ്പുകൾ വന്നു പോകുന്നതൊന്നും അറിയുന്നുണ്ടായിരുന്നില്ല. വീണ്ടും ഗൗരമായി ഫുട്ബോൾ കാണാൻ തുടങ്ങിയത് 2010 മുതലാണ്. പക്ഷെ മനസിനെ തകർത്തുകളഞ്ഞ വേൾഡ് കപ്പ് ഫൈനൽ ഉണ്ടായത് 2014 ‑ൽ ആണ്. അര്‍ജന്റീന ഒന്നിന് പുറകെ ഒന്നായി ഓരോ മാച്ചും ജയിച്ചു കേറി. ഫൈനലിൽ എത്തി. ഫൈനലും വളരെ ഈസിയായി ജയിക്കുമെന്ന് തന്നെ ഉറപ്പിച്ചു. ബ്രസീലിലെ മരക്കാന സ്റ്റേഡിയത്തിലെ ആളുകൾ മനസ് ഫുട്ബോളിനും മെസിയ്ക്കും പുറകെ അലയാൻ വിട്ട് ഇരുന്നപ്പോൾ ഇങ്ങ് തിരുവനന്തപുരത്ത് ഞാനും എന്റെ വീട്ടിലെ ടിവിയുടെ മുന്നിലെ സോഫയിൽ ഹൃദയം കൈപ്പിടിയിൽ ഒതുക്കി ടെൻഷൻ അടിച്ച് ഇരുന്നു. അതുവരെ മെസിയുടെ കരുതൽ മാലാഖയായി നിന്ന ആഞ്ചലോ ഡി മരിയ ഫൈനൽ കളിക്കുന്നില്ല എന്നത് എന്നെ തെല്ലൊന്നുമല്ല ടെൻഷൻ അടിപ്പിച്ചത്. കളി തീരാൻ ഏതാനും മിനിറ്റുകൾ ബാക്കി നിൽക്കുമ്പോഴാണ് ഒരു ദുരന്തംപോലെ ഏത് സംഭവിച്ചത്. സബ്സ്റ്റിട്യൂട്ട് ആയി ഇറങ്ങിയ മാരിയോ ഗൊയ്ഥെ അർജന്റീനയുടെ ഗോൾ വല ചലിപ്പിച്ചത്. എന്റെ ഹൃദയം ഒരു നിമിഷം നിശ്ചലമായി. അർജന്റീനയുടെ ദുഃഖം, മെസിയുടെ ദുഃഖം, ലോകത്തെല്ലായിടത്തുമുള്ള അര്‍ജന്റീന ‑മെസി ഫാൻ ദുഃഖം എല്ലാം എന്റേതും കൂടിയായി. കളി കഴിഞ്ഞു പുരസ്കാര വിതരണം നടക്കുമ്പോൾ മെസിക്ക് ഗോൾഡൻ ബോൾ പുരസ്കാരം ലഭിച്ചു. പക്ഷെ അത് വാങ്ങാൻ വന്ന മെസിയുടെ മുഖത്ത് ദുഃഖം ഘനീഭവിച്ചു കിടന്നു. ഇന്നും മനസിൽ മറക്കാതെ ആ മുഖം. കഠിന പരിശ്രമവും, അർപ്പണ മനോഭാവവുമുള്ള ഒരു മെസി നമ്മളിൽ എല്ലാവരിലുമുണ്ട്. പക്ഷെ അതൊക്കെയുണ്ടെങ്കിലും ഭാഗ്യം എന്നൊരു കാര്യം കൂടിയുണ്ട് എന്നോർമിപ്പിക്കുന്ന ഒരു സംഭവം കൂടിയായിരുന്നു അത്. കോടിക്കണക്കിനുള്ള ഫുട്ബോൾ ഫാനുകളിൽ ഒരാളായ എനിക്ക് ഇത്ര വിഷമമാണെങ്കിൽ മെസിയുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാനേ വയ്യ. ആ വേദന ഇപ്പോഴുമുണ്ട്. ഒരുപക്ഷെ അഞ്ചലോ ഡി മരിയ കളിച്ചിരുന്നെങ്കിൽ കളി തന്നെ മാറിപ്പോയേനെ എന്ന് തോന്നിപ്പോയി. ആ വിഷമം തീർന്നത് കോപ്പ അമേരിക്ക മെസ്സി കൈപ്പിടിയിലാക്കിയപ്പോഴാണ്.

2018 ലെ ഇഷ്ട ടീം ക്രോയേഷ്യ ആയിരുന്നു. അർജന്റീനയെ തകർക്കുന്നത് കണ്ടപ്പോൾ അവരോട് ആരാധന തന്നെ തോന്നി. അവരുടെ ടീമിന്റെ ഒത്തിണക്കം. എതിർ ടീം ഏതാണെന്നു നോക്കാതെ അടിച്ചിടുന്ന ടീം സ്പിരിറ്റ് ഇതെല്ലാം ഒരു പാഠപുസ്തകം പോലെ തോന്നിപ്പിച്ചു. ഫൈനലിൽ കളിച്ച് അവർ റണ്ണർ അപ്പ് വരെ ആയി. 2022 ലെ ഇഷ്ടം വീണ്ടും അര്‍ജന്റീനയോട്. എക്കാലത്തേയും ഇഷ്ടകളിക്കാരൻ മെസിയും. കാരണം മെസിക്ക് അപ്പുറവും ഇപ്പുറവും നിർത്താൻ പറ്റുന്ന ആരും തന്നെ എവിടേയും എനിക്ക് കാണാൻ കഴിയുന്നില്ല. പക്ഷെ ഡി മരിയ വേണം. ആ കൂട്ടുകെട്ടിന്റെ രസതന്ത്രം ഒന്നുവേറെ തന്നെയാണ്. കോപ്പ അമേരിക്ക കപ്പടിക്കാൻ മെസി-ഡി മരിയ സഖ്യത്തിന്റെ സാന്നിധ്യം തന്നെയാണ്. കാരണം മെരിയ ശരിക്കും മാലാഖ തന്നെയാണ്. അര്‍ജന്റീനയുടെയും മെസിയുടേയും കരുതൽ മാലാഖ. കളിക്കളങ്ങളെ എത്രയോ കാലം ത്രസിപ്പിച്ച മറഡോണയില്ലാത്ത ലോകകപ്പാണിത്. പക്ഷേ മറഡോണ ഓരോ ഫുട്ബോൾ ആരാധകന്റെയും കൂടെതന്നെയുണ്ട്, മരണില്ലാതെ. ആദ്യമത്സരത്തിൽ മറഡോണയുടെ പിൻമുറക്കാർ സൗദി അറേബ്യയോട് തോറ്റെങ്കിലും തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. ഈ ലോകകപ്പ് മെസി സ്വന്തമാക്കണം. കാൽപന്തിന്റെ എക്കാലത്തേയും തമ്പുരാനായ ഡീഗോക്കായി അത് സമർപ്പിക്കണം. അതിലപ്പുറം നിർവൃതിയുടെ മറ്റൊരു മുഹൂർത്തം ഫുട്ബോളിനുണ്ടാകാനില്ല, ഒരു നാളും…
(ലേഖിക വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ കൂടിയാണ്) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.