23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 21, 2024
November 21, 2024
November 16, 2024
November 15, 2024
October 15, 2024
October 7, 2024
September 26, 2024
September 23, 2024
September 19, 2024

സാമ്പത്തിക പ്രതിസന്ധി; ശ്രീലങ്കയിൽ സമ്പൂർണ അടച്ചിടൽ

Janayugom Webdesk
കൊളംബോ
April 2, 2022 6:20 pm

കൊളംബൊ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശക്തിപ്രാപിക്കുന്ന ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിന് രാജ്യത്ത് അടിയന്തരാവസ്ഥയും കര്‍ഫ്യുവും പ്രഖ്യാപിച്ചു. ജനങ്ങള്‍ കഴിഞ്ഞ ദിവസം നടത്തിയ ജനകീയ സമരങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് രാജ്യവ്യാപക മഹാ പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഗോ ഹോം ഗോത എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുന്നത്. പ്രസിഡന്റ് രജപക്സെയെ പുറത്താക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് പ്രസിഡന്റ് ഗോതബയ രജപക്സെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ 36 മണിക്കൂര്‍ രാജ്യവ്യാപക കര്‍ഫ്യുവും പ്രഖ്യാപിച്ചു. കൊളംബൊ നോര്‍ത്ത്, കൊളംബൊ സൗത്ത്, കൊളംബൊ സെന്‍ട്രല്‍ നുഗേഗോഡൊ പൊലീസ് പരിധി എന്നിവിടങ്ങളില്‍ അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ കര്‍ഫ്യു തുടരുമെന്ന് ഐജി പറഞ്ഞു.

വ്യാഴാഴ്ച രാത്രി പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് നുഗേഗോഡയിലെ വീടിനുമുന്നിലുണ്ടായ പ്രതിഷേധത്തെ പൊലീസ് നേരിട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പ്രക്ഷോഭകർക്കും അഞ്ചു സുരക്ഷാ സൈനികർക്കും പരിക്കേറ്റു. അയ്യായിരത്തിലധികം പേരാണ് പ്രതിഷേധത്തില്‍ അണിനിരന്നത്. അമ്പതോളംപേരെ അറസ്റ്റ് ചെയ്‌തു. ജനങ്ങളെ അടിച്ചമര്‍ത്താനും പ്രതിഷേധം നടത്തുന്നവരെ വിചാരണ കൂടാതെ തടവിലിടാനും സേനയ്ക്ക് പ്രസിഡന്റ് ഗോതാബയ രജപക്സെ പ്രത്യേക അനുമതിയും നല്‍കി. ചരിത്രം കണ്ട ഏറ്റവും മോശം സാമ്പത്തിക സ്ഥിതിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്.

രാജ്യത്തെ 22 ദശലക്ഷം ജനങ്ങളും പ്രതിസന്ധിയുടെ ദുരിതം അനുഭവിക്കുകയാണ്. അടിസ്ഥാന സേവനങ്ങളും പൊതുഗതാഗതസംവിധാനങ്ങളുമടക്കം തടസപ്പെടുകയും പ്രതിദിനം 13 മണിക്കൂറോളം പവര്‍കട്ട് ഏര്‍പ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് ജനങ്ങള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കിയത്. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരണമെന്ന ആവശ്യം മുന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ പാര്‍ട്ടി മുന്നോട്ട് വച്ചിട്ടുണ്ട്. ജനകീയ പ്രക്ഷോഭം യുണൈറ്റഡ് നാഷണൽ പാർട്ടി അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഏറ്റെടുക്കുമെന്ന് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

രാഷ്ട്രീയ പാർട്ടികളുടെ പേര്‌ പരാമർശിക്കാതെ ‘ഗോ ഹോം ഗോത’ എന്ന ഹാഷ് ടാഗ് ഉപയോഗിച്ചാണ് പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുന്നത്. പ്രസിഡന്റ് ഗോതബയ രജപക്സെയുടെ സഹോദരനാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി മഹിന്ദ രജപക്സെ, മറ്റൊരു സഹോദരന്‍ ബേസിലാണ് ധനകാര്യമന്ത്രി. മുതിര്‍ന്ന ഒരു സഹോദരനും അനന്തിരവനും കാബിനറ്റ് അംഗങ്ങളാണ്. കുടുംബാധിപത്യവും അശാസ്ത്രീയ ഭരണരീതികളുമാണ് ശ്രീലങ്കയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

Eng­lish sum­ma­ry; Finan­cial cri­sis; Com­plete clo­sure in Sri Lanka

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.