23 December 2024, Monday
KSFE Galaxy Chits Banner 2

ഭക്ഷ്യ പ്രതിസന്ധി ആസന്നം; ആഗോള പട്ടിണി നിരക്ക് കുതിക്കുന്നു

Janayugom Webdesk
July 16, 2022 10:45 pm

കോവിഡ്, ഉഷ്ണതരംഗങ്ങൾ, വെള്ളപ്പൊക്കം, വരൾച്ച തുടങ്ങിയവയോടൊപ്പം റഷ്യ‑ഉക്രെയ്ൻ യുദ്ധം കൂടിയായതോടെ ലോകം ഭക്ഷ്യ പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോർട്ട്. പല രാജ്യങ്ങളിലെയും ഭക്ഷ്യ അരക്ഷിതാവസ്ഥ ഈ വർഷം കൂടുതൽ വഷളായേക്കുമെന്ന് ‘വൺ എർത്തി‘ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു. ആഗോള പട്ടിണി നിരക്ക് 2021ൽ 20ലുണ്ടായ റെക്കോഡിനെ മറികടന്നുവെന്ന് ഐക്യരാഷ്ട്രസഭയും ലോകബാങ്കും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

ലോകത്തിലെ ഭക്ഷ്യസുരക്ഷയില്ലാത്ത ജനങ്ങളിൽ പകുതിയിലധികവും സംഘർഷസാധ്യതയുള്ള പ്രദേശങ്ങളിലാണ് ജീവിക്കുന്നത്. രാഷ്ട്രീയ അസ്ഥിരത, തീവ്രവാദം, ആഭ്യന്തര കലാപം, സായുധ സംഘർഷം എന്നിവ മൂലമുണ്ടാകുന്ന കുടിയേറ്റവും കുടിയിറക്കലും അടുത്ത 20 വർഷത്തിനുള്ളിൽ ആഗോള ഭക്ഷ്യസുരക്ഷയ്ക്ക് ഏറ്റവും വലിയ ഭീഷണിയാകുമെന്ന് കൊളറാഡോയിലെ ബോൾഡർ സർവകലാശാലയുടെ നേതൃത്വത്തിലുള്ള പഠനം പറയുന്നു.

നിലവിൽ ക്ഷാമമില്ലെങ്കിലും ഭക്ഷ്യപ്രതിസന്ധി ആസന്നമാണെന്നാണ് യുഎൻ ഫുഡ് ആന്റ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ (എഫ്എഒ) പ്രധാന വിശകലന വിദഗ്ധൻ ലൂക്കാ റൂസോ കഴിഞ്ഞമാസം വ്യക്തമാക്കിയത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലാകും ഇത് ഏറ്റവുമധികം പ്രതിഫലിക്കുകയെന്നും 2023 വളരെ അപകടകരമായ ഒരു വർഷമായിരിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. ഉക്രെയ്ൻ–റഷ്യ യുദ്ധമാണ് സ്ഥിതി വഷളാക്കിയത്. ഭക്ഷ്യക്ഷാമമില്ലെങ്കിലും വില കുതിച്ചുയരുകയാണ്. ഇന്ധനത്തിനുൾപ്പെടെ വില വർധിച്ചതാണ് ഒരു കാരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

യുദ്ധത്തിന്റെ ഫലമായി ഇന്ത്യയുൾപ്പെടെ 20 ലേറെ രാജ്യങ്ങൾ ഭക്ഷ്യ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ലോക വ്യാപാര സംഘടന അനുവദിച്ചാൽ ലോകത്തിന് ആവശ്യമായ ഭക്ഷ്യസാധനങ്ങൾ ലഭ്യമാക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉറപ്പു നൽകി ആഴ്ചകൾക്കുള്ളിലാണ് മേയിൽ ഗോതമ്പിന്റെയും ജൂണില്‍ ഗോതമ്പുല്പന്നങ്ങളുടെയും കയറ്റുമതി ഇന്ത്യ നിരോധിച്ചത്. പിന്നാലെ പാംഓയിലിന്റെ കയറ്റുമതി, ഏറ്റവും വലിയ ഉല്പാദകരായ ഇന്തോനേഷ്യയും നിരോധിച്ചു. കാർഷിക രാജ്യമായ ഉക്രെയ്‌നിൽനിന്നുള്ള ധാന്യക്കയറ്റുമതിക്ക് യുദ്ധം തടസമായതോടെ ലോകം ഭക്ഷ്യ പ്രതിസന്ധിയിലേക്ക് എന്ന മുന്നറിയിപ്പുമായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും രംഗത്തുവന്നിരുന്നു.

പ്രതിസന്ധിയെ തുടർന്ന് പത്തിലധികം രാജ്യങ്ങൾ ഇന്ത്യയോട് ഗോതമ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. നിരോധനമുണ്ടെങ്കിലും ഭക്ഷ്യ പ്രതിസന്ധി നേരിടുന്ന സൗഹൃദ രാജ്യങ്ങൾക്ക് ഗോതമ്പ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞിരുന്നു. ഇന്ത്യ നൽകുന്ന ഗോതമ്പ് വ്യാപാരത്തിനോ കയറ്റുമതിക്കോ ഉപയോഗിക്കാതെ ആഭ്യന്തര ആവശ്യത്തിന് മാത്രമെ ഉപയോഗിക്കാവൂ. ബംഗ്ലാദേശ്, ഒമാൻ, യുഎഇ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നും ഗോതമ്പ് കയറ്റുമതി ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണ് ഇങ്ങനെയാെരു നിബന്ധന എന്ന് കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സുധാൻഷു പാണ്ഡെ പറഞ്ഞു.

രാജ്യത്തെ ഭക്ഷ്യശേഖരം ഗുരുതരാവസ്ഥയിൽ

രാജ്യത്തെ ധാന്യശേഖരം 15 വർഷത്തെയും പ്രതിശീർഷ ശേഖരം 50 വർഷത്തെയും ഏറ്റവും കുറഞ്ഞ നിരക്കിലാണെന്നും സൂചന. ജൂൺ അവസാനംവരെ 3.11 കോടി ടൺ ഗോതമ്പാണ് എഫ്‍സിഐ ശേഖരത്തിലുള്ളത്. 2019, 20, 21 വർഷങ്ങളിൽ ഇത് യഥാക്രമം 3.78, 3.67, 3.51 കോടി ടൺ എന്ന കണക്കിലായിരുന്നു. അതേസമയം നിർബന്ധമായും ഉണ്ടായിരിക്കേണ്ടതിനെക്കാള്‍ (ബഫർ സ്റ്റോക്ക്) 76 ലക്ഷം ടൺ കൂടുതലുണ്ടെന്നും ഭയക്കേണ്ട സ്ഥിതിയില്ലെന്നും എഫ്‍സിഐ വൃത്തങ്ങൾ പറയുന്നു.

എന്നാൽ കൂടുതൽ ഗോതമ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ കേന്ദ്രത്തിന് കത്തയച്ചിരിക്കുകയാണ്. ഗോതമ്പ് കരുതൽ ശേഖരം മൂന്നുവർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതോടെ മേയ് 14 നാണ് ചില സംസ്ഥാനങ്ങളുടെ ഗോതമ്പ്-അരി വിഹിതം 60: 40 എന്ന അനുപാതത്തിൽനിന്ന് 40: 60 ആയും ചില സംസ്ഥാനങ്ങളിൽ 75: 25 എന്നതിൽ നിന്ന് 60: 40 ഉം ആക്കിയിരുന്നു.

ആട്ടയും മൈദയും റവയും ഉൾപ്പെടെയുള്ള ഉല്പന്നങ്ങൾക്ക് കേന്ദ്രസർക്കാർ കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയതും ഗോതമ്പ് ശേഖരത്തിലെ കുറവ് മൂലമാണ്. പൊതുവിതരണ കേന്ദ്രങ്ങളിലൂടെയുള്ള സൗജന്യവിതരണം കൂടിയതും കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ ഉല്പാദനം ഇടിഞ്ഞതുമാണ് നിയന്ത്രണങ്ങൾക്ക് കാരണമായതായി കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നു.

അരി കയറ്റുമതിയിൽ നേട്ടം

യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ ഈ മാസം പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് ആഗോള അരി വ്യാപാരം റെക്കോർഡ് 54.3 മില്യൺ ടൺ ആയിരിക്കും. ഇതിൽ ഇന്ത്യയുടെ കയറ്റുമതി വിഹിതം 22 മില്യൺ ആണ്. ആഗോള കയറ്റുമതിയുടെ 41 ശതമാനമാണിത്.
തൊട്ടടുത്ത മൂന്ന് വലിയ കയറ്റുമതിക്കാരായ തായ്‍ലൻഡ്, വിയറ്റ്നാം, പാകിസ്ഥാൻ എന്നിവയുടെ മൊത്തം കയറ്റുമതിയെക്കാൾ ഈ വർഷം ഇന്ത്യയുടെ അരി കയറ്റുമതി കൂടാൻ സാധ്യതയുണ്ടെന്നും യുഎസ്ഡിഎ പ്രസ്താവിച്ചു. കഴിഞ്ഞ ദശകത്തിലെ ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതിക്കാരാണ് ഇന്ത്യ.

Eng­lish Summary:Food cri­sis looms; Glob­al hunger rates are soaring
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.