18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 15, 2025
April 15, 2025
April 14, 2025
April 14, 2025
April 14, 2025

വിലക്കയറ്റം; ലോകം ഭക്ഷ്യ പ്രതിസന്ധിയിലേക്ക്

Janayugom Webdesk
ന്യൂഡൽഹി
May 6, 2022 9:18 pm

വികസ്വര രാജ്യങ്ങളുടെ ഭൂരിഭാഗവും മറ്റ് ലോകരാജ്യങ്ങളിലും ഭക്ഷ്യസുരക്ഷാ സാഹചര്യം ഗുരുതര നിലയിലെന്ന് റിപ്പോർട്ട്. സമീപ മാസങ്ങളിൽ ഭക്ഷ്യവില അഭൂതപൂർവമായ നിലയിൽ ഉയർന്നു. ഇതുമൂലം 2021 ൽ ഏകദേശം 200 ദശലക്ഷം ആളുകൾ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥയിലായെന്നും 2016 നെ അപേക്ഷിച്ച് ഇരട്ടിയാണിതെന്നും കഴിഞ്ഞദിവസം പുറത്തിറക്കിയ യുഎൻ റിപ്പോർട്ടിൽ പറയുന്നു.

കാലാവസ്ഥാ വ്യതിയാനം, രണ്ട് വർഷമായി തുടരുന്ന പകർച്ചവ്യാധിയുണ്ടാക്കിയ സാമ്പത്തിക പ്രത്യാഘാതം, സംഘർഷം എന്നിവയാണ് പ്രധാന കാരണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. എത്യോപ്യ, ദക്ഷിണ സുഡാൻ, തെക്കൻ മഡഗാസ്കർ, യെമൻ എന്നിവിടങ്ങളിലായി അരലക്ഷത്തിലധികം ആളുകൾ പട്ടിണിയുടെയും മരണത്തിന്റെയും വക്കിലാണ്.

2020ലെ എണ്ണത്തെക്കാൾ നാലിരട്ടിയാണിത്. ഉക്രെയ്‍നിലെ റഷ്യയുടെ അധിനിവേശത്തെത്തുടർന്ന് ഭക്ഷ്യവില കുതിച്ചുയർന്നതിനാൽ സ്ഥിതി കൂടുതൽ വഷളായി. കാർഷിക ഉല്പന്നങ്ങളുടെ രണ്ട് പ്രധാന ആഗോള വിതരണക്കാരിൽ നിന്ന് തടസം ഉണ്ടാകുമോ എന്ന ആശങ്ക ലോകത്തെ ബാധിച്ചു. ഫുഡ് ആന്റ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ ഭക്ഷ്യ വില സൂചിക 2021‑നെ അപേക്ഷിച്ച് 26 ശതമാനം വർധിച്ചു. ധാന്യ വില സൂചികയിൽ മാത്രം 30 ശതമാനം വർധനയുണ്ടായി. ഗോതമ്പിന്റെ വില ജനുവരിക്കും മാർച്ചിനുമിടയിൽ 61 ശതമാനമാണ് കൂടിയത്.

യുദ്ധം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഗോതമ്പ് വിതരണത്തെയായതിനാൽ വില ഇനിയും ഉയരുമെന്ന് ലോകബാങ്ക് വിലയിരുത്തുന്നു. ഉയർന്ന ആഗോള വില മുതലെടുക്കാൻ വൻതോതിൽ ഗോതമ്പ് കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും, വർധിച്ചുവരുന്ന ഭക്ഷ്യ പണപ്പെരുപ്പം ഇന്ത്യയിലും ഭക്ഷ്യസുരക്ഷയെ ആശങ്കപ്പെടുത്തുന്ന പ്രധാന വിഷയമാണ്. കോവിഡ് കാരണം വരുമാനം കുറയുന്നത് രാജ്യത്ത് പട്ടിണിയുടെ തോത് ഉയർത്തിയിരുന്നു.

ഫെബ്രുവരിയിൽ നടത്തിയ ഒരു സർവേയിൽ പങ്കെടുത്തവരിൽ 45 ശതമാനവും കഴിഞ്ഞ മാസം ഭക്ഷണം തീർന്നതായി റിപ്പോർട്ട് ചെയ്തു. വിലക്കയറ്റം കാരണം ഇപ്പോൾ സ്ഥിതി കൂടുതൽ അപകടകരമാണെന്നാണ് വിദഗ്ധരുടെയും അഭിപ്രായം. ചരക്ക് വിപണികളിലെ നിക്ഷേപ സ്ഥാപനങ്ങളും ഫണ്ടുകളും നടത്തുന്ന അമിതമായ ഊഹക്കച്ചവടമാണ് വിലക്കയറ്റത്തിന് കാരണമായതെന്ന് ‘ഹംഗർ പ്രോഫിറ്റേഴ്സ്’ അന്വേഷണത്തിൽ കണ്ടെത്തി.

കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ നിക്ഷേപകരും സ്ഥാപനങ്ങളും കാർഷികോല്പന്നങ്ങളിലെ അവരുടെ ഓഹരികൾ വർധിപ്പിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് ഈ രംഗത്തെ ഊഹക്കച്ചവടത്തെ സൂചിപ്പിക്കുന്നുവെന്ന് വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഭക്ഷ്യവില കുതിച്ചുയരുന്ന സാഹചര്യത്തിൽ കാർഷികോല്പന്നങ്ങളുടെ ആഭ്യന്തര വില, കയറ്റുമതി ലഭ്യത എന്നിവ നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ വിവിധ മന്ത്രാലയങ്ങളടങ്ങിയ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്.

കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സുധാംശു പാണ്ഡെയുടെ നേതൃത്വത്തിലുള്ള സമിതി രാജ്യത്തെ ഭക്ഷ്യ എണ്ണയുടെ ലഭ്യത അവലോകനം ചെയ്യും. എണ്ണ സംസ്കരണ സംഘടനകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തും. ഭക്ഷ്യ എണ്ണ സംസ്കരണം നടത്തുന്ന കേന്ദ്രങ്ങൾ, വ്യാപാര സ്ഥലങ്ങൾ എന്നി കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന നടത്തി പൂഴ്ത്തിവയ്പ്പ് തടയാൻ പ്രത്യേക സംഘവും രൂപീകരിച്ചിട്ടുണ്ട്.

Eng­lish summary;Inflation; The world is head­ing for a food crisis

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.