23 December 2024, Monday
KSFE Galaxy Chits Banner 2

ഭക്ഷ്യ സുരക്ഷ: ആശങ്ക അകറ്റാന്‍ കരുതല്‍ വേണം

Janayugom Webdesk
April 22, 2022 5:00 am

റഷ്യ‑ഉക്രെയ്ൻ സംഘർഷം അന്താരാഷ്ട്ര ധാന്യ വിപണിയിൽ സൃഷ്ടിച്ചിരിക്കുന്ന വിതരണ ശൃംഖലാ തടസങ്ങൾ പ്രയോജനപ്പെടുത്തി ഇന്ത്യയിൽനിന്നും ഗോതമ്പടക്കം ഭക്ഷ്യധാന്യങ്ങളുടെ കയറ്റുമതി വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കും വൻ വിലവർധനവിനും കാരണമായേക്കുമെന്ന ആശങ്ക ശക്തമാണ്. ആഗോള ഭക്ഷ്യധാന്യ വിപണിയുടെ ഏതാണ്ട് മുപ്പതു ശതമാനത്തിലേറെ നിയന്ത്രിച്ചിരുന്നത് ഉക്രെയ്‌നും റഷ്യയും ആയിരുന്നു. യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ഉക്രെയ്‌നിൽ നിന്നുമുള്ള ധാന്യ കയറ്റുമതി പൂർണമായി നിലച്ചു. യുദ്ധം അവസാനിച്ചാൽത്തന്നെയും കയറ്റുമതി പൂർവസ്ഥിതിയിൽ എത്താൻ മാസങ്ങളല്ല, വർഷങ്ങൾതന്നെ വേണ്ടിവരും. ആഗോള ധാന്യ വിപണിയുടെ ഇരുപത്തിയഞ്ച് ശതമാനവും അവരുടേതായിരുന്നു. അഞ്ച് ശതമാനം വിപണി പങ്കാളിത്തമുണ്ടായിരുന്ന റഷ്യയെ യുദ്ധവും സാമ്പത്തിക ഉപരോധവും തടസപ്പെടുത്തി. അവിടെയാണ് കഴിഞ്ഞ നാലുവർഷങ്ങളിലും തുടർച്ചയായി റെക്കോഡ് വിളവും സംഭരണവും നടന്ന ഇന്ത്യക്ക് പ്രതീക്ഷ നൽകിയത്. നമ്മുടെ കരുതൽ ശേഖരത്തിലുള്ളതടക്കം ഗോതമ്പ് പശ്ചിമ, പൂർവ ഏഷ്യൻ രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും കയറ്റി അയക്കാനാണ് കേന്ദ്രം പദ്ധതിയിട്ടിരുന്നത്. ലോകത്തെ പ്രമുഖ ധാന്യ ഇറക്കുമതി രാഷ്ട്രമായ ഈജിപ്ത് ഇന്ത്യയിൽനിന്നും ഇറക്കുമതിക്ക് തയാറാവുകയും, ഏതാണ്ട് മുപ്പതുലക്ഷം ടൺ ഗോതമ്പ് കയറ്റുമതിക്ക് ധാരണയാവുകയും ചെയ്തു. മറ്റു പല രാജ്യങ്ങളിലേക്കും കയറ്റുമതിക്കുള്ള സാധ്യത ആരാഞ്ഞു വരികയുമാണ്. സാധാരണ സാഹചര്യങ്ങളിൽ ലോകത്തെ മുൻനിര ഭക്ഷ്യധാന്യ ഉല്പാദകർ എന്നനിലയിൽ വിദേശനാണ്യം നേടിത്തരുന്ന കയറ്റുമതി ഒരു മോശം ആശയമല്ല. എന്നാൽ നിലവിലുള്ള ആഗോള സാഹചര്യം ഇന്ത്യയെ അതിന് അനുവദിക്കുന്ന ഒന്നല്ല. അത് പ്രതീക്ഷിക്കുന്നതിനു വിപരീതമായി വിനാശകരമായ പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാം. നടപ്പ് റാബി (മഞ്ഞുകാല കൃഷി) വിളവെടുപ്പിന്റെ ആദ്യ രണ്ടാഴ്ചകൾ പിന്നിടുമ്പോൾ ലഭ്യമാകുന്ന സൂചനകൾ വിളവിൽ പത്തുമുതൽ 35 ശതമാനം വരെ കുറവ് ഉണ്ടായേക്കാം എന്നാണ്. മഞ്ഞുകാലത്തെ അധിക മഴയും നേരത്തെ ആരംഭിച്ച വേനലും പ്രധാന ധാന്യോല്പാദക സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ ഉല്പാദനത്തെ പ്രതികൂലമായി ബാധിച്ചതായാണ് വിലയിരുത്തൽ.


ഇതുകൂടി വായിക്കാം; ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക


രാജ്യത്തെ കരുതൽ ശേഖരം സാമാന്യേന തൃപ്തികരം ആണെങ്കിൽ തന്നെയും കേന്ദ്രവും സംസ്ഥാനങ്ങളും കോവിഡ് വ്യാപന പശ്ചാത്തലത്തിൽ തുടർന്നുവരുന്ന സൗജന്യ ഭക്ഷ്യധാന്യ വിതരണവും പ്രതീക്ഷയിൽ കുറഞ്ഞ വിളവും ആശങ്കയ്ക്ക് കാരണമാവുന്നുണ്ട്. യൂറോപ്പിലെ യുദ്ധാന്തരീക്ഷം, വിതരണ ശൃംഖലാ തടസങ്ങൾ എന്നിവ അന്താരാഷ്ട്ര വിപണിയിൽ ഭക്ഷ്യ പണപ്പെരുപ്പം വ്യാപകമാക്കിയിട്ടുണ്ട്. അതിൽനിന്നും ഇന്ത്യക്ക് ഒഴിഞ്ഞുനിൽക്കാൻ കഴിയില്ല. ഇന്ധനം, രാസവളങ്ങൾ എന്നിവയുടെ ദൗർലഭ്യവും വിലക്കയറ്റവും, രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഊർജ പ്രതിസന്ധിയും പ്രതീക്ഷകൾക്ക് മങ്ങലേല്പിക്കുന്നു. ഇപ്പോൾത്തന്നെ ധാന്യങ്ങളടക്കം ഭക്ഷ്യവസ്തുക്കളുടെ മൊത്തവിലയിൽ 14 ശതമാനത്തിന്റെ നാണ്യപ്പെരുപ്പം രേഖപ്പെടുത്തിയിട്ടുണ്ട്. ചില്ലറവില ഉപഭോക്താക്കൾക്ക് താങ്ങാവുന്ന എല്ലാ പരിധികളും ലംഘിച്ചാണ് കുതിച്ചുയരുന്നത്. പരിമിതമെങ്കിലും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തുടർന്നുവരുന്ന സൗജന്യ ഭക്ഷ്യധാന്യങ്ങളുടെ വിതരണം കുറേക്കാലത്തേക്കുകൂടി നീട്ടുകയും, കരുതൽ ശേഖരത്തിൽനിന്നും ഭക്ഷ്യധാന്യങ്ങൾ പൊതുവിപണിയിലേക്ക് തുറന്നുനല്കുകയും ചെയ്യുകയെന്നത് പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രിക്കാൻ അനിവാര്യമായിരിക്കുന്നു. ഭക്ഷ്യ ഉല്പാദനം, സംഭരണം, വിപണി ഇടപെടൽ, പൊതുവിതരണം, കയറ്റുമതി എന്നിവയിൽ എല്ലാം സൂക്ഷ്മമായ ആസൂത്രണം, അവയുടെ കാര്യക്ഷമമായ നടത്തിപ്പ് എന്നിവ കൂടാതെ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനും വിലക്കയറ്റം നിയന്ത്രിക്കാനും കഴിയില്ല. ദക്ഷിണേഷ്യയിലെ നമ്മുടെ അയൽരാജ്യങ്ങൾ അഭിമുഖീകരിക്കുന്ന കടുത്ത പ്രതിസന്ധിയിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളാൻ വൈകരുത്. ലോകത്തെ തുറിച്ചുനോക്കുന്ന ഭക്ഷ്യ പ്രതിസന്ധി മുൻകൂട്ടിക്കണ്ട് ഉല്പാദനം വർധിപ്പിക്കാൻ വളങ്ങൾ, ഊർജം എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തിയും, കാലാവസ്ഥാ വ്യതിയാനംമൂലം ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങൾക്ക് പരിരക്ഷ നൽകിയും മാന്യവും ആദായകരവുമായി സംഭരണവില പ്രഖ്യാപിച്ചും കർഷകരെ വിശ്വാസത്തിലെടുക്കുക എന്നത് പ്രാഥമിക നടപടിയാണ്. കയറ്റുമതി സംബന്ധിച്ച എല്ലാ ആലോചനകൾക്കും വിരാമമിട്ട് കരുതൽ ശേഖരത്തിൽനിന്നും ഭക്ഷ്യധാന്യങ്ങൾ തുറന്ന വിപണിക്ക് നൽകി പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്തണം. അർഹരായ മുഴുവൻപേർക്കും സൗജന്യ ഭക്ഷ്യധാന്യം നൽകുകയും പൊതുവിതരണ സംവിധാനം വീഴ്ചകൂടാതെ കാര്യക്ഷമമായി നിലനിർത്തുകയും വഴിയേ രാജ്യത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനും സമാധാന അന്തരീക്ഷം നിലനിർത്താനും കഴിയൂ.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.