22 December 2024, Sunday
KSFE Galaxy Chits Banner 2

ദളിത് അവകാശങ്ങൾക്കായി, സാമൂഹിക നീതിക്കുവേണ്ടി

മനോജ് ബി ഇടമന
October 14, 2024 4:30 am

പട്ടികവിഭാഗം ജനത ചരിത്രപരമായി ഗണ്യമായ സാമൂഹികവും സാമ്പത്തികവുമായ വെ­ല്ലുവിളികൾ നേരിട്ടിട്ടുണ്ട്. വിവേചനം അനുഭ­ വിക്കുന്ന ആദിവാസികളെപ്പോലെ, ദളിതരുടെയും മറ്റുള്ളവരുടെയും അവസ്ഥ ഇന്ത്യൻ ഭരണഘടന നിലവിൽ വന്നപ്പോൾ നിശ്ചയിച്ച പ്രതീക്ഷകൾക്ക് വിരുദ്ധമാണ്. വിദ്യാഭ്യാസത്തിലും തൊഴിലിലും ചില പുരോഗതികളുണ്ടായിട്ടുണ്ടെങ്കിലും, ഭൂരാഹിത്യം, ദാരിദ്ര്യം തുടങ്ങിയ പ്രശ്നങ്ങൾ ആഴത്തിൽ വേരൂന്നിയ ജാതിമുൻവിധിയും വിവേചനവും കൊണ്ട് സങ്കീർണമായി തുടരുന്നു. കഴിഞ്ഞ ദശകത്തിൽ, കേന്ദ്രത്തിലും പല സംസ്ഥാനങ്ങളിലും ബിജെപി നേതൃത്വത്തിലുള്ള സർക്കാരുകളുടെ കീഴിൽ സ്ഥിതി കൂടുതൽ വഷളായി. ഗ്രാമീണ ദളിത് കുടുംബങ്ങളിൽ അഞ്ചിലൊന്ന് പേർക്ക് മാത്രമാണ് ഉറപ്പുള്ള വീടുള്ളതെന്നും നഗരപ്രദേശങ്ങളിലെ ദളിത് വീടുകളിൽ ഏകദേശം 16 ശതമാനം ചേരികളിലാണെന്നും സർക്കാർ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ദേശീയ സാമ്പിൾ സർവേ പ്രകാരം, ദളിതർക്കിടയിലെ ദാരിദ്ര്യ നിരക്ക് 30 ശതമാനം കവിയുന്നു. ഇത് ദേശീയ ശരാശരിയായ 21നെക്കാൾ കൂടുതലാണ്. കൂടാതെ, ബഹുമുഖ ദരിദ്രരായ ആറ് വ്യക്തികളിൽ അഞ്ച് പേരും താഴ്ന്ന ഗോത്രങ്ങളിലോ ജാതികളിലോ ഉള്ളവരാണ്. സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ടുള്ള ഭരണഘടനാ വ്യവസ്ഥകളെ കേന്ദ്രസർക്കാർ നേരിട്ടും അല്ലാതെയും തുരങ്കം വച്ചിരിക്കുകയാണ്. സംവരണ തസ്തികകളുടെ ഒഴിവ് നികത്തുന്നതിലെ പ്രകടനം പരിതാപകരമാണ്. 2022 മാർച്ച് 24ന് പാർലമെന്റിൽ നൽകിയ വിവരമനുസരിച്ച്, കേന്ദ്ര സര്‍ക്കാരിന്റെ ഒമ്പത് മന്ത്രാലയങ്ങളിലും വകുപ്പുകളിലും (റെയിൽവേ, ധനകാര്യം, ആണവോർജം, പ്രതിരോധം, ഭവനം, ആഭ്യന്തരകാര്യം എന്നിവയുൾപ്പെടെ) പട്ടികജാതി, പട്ടികവർഗക്കാർ, ഒബിസികൾ എന്നിവർക്കായി ഒരു ലക്ഷത്തിലേറെ ഒഴിവുകളാണുള്ളത്. ഇതിൽ 42 ശതമാനം മാത്രമാണ് നികത്തിയിട്ടുള്ളത്. 45 കേന്ദ്ര സർവകലാശാലകൾ പട്ടികജാതി വിഭാഗങ്ങൾക്കുള്ള സംവരണ തസ്തികകളിൽ 42 ശതമാനം നികത്തുന്നതിൽ പരാജയപ്പെട്ടു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസില്‍ പട്ടികജാതി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത ഒഴിവുകളിൽ 80 ശതമാനം ഒഴിഞ്ഞുകിടക്കുന്നു. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സര്‍ക്കാരിന് കീഴിൽ, പൊതുമേഖലാ വ്യവസായങ്ങൾ, പൊതുസേവനങ്ങൾ, ഉന്നത വിദ്യാഭ്യാസം എന്നിവയുടെ സ്വകാര്യവൽക്കരണം ത്വരിതഗതിയിലായി. ഈ മേഖലകളിലെ ജോലികളിലേക്കുള്ള പ്രവേശനം പട്ടികജാതി വിഭാഗങ്ങൾക്കും മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും തടസപ്പെട്ടു. സർക്കാർ, സ്വകാര്യവൽക്കരണം നിർത്തുകയും സ്വകാര്യമേഖലയിൽ സംവരണം ഏർപ്പെടുത്തുകയും വേണം, ഇത് അഭിസംബോധന ചെയ്യുന്ന ബിൽ എത്രയും വേഗം പാർലമെന്റിൽ അവതരിപ്പിക്കണം. ഇന്ത്യയിലെ കാർഷികോല്പാദനത്തിന് കർഷകത്തൊഴിലാളികളായ ദളിതരെയാണ് ആശ്രയിക്കുന്നത്. ദളിതരും കർഷകത്തൊഴിലാളികളും പാട്ടക്കർഷകരും പ്രതിവർഷം 30 കോടി മെട്രിക് ടൺ കാർഷികോല്പന്നങ്ങൾ സൃഷ്ടിക്കുന്നതിൽ നിർണായകമാണ്. തങ്ങളുടെ ഗണ്യമായ സംഭാവന ഉണ്ടായിരുന്നിട്ടും, ഭൂമിയുടെ ന്യായമായ വിഹിതത്തിനായി കാത്തിരിക്കുകയാണ് ഭൂരിപക്ഷവും. കേന്ദ്ര സര്‍ക്കാരും ഒട്ടുമിക്ക സംസ്ഥാന സര്‍ക്കാരുകളും നടപ്പിലാക്കുന്ന നവലിബറൽ നയങ്ങൾ ദളിതർക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും അത്യാവശ്യമായ സാമൂഹിക ക്ഷേമ പദ്ധതികളുടെ ശൃംഖലയെ നശിപ്പിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, കൃഷി, കാർഷികോല്പന്നങ്ങൾ എന്നിവയുടെ വാണിജ്യവൽക്കരണം ജീവിതച്ചെലവ് വർധിപ്പിച്ച് പിന്നാക്ക വിഭാഗങ്ങളുടെ ജീവിതം കൂടുതൽ അപകടകരമാക്കുന്നു. നിതി ആയോഗ് ശുപാർശകളും പട്ടികജാതിക്കാരുടെ (എസ്‌സി) ജനസംഖ്യാ വിഹിതവും അനുസരിച്ച്, കേന്ദ്ര ബജറ്റിലെ ശരിയായ വിഹിതം ഏകദേശം 16.2 ശതമാനമായിരിക്കണം.

എന്നാല്‍ കഴിഞ്ഞ ദശകത്തിൽ തുടർച്ചയായ ബജറ്റുകളിൽ പട്ടികജാതി വിഭാഗങ്ങൾക്കുള്ള വിഹിതം 11 ശതമാനം കവിഞ്ഞിട്ടില്ല. പട്ടികജാതി ജനസംഖ്യയുടെ വിഹിതവുമായി താരതമ്യപ്പെടുത്തുമ്പോൾ മതിയായ ഫണ്ട് നൽകുന്നതിൽ ബജറ്റുകള്‍ പരാജയപ്പെട്ടു. കഴിഞ്ഞ ബജറ്റ് വിഹിതമായ 1,65,493 കോടിയുടെ ഏകദേശം 3.2 ശതമാനം (46,195 കോടി) മാത്രമാണ് പട്ടികജാതിക്കാർക്ക് നേരിട്ട് പ്രയോജനപ്പെടുന്നത്. എംജിഎൻആർഇജിക്ക് 86,000 കോടി രൂപ അനുവദിച്ചതിൽ 2024–25ൽ 42,000 കോടി രൂപയാണ് ചെലവഴിച്ചത്. ശേഷിക്കുന്ന എട്ട് മാസത്തേക്ക് 44,000 കോടിയാണുള്ളത്. ദളിതർ അവരുടെ ജനസംഖ്യയുടെ വിഹിതത്തെക്കാൾ ഉയർന്ന ശതമാനം തൊഴിലുറപ്പുപ്രവർത്തകരാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷ്യ സബ്സിഡികൾ തുടർച്ചയായി കുറയ്ക്കുന്നത് പട്ടിണിയുടെയും പോഷകാഹാരക്കുറവിന്റെയും പ്രശ്നങ്ങളോടുള്ള അവഗണന പ്രതിഫലിപ്പിക്കുന്നു. 2022–23ലെ യഥാർത്ഥ ചെലവുമായി താരതമ്യം ചെയ്യുമ്പോൾ ഭക്ഷ്യ സബ്സിഡി വിഹിതം 34.75 ശതമാനം വെട്ടിക്കുറച്ചു. അങ്കണവാടി, പിഎം പോഷൻ പരിപാടികൾക്കുള്ള ധനസഹായം കുറഞ്ഞു. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് (എൻഎഫ്എസ്എ) കീഴിൽ പൊതുവിതരണ സമ്പ്രദായത്തെ (പിഡിഎസ്) ഫലപ്രദമാക്കുന്നതിനുള്ള ഒരു വിഹിതവും ഉണ്ടായിട്ടില്ലെന്നത് ആശങ്കാജനകമാണ്. പിഎംജികെഎവൈയുടെ കീഴിലുള്ള വിഹിതം 1000 കോടി രൂപ കുറച്ചു. ഇത് പാവപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്ന ഭക്ഷ്യസുരക്ഷാ നിയമത്തെ ലംഘിക്കുന്നു. സൗജന്യ ധാന്യവിതരണം നിലച്ചത് ദശലക്ഷക്കണക്കിന് പാവപ്പെട്ട കുടുംബങ്ങളെ വിപണിയിലെ വിലക്കയറ്റത്തിലേക്ക് തള്ളിവിട്ടു. ചരിത്രപരമായി സാമൂഹിക പാർശ്വവൽക്കരണവും അസമത്വവും നേരിടുന്ന ദളിതർക്കായി പ്രത്യേക ബജറ്റ് വകയിരുത്താൻ ഉദ്ദേശിച്ചുള്ളതാണ് ഉപപദ്ധതി. എന്നാല്‍ ദളിതർക്കുവേണ്ടിയുള്ള പ്രത്യേക സംരംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം സർക്കാർ ഈ ഫണ്ടുകൾ പൊതുപദ്ധതികളിലേക്ക് തിരിച്ചുവിടുകയാണ്.

വിവിധ സംഘടനകളുടെ നിരന്തര പരിശ്രമം മൂലം ചില സംസ്ഥാനങ്ങൾ എസ്‌സിഎസ്‌പി നിയമം നടപ്പാക്കിയെങ്കിലും കേന്ദ്ര സർക്കാർ നിയമം ഫലപ്രദമായി നടപ്പാക്കുകയോ ഫണ്ട് ഉചിതമായി അനുവദിക്കുകയോ ചെയ്തിട്ടില്ല. ഭരണഘടനയുടെ അനുച്ഛേദം 15, 16, 17 എന്നിവ തൊട്ടുകൂടായ്മയ്ക്കെതിരെ പ്രത്യേക സംരക്ഷണം നൽകുന്നു. സ്വാതന്ത്ര്യം ലഭിച്ച് 77 വർഷം പിന്നിട്ടിട്ടും തൊട്ടുകൂടായ്മ നിലനില്‍ക്കുന്നു. ബിജെപി സര്‍ക്കാരിന് കീഴിൽ, ജാതി അടിസ്ഥാനത്തിലുള്ള അതിക്രമങ്ങൾ വർധിച്ചു. അവയ്ക്ക് ഇപ്പോൾ സർക്കാർ മൗനാനുവാദം നൽകുന്നതായും കാണുന്നു. ബിജെപി അധികാരത്തിൽ എത്തിയതിന് ശേഷം പ്രിവൻഷൻ ഓഫ് അട്രോസിറ്റി ആക്ട് (പിഒഎ) പ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം ഓരോ വർഷവും കൂടിവരികയാണ്. 2014ൽ 40,401 കേസുകളുണ്ടായിരുന്നത് 2020 ആയപ്പോഴേക്കും 58,000 ആയി ഉയർന്നു. നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച്, 2021നും 22നും ഇടയിൽ പട്ടികജാതിക്കാർക്കെതിരായ കുറ്റകൃത്യങ്ങൾ 13 ശതമാനം വർധിച്ചു. 2018നും 22നും ഇടയിൽ ഏറ്റവും കൂടുതൽ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഉത്തർപ്രദേശിലാണ്, 49,613 കേസുകള്‍. ബിജെപി അധികാരത്തിൽ വന്നതിന് ശേഷമുള്ള കാലഘട്ടത്തിൽ സംസ്ഥാന സര്‍ക്കാരുകള്‍ നിരവധി അതിക്രമങ്ങളിലെ കുറ്റവാളികളെ സംരക്ഷിക്കുന്ന നയം പിന്തുടര്‍ന്നു. ഐഐടികൾ, ഐഐഎം, മെഡിക്കൽ കോളജുകൾ, എൻജിനീയറിങ് കോളജുകൾ എന്നിവയുൾപ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സ്കൂളുകളിലെയും ദളിത് വിദ്യാർത്ഥികള്‍ ജാതി അടിസ്ഥാനത്തിലുള്ള വിവേചനവും അപമാനവും അക്രമവും നേരിട്ടിട്ടുണ്ട്.

ദളിതർക്കെതിരെ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ മോഡി സർക്കാർ സംരക്ഷിക്കുകയാണ്. ആർഎസ്എസിന്റെ നിയന്ത്രണത്തിലുള്ള രാഷ്ട്രീയ പാർട്ടിയുടെ കീഴില്‍, വർണാശ്രമത്തിലൂടെ ജന്മാധിഷ്ഠിത അസമത്വത്തെ പ്രോത്സാഹിപ്പിക്കുന്ന ഗ്രന്ഥമായ മനുസ്മൃതിയോടുള്ള പ്രതിബദ്ധതയുള്ള രാജ്യമായി ഇന്ത്യ മാറുന്നു. ദളിതർക്കിടയിലെ ഉപവർഗീകരണവും ക്രീമിലെയറും സംബന്ധിച്ച വിഷയത്തിൽ കേന്ദ്രസർക്കാർ എത്രയും വേഗം പാർലമെന്റ് സമ്മേളനം വിളിച്ച് സുപ്രീം കോടതി വിധി റദ്ദാക്കണം. പാർലമെന്റിലും സംസ്ഥാനനിയമസഭയിലും ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള ബജറ്റ് വിഹിതം തീരുമാനിക്കണം. ദളിതർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമായി പാർലമെന്റും നിയമസഭയും പ്രത്യേകസമ്മേളനം വിളിക്കുകയും എസ്‌സിഎസ്‌പി നിയമം പാസാക്കുകയും വേണം. അധ്വാനിക്കുന്ന ജനത ബിജെപിക്കെതിരെ രാഷ്ട്രീയവും ആശയപരവുമായ പോരാട്ടം നടത്തേണ്ടതുണ്ട്. സ്വകാര്യമേഖലയിൽ ദളിതർക്ക് സംവരണം നടപ്പിലാക്കുക, സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക. സ്ഥാനക്കയറ്റത്തിൽ സംവരണം കൊണ്ടുവരിക, അതിക്രമങ്ങളും തൊട്ടുകൂടായ്മയും ഉടൻ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ദേശീയ പ്രക്ഷോഭം തുടങ്ങുകയാണ്. ഭരണഘടന പ്രകാരം ദളിതർക്കുള്ള സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ അവകാശങ്ങൾ സംരക്ഷിക്കുക, വിദ്യാഭ്യാസ അവകാശങ്ങൾ, ഭൂമി അവകാശങ്ങൾ, അനുകൂലമായ തൊഴിൽ അന്തരീക്ഷം എന്നിവ ഉറപ്പാക്കുക, ദളിത് ഭൂരഹിത കുടുംബങ്ങൾക്ക് മുൻഗണന നൽകി ഭൂമി വിതരണം ചെയ്യുക പൊതു സെൻസസിനോടൊപ്പം സാമൂഹിക — സാമ്പത്തിക — ജാതി സെൻസസ് കൂടി നടത്തുക തുടങ്ങിയവ ഉയർത്തി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഒക്ടോബർ 15ന് ജില്ലകളിൽ കേന്ദ്രസർക്കാർ ഓഫിസിന് മുന്നിൽ മാർച്ചും ധർണയും സംഘടിപ്പിക്കും. കേന്ദ്രസർക്കാർ മുഖേന നടപ്പാക്കുന്ന മനുവാദി നയങ്ങളെ ചെറുക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളോടും അഭ്യർത്ഥിക്കുന്നു. ദളിതര്‍ക്കെതിരെയുള്ള അടിച്ചമർത്തലിനും ചൂഷണത്തിനുമെതിരായ പോരാട്ടത്തിൽ പുരോഗമന ശക്തികൾ ഒന്നിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.