23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 23, 2024
August 6, 2024
May 20, 2024
January 17, 2024
January 14, 2024
December 12, 2023
July 2, 2023
April 7, 2023
January 9, 2023
December 28, 2022

ശ്രീലങ്കയെ കടക്കെണിയിലാക്കിയ വിദേശ വായ്പകള്‍

Janayugom Webdesk
കൊളംബോ
May 11, 2022 10:47 pm

ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയതില്‍, സര്‍ക്കാരിന്റെ അമിതാധികാരത്തിന്റെയും പിടിപ്പുകേടിന്റെയും സ്മാരകങ്ങളായി അവശേഷിക്കുന്ന, ചെെനീസ് ധനസഹായത്തോടുകൂടിയുള്ള പദ്ധതികള്‍ക്കും കാര്യമായ പങ്കുണ്ടെന്ന് റിപ്പോര്‍ട്ട്. ബജറ്റിലെ കുറവുകളും വ്യാപാരകമ്മിയും മറിക്കടക്കാന്‍ വന്‍തോതില്‍ കടമെടുത്തു തുടങ്ങിയതാണ് ശ്രീലങ്കയുടെ താളം തെറ്റിച്ചത്. പൊതുധനമാകട്ടെ, അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ക്ക് കണക്കില്ലാതെ ചെലവഴിച്ചു. 

രാഷ്ട്രീയ സ്വാധീനവും കോടിക്കണക്കിന് രൂപയുടെ ചൈനീസ് വായ്പകളും ഉപയോഗിച്ച് രാജപക്സെ കുടുംബത്തിന്റെ ആ­സ്ഥാനമായ ഹമ്പന്‍ത്തോട്ട ജില്ലയെ ഒരു പ്രധാന സാമ്പത്തിക കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതികളില്‍ പലതും വിഫലശ്രമമായിരുന്നു. വ്യവസായിക കുതിച്ചുചാട്ടമുണ്ടാക്കും എന്ന് വിലയിരുത്തപ്പെട്ട ഹമ്പന്‍ത്തോട്ട തുറമുഖ പദ്ധതി, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതു മുതല്‍ കണക്കില്ലാത്ത ചെലവാണ് സര്‍ക്കാരിന് നല്‍കിയത്. തുറമുഖ നിര്‍മ്മാണത്തിന് 1.4 ബില്യണ്‍ ഡോളറാണ് ചെെന വായ്പ നല്‍കിയത്. എന്നാല്‍ ഇതിന് പകരമായ സേവനം നല്‍കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, ആറു വര്‍ഷത്തിനുള്ളില്‍ 300 മില്യണ്‍ ഡോളറാണ് തുറമുഖ വികസനത്തിലൂടെ ശ്രീലങ്കന്‍ സര്‍ക്കാരിന് നഷ്ടമായത്. 2017‑ൽ, ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള ഒരു കമ്പനിക്ക് തുറമുഖം 99 വർഷത്തെ പാട്ടത്തിന് കൈമാറി. ഈ കരാറാകട്ടെ ഇന്ത്യൻ മഹാസമുദ്രത്തിൽ ചെെന തന്ത്രപ്രധാനമായ സ്വാധീനം നേടുമെന്ന ആശങ്കയും വര്‍ധിപ്പിച്ചു.

15.5 മില്യൺ ഡോളറിന്റെ ചെെനീസ് ധനസഹായത്തോടെയുള്ള കോൺഫറൻസ് സെന്റർ ഉദ്ഘാടനം നടന്നതിനു ശേഷം പ്രവര്‍ത്തിച്ചിട്ടില്ല. ചൈനയിൽ നിന്ന് 200 മില്യൺ ഡോളർ വായ്‌പയെടുത്ത് നിർമ്മിച്ച രാജപക്‌സെ വിമാനത്താവളവും കാര്യമായ വരവുണ്ടാക്കിയില്ല. ഒരു ഘട്ടത്തിൽ വിമാനത്താവളത്തിന്റെ വൈദ്യുതി ബിൽ അടയ്ക്കാൻ പോലും ശ്രീലങ്കന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. കൊളംബോയിൽ, ദുബായിക്ക് എതിരാളിയായ ഒരു സാമ്പത്തിക കേന്ദ്രമായി മാറുക എന്ന ലക്ഷ്യത്തോടെ 665 ഏക്കർ വിസ്തൃതിയുള്ള ഒരു കൃത്രിമ ദ്വീപ് സ്ഥാപിച്ചുകൊണ്ട് ചൈനയുടെ ധനസഹായത്തോടെയുള്ള പോർട്ട് സിറ്റി പദ്ധതിയും ആരംഭിച്ചിരുന്നു. എന്നാൽ ഈ പദ്ധതി മറഞ്ഞിരിക്കുന്ന കടക്കെണിയായി മാറിയെന്നാണ് നിരീക്ഷകര്‍ പറയുന്നത്. 

ശ്രീലങ്കയുടെ 51 ബില്യണ്‍ ഡോളര്‍ വിദേശകടത്തിന്റെ 10 ശതമാനവും ചെെനയ്ക്ക് നല്‍കാനുള്ളതാണ്. എന്നാൽ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കും ശ്രീലങ്കയുടെ കേന്ദ്ര ബാങ്കിനുമുള്ള വായ്പകൾ കണക്കിലെടുക്കുകയാണെങ്കിൽ യഥാർത്ഥ സംഖ്യ ഇതിലും ഉയര്‍ന്നതാണെന്നാണ് നിഗമനം. മഹിന്ദ രാജപക്സെയുടെ രാജി സംബന്ധിച്ചുള്ള പ്രതികരണത്തിനായി ചെെന വിസമ്മതിച്ചിരുന്നു. 

Eng­lish Summary:Foreign loans that put Sri Lan­ka in debt
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.