15 November 2024, Friday
KSFE Galaxy Chits Banner 2

അഴിമതിക്കേസില്‍ മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രിക്ക് 12 വര്‍ഷം ശിക്ഷ

Janayugom Webdesk
കോലാലംപുര്‍
August 23, 2022 10:29 pm

അഴിമതിക്കേസില്‍ മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖിന്റെ അന്തിമ അപ്പീല്‍ സുപ്രീം കോടതി തള്ളി. ഹെെക്കോടതി വിധിച്ച 12 വർഷത്തെ തടവ് ശിക്ഷ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായി ശരിവച്ചു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യ മലേഷ്യന്‍ പ്രധാനമന്ത്രിയാണ് ന‍ജീബ് റസാഖ്. അധികാര ദുര്‍വിനിയേ­ാഗം, വിശ്വാസ വഞ്ചന, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം നജീബ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. 4.7 കോടി ഡോളറിന്റെ പിഴയും ചുമത്തി. ഒന്ന്- മലേഷ്യ ഡെ­വല‍പ്മെന്റ് ബെര്‍ഹാദ് (1എംഡിബി) ഫ­ണ്ടിൽ നിന്ന് നജീബും അനുയായികളും ചേര്‍ന്ന് 4500 കോടി ഡോളറിന്റെ അഴിമതി നടത്തിയ കേസിലാണ് സുപ്രീം കോടതിയുടെ വിധി. 

2009ൽ അധികാരമേറ്റയുടൻ നജീബ് രൂപീകരിച്ച ഒരു വികസന ഫണ്ടാണ് 1എംഡിബി. മലേഷ്യയിലെയും മിഡിൽ ഈ­സ്റ്റിലെയും വെെദ്യുത നിലയങ്ങളും മറ്റ് ഊർജ ആസ്തികളും കോലാലംപൂരിലെ റിയൽ എ­സ്റ്റേറ്റും ഉള്‍പ്പെടുന്നതായിരുന്നു 1എംഡിബി ഫണ്ട്. സരവാക് വാർത്താ പോർട്ടലിലൂടെയാണ് അഴിമതിയുടെ വിവരങ്ങള്‍ ആ­ദ്യം പുറത്തുവന്നത്. 2014ൽ 1എംഡിബി 11 ബില്യണ്‍ ഡോളറിന്റെ കടക്കെണിയിലായതോടെ അഴിമതി ആരേ­ാപണങ്ങള്‍ ശ­ക്തിപ്പെട്ടു. 2015ൽ ദി വാൾ സ്ട്രീറ്റ് ജേണൽ, നജീബിന്റെ സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലേക്ക് കുറഞ്ഞത് 681 മില്യൺ ഡോളർ ലഭിച്ചതായി കാണിക്കുന്ന രേഖകൾ പ്രസിദ്ധീകരിച്ചതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. 1എംഡിബിയുടെ മുൻ യൂ­ണിറ്റായ എസ്ആര്‍സി ഇന്റര്‍നാഷണലില്‍ നിന്ന് അനധികൃതമായി 94 ലക്ഷം ഡോളർ കൈപ്പറ്റിയതിന് നജീബ് കുറ്റക്കാരനാണെന്ന് 2020 ല്‍ ഹെെ­ക്കോടതി വിധിച്ചു. 1എംഡിബിയുമായി ബന്ധപ്പെട്ട അഞ്ച് വ്യത്യസ്ത വിചാരണകളിലായി നജീബ് ആകെ 42 ആരോപണങ്ങളാണ് നേരിടുന്നത്. അദ്ദേഹത്തിന്റെ ഭാര്യയും അഴിമതി ആരോപണങ്ങളിൽ വിചാരണയിലാണ്. 

കണക്കില്‍ രേഖപ്പെടുത്താത്ത പൊതുപണം നജീബ് യുഎസ് സാമ്പത്തിക സംവിധാനത്തിലൂടെ വെളുപ്പിച്ചുവെന്ന വിവരം ക­ണ്ടെത്തിയതോടെ യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് സ്വതന്ത്ര അ­ന്വേഷണം ആരംഭിച്ചിരുന്നു. 2009­നും 2015നും ഇടയിൽ ഫണ്ടിലെ ഉന്നത ഉദ്യോഗസ്ഥരും അനുയായികളും ചേർന്ന് 1എംഡിബിയിൽ നിന്ന് 4500 കോടി ഡോളറിലധികം ദുരുപയോഗം ചെയ്തതായി യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് കണ്ടെത്തി.
ലിയനാർഡോ ഡികാപ്രിയോ അഭിനയിച്ച ഹോളിവുഡ് ചിത്രമായ “ദി വുൾഫ് ഓഫ് വാൾസ്ട്രീറ്റ് എന്ന ചിത്രത്തിന് ഫണ്ട് നൽകാന്‍ 2012ൽ നജീബിന്റെ രണ്ടാനച്ഛൻ റിസ അസീസ് ഉപയോഗിച്ചതും എംഡിബിയുടെ പണമാണ്. ബെവർലി ഹിൽസ്, ന്യൂയോർക്ക്, ലണ്ടൻ എന്നിവിടങ്ങളിൽ ഭൂമി വാങ്ങാനും നജീബ് പണം ഉപയോഗിച്ചു.
വിമർശകരെ ലക്ഷ്യമാക്കിയും അടിച്ചമർത്തൽ നിയമങ്ങൾ കൊ­­­ണ്ടുവന്നും അഴിമതി ആ­രേ­ാപണങ്ങള്‍ തടയാൻ ന­ജീബ് ശ്രമിച്ചു. എന്നാൽ ആരോപണങ്ങൾ അദ്ദേഹത്തിന്റെ ദീർഘകാല ഭരണ സഖ്യത്തിന്റെ ജനപ്രീതിയെ ബാധിക്കുകയും 2018 ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമാവുകയും ചെയ്തു.
2020 ഫെബ്രുവരിയിൽ, മഹാതിറിന്റെ സഖ്യ സര്‍ക്കാര്‍ പുറത്തായി. നജീബിന്റെ പാർട്ടി ഉൾപ്പെടുന്ന സഖ്യം അധികാരം പിടിച്ചെടുത്തു. ഇതിനു പിന്നാലെ റിസ അസീസിനെ അഴിമതിക്കേസില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

Eng­lish Sum­ma­ry: For­mer Malaysian Prime Min­is­ter sen­tenced to 12 years in cor­rup­tion case

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.