16 June 2024, Sunday

ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി വാഹനാപടത്തില്‍ മരിച്ചു

Janayugom Webdesk
മുംബൈ
September 4, 2022 6:06 pm

പ്രമുഖ വ്യവസായിയും ടാറ്റ സണ്‍സിന്റെ മുന്‍ ചെയര്‍മാനുമായ സൈറസ് മിസ്ത്രി(54) വാഹനാപകടത്തില്‍ മരിച്ചു. അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ പാല്‍ഘറില്‍ ഇന്നലെ 3:15 ഓടെയാണ് അപകടം. സൈറസ് മിസ്ത്രിക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന സുഹൃത്തും പ്രമുഖ വ്യവസായിയുമായ ജഹാംഗിര്‍ പന്‍ഡോലെയും കൊല്ലപ്പെട്ടു.
സൂര്യ നദിക്ക് കുറുകെയുള്ള ചരോട്ടി പാലത്തില്‍ വച്ച് മെഴ്‌സിഡസ് ബെന്‍സ് കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ജഹാംഗിര്‍ പന്‍ഡോലെയുടെ സഹോദരന്‍ ദാരിയൂസ് പന്‍ഡോലെ, ഭാര്യ ഡോ. അനാഹിത എന്നിവരെ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അനാഹിതയാണ് കാറോടിച്ചിരുന്നതെന്ന് പല്‍ഘര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് ബാലാസാഹേബ് പാട്ടീല്‍ പറഞ്ഞു. അമിതവേഗത്തിലായിരുന്ന കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പിന്‍സീറ്റിലായിരുന്ന മിസ്ത്രിയും ജഹാംഗിര്‍ പന്‍ഡോലെയും സംഭവസ്ഥലത്തുതന്നെ മരിച്ചു. മരണത്തില്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ടാറ്റ കുടുംബത്തിന് പുറത്തുനിന്നുള്ള ആദ്യത്തെ ചെയര്‍മാനായിരുന്നു സൈറസ് മിസ്ത്രി. ഷാപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ ഉടമയായ പരേതനായ പല്ലോന്‍ജി മിസ്ത്രിയുടെ ഇളയമകനാണ്. ടാറ്റാ ഗ്രൂപ്പില്‍ ഏറ്റവുമധികം ഓഹരിയുള്ള കമ്പനിയാണ് എസ്‌പി ഗ്രൂപ്പ്. ലണ്ടനില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സൈറസ് മിസ്ത്രി എസ്‌പി ഗ്രൂപ്പില്‍ ഡയറക്ടര്‍, മാനേജിങ് ഡയറക്ടര്‍ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
രത്തന്‍ ടാറ്റ വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം 2012 ഡിസംബറിലാണ് സൈറസ് മിസ്ത്രി ടാറ്റ സണ്‍സിന്റെ ചെയര്‍മാനായി ചുമതലയേറ്റത്. 2016 ഒക്ടോബറില്‍ സ്ഥാനത്തുനിന്ന് നീക്കി. നാനോ കാര്‍ നിര്‍മ്മാണമുള്‍പ്പെടുയുള്ള വിഷയങ്ങളില്‍ രത്തന്‍ ടാറ്റയുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് മിസ്ത്രിയുടെ പുറത്താക്കലിലേക്ക് നയിച്ചത്. പിന്നീട് എന്‍ ചന്ദ്രശേഖരന്‍ ടാറ്റ സണ്‍സിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനായി ചുമതലയേറ്റു. അന്ന് മിസ്ത്രിക്കൊപ്പം ടാറ്റാ സണ്‍സില്‍ നിന്നും പുറത്തേക്കുവന്ന ഡയറക്ടര്‍മാരിലൊരാളാണ് ദാരിയുസ് പന്‍ഡോലെ.
ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ മിസ്ത്രി നിയമപോരാട്ടം നടത്തി. ഒടുവില്‍ ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായി പുനര്‍നിയമനം നല്‍കാന്‍ കമ്പനി നിയമ ട്രിബ്യൂണല്‍ ഉത്തരവിട്ടു. എന്നാല്‍, ചെയര്‍മാനായി തിരിച്ചെത്താന്‍ മിസ്ത്രി തയാറായില്ല. പിന്നീട് ടാറ്റ സണ്‍സ് നടപടി സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം ശരിവച്ചിരുന്നു.
ഈ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള എസ്‌പി ഗ്രൂപ്പിന്റെ ഹര്‍ജി മേയ് മാസത്തില്‍ സുപ്രീം കോടതി തള്ളിയിരുന്നു. 

Eng­lish Sum­ma­ry: For­mer Tata Sons Chair­man Cyrus Mis­try dies in a car accident

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.