19 May 2024, Sunday

Related news

May 19, 2024
May 18, 2024
May 18, 2024
May 13, 2024
May 13, 2024
May 12, 2024
May 12, 2024
May 10, 2024
May 6, 2024
May 5, 2024

സീനിയര്‍ ഹോക്കി കളിക്കാരുടെ സംഘടന രൂപീകരിക്കുന്നു; മുതിര്‍ന്ന താരങ്ങളെ ആദരിക്കും

Janayugom Webdesk
കൊച്ചി
January 5, 2022 5:57 pm

കേരളത്തിലെ സീനിയര്‍ ഹോക്കി താരങ്ങളുടെ സംഘനയുടെ നേതൃത്വത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളികളായ ഹോക്കി താരങ്ങളെ ആദരിക്കും. ജനുവരി എട്ടിന് കൊല്ലം ഹോക്കി സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങിലാണ് മുതിര്‍ന്ന ഹോക്കി താരങ്ങളെ ആദരിക്കുന്നത്. ഇതോടൊപ്പം കേരളത്തിലെ സീനിയര്‍ ഹോക്കി കളിക്കാരുടെ സംഘടനയായ സീനിയര്‍ പ്ലയേഴ്സ് അസോസിയേഷന്‍ ഓഫ് ഹോക്കിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടക്കും. ഒളിംപ്യന്‍മാരായ ശ്രീജേഷ്, ദിനേശ് നായിക്ക്, അനില്‍ ആല്‍ഡ്രിന്‍, സാബു വര്‍ക്കി എന്നിവര്‍ക്ക് പുറമെ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളികളായ റൂഫസ് ഡിസൂസ, ജോര്‍ജ് നൈനാന്‍, ബിപിന്‍ ഫെര്‍ണാണ്ടസ്  എന്നിവരെയാണ് സ്പായുടെ നേതൃത്വത്തില്‍ ആദരിക്കുന്നത്.

ഇതോടൊപ്പം കേരളത്തിലെ സീനിയര്‍ ഹോക്കി കളിക്കാരുടെ സംഘടനയും നിലവില്‍ വരും. സീനിയര്‍ പ്ലയേഴ്സ് അസോസിയേഷന്‍ ഓഫ് ഹോക്കി ( സ്പാ)  കേരളത്തിന് വേണ്ടി ഹോക്കി കളിച്ച സീനിയര്‍ കളിക്കാരുടെ സംഘടനയാണ്. കേരള സൊസൈറ്റീസ് റെജിസ്ട്രേഷന്‍ ആക്റ്റ് , 1860 പ്രകാരം രജിസ്റ്റര്‍ ചെയ്യ്ത സംഘടനയില്‍ നിലവില്‍ 70ലേറെ അംഗങ്ങളുണ്ട്.

മുന്‍കാല കളിക്കാരായ ഡാമിയന്‍ കെ ഐ (പ്രസിഡന്റ്), സുനില്‍ ഡി ഇമ്മട്ടി ( സെക്രട്ടറി) , ടി പി മന്‍സൂര്‍ (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായ 17 അംഗ കമ്മിറ്റി  നിലവില്‍ വന്നു. സംസ്ഥാനത്ത് ഹോക്കിയുടെ പ്രചാരം വര്‍ദ്ധിപ്പിക്കുക, സ്പോണ്‍സര്‍മാരെ കണ്ടെത്തി പുതിയ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുക, കളിക്കാരെ സാമ്പത്തികമായി സഹായിക്കുക തുടങ്ങിയവയാണ് അസോസിയേഷന്റെ ലക്ഷ്യങ്ങളെന്ന് ഭാരവാഹികള്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ നാല്  സോണുകളാക്കി തിരിച്ച് ഓരോ സോണിലും സ്പാ ഹോക്കി അക്കാദമി എന്ന പേരില്‍ ഹോക്കി അക്കാദമികള്‍ സ്ഥാപിക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

കേരളത്തില്‍ നേരത്തെ നിലവിലുണ്ടായിരുന്ന പല ഹോക്കി ടൂര്‍ണമെന്റുകളും നിന്നിട്ട് വര്‍ഷങ്ങളായി. അയ്യപ്പാസ് ടൂര്‍ണ്ണമെന്റ്, സി പി ജോണ്‍ മെമ്മോറിയല്‍ അഖിലേന്ത്യാ ഇന്റര്‍— കോളേജിയറ്റ് ടൂര്‍ണമെന്റ്, ജി വി രാജ ഗോള്‍ഡ് കപ്പ്, കെ എ ജോര്‍ജ് ടൂര്‍ണമെന്റ് , എ വി ജോര്‍ജ് കപ്പ്, കിണറ്റിങ്കല്‍ ഗോള്‍ഡ് കപ്പ്, വിഎസ്എസ് സി ഓള്‍ കേരള ടൂര്‍ണമെന്റ് , പി ജെ കോശി ഓള്‍ ഇന്ത്യ ഇന്റര്‍ കോളേജിയറ്റ് ടൂര്‍ണമെന്റ് എന്നിവ ഇങ്ങനെ നിന്നു പോയവയാണ്.  അന്താരാഷ്ട്ര നിലവാരമുള്ള ഒരു അഖിലേന്ത്യാ ടൂര്‍ണമെന്റ് സംസ്ഥാനത്ത് സംഘടിപ്പിക്കാനും അസോസിയേഷന്‍ ആലോചിക്കുന്നതായി സ്പാ ഭാരവാഹികള്‍ അറിയിച്ചു. സംഘടനയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് എട്ടിന് കൊല്ലം ഹോക്കി സ്റ്റേഡിയത്തിന്റെ ആസ്ട്രോ ടര്‍ഫില്‍ പഴയ കാല കളിക്കാരുടെ സൗഹൃദ മത്സരവും നടക്കും.

പ്രസിഡന്റ് ഡാമിയന്‍ കെ ഐ, സെക്രട്ടറി സുനില്‍ ഡി ഇമ്മട്ടി, ട്രഷറര്‍ ടി പി മന്‍സൂര്‍, സീനിയര്‍ വൈസ് പ്രസിഡന്റ് എസ് ആര്‍ പ്രദീപ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോര്‍ജ് നൈനാന്‍, മുതിര്‍ന്ന കോച്ചും കളിക്കാരനുമായ റൂഫസ് ഡിസൂസ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

eng­lish sum­ma­ry; Forms Senior Hock­ey Play­ers’ Asso­ci­a­tion; Senior play­ers will be honored

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.