
കേരളത്തിന്റെ അതിർത്തിയിൽ നിന്നും അധികദൂരമൊന്നുമില്ലാത്ത തെക്കൻ കർണാടകത്തിലെ ധർമ്മസ്ഥലയിൽ, മഞ്ജുനാഥ ക്ഷേത്ര പരിസരത്തുണ്ടായ കൂട്ടക്കൊല നടത്തിയത് ആരെന്നുള്ള വിവരങ്ങൾ കോടതിയെ അറിയിച്ചിട്ടുണ്ടെന്ന പുതിയ വെളിപ്പെടുത്തൽ, സാക്ഷിയുടെ അഭിഭാഷകൻ കെ വി ധനഞ്ജയ് നടത്തിയിരിക്കുന്നു. സാക്ഷിയെ മുഖംമൂടി ധരിപ്പിച്ച്, ശവശരീരങ്ങൾ കുഴിച്ചിട്ട സ്ഥലങ്ങളിൽ പൊലീസ് എത്തിച്ചുകഴിഞ്ഞു. മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലമാണ് മണ്ണുനീക്കി പരിശോധിക്കേണ്ടത്. കുഴിച്ചിട്ട സ്ഥലത്തുനിന്നും എടുത്ത ഒരു തലയോട്ടി കോടതി മുമ്പാകെ ഹാജരാക്കപ്പെട്ടിട്ടുണ്ട്.
നൂറിലധികം സ്ത്രീകളുടെ മൃതദേഹങ്ങൾ കുഴിച്ചിടാൻ നിർബന്ധിതനായ ഒരു ശുചീകരണത്തൊഴിലാളിയാണ് അസഹ്യമായ മാനസിക സമ്മർദം മൂലം ഈ കുറ്റകൃത്യങ്ങൾ തുറന്നു പറഞ്ഞത്. 1988 മുതൽ 2014 വരെയുള്ള കാലത്താണ് ഈ കൊലപാതകങ്ങൾ നടന്നിട്ടുള്ളത്. അതിവേഗം അന്വേഷണം മുന്നോട്ടുപോകുമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ എത്തിക്കുമെന്നും നമുക്ക് കരുതാം.
കേരളത്തിൽ നിന്നും ധാരാളം ആളുകൾ, കാണാനും പ്രാർത്ഥിക്കാനും പോകുന്ന സ്ഥലമാണ് ധർമ്മസ്ഥല. 400 ഏക്കറിലധികം പ്രദേശത്തായി വ്യാപിച്ചുകിടക്കുന്ന ഒരു സമാന്തര സാമ്രാജ്യമാണത്. ശക്തമായ നിരീക്ഷണവും പ്രത്യേക ചിട്ടവട്ടങ്ങളുമുള്ള ഒരു സാമ്രാജ്യം. അവിടെ ചെല്ലുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും സൗജന്യമാണ്. കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ താല്പര്യമനുസരിച്ച് രാജ്യസഭയിലെത്തിയിട്ടുള്ള വീരേന്ദ്ര ഹെഗ്ഡെയാണ് ഈ സാമ്രാജ്യത്തിന്റെ അധിപൻ. അദ്ദേഹമാകട്ടെ ഹിംസയെ പൂർണമായും എതിർക്കുന്ന ജൈനമതസ്ഥനുമാണ്. അവിടത്തെ പ്രധാന ആകർഷണം മഞ്ജുനാഥ ക്ഷേത്രമാണ്. ബാഹുബലി പ്രതിമയും ആകർഷകമാണ്. മാനേജ്മെന്റിന് സ്വന്തമായി മെഡിക്കൽ കോളജും യക്ഷഗാനത്തെ പ്രോത്സാഹിപ്പിക്കാനുള്ള സംഘവുമൊക്കെയുണ്ട്. 800 വർഷത്തിലധികം പഴക്കം അവകാശപ്പെടുന്ന ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ ശിവനാണ്. തീർത്ഥങ്കരൻ ചന്ദ്രപ്രഭ, കാലരാഹു തുടങ്ങിയ ജൈന ദൈവങ്ങളുമുണ്ട്. ദൈവത്തിന്റെ മറയുണ്ടെങ്കിൽ എന്തു കുറ്റകൃത്യവും നടത്താമല്ലോ. ദൈവങ്ങൾ പോലും ഹിംസയുടെ വക്താക്കളാണ്. നരബലിയിലും മൃഗബലിയിലുമൊക്കെ പ്രീതിപ്പെടുന്ന ദൈവങ്ങളെയാണല്ലോ ആദിമനുഷ്യർ രൂപപ്പെടുത്തിയത്.
മഞ്ജുനാഥ ശിവനോ ജൈനദൈവങ്ങളോ ഒന്നും ഇരകളാകേണ്ടിവന്ന പാവം ഭാരതപുത്രിമാരെ രക്ഷിച്ചില്ല. ബലാൽഭോഗം ചെയ്തു കൊന്ന സ്കൂൾവിദ്യാർത്ഥിനിയുടെ, അടിയുടുപ്പില്ലാത്ത മൃതദേഹം വരെ മറവുചെയ്യേണ്ടി വന്നു എന്നാണ് മൊഴി നൽകിയിട്ടുള്ളത്. വിശ്വാസങ്ങളിലെ സംരക്ഷകൻ ആകുന്നതിനു പകരം നിരപരാധികളെ ശിക്ഷിക്കാനും അപരാധികളെ സംരക്ഷിക്കാനും കൂട്ടുനിൽക്കുന്ന മഞ്ജുനാഥ ദൈവത്തെയാണ് നമ്മൾ ഇവിടെ കാണുന്നത്. മതബോധത്തെയും ആരാധനാ സ്വാതന്ത്ര്യത്തെയും സംരക്ഷിക്കുന്നു എന്ന പുകമറ സൃഷ്ടിച്ചുകൊണ്ട്, കുറ്റവാളികളെ സംരക്ഷിക്കുന്ന ഒരു രാഷ്ട്രീയ സമീപനം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നമ്മൾ കണ്ടിട്ടുള്ളതാണ്. അധികാരവും അതിന്റെ സൗകര്യങ്ങളുടെ അനന്തസാധ്യതകളും രാഷ്ട്രീയ നേതൃത്വത്തെ ആകർഷിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. സന്തോഷ് മാധവനടക്കം നിരവധി സന്യാസിവേഷങ്ങളെ കൽത്തുറുങ്കിലാക്കിയത് കേരളത്തിൽ മാത്രമാണ്. കാഞ്ചി കാമകോടി ശങ്കരാചാര്യരെ തുറുങ്കിലടയ്ക്കാനുള്ള ആർജവം ജയലളിതയും കാട്ടി. മറ്റ് വൻമത്സ്യങ്ങളെ പിടികൂടാൻ പൊട്ടിയ വലകളാണ് ഉപയോഗിച്ചുകണ്ടിട്ടുള്ളത്. ധർമ്മസ്ഥലം അധർമ്മസ്ഥലമാണോ എന്നാണ് അന്വേഷണത്തിൽ തെളിയേണ്ടത്. മനഃസാക്ഷിക്കുത്തുകൊണ്ട് കോടതിയിലെത്തിയ ആ ശുചീകരണത്തൊഴിലാളി പറയുന്നത് വാസ്തവമെന്നു തെളിഞ്ഞാൽ പിന്നെ അവശേഷിക്കുന്ന ചോദ്യം, ആ പൂച്ചയ്ക്ക് ആരു മണികെട്ടുമെന്നതാണ്. കാത്തിരുന്നു കാണാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.