ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാം ടി20 അന്താരാഷ്ട്ര മത്സരം നടക്കാനിരിക്കെ റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് സ്റ്റേഡിയത്തിൽ ഇതുവരെ വെളിച്ചമെത്തിയില്ല. നിർണായക ഏറ്റുമുട്ടലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സ്റ്റേഡിയം ഇപ്പോഴും ഇരുട്ടിലാണ്. 2009 മുതൽ വൈദ്യുതി ബിൽ അടയ്ക്കാത്തതാണ് സ്റ്റേഡിയത്തില്‍ വെളിച്ചമെത്താത്തതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്റ്റേഡിയത്തിന് 3.16 കോടി രൂപ ബിൽ കുടിശ്ശികയുണ്ട്, ഇതുമൂലം 5 വർഷം മുമ്പ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. ഛത്തീസ്ഗഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ അഭ്യർത്ഥന പ്രകാരം ഒരു താൽക്കാലിക കണക്ഷൻ സ്ഥാപിച്ചിരുന്നു. എന്നാല്‍ അത് കാണികളുടെ ഗാലറിയും ബോക്സുകളും മാത്രമാണ് ഉൾക്കൊള്ളുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നത്തെ മത്സരത്തിലെ ഫ്ലഡ്‌ലൈറ്റുകൾ ജനറേറ്റർ ഉപയോഗിച്ചാണ് പ്രവർത്തിപ്പിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നിലവിൽ 200 കെ വിയാണ് താത്കാലിക കണക്ഷന്റെ ശേഷി. 1000 കെ വിയായി ഉയർത്തുന്നതിനുള്ള അപേക്ഷ അംഗീകരിച്ചിട്ടുണ്ടെങ്കിലും അതിന്റെ പണി ഇതുവരെ ആരംഭിച്ചിട്ടില്ല.2018ൽ ഹാഫ് മാരത്തണിൽ പങ്കെടുത്ത കായികതാരങ്ങൾ സ്റ്റേഡിയത്തിൽ വൈദ്യുതി ഇല്ലെന്നറിഞ്ഞ് ബഹളമുണ്ടാക്കിയിരുന്നു. 2009 മുതൽ വൈദ്യുതി ബിൽ അടച്ചിട്ടില്ലെന്നും നിലവില്‍ 3.16 കോടി രൂപ കുടിശ്ശിക ഇനത്തില്‍ അടയ്ക്കാനുണ്ടെന്നും സ്രോതസ്സുകള്‍ വ്യക്തമാക്കുന്നു.
സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിനുശേഷം, അതിന്റെ അറ്റകുറ്റപ്പണികൾ പൊതുമരാമത്ത് വകുപ്പിന് (പിഡബ്ല്യുഡി) കൈമാറിയിരുന്നു. ബാക്കി ചെലവ് കായിക വകുപ്പാണ് വഹിക്കേണ്ടത്. എന്നാല്‍ വൈദ്യുതി ബില്ലിന്റെ പേരിൽ ഇരു വകുപ്പുകളും പരസ്പരം പഴിചാരുകയാണെന്നാണ് വിവരം. കുടിശ്ശിക തീർക്കുന്നതിനായി വൈദ്യുതി കമ്പനി പിഡബ്ല്യുഡിക്കും കായിക വകുപ്പിനും നിരവധി തവണ നോട്ടീസ് അയച്ചെങ്കിലും ഇതുവരെ പണം നൽകിയിട്ടില്ലെന്നും അധികൃതര്‍ പറയുന്നു.
2018ൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് ശേഷം മൂന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളാണ് സ്റ്റേഡിയത്തിൽ നടന്നിട്ടുള്ളത്. വൈദ്യുതി ഇല്ലാത്തതിനാല്‍ നിരന്തരം പ്രശ്നങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് ഛത്തീസ്ഗഡ് സ്റ്റേറ്റ് ക്രിക്കറ്റ് സംഘ് മീഡിയ കോ-ഓർഡിനേറ്റർ തരുണേഷ് സിംഗ് പരിഹാർ പറഞ്ഞു. മത്സരങ്ങൾക്ക് ബദൽ ക്രമീകരണമായി ജനറേറ്ററുകൾ ഉപയോഗിക്കുകയാണെന്ന് പതിവെന്നും അദ്ദേഹം പറഞ്ഞു.
English Summary: Fourteen years of unpaid bills! The stadium is in darkness just hours before the India-Australia T20
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.