26 July 2024, Friday
KSFE Galaxy Chits Banner 2

പ്രമേഹബാധിതർക്ക് ഇൻസുലിൻ സൗജന്യം; ജനപ്രീതി നേടി ‘വയോമധുരം’ പദ്ധതി

Janayugom Webdesk
തിരുവനന്തപുരം
June 25, 2023 11:13 pm

കണിയാപുരം സ്വദേശി 66 വയസുള്ള പാത്തുമ്മ ബീവിയും 70 പിന്നിട്ട ഹസൻകുഞ്ഞും പ്രമേഹബാധിതരാണ്. പക്ഷേ പ്രമേഹ രോഗത്തിന്റെ അവശതകളോ ആശങ്കകളോ തെല്ലും അലട്ടാതെ ജീവിതസായാഹ്നം സ­ന്തോഷപൂർവം ആസ്വദിക്കുകയാണവർ. പ്രമേഹ നിയന്ത്രണത്തിനുള്ള ഇൻസുലിൻ സൗജന്യമായി ലഭിക്കുമ്പോൾ രോഗത്തെക്കുറിച്ചുള്ള ആശങ്കകൾ പമ്പകടക്കുമെന്നാണ് ഇവരുടെ പക്ഷം. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന വയോമധുരം പദ്ധതിയിലൂടെ ഇവർക്ക് ഇൻസുലിൻ സൗജന്യമായി ലഭിക്കും. അതിനാൽതന്നെ പ്രമേഹരോഗികളായ വയോജനങ്ങൾക്ക് ആശ്വാസത്തിന്റെ തണലേകുകയാണ് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്.

ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ മു­തി­ർന്ന പൗരന്മാർക്ക് ഇൻസുലിൻ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയാണ് വയോമധുരം. 24 ലക്ഷം രൂപയാണ് പദ്ധതിക്കായി വിനിയോഗിക്കുന്നത്. ബ്ലോക്ക് പ­ഞ്ചാ­­യത്തിലെ സർക്കാർ ആ­ശുപത്രികൾ വഴിയാണ് ഇൻസുലിൻ നൽകുന്നത്. ആറ് സർക്കാർ ആശുപത്രികളിലായി 1,500 പേരാണ് പദ്ധതിയുടെ നിലവിലെ ഗുണഭോക്താക്കൾ.

പ്രമേഹബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ്, ശരിയായ നിയന്ത്രണമില്ലാത്തതിനെ തുടർന്നുണ്ടാകുന്ന മാരകരോഗങ്ങൾ, സർക്കാർ സംവിധാനത്തിലൂടെ ഇൻസുലിൻ ലഭ്യമാക്കുന്നതിനുണ്ടാകുന്ന പരിമിതി എന്നിവയാണ് വയോമധുരം പദ്ധതി ആരംഭിക്കാനുള്ള പ്രധാന കാരണങ്ങളെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ആർ ഹരിപ്രസാദ് പറഞ്ഞു. ജീവിതശൈലി രോഗങ്ങൾക്ക് മരുന്ന് നൽകുന്ന എൻസിഡി സംവിധാനത്തിൽ നിന്ന് മുതിർന്ന പൗരന്മാരെ വയോമധുരം പദ്ധതിയിലേക്ക് മാറ്റിയതിലൂടെ ആവശ്യക്കാർക്ക് മുടക്കമില്ലാതെ ഇൻസുലിൻ ലഭിക്കുന്നുവെന്നതാണ് പദ്ധതിയുടെ വിജയം. സ്വകാര്യ ഫാർമസികളിൽ നിന്നും ഉയർന്ന വിലയ്ക്ക് വാങ്ങേണ്ടി വരുന്ന ഇൻസുലിൻ സൗജന്യമായി കൈകളിലെത്തുന്നത് വയോജനങ്ങൾക്കിടയിൽ പദ്ധതിയുടെ സ്വീകാര്യത വർധിപ്പിച്ചിരിക്കുകയാണ്.

Eng­lish Sum­ma­ry: Free insulin for dia­bet­ics; ‘Vay­omad­hu­ram’ scheme gained popularity

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.