December 7, 2022 Wednesday

Related news

December 7, 2022
December 5, 2022
December 4, 2022
December 4, 2022
December 2, 2022
December 1, 2022
November 30, 2022
November 30, 2022
November 29, 2022
November 27, 2022

സൗജന്യ വാഗ്ദാനങ്ങള്‍: തടയിടാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 5, 2022 11:07 pm

തെരഞ്ഞെടുപ്പിലെ സൗജന്യ വാഗ്ദാനങ്ങളുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനൊരുങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍.
തെരഞ്ഞെടുപ്പില്‍ നല്‍കുന്ന വാഗ്‍ദാനങ്ങള്‍ എങ്ങനെ പാലിക്കുമെന്നത് സംബന്ധിച്ച് കൃത്യമായ വിവരം കമ്മിഷനെ അറിയിക്കണമെന്നാണ് പുതിയ നിര്‍ദ്ദേശം. നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ക്ക് മാറ്റിവച്ചിരിക്കുന്ന തുകയെത്ര, സാമ്പത്തിക ഉറവിടം തുടങ്ങിയ വിവരങ്ങളെല്ലാം കമ്മിഷനെ ബോധിപ്പിക്കണം. ഇക്കാര്യം സംബന്ധിച്ച് ഈ മാസം 19 നകം കമ്മിഷനെ വിവരമറിയിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
സൗജന്യ വാഗ്‍ദാനങ്ങള്‍ തടയാനാകില്ലെങ്കിലും അവ എങ്ങനെ കണ്ടെത്തുമെന്ന് വിശദീകരിക്കണമെന്നും അതറിയാനുള്ള അവകാശം വോട്ടര്‍മാര്‍ക്കുണ്ടെന്നും കമ്മിഷന്‍ വ്യക്തമാക്കി. വാ​ഗ്ദാനങ്ങളുടെ പ്രയോജനം ലഭിക്കുന്ന ഉപഭോക്താക്കള്‍, പദ്ധതിയുടെ ഫലമായി ഉണ്ടാവുന്ന സാമ്പത്തിക ബാധ്യതകള്‍, സാമ്പത്തികസ്രോതസുകളുടെ വിവരങ്ങൾ, സമ്പത്ത് സമാഹരിക്കാനുള്ള വഴികളും മാർഗങ്ങളും ഉള്‍പ്പെടെയുള്ള വിശദാംശങ്ങൾ പാർട്ടികൾ കൃത്യമാ‌യി നൽകണം. നിശ്ചിത സമയത്തിനുള്ളില്‍ പ്രതികരണമൊന്നും ഉണ്ടായില്ലെങ്കിൽ ഈ വിഷയത്തിൽ പാർട്ടിക്ക് പ്രത്യേകമായി ഒന്നും പറയാനില്ലെന്ന് വിലയിരുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ കത്തിൽ പറയുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലെ ചീഫ് സെക്രട്ടറിമാരും കേന്ദ്ര ധനകാര്യ സെക്രട്ടറിയും നികുതിയുടെയും ചെലവിന്റെയും കണക്കുകള്‍ കൃത്യമായി സമര്‍പ്പിക്കണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സൗജന്യ വാഗ്ദാനങ്ങളെ സംബന്ധിച്ചുള്ള കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് കമ്മിഷന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍. ക്ഷേമ പദ്ധതികളെക്കുറിച്ചോ സൗജന്യങ്ങളെക്കുറിച്ചോ രാഷ്ട്രീയ പാർട്ടികൾ നൽകുന്ന വാഗ്ദാനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള സാധ്യമായ വഴികൾ പരിശോധിക്കാൻ ഒരു വിദഗ്ധ സമിതി രൂപീകരിക്കാമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.

ധനസ്ഥിതിയെ ബാധിക്കും: എസ്ബിഐ റിസര്‍ച്ച്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ വാഗ്ദാനങ്ങളുടെ ചെലവ് സംസ്ഥാനങ്ങളുടെ ധനസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് എസ്ബിഐ റിസര്‍ച്ച്.
നിലവില്‍ തെരഞ്ഞെടുപ്പുമായി അനുബന്ധിച്ച് പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികള്‍ വിവിധ സംസ്ഥാനങ്ങളുടെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 0.1 മുതല്‍ 2.7 ശതമാനം വരെയും സ്വന്തം നികുതി വരുമാനത്തിന്റെ അഞ്ച് മുതല്‍ പത്ത് ശതമാനം വരെയും ആണെന്ന് മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് പറയുന്നു. ഝാർഖണ്ഡ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ വാർഷിക പെൻഷൻ ബാധ്യതകൾ യഥാക്രമം 217, 190, 207 ശതമാനം എന്നിങ്ങനെയാണ്. സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തേക്കാള്‍ കൂടുതലാണിത്. സംസ്ഥാനങ്ങളുടെ ബജറ്റ് രഹിത വായ്പകൾ, 2022‑ൽ മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ ഏകദേശം 4.5 ശതമാനം എത്തിയതായി റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
ഒരു സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെയോ നികുതി പിരിവിന്റെയോ ഒരു ശതമാനം എന്ന നിലയിൽ സാമൂഹ്യക്ഷേമ പദ്ധതികൾക്കായുള്ള ചെലവുകളുടെ പരിധി നിശ്ചയിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

Eng­lish Sum­ma­ry: Free promis­es: Elec­tion Com­mis­sion to prevent

you may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.