19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024
December 3, 2024
December 3, 2024

പ്രശാന്ത്കിഷോറിന്‍റെ കോണ്‍ഗ്രസ് പ്രവേശനം എതിര്‍ത്ത് ജി23 നേതാക്കള്‍

പുളിക്കല്‍ സനില്‍രാഘവന്‍
April 25, 2022 2:52 pm

പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലെത്താനുള്ള സാധ്യത ശക്തമായിരിക്കവെ എതിര്‍പ്പും വര്‍ധിക്കുന്നു. കോണ്‍ഗ്രസിലെ വിമത ഗ്രൂപ്പായ ഗ്രൂപ്പ് 23 നേതാക്കളും പ്രശാന്തിന്റെ വരവിനെ തുറന്ന് എതിര്‍ക്കുന്നുണ്ട്. പ്രശാന്ത് ഉന്നയിച്ച കാര്യങ്ങള്‍ക്കൊന്നും പുതുമയില്ലെന്ന നിലപാടിലാണ് ജി23. അതേസമയം കോണ്‍ഗ്രസിലെ സാധാരണക്കാര്‍ പ്രശാന്തിന്റെ വരവിനെ സ്വാഗതം ചെയ്യുന്നുണ്ട്.

എന്നാല്‍ പെട്ടെന്നുള്ള പ്രശാന്തിന്റെ കോണ്‍ഗ്രസ് സ്‌നേഹത്തില്‍ സംശയം പ്രകടിപ്പിക്കുന്നതുമുണ്ട്. പ്രശാന്ത് തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് വലിയ രീതിയില്‍ പാര്‍ട്ടിയുടെ വോട്ട് ചോര്‍ത്തിയതും ചര്‍ച്ചയായിട്ടുണ്ട്. പ്രശാന്ത് കിഷോര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിനോട് സോണിയ അടക്കമുള്ള നേതാക്കള്‍ക്ക് എതിര്‍പ്പില്ല. പ്രശാന്ത് കോണ്‍ഗ്രസില്‍ ചേരുന്നതിനോടും എതിര്‍പ്പില്ല. പക്ഷേ എപ്പോഴാണ് ഇതൊക്കെ നടപ്പാക്കുക എന്ന കാര്യത്തില്‍ വ്യക്തത കുറവുണ്ട്. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ അറിയാമെന്നാണ് സൂചന. അതേസമയം പ്രശാന്ത് കോണ്‍ഗ്രസിലെത്തുന്ന കാര്യം ഏറെ കുറെ ഉറപ്പാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.

കണ്‍സള്‍ട്ടന്റിന്റെ റോള്‍ മാത്രമായിരിക്കുമോ പ്രശാന്തിനെന്ന കാര്യം പക്ഷേ ഉറപ്പിച്ചിട്ടില്ല. അക്കാര്യത്തില്‍ സോണിയാ ഗാന്ധിയുടെ തീരുമാനമായിരിക്കും അന്തിമ. നിലവില്‍ പ്രശാന്തിന് തിരഞ്ഞെടുപ്പ് കരാര്‍ മറ്റ് പാര്‍ട്ടികളുമായിട്ടില്ല. പ്രശാന്തിന്റെ ഐപാക്കിന് പക്ഷേ തെലങ്കാനയില്‍ കെ ചന്ദ്രശേഖര റാവുവിന്റെ തിരഞ്ഞെടുപ്പ് ക്യാമ്പയിനെ നയിക്കേണ്ടതുണ്ട്. പ്രശാന്ത് കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ അവരെ ഉപദേശിക്കാന്‍ സാധിക്കില്ല. ചിലപ്പോള്‍ പാര്‍ട്ടിയില്‍ ചേരുന്നത് വൈകാനും സാധ്യതയുണ്ട്. തെലങ്കാന തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമാകും പ്രശാന്ത് കോണ്‍ഗ്രസില്‍ ചേരുക. അതല്ലെങ്കില്‍ ഐപാക്കുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കേണ്ടി വരും.

കോണ്‍ഗ്രസ് നേതൃത്വത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. പ്രശാന്തിന് കാര്യങ്ങള്‍ നടപ്പാക്കണമെങ്കില്‍ ഐപാക്കിന്റെ സേവനങ്ങളും ആവശ്യമാണ്. മണ്ഡലങ്ങളിലെ ഡാറ്റ അടക്കം ഇവരാണ് പരിശോധിക്കുന്നത്. പ്രശാന്തിന്റെ വിജയ ശരാശരി വളരെ ഉയര്‍ന്നതാണ്. എന്നാല്‍ യുപിയില്‍ അത് പരാജയപ്പെട്ടു എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. പക്ഷേ യഥാര്‍ത്ഥത്തില്‍ ഇതില്‍ കോണ്‍ഗ്രസിന് വലിയ പങ്കുണ്ട്. പ്രശാന്ത് നിര്‍ദേശിച്ച മാറ്റങ്ങളൊന്നും അന്ന് കോണ്‍ഗ്രസ് വരുത്തിയില്ല. പ്രചാരണം പോലും പ്രശാന്ത് പറഞ്ഞതില്‍ നിന്ന് വിപരീതമായിട്ടാണ് നടന്നത്. രാഹുലും പ്രിയങ്കയും സോണിയയും അവര്‍ക്ക് ഇഷ്ടമുള്ളത് പോലെയാണ് പ്രചാരണം നടത്തിയത്. ഇതെല്ലാം കോണ്‍ഗ്രസിന്റെ വന്‍ തോല്‍വിക്ക് കാരണമായിട്ടുണ്ട്.

എന്നാല്‍ തോല്‍വിയുടെ നാണക്കേട് പ്രശാന്തില്‍ കെട്ടിവെക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. കോണ്‍ഗ്രസിലെ ജി23യ്ക്കാണ് ഇപ്പോള്‍ പ്രശ്‌നമുള്ളത്. പ്രശാന്തിന്റെ വരവിനെ ഇവര്‍ എതിര്‍ക്കുന്നു. പാര്‍ട്ടിയിലെ സ്വന്തം പ്രവര്‍ത്തകരെ കോണ്‍ഗ്രസ് നേതൃത്വം അവഗണിക്കുകയാണെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു. പകരം കോണ്‍ഗ്രസിനോട് കൂറില്ലാത്ത ഒരാളെ കൊണ്ടുവന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് ഇവര്‍ ആരോപിക്കുന്നു.

പ്രശാന്ത് കിഷോര്‍ ഉന്നയിച്ച ഒരു കാര്യത്തിലും പുതുമ ഇല്ലെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. സോണിയാ ഗാന്ധിക്ക് തങ്ങള്‍ അയച്ച കത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ കൂടുതലായൊന്നും പ്രശാന്ത് പറഞ്ഞിട്ടില്ലെന്ന് ഇവര്‍ തുറന്നടിച്ചു. കോണ്‍ഗ്രസിന്റെ ഘടന തന്നെ മാറ്റി പുതിയ രീതിയിലേക്ക് മാറാവുന്ന സാഹചര്യമാണ് പ്രശാന്തിന്റെ നിര്‍ദേശം നടപ്പാക്കിയാല്‍ ഉണ്ടാവുക.

അടിത്തട്ടിലെ പൊളിച്ചെഴുത്ത് അടക്കമുണ്ട്. നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാത്ത ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷനാവണമെന്നും പ്രശാന്ത് നിര്‍ദേശിച്ചിട്ടുണ്ട്. ഓരോ മേഖലയിലും നടപ്പാക്കുന്ന കാര്യങ്ങളെ കുറിച്ച് വിശദമായിട്ടാണ് പ്രശാന്ത് നേതാക്കളെ അറിയിച്ചത്. കോണ്‍ഗ്രസ് 375 സീറ്റില്‍ മത്സരിക്കാന്‍ തയ്യാറാവണമെന്നും, പാര്‍ട്ടി ദുര്‍ബലമായ ഇടങ്ങളില്‍ സഖ്യത്തിന് മുന്‍തൂക്കം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Eng­lish Summary:G23 lead­ers oppose Prashant Kishore’s entry into Congress

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.