പ്രതിശീർഷ വരുമാനം അടിസ്ഥാനമാക്കി ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഏറെ പിന്നില്‍, ലക്സംബർഗ് ഒന്നാം സ്ഥാനത്തെത്തിയ പട്ടികയിൽ ഇന്ത്യക്ക് 138-ാം സ്ഥാനമാണ് ലഭിച്ചത്. അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്) ആണ് കണക്കുകള്‍ പുറത്തുവിട്ടത്. മൊത്ത ആഭ്യന്തര ഉല്പാദനം (ജിഡിപി) പ്രകാരം വലിയ സമ്പദ്‌വ്യവസ്ഥകളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയിലെ സാമ്പത്തിക അസമത്വമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. പ്രതിശീർഷ ജിഡിപിയാണ് ഒരു രാജ്യത്ത് ഒരാൾക്ക് ലഭിക്കുന്ന ശരാശരി വരുമാനത്തെ പ്രതിഫലിപ്പിക്കുക, ലക്സംബർഗില്‍ 1,31,380 ഡോളറാണ് ഒരു വ്യക്തിയുടെ പ്രതിശീർഷ ജിഡിപി. ഇത് ഇന്ത്യന്‍ രൂപയില്‍ 1.10 കോടി വരും. അതേസമയം ഇന്ത്യയില്‍ 2730 ഡോളറാണ് (ഏകദേശം 2,25,000 രൂപ) പ്രതിശീര്‍ഷ ജിഡിപിയെന്ന് ഐഎംഎഫ് പറയുന്നു. അയർലൻഡും സ്വിറ്റ്സർലൻഡും പ്രതിശീര്‍ഷ ജിഡിപി ഒരു ലക്ഷം ഡോളറിന് മുകളിലുള്ള രാജ്യങ്ങളാണ്. നോർവേ, സിംഗപ്പൂർ, യുഎസ്, ഐസ്‌ലാന്‍ഡ്, ഖത്തർ, മക്കാവു, ഡെന്മാർക്ക് എന്നീ രാജ്യങ്ങളും വരുമാനത്തില്‍ മുന്‍പന്തിയിലുള്ള പത്ത് രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നു.
മൊത്തം ആഭ്യന്തര ഉല്പാദനം കണക്കിലെടുത്താല്‍ 28.78 ലക്ഷോ കോടി ഡോളറിന്റെ സമ്പദ്‌വ്യവസ്ഥയുള്ള അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 18.53 ലക്ഷം കോടി ഡോളര്‍ സമ്പദ്ഘടനയുള്ള ചൈന രണ്ടാം സ്ഥാനത്തുണ്ട്. ജർമ്മനി(4.59), ജപ്പാന്‍(4.11 ) എന്നീ രാജ്യങ്ങള്‍ ഈ പട്ടികയിൽ ഇന്ത്യയ്ക്ക് മുന്നിലുണ്ട്. 3.94 ലക്ഷം കോടി ഡോളറാണ് ഇന്ത്യന്‍ സമ്പദ്ഘടനയുടെ മൂല്യം. യുകെ, ഫ്രാൻസ്, ഇറ്റലി, ബ്രസീൽ, കാനഡ എന്നിവയാണ് ആറുമുതല്‍ പത്തുവരെ സ്ഥാനങ്ങളില്‍.
ഇന്ത്യയില്‍ സമീപകാലത്ത് വിവിധ സംസ്ഥാനങ്ങള്‍ തമ്മില്‍ സാമ്പത്തിക അസമത്വത്തിന്റെ വിടവ് വര്‍ധിച്ചിട്ടുണ്ട്. പ്രതിശീർഷ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഉയർന്ന, ഇടത്തരം, താഴ്ന്ന വരുമാനമുള്ളത് എന്നിങ്ങനെ മൂന്നായി രാജ്യത്തെ സംസ്ഥാനങ്ങള്‍ മാറിയിട്ടുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം പ്രതിശീർഷ വരുമാനം നാല് ലക്ഷം രൂപയ്ക്കു മുകളിലുള്ളത് രണ്ട് ചെറിയ സംസ്ഥാനങ്ങൾ മാത്രമാണ്. ഗോവയും സിക്കിമും. മൂന്നുലക്ഷം രൂപയ്ക്ക് മുകളിൽ പ്രതിശീര്‍ഷ വരുമാനമുള്ള രണ്ട് സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളാണ് ഡൽഹി, ചണ്ഡീഗഢ് എന്നിവ.
കേരളം, തെലങ്കാന, തമിഴ്‌നാട്, കർണാടക, ഗുജറാത്ത് തുടങ്ങിയ മറ്റ് ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് പ്രതിശീർഷ വരുമാനം രണ്ടുലക്ഷം രൂപയിൽ കൂടുതലുണ്ട്. മഹാരാഷ്ട്ര നേരത്തെ രണ്ട് ലക്ഷത്തിന് മുകളിലായിരുന്നുവെങ്കിൽ സമീപകാലത്ത് താഴേക്കിറങ്ങേണ്ടിവന്നു. പഞ്ചാബും പശ്ചിമ ബംഗാളും ഉൾപ്പെടെ മറ്റ് പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ പ്രതിശീർഷ വരുമാനം ഒരുലക്ഷം മുതൽ രണ്ടുലക്ഷം രൂപ വരെയാണ്, അതേസമയം ഏഴ് സംസ്ഥാനങ്ങളില്‍ ആളോഹരി വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയാണെന്ന് ആര്‍ബിഐയുടെ കണക്കുകള്‍ പറയുന്നു.
English Summary: GDP per capita India is at the bottom
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.