18 December 2024, Wednesday
KSFE Galaxy Chits Banner 2

ഗീതാ മുഖർജിയുടെ ജന്മശതാബ്ദി

കാനം രാജേന്ദ്രൻ
January 10, 2023 4:15 am

ന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ആദ്യ പഥികരിലൊരാളായിരുന്ന ഗീതാ മുഖർജിയുടെ ജന്മശതാബ്ദി ആഘോഷിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചിരിക്കുന്നു. 2023 ജനുവരി എട്ടു മുതൽ ഒരു വർഷക്കാലം നീണ്ടുനില്ക്കുന്ന വൈവിധ്യമാർന്ന പരിപാടികളോടെയാണ് ജന്മശതാബ്ദി ആഘോഷിക്കുന്നത്. ഗീതാ ദീദി എന്ന് പരക്കെ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരിലും മറ്റ് ജനവിഭാഗങ്ങളുടെയിടയിലും അറിയപ്പെട്ടിരുന്ന അന്തരിച്ച സിപിഐയുടെ സമുന്നത നേതാവ് ഗീതാ മുഖർജിയുടെ ജന്മദിനം 1924 ജനുവരി എട്ടിനാണ്. പശ്ചിമബംഗാളിലെ കൽക്കത്തയിൽ ജനിച്ച ഗീതാ മുഖർജി ദേശീയ പ്രസ്ഥാനത്തിൽ ആകൃഷ്ടയാവുകയും നന്നേ ചെറുപ്പത്തിൽ തന്നെ അതിൽ പങ്കാളിയാവുകയും ചെയ്തു. തന്റെ പതിനാറാമത്തെ വയസിൽ എഐഎസ്എഫിൽ അംഗത്വമെടുത്ത്, സജീവ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു. കൽക്കത്തയിലെ പ്രസിദ്ധമായ അഷുതോഷ് കോളജിലായിരുന്നു കോളജ് വിദ്യാഭ്യാസം. വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ജ്വാലകൾ മനസിലേക്ക് ഏറ്റുവാങ്ങിയ ഗീതാ മുഖർജി ചുരുങ്ങിയ കാലത്തിനുള്ളിൽ ബംഗാൾ സംസ്ഥാനം മുഴുവൻ അറിയപ്പെടുന്ന വിദ്യാർത്ഥികളുടെ തീപ്പൊരി നേതാവാകുകയായിരുന്നു. 1942 ൽ അവർ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ബംഗാളിലെ വിപ്ലവേതിഹാസമായിരുന്ന ബിശ്വനാഥ് മുഖർജിയുടെ ജീവിത പങ്കാളിയായി. 1947 മുതൽ 1951 വരെ ബംഗാൾ പ്രൊവിൻഷ്യൽ സ്റ്റുഡന്റ് ഫെഡറേഷന്റെ സെക്രട്ടറിയായി പ്രവർത്തിച്ചു. വിദ്യാർത്ഥിനിയായിരിക്കുമ്പോൾ തന്നെ സിപിഐ അംഗമായി. ഗീതാ മുഖർജി, 1946 ൽ പാർട്ടി സ്റ്റേറ്റ് കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഹിരൺ മുഖർജി, സോമനാഥ് ലാഹിരി, ഭൂപേഷ് ഗുപ്ത, ഇന്ദ്രജിത് ഗുപ്ത, ജ്യോതിബാസു തുടങ്ങിയ അതിപ്രഗത്ഭരുടെ ഒരു വൻ നിരയായിരുന്നു ബംഗാളിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ.


ഇതുകൂടി വായിക്കൂ: ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും ദേശീയ പ്രസ്ഥാനവും


അവരോടൊപ്പം സംസ്ഥാന കൗൺസിലിൽ ഇരുപത്തി രണ്ട് വയസു മാത്രം പ്രായമുണ്ടായിരുന്ന ഗീതാ മുഖർജി അംഗമായത് അവരുടെ സംഘടനാ പാടവവും പ്രവർത്തന മികവും കൊണ്ടാണ്. വളരെ പെട്ടെന്ന് തന്നെ ബംഗാൾ രാഷ്ട്രീയത്തിന്റെ മുൻനിരയിൽ അവർ സ്ഥാനം കണ്ടെത്തി. ബംഗാളിൽ ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനം തിളച്ചുമറിയുന്ന കാലഘട്ടമായിരുന്നു അത്. 1945–46 കാലഘട്ടത്തിൽ കൽക്കത്തയിൽ ഐഎൻഎ തടവുകാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വമ്പിച്ച ജനകീയ പ്രക്ഷോഭത്തിന് എഐടിയുസി, എഐഎസ്എഫ്, പ്രോഗ്രസ്സീവ് റൈറ്റേഴ്സ് ഫോറം തുടങ്ങി വർഗ — ബഹുജന സംഘടനകളും കമ്മ്യൂണിസ്റ്റ് പാർട്ടിയും നേതൃത്വം കൊടുത്തു. ഈ പ്രക്ഷോഭത്തിന്റെ മുൻനിരയിലായിരുന്ന ഗീത മുഖർജിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 1946 ലെ നാവിക കലാപത്തിൽ പങ്കെടുത്തവരെ വെടിവച്ച് കൊലപ്പെടുത്തിയതുൾപ്പെടെയുള്ള ക്രൂരമായ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അടിച്ചമർത്തലിനെതിരെ അവർ മുൻനിരയിൽ നിന്ന് പ്രതിഷേധ സമരം നയിച്ചു. ഇത്തരത്തിൽ സ്വാതന്ത്ര്യ പ്രക്ഷോഭത്തിൽ ഒട്ടേറെ തവണ അറസ്റ്റ് ചെയ്യുകയും ജയിൽവാസം അനുഷ്ഠിക്കുകയും ചെയ്തു. 1946 ജൂലൈയിൽ പോസ്റ്റ് ആന്റ് ടെലിഗ്രാഫ് ജീവനക്കാരുടെ പണിമുടക്കിന് നേതൃത്വം നല്കി. സ്വാതന്ത്ര്യാനന്തരം മേദിനിപൂരിലെ കർഷക പ്രസ്ഥാനത്തിന്റെ ഒരു പ്രധാന സംഘാടകയായി മാറി.


ഇതുകൂടി വായിക്കൂ: നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി: കേവലം നാടകമല്ല കലാപ്രസ്ഥാനം തന്നെ


മികച്ച പാർലമെന്റേറിയനായി അറിയപ്പെട്ടിരുന്ന ഗീതാ മുഖർജി ആദ്യമായി 1967 ൽ പശ്ചിമ ബംഗാൾ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 1977 വരെ ബംഗാൾ നിയമസഭാംഗമായി പ്രശോഭിച്ചു. ആദ്യമായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് 1980 ൽ പാൻസ്‌കുര മണ്ഡലത്തിൽ നിന്നാണ്. 1980 മുതൽ മരണം വരെയും പാൻസ്‌കുര ലോക്‌സഭ മണ്ഡലത്തിൽ നിന്നും വമ്പിച്ച ഭൂരിപക്ഷത്തോടെ ജനങ്ങൾ ഗീതാ മുഖർജിയെ പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ വിജയിപ്പിച്ചു. പാർലമെന്റേറിയൻ എന്ന നിലയിൽ മികച്ച പ്രകടനമാണ് ഗീതാ മുഖർജി കാഴ്ചവച്ചത്. സ്ത്രീകളുടെ വിമോചനത്തിന്റെ കൃത്യമായ രാഷ്ട്രീയം മനസിലാക്കിയ ഗീതാ മുഖർജി സ്ത്രീ തുല്യതയും ശാക്തീകരണവും സാധ്യമാകണമെങ്കിൽ അധികാരത്തിൽ വനിതകളുടെ പങ്കാളിത്തം മതിയായ രീതിയിൽ ഉണ്ടാകണമെന്ന് ശക്തിയായി വാദിച്ചു. അങ്ങിനെയാണ് വനിതാ ബിൽ പിറവി കൊള്ളുന്നത്. 1996 ലെ ആദ്യ വനിതാ സംവരണ ബില്ലിന്റെ മുഖ്യ ശില്പിയായിരുന്നു ഗീതാ ദീദി. കഴിയുന്നത്ര എല്ലാ വേദികളിലും പാർലമെന്റിലും നിയമസഭകളിലും മൂന്നിൽ രണ്ട് സീറ്റുകൾ വനിതകൾക്ക് സംവരണം ചെയ്യണമെന്ന ആവശ്യം നിരന്തരം ഉന്നയിച്ചുകൊണ്ടിരുന്നു. ഒരിക്കൽ പാർലമെന്റിൽ അവർ ഈ കാര്യം ആവശ്യപ്പെടുമ്പോൾ വികാരനിർഭരയായി പൊട്ടിക്കരയുകപോലും ചെയ്തു. പാർലമെന്റിൽ ഒരേസമയം തന്നെ വിവിധ പാർലമെന്ററി കമ്മിറ്റികളിലും കമ്മിഷനുകളിലും ഗീതാ മുഖർജി അംഗമായിരിക്കെ നടത്തിയ സേവനങ്ങൾ, പ്രവർത്തനങ്ങൾ ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ ശ്രദ്ധേയമായി അടയാളപ്പെടുത്തിയിട്ടുണ്ട്. സഖാവിന്റെ പാർലമെന്റ് പ്രസംഗങ്ങൾ പാർലമെന്റിനെ പിടിച്ചുലയ്ക്കുന്നതായിരുന്നു. ഗീതാ മുഖർജി അന്തരിക്കുന്നതിന്റെ തലേ ദിവസം ചേർന്ന പാർലമെന്റ് യോഗത്തിൽ ബിഹാറിലെ സംഭവ വികാസങ്ങളെ ക്കുറിച്ച് ചർച്ച ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ പ്രസംഗം, സഖാവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ള സന്ദേശങ്ങളിൽ കക്ഷി നേതാക്കളും സ്പീക്കറും സ്മരിക്കുകയുണ്ടായി. എൻഎഫ്ഐഡബ്ല്യുവിന്റെ ദേശീയ വൈസ് പ്രസിഡന്റ്, സാർവദേശീയ വിമൻസ് ഫെഡറേഷൻ സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളിൽ വനിതകളുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി.


ഇതുകൂടി വായിക്കൂ: നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നാടകത്തിന് ഇന്ന് 70 വയസ്‌


ഈ ലേഖകന് ഗുരുദാസ് ദാസ്ഗുപ്തയുമൊത്തു ഗീതാ ദീദിയുടെ ഗൃഹം സന്ദർശിക്കാൻ ഒരവസരം ലഭിച്ചിട്ടുണ്ട്. ഗൂർഖകൾ തിങ്ങി നിറഞ്ഞ് താമസിക്കുന്ന ഒരു കോളനിയിലായിരുന്നു ബിശ്വനാഥ് മുഖർജിയും ഗീതാ മുഖർജിയും മകൻ ഭഗവത് ജനയും താമസിച്ചിരുന്നത്. അത്രയേറെ ജനങ്ങൾക്കൊപ്പം, അവർക്കൊപ്പം ജീവിച്ച ജനകീയ നേതാക്കളായിരുന്നു മുഖർജി ദമ്പതിമാർ. ലാളിത്യം, പ്രത്യയശാസ്ത്രാടിത്തറ, സംഘാടനം, രാഷ്ട്രീയ ഇച്ഛാശക്തി, ത്യാഗസന്നദ്ധത എന്നിവയൊക്കെ ഗീതാ മുഖർജിയുടെ സവിശേഷ ഗുണങ്ങളായിരുന്നു. ഗീതാദീദി നല്ലൊരു പ്രഭാഷകയുമായിരുന്നു.പുസ്തകങ്ങളെ സ്നേഹിച്ചിരുന്ന ഗീതാ ദീദി സാഹിത്യത്തിലും അഭിരുചി പ്രകടിപ്പിച്ചു. ഭാരത് ഉപകഥ, ചോട്ടോദേർ രവീന്ദ്രനാഥ് (കുട്ടികളുടെ രവീന്ദ്രനാഥ്), ഹേ അതിത് കഥാ കാവോ (വിവർത്തനം: ബ്രൂണോ ആപ്റ്റിസിന്റെ ക്ലാസ്സിക്കായ Naked Among Wolves) എന്നീ ഗ്രന്ഥങ്ങളുടെ രചന നിർവഹിച്ചിട്ടുണ്ട്. 1980 മുതൽ അന്ത്യം വരെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായിരുന്നു. ഗീതാ മുഖർജിയുടെ ജീവിതേതിഹാസം തലമുറകൾക്ക് ഒരു പാഠപുസ്തകമാണ്. അവരുടെ സംഭാവനകൾ പുതിയ തലമുറയെ പ്രചോദിപ്പിക്കാനും പ്രവർത്തന പന്ഥാവിൽ വഴിവിളക്കാകാനും ഈ ജന്മശതാബ്ദിക്കു കഴിയട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.