18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 11, 2024
December 11, 2024
December 10, 2024
November 26, 2024
November 24, 2024
November 13, 2024
November 12, 2024
November 12, 2024
November 10, 2024

പൊതുതെരഞ്ഞെടുപ്പ് ഏകാധിപത്യത്തിലേക്കോ?

പ്രൊഫ. കെ അരവിന്ദാക്ഷൻ
April 17, 2024 4:45 am

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫാസിസത്തിലേക്കുള്ള രാജ്യത്തിന്റെ അതിവേഗ യാത്രയുടെ സൂചനയും, ഈ യാത്ര സുഗമമാക്കുന്നതിന് ക്രോണിസം നല്‍കുന്ന ഉദാരമായ സംഭാവനയുമാണോ എന്ന ആശങ്ക ശക്തമായി വരികയാണ്. ഇന്ത്യന്‍ ജനാധിപത്യം ഒരേസമയം പണാധിപത്യത്തിന്റെയും രാഷ്ട്രീയാധികാരശക്തിയുടെയും കരാളഹസ്തങ്ങളില്‍ അകപ്പെട്ടിരിക്കുകയാണെന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. തീര്‍ത്തും അപകടകരമായ നിലയിലുള്ള ഈ മാറ്റം പ്രാദേശിക പാര്‍ട്ടികളെ മാത്രമല്ല, ദേശീയ രാഷ്ട്രീയ പാര്‍ട്ടികളെയും തുടര്‍ച്ചയായ ഭിന്നിപ്പുകളിലേക്കും കൂറുമാറ്റ പ്രക്രിയകളിലേക്കും ആകര്‍ഷിക്കുന്നതായും കാണാന്‍ കഴിയുന്നു. ഇത്തരം ജനാധിപത്യ വിരുദ്ധവും അധാര്‍മ്മികവുമായ സംഭവവികാസങ്ങള്‍ക്ക് ആക്കം കൂട്ടുന്നവിധമാണ് ഡല്‍ഹി, ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലെത്തിയ ഭരണകൂടങ്ങളെ മോഡി സര്‍ക്കാര്‍ സ്വന്തം നിയന്ത്രണത്തിലുള്ള അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) കരുവാക്കി അട്ടിമറിക്കാനുള്ള ഗൂഢമോ പരസ്യമോ ആയ നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്.
ആസന്നമായ പൊതു തെരഞ്ഞെടുപ്പ് വെറും രാം മന്ദിര്‍ മുന്‍നിര്‍ത്തിയുള്ള ഒന്നല്ല, മറിച്ച് ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയും മറ്റു ‘തിരിമറി’ ഇടപാടുകളിലൂടെയും ശേഖരിക്കപ്പെട്ടിരിക്കുന്ന കള്ളപ്പണവും രാഷ്ട്രീയാധികാരവും കൈമുതലാക്കി കേന്ദ്ര ഭരണം കയ്യാളുന്ന ബിജെപി-സംഘ്‌പരിവാര്‍ ശക്തികളും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ‘ബക്കറ്റ് പിരിവി‘ന്’ ഇറങ്ങാന്‍ പോലും നിര്‍ബന്ധിതരാക്കപ്പെടുന്ന പ്രതിപക്ഷ ഇന്ത്യ സഖ്യവും വിരലിലെണ്ണാവുന്ന പ്രാദേശിക പാര്‍ട്ടികളും തമ്മിലുള്ള മത്സരമാണ് നടക്കുക. പ്രചരണത്തിനാവശ്യമായ പോസ്റ്ററുകളും ബാനറുകളും ഗതാഗത സംവിധാനങ്ങളും മറ്റും ഒരുക്കാന്‍ പോലും പ്രതിപക്ഷ പാര്‍ട്ടികള്‍ പെടാപ്പാടുപെടുകയാണിപ്പോള്‍. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമപത്രപ്രവര്‍ത്തക സബാ നഖ്‌വി ‘നിരപ്പായ കളിസ്ഥലം ഒരുക്കപ്പെടാത്തൊരു കളി സംഘവും കളിയു‘മായിട്ടാണ് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ വിശേഷിപ്പിക്കുന്നത്.


ഇതുകൂടി വായിക്കൂ: തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷ്പക്ഷമാകണം


കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടൊപ്പം തന്നെ, ഇലക്ടറല്‍ ബോണ്ട് വിവാദത്തില്‍ രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിര്‍ണായകവും ചരിത്രപ്രാധാന്യവുമുള്ള ഒരു വിധി പ്രസ്താവം ഈ വിഷയത്തില്‍ പുറപ്പെടുവിച്ചതിന്റെ പ്രാധാന്യം ഒട്ടും കുറച്ചുകാണേണ്ട കാര്യമില്ല. ‘അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്’ (എഡിആര്‍) എന്ന സന്നദ്ധ സംഘടന ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി ശ്ലാഘനീയമാണ്. എന്നാല്‍, ഇതുകൊണ്ടൊക്കെ നീതിയുക്തവും നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുമെന്ന് കരുതുന്നത് ശുദ്ധ അബദ്ധമായിരിക്കും. സ്വതന്ത്ര ഇന്ത്യയില്‍ ഇത്രയേറെ വ്യാപകവും ഗുരുതരവും രാജ്യതാല്പര്യവിരുദ്ധവും ജനാധിപത്യ വ്യവസ്ഥയുടെ അടിത്തറതന്നെ തകര്‍ക്കുന്നതുമായൊരു അഴിമതി ഇലക്ടറല്‍ ബോണ്ടുപോലെ മറ്റൊന്നില്ല. പ്രതിപക്ഷ കക്ഷികള്‍ക്കെതിരായി ഇഡിയെയും സിബിഐയെയും എന്‍ഐഎയെയും ദുരുപയോഗം ചെയ്ത് അഴിമതിയും കള്ളപ്പണ ദുര്‍വിനിയോഗവും കണ്ടെത്താന്‍ ശ്രമിച്ച മോഡി സര്‍ക്കാരിന് താങ്ങാനാവാന്‍ വയ്യാത്തൊരു വിപത്താണ് ബോണ്ട് വിവാദം വരുത്തിവച്ചത്. വിവിധ കോര്‍പറേറ്റുകളിലൂടെയും ഷെല്‍ കമ്പനികളിലൂടെയും രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നും ആയിരക്കണക്കിന് കോടിയുടെ കള്ളപ്പണമാണ് ബിജെപി കെെക്കലാക്കിയത്. കള്ളപ്പണ നിരോധന നിയമത്തിലൂടെ കണ്ടെത്താന്‍ കഴിയുമായിരുന്ന കോടികള്‍, കോര്‍പറേറ്റ് സ്ഥാപനങ്ങളെയും വ്യക്തികളെയും ഭീഷണിയുടെ മുന്‍മുനയില്‍ നിര്‍ത്തി ഇലക്ടറല്‍ ബോണ്ടുകള്‍ വഴി തങ്ങള്‍ക്ക് നല്‍കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇവിടെയാണ് ‘മണി പവറും പൊളിറ്റിക്കല്‍ പവറും’ ഒരുമിച്ച് ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് വ്യവസ്ഥയ്ക്ക് തുരങ്കം വയ്ക്കുന്നത്.
വഴിവിട്ട് സഹായിക്കുന്ന കോര്‍പറേറ്റുകള്‍ക്ക് വഴിവിട്ട കരാറുകളും കിട്ടിയിരിക്കും. ഇതെല്ലാം മുന്നില്‍ക്കണ്ടാണ് ദീര്‍ഘവീക്ഷണത്തോടെയുള്ള ധനസമാഹരണ പദ്ധതി എന്ന നിലയില്‍ ഇലക്ടറല്‍ ബോണ്ടിന് അന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി രൂപം നല്‍കിയത്. ഇതിനിടെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമനവും താല്പര്യ സംരക്ഷകരെ തിരുകിക്കയറ്റിയും സുപ്രീം കോടതി നിയോഗിച്ച കമ്മിഷന്‍ നിര്‍ദേശങ്ങളെ അട്ടിമറിച്ചും മോഡി സര്‍ക്കാര്‍ അതിവിദഗ്ധമായ നിലയില്‍ സാധ്യമാക്കിയിരിക്കുന്നു. ഭാരത് എന്ന് സംഘ്പരിവാര്‍ വൃത്തങ്ങള്‍ വിശേഷിപ്പിക്കാന്‍ കിണഞ്ഞുപരിശ്രമിച്ചുവരുന്ന നമ്മുടെ രാജ്യം അതിവേഗം ഓടിയടുക്കുന്നത് കോര്‍പറേറ്റ് ധനസഹായത്തോടെയുള്ള ഹിന്ദു രാഷ്ട്രത്തിലേക്കും നരേന്ദ്ര മോഡി എന്ന ഒരു വ്യക്തിയെ അതിന്റെ പരമാചാര്യനായി പ്രതിഷ്ഠിക്കാനുമാണ്. ഈ നീക്കം ത്വരിതപ്പെടുത്തുന്നതിന് ശ്രീരാമനെയും ശ്രീകൃഷ്ണ – കുചേല ബന്ധങ്ങളെയും ദുരുപയോഗം ചെയ്യുന്നു എന്നുമാത്രമേയുള്ളു.


ഇതുകൂടി വായിക്കൂ:  തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും മുന്നണികളും


ഇടതു പാര്‍ട്ടികളൊഴികെ‍യുള്ള പാര്‍ട്ടികളെല്ലാം ഇലക്ടറല്‍ ബോണ്ട് പദ്ധതിയുടെ ഗുണഭോക്താക്കളില്‍ ഉള്‍പ്പെടുന്നുണ്ട്. വ്യത്യസ്ത മാര്‍ഗങ്ങളിലൂടെയും വ്യത്യസ്ത തോതുകളിലും ആണെന്നുമാത്രം. അതേസമയം ഇലക്ടറല്‍ ബോണ്ട് പദ്ധതിയുടെ ‘ബിഗ് ബ്രദര്‍’ സ്ഥാനം ഓര്‍വെലിന്റെ ശൈലി കടമെടുത്താല്‍ ബിജെപിക്ക് തന്നെയാണെന്നു ഉറപ്പാക്കാന്‍ കഴിയും. ഉന്നത പദവിയിലിരുന്നുകൊണ്ട് ദേശീയവും സാര്‍വദേശീയവുമായ മാനങ്ങളോടുകൂടിയ ഒരു ധനകാര്യ കുംഭകോണം നടത്താന്‍ സ്വന്തം അനുയായികളോടൊപ്പം നരേന്ദ്ര മോഡി നേതൃത്വം നല്‍കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. തന്റെ ആശ്രിതരായ അഡാനി — അംബാനി പ്രഭൃതികളെ ഈ ‘രക്ഷപ്പെടുത്തല്‍’ പ്രക്രിയയുടെ ഭാഗമാക്കിയിരിക്കുന്നു. ഇക്കൂട്ടരുടെ ദീര്‍ഘകാലമായി നിലനിന്നിരുന്ന അഴിമതി ഇടപാടുകള്‍ ‘മോഡി ആലിംഗനത്തോടെ’ വായുവില്‍ അലിഞ്ഞുപോവുകയായിരുന്നു. ഇവര്‍ക്കെതിരായി സജീവമായിരുന്ന അഴിമതി അന്വേഷണ ഫയലുകള്‍ എന്നത്തേക്കുമായി സീല്‍ ചെയ്തിരിക്കുന്നു.
നരേന്ദ്ര മോഡിയുടെ മുന്‍കാല ചരിത്രം സൗകര്യാര്‍ത്ഥം വിസ്മരിക്കുന്ന നേതാക്കളെപ്പറ്റിയും നമുക്കറിയാവുന്നതാണ്. അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സ്വന്തം മുന്‍കയ്യോടെ ആരംഭം കുറിച്ച ‘വൈബ്രന്റ് ഗുജറാത്ത്’ ഉന്നതതലത്തിന്റെ ഭാഗമായി നിരവധി കോര്‍പറേറ്റ് വമ്പന്മാരാണ് ആകര്‍ഷകമായ വികസന വാഗ്ദാനങ്ങളുമായി ‘ക്യൂ’ നിന്നത്. ഇന്ത്യന്‍ സാമ്പത്തിക വികസനത്തെപ്പറ്റി അതിമഹത്തായ ആശയങ്ങളുള്ള ഒരു ധിഷണാശാലിയായി അക്കാലത്തൊക്കെ മോഡി വിശേഷിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ന്യൂഡല്‍ഹിയിലേക്ക് കുടിയേറിയതോടെ ഗൗതം അഡാനി മാത്രം അദ്ദേഹത്തെ കൈവിടാതെ ന്യൂഡല്‍ഹി ഡര്‍ബാറിന്റെയും ഭാഗമായി തുടരുകയാണ്. ഗുജറാത്തിന്റെ വികസന സ്വപ്നങ്ങളാണെങ്കില്‍ പൂവണിഞ്ഞതുമില്ല.


ഇതുകൂടി വായിക്കൂ:  തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും മുന്നണികളും


ഒന്നാം മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് മുമ്പ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരായിരുന്നല്ലോ അധികാരത്തിലിരുന്നത്. എന്നിട്ടും ബിജെപി അധികാരത്തിലെത്തുന്നതിന് ഒരു ദശകക്കാലം മുമ്പുമുതല്‍ കോര്‍പറേറ്റുകളില്‍ നിന്നും നേരിട്ടോ, ഷെല്‍ കമ്പനികള്‍ വഴിയോ കൂടുതല്‍ പണം ബിജെപിക്ക് ഒഴുകിത്തുടങ്ങി എന്നാണ്. ഈ പ്രവാഹം പതിന്മടങ്ങ് വര്‍ധനവ് രേഖപ്പെടുത്തിയത് നരേന്ദ്ര മോഡിയുടെ പേര് പ്രധാനമന്ത്രി സ്ഥാനത്തിന് പരിഗണിക്കുന്നവരില്‍ ഒന്നാമതാണെന്ന പ്രചരണം ശക്തമായതോടെയും. ചങ്ങാതിത്ത മുതലാളിമാര്‍ മോഡിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിന് മത്സരിക്കുകയായിരുന്നു. ഇത് ഒരു ഒഴുക്കന്‍ മട്ടിലുള്ള പ്രസ്താവനയല്ല, കേന്ദ്ര ഏജന്‍സികള്‍ വെളിപ്പെടുത്തിയ സ്ഥിതിവിവര കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ബിജെപിക്ക് കിട്ടിയത് മൊത്തം ‘ധനകാര്യ’ത്തിന്റെ 44 ശതമാനമായിരുന്നെങ്കില്‍ അന്ന് അധികാരത്തിലിരുന്ന കോണ്‍ഗ്രസിന് കിട്ടിയത് 39 ശതമാനം മാത്രമായിരുന്നു. ഈ അന്തരം അത്ര വലുതൊന്നുമായിരുന്നില്ല എന്ന വാദഗതി സ്വാഭാവികമാണ്. എന്നാല്‍ തുടര്‍ന്നിങ്ങോട്ട് കോര്‍പറേറ്റ് മേഖലയില്‍ നിന്നും ബിജെപിയിലേക്കുണ്ടായത് സംഭാവനയുടെ ഒരു കുത്തൊഴുക്കു തന്നെയായിരുന്നു.
മോഡിയുടെ പാര്‍ട്ടിയും മോഡി സ്പര്‍ശമില്ലാത്ത പാര്‍ട്ടികളും തമ്മില്‍ കള്ളപ്പണത്തിന്റെ ഒഴുക്കില്‍ വലിയ അന്തരമുണ്ടായിരുന്നു. ഈ അന്തരം ഒരുവശത്ത് നടന്നപ്പോള്‍ മറുവശത്ത് ജനകോടികള്‍ ദാരിദ്ര്യത്തിന്റെ നെല്ലിപ്പടിവരെയെത്തുകയും ചെയ്തു. പുതിയ തൊഴിലവസരങ്ങളോ വരുമാന മാര്‍ഗങ്ങളോ ഇല്ലാതെയും നിരപ്പായ കളിസ്ഥലം ഇല്ലാതെയും ജനസംഖ്യയുടെ സിംഹഭാഗവും പരമ ദാരിദ്ര്യത്തില്‍ തുടരാന്‍ നിര്‍ബന്ധിതരായി. ഇതാണ് സ്വാതന്ത്ര്യത്തിന്റെ ‘അമൃത്കാല്‍’ ഇന്ത്യയിലെ യാഥാര്‍ത്ഥ്യം. ചുരുക്കത്തില്‍ വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് സമ്പന്ന വര്‍ഗത്തിന്റെയും ഫാസിസ്റ്റ് ശക്തികളുടെയും ആധിപത്യം സംരക്ഷിക്കുന്നതിലേക്ക് നയിക്കുന്നൊരു വോട്ടെടുപ്പുതന്നെയായിരിക്കും. ഏറ്റവുമൊടുവില്‍ ‘ദ ഹിന്ദു’ ദിനപത്രം സംഘടിപ്പിച്ച സിഎസ്ഡിഎസ് — ലോക നീതി പ്രീ പോള്‍ സര്‍വേയിലെ കണ്ടെത്തലുകള്‍ കൂടി പരിഗണിക്കേണ്ടത് അനിവാര്യമാണ്. വിവിധ ഭൂപ്രദേശങ്ങളെ അടിസ്ഥാനമാക്കി നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ 62 ശതമാനവും പരാതിപ്പെട്ടത് തൊഴിലില്ലായ്മയും പണപ്പെരുപ്പവും സാധാരണ ജീവിതത്തെ അസാധ്യമാക്കിയിരിക്കുന്നു എന്നാണ്. 55 ശതമാനം അഭിപ്രായപ്പെട്ടത് സര്‍ക്കാര്‍ അഴിമതിയില്‍ വ്യാപൃതരായിരിക്കുന്നു എന്നുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.