23 April 2024, Tuesday

Related news

January 1, 2024
December 9, 2023
December 7, 2023
December 5, 2023
November 17, 2023
August 31, 2023
July 17, 2023
May 2, 2023
January 8, 2023
November 12, 2022

ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയാകാന്‍ ഗുലാം നബി: ലക്ഷ്യം സാമന്ത ഭരണം

Janayugom Webdesk
ന്യൂഡല്‍ഹി
August 27, 2022 10:13 pm

മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് സ്വന്തം പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുകയാണെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തര്‍. ജമ്മു കശ്മീരിന്റെ അടുത്ത മുഖ്യമന്ത്രിയാകാനാണ് ലക്ഷ്യമെന്നും ബിജെപിയുടെ ആശീര്‍വാദം ഇതിനുണ്ടെന്നുമാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് അടുപ്പം പുലര്‍ത്തിയിരുന്ന ഗുലാം നബി ബിജെപി ഒരുക്കിയ തിരക്കഥയിലൂടെ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തിയെന്നാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറി എന്ന പഴി ഒഴിവാക്കി മതേതരമെന്ന മുഖം നിലനിര്‍ത്താനാണ് പുതിയ പാര്‍ട്ടി എന്ന ആശയം. സെപ്റ്റംബർ അഞ്ചിന്‌ നടക്കുന്ന റാലിയിൽ പുതിയ പാർട്ടി പ്രഖ്യാപിച്ചേക്കുമെന്നാണ്‌ സൂചന. പാര്‍ട്ടിയുടെ ആദ്യ യൂണിറ്റ് രണ്ടാഴ്ചയ്ക്കകം ജമ്മു കശ്മീരിൽ സ്ഥാപിക്കുമെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തൻ ജി എം സറൂരി പറഞ്ഞു. കശ്മീരിന്റെ 2019 ഓഗസ്റ്റ് അഞ്ചിന് മുമ്പുള്ള നില പുനഃസ്ഥാപിക്കുന്നത് പാർട്ടിയുടെ പ്രകടനപത്രികയുടെ ഭാഗമാകുമെന്ന് സറൂരി പറഞ്ഞു. ആസാദിനെ പിന്തുണച്ച് പാർട്ടിയുടെ അടിസ്ഥാന അംഗത്വത്തിൽ നിന്ന് രാജിവച്ച നേതാക്കളിൽ ഒരാളായ സറൂരി, തങ്ങളുടെ നേതാവ് പ്രത്യയശാസ്ത്രപരമായി മതേതരനാണെന്നും പറഞ്ഞു. അതേസമയം ഗുലാം നബി ജമ്മു കശ്മീരിന്റെ അടുത്ത മുഖ്യമന്ത്രിയാകുമെന്നാണ് മുൻ എംഎൽഎ അമിൻ ഭട്ട് പറഞ്ഞത്. സ്വന്തം പാർട്ടി രൂപീകരിക്കുമെന്ന ഗുലാം നബിയുടെ പ്രതികരണത്തിന് പിന്നാലെയാണ് മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കൂടിയായിരുന്ന അമിൻ ഭട്ടിന്റെ പ്രസ്താവന. തങ്ങൾ ബിജെപിയുടെ ബി ടീമല്ലെന്നും മുന്നോട്ടുള്ള മാർഗം ഒന്നിച്ച് ചർച്ച ചെയ്യുമെന്നും ഭട്ട് പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം വിരല്‍ ചൂണ്ടുന്നത് കശ്മീരില്‍ സ്വന്തമായി സര്‍ക്കാരുണ്ടാക്കാന്‍ കഴിയാത്ത ബിജെപിയുടെ കീഴിലെ സാമന്തഭരണത്തിലേക്കാണ്.

ഗാന്ധി കുടുംബത്തെയും പാർട്ടി സംഘടനാ നേതൃത്വത്തെയും രൂക്ഷമായി വിമർശിച്ചാണ് ഗുലാം നബി ആസാദ് പാർട്ടിയിൽ നിന്ന് രാജിവച്ചത്. രാഹുല്‍ ഗാന്ധിയെയാണ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. അതേസമയം മുമ്പ് പല ഘട്ടങ്ങളിലും ഗുലാം നബിയുടെ നിലപാടുകളെ രാഹുല്‍ ഗാന്ധി പരോക്ഷമായി വിമര്‍ശിച്ചിരുന്നു. 2019 ല്‍ അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമ്പോള്‍ രാഹുല്‍ പറഞ്ഞിരുന്നത് ‘മോഡി സര്‍ക്കാരിനെതിരെ കടുത്ത നിലപാടെടുക്കാന്‍ ചില മുതിര്‍ന്ന നേതാക്കള്‍ തടസം നില്ക്കുന്നു‘വെന്നാണ്. അതേവര്‍ഷം കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ ശേഷം നരേന്ദ്ര മോഡിയും അമിത് ഷായും കരുതൽ തടങ്കലിൽ വയ്ക്കാതിരുന്ന കശ്മീരിലെ ഏക മുൻ മുഖ്യമന്ത്രി ഗുലാം നബിയായിരുന്നു. മോഡി പ്രധാനമന്ത്രിയായ ശേഷമുള്ള ഏഴ് വർഷം രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു ഗുലാം നബി.

എന്നാല്‍ സർക്കാരിനു നേരെ അനാവശ്യമായ വിനയമാണ് ഗുലാം നബി പ്രകടിപ്പിക്കുന്നതെന്ന അതൃപ്തി രാഹുലും സംഘവും ഉന്നയിച്ചിരുന്നു. ജനവിരുദ്ധമായ നോട്ട് നിരോധനം, ജിഎസ്‍ടി തുടങ്ങിയ തീരുമാനങ്ങളുമായി മുന്നോട്ടുപോകുകയും പ്രതിപക്ഷത്തെ ചവിട്ടിത്താഴ്ത്തുകയും ചെയ്യുന്ന സർക്കാരിനോട് ഉദാരത പാടില്ലെന്ന് രാഹുൽ നിലപാടെടുത്തിരുന്നു. ലോക്‌സഭയിൽ കോൺഗ്രസ് കക്ഷിനേതാക്കളായി മല്ലികാർജുൻ ഖർഗെയും അധീർരഞ്ജൻ ചൗധരിയും നരേന്ദ്ര മോഡിയെയും ബിജെപിയെയും കടന്നാക്രമിച്ചതുപോലെയാണ് യഥാർത്ഥ പ്രതിപക്ഷ നേതാവ് ചെയ്യേണ്ടതെന്നും രാഹുൽ പക്ഷം പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാക്കളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്ന മോഡി സര്‍ക്കാര്‍ ഗുലാം നബിയെ പത്മഭൂഷണ്‍ നല്കി ആദരിക്കുകയായിരുന്നു. രാജ്യസഭാംഗത്വം അവസാനിച്ചശേഷവും ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ തുടരാൻ കേന്ദ്രസർക്കാർ പ്രത്യേക അനുമതി നൽകിയതും ശ്രദ്ധേയമാണ്.

ആനന്ദ് ശർമ്മയും കോണ്‍ഗ്രസ് വിട്ടേക്കും

ഗുലാം നബി ആസാദിനു പിന്നാലെ മുതിർന്ന നേതാവ് ആനന്ദ് ശർമ്മയും കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് അഭ്യൂഹം. ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം ശർമ്മ രാജിവച്ചിരുന്നു. ജമ്മു കശ്മീരിലെ പ്രചാരണ സമിതി അധ്യക്ഷസ്ഥാനം ഗുലാം നബി ആസാദ് രാജിവച്ചതിനു പിന്നാലെയായിരുന്നു ശർമ്മയുടെ രാജി. മനീഷ് തിവാരി തുടങ്ങിയ ജി 23 നേതാക്കളുടെ നിലപാട് ഏറെ നിർണായകമാണ്. രാഹുൽ ഗാന്ധിയുടെ പക്വതയില്ലായ്മ പാർട്ടിയെ തകർത്തു എന്ന അഭിപ്രായമാണ് ജി 23യിലെ പല നേതാക്കൾക്കും ഉള്ളത്. ഗാന്ധി കുടുംബത്തിൽ നിന്നല്ലാത്ത ഒരു ശക്തമായ നേതാവിലൂടെ മാത്രമെ കോൺഗ്രസിനെ തിരിച്ചുപിടിക്കാനാകൂ എന്നതാണ് ഈ സംഘത്തിന്റെ നിലപാട്.

Eng­lish Sum­ma­ry: Ghu­lam Nabi to become Chief Min­is­ter of Jam­mu and Kashmir
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.