ഇന്ത്യയിലെ മനുഷ്യാവകാശങ്ങൾക്ക് ഹാനികരമായ സുപ്രീം കോടതി വിധികളില്‍ ആശങ്ക പ്രകടിപ്പിച്ച് ആഗോള അക്കാദമിക് സമൂഹം. സമീപകാല ഉത്തരവുകള്‍ പുനഃപരിശോധിക്കണമെന്നും മനുഷ്യാവകാശങ്ങള്‍ ലംഘിച്ചു കൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്നും സുപ്രീം കോടതിക്ക് എഴുതിയ പ്രസ്താവനയില്‍ അവര്‍ ആവശ്യപ്പെട്ടു. ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട എംപി എഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രിയുടെ ഹര്‍ജി തള്ളിയ നടപടി ചൂണ്ടിക്കാട്ടിയാണ് ഇവരുടെ പ്രതികരണം.
സമീപകാലങ്ങളിലെ ചില സുപ്രീം കോടതി ഉത്തരവുകള്‍ വലിയ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. ഈ ഉത്തരവുകള്‍ ഇന്ത്യയിലെ മനുഷ്യാവകാശങ്ങളെയും പൗരസ്വാതന്ത്ര്യത്തേയും ഭാവിയില്‍ കാര്യമായി ബാധിക്കുമെന്ന് വിശ്വസിക്കുന്നതായും അവര്‍ കത്തില്‍ വ്യക്തമാക്കി.
2002ല്‍ ഗുജറാത്തില്‍ നടന്ന കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടിക്കെതിരെയായിരുന്നു സാക്കിയ ജാഫ്രിയുടെ ഹര്‍ജി. എസ്ഐടിയുടെ കണ്ടെത്തലുകളെ ചോദ്യം ചെയ്യുകയും വിഷയത്തില്‍ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയത് അന്യായമാണെന്ന് അക്കാദമിക് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
ഹര്‍ജി തള്ളിക്കൊണ്ട് തികച്ചും അന്യായവും നിഗൂഢവുമായ ലക്ഷ്യങ്ങള്‍ ആരോപിച്ചത് സഹ ഹര്‍ജിക്കാരായ ടീസ്ത സെതല്‍വാദിന്റെയും ആര്‍ ബി ശ്രീകുമാറിന്റെയും അറസ്റ്റിന് കാരണമായി. ഇത്തരത്തിലുള്ള നിരീക്ഷണങ്ങള്‍ കോടതികളെ സമീപിക്കുന്നതില്‍ നിന്ന് ജനങ്ങളെ അകറ്റി നിര്‍ത്തും. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാതെ രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയ കോടതി നടപടി തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അരിസോണ യൂണിവേഴ്സിറ്റി പ്രൊഫസര്‍ നോം ചോംസ്കി, ലണ്ടന്‍ ഹൗസ് ഓഫ് ലോഡ്സിലെ ബിക്കു പരേക്, ജര്‍മ്മനി മാക്സ് പ്ലാന്‍ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫ. അര്‍ജുന്‍ അപ്പാദുരൈ ഉള്‍പ്പെടെ യുഎസ്, കാനഡ എന്നിവിടങ്ങളിലെ പ്രമുഖ യൂണിവേഴ്സിറ്റികളിലെയും കോളജുകളിലെയും 12 അധ്യാപകരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.
English Sumamry: Global academic community expresses concern over Supreme Court rulings that harm human rights
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.