27 July 2024, Saturday
KSFE Galaxy Chits Banner 2

ജിഎം കടുക്: വാണിജ്യ കൃഷിക്ക് അനുമതി

Janayugom Webdesk
ന്യൂഡല്‍ഹി
October 26, 2022 11:07 pm

ജനിതകമാറ്റം വരുത്തിയ (ജിഎം) കടുക് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാന്‍ ജനിതക എൻജിനീയറിങ് അപ്രൂവൽ കമ്മിറ്റി (ജിഇഎസി)യുടെ അനുമതി. പരീക്ഷണാടിസ്ഥാനത്തിൽ ജിഎം കടുക് കൃഷി ചെയ്യാനുള്ള അനുമതി നേരത്തെ ജിഇഎസി നൽകിയിരുന്നു.
വാണിജ്യകൃഷി സംബന്ധിച്ച് ഡൽഹി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ദീപക് പെന്റല്‍ നല്‍കിയ റിപ്പോര്‍ട്ട് വിദഗ്ധ സമിതി അംഗീകരിച്ചു. കൃഷി, പരിസ്ഥിതി വിദഗ്ധര്‍ ഉയര്‍ത്തിയ ആശങ്കകള്‍ മറികടന്നുകൊണ്ടാണ് അനുമതി ലഭ്യമാക്കിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്ന ആദ്യത്തെ ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവിളയാകും ധാരാ മസ്റ്റാര്‍ഡ് ഹൈബ്രിഡ് (‍ഡിഎംഎച്ച്) II എന്ന സങ്കരയിനം കടുക്.
2002ൽ വികസിപ്പിച്ചെടുത്ത ഡിഎംഎച്ച് II ന്റെ ജൈവ സുരക്ഷാപഠനം 2008ലാണ് ആരംഭിച്ചത്. പ്രധാനമായും സ്വയം പരാഗണം നടക്കുന്ന വിളയാണ് കടുക്. ജനിതക പരിവർത്തനം വരുത്തിയ ഇന്ത്യൻ കടുകിനം വരുണയും കിഴക്കൻ യൂറോപ്യൻ ഇനമായ ഏർ ലിഹിര (ഇഎച്ച്) യും തമ്മിൽ സങ്കരണം നടത്തിയാണ് ഡിഎംഎച്ച് II എന്നയിനം വികസിപ്പിച്ചെടുത്തത്.
ഡിഎംഎച്ച് II മറ്റു കടുകിനങ്ങളെക്കാൾ 25–30 ശതമാനം അധികം വിളവു നൽകുമെന്നാണ് ഡോ. പെന്റലിന്റെയും സംഘത്തിന്റെയും അവകാശവാദം. മനുഷ്യർക്കും മൃഗങ്ങൾക്കും പരിസ്ഥിതിക്കും ഇവ ദോഷകരമല്ലെന്നും ജിഎം കടുകിലൂടെ രാജ്യത്തെ എണ്ണക്കുരു ഉല്പാദനം വർധിക്കുമെന്നും ഡോ. പെന്റല്‍ പ്രതികരിച്ചു. ഇന്ത്യയിൽ കൃഷിചെയ്യുന്ന പ്രമുഖ എണ്ണക്കുരു വിളകളിലൊന്നായ കടുക് 60 ലക്ഷത്തിലേറെ ഹെക്ടർ സ്ഥലത്തു കൃഷി ചെയ്യുന്നുണ്ട്. അതേസമയം ഇന്ത്യയുടെ ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി 1,17,075 കോടിയുടേതായിരുന്നു. 

Eng­lish Sum­ma­ry: GM Mus­tard: Allowed for Com­mer­cial Cultivation

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.