അക്രമാസക്തമായ ജനകീയ പ്രക്ഷോഭത്തിനിടെ അജ്ഞാത കേന്ദ്രത്തിലൊളിച്ച ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്സെ വീണ്ടും രംഗത്തെത്തി. ശനിയാഴ്ച പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും വസതിയടക്കം കയ്യേറിയിരുന്നു.
രാജ്യത്തെ ഇന്ധനക്ഷാമം പരിഹരിക്കുന്നതിന് 3,700 മെട്രിക് ടൺ എൽപിജി സിലിണ്ടറുകളുടെ വിതരണം ഉറപ്പാക്കാൻ പ്രസിഡന്റ് ഉത്തരവിട്ടതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ശ്രീലങ്കയിലേക്ക് പാചകവാതകവുമായി ആദ്യ കപ്പൽ ഇന്നലെ ഉച്ചകഴിഞ്ഞാണ് കേരവലപിടിയയിൽ എത്തിയത്.
അതിനിടെ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്ക് തീയിട്ടതിന് മൂന്ന് പേരെ ശ്രീലങ്കൻ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ പേർക്ക് കേസുമായി ബന്ധമുണ്ടെന്നും വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
പ്രസിഡന്റ് ഗോതബയ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാർ അദ്ദേഹത്തിന്റെ വസതിയിലേക്ക് ഇരച്ചുകയറുകയായിരുന്നു. പ്രധാനമന്ത്രി രാജിപ്രഖ്യാപിച്ചതിന് പിന്നാലെപ്രക്ഷോഭകര്‍ സ്വകാര്യവസതി അഗ്നിയ്ക്കിരയാക്കി. ഇന്നലെ പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയായ ടെമ്പിള്‍ ട്രീസും പ്രക്ഷോഭകര്‍ കയ്യടക്കി. രാജപക്സെയ്ക്കും വിക്രമസിംഗെയ്ക്കും അധികാരത്തിൽ തുടരാൻ ധാർമ്മിക അവകാശമില്ലെന്നും അവർ രാജിവച്ചില്ലെങ്കിൽ വളരെ അപകടകരമായ സാഹചര്യം ഉടലെടുക്കുമെന്നും മുൻ ശ്രീലങ്കൻ പ്രസിഡന്റും ശ്രീലങ്കൻ ഫ്രീഡം പാർട്ടി ചെയർമാനുമായ മൈത്രിപാല സിരിസേന പറഞ്ഞു.
അടുത്ത വെള്ളിയാഴ്ച പാര്‍ലമെന്റ് സമ്മേളനം ചേരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ സഹകരിക്കണമെന്നും പിരിഞ്ഞുപോകണമെന്നും സംയുക്ത സൈനിക മേധാവി ജനറല്‍ ഷാവേന്ദ്ര സില്‍വ പ്രക്ഷോഭകരോട് അഭ്യര്‍ത്ഥിച്ചു. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഔദ്യോഗിക വസതികളില്‍ പ്രതിഷേധക്കാരുടെ വൻനിര തമ്പടിച്ചിട്ടുണ്ടെങ്കിലും ഇന്നലെ വലിയ അക്രമങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ന്യൂഡല്‍ഹി: ഇന്ത്യ ശ്രീലങ്കൻ ജനതയ്ക്കാെപ്പമാണെന്നും ഇരു രാജ്യങ്ങളും ആഴത്തിലുള്ള സംസ്കാരം പങ്കിടുന്നവരാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ശ്രീലങ്കയിലെ സംഭവവികാസങ്ങളോടുള്ള ഇന്ത്യയുടെ ആദ്യ പ്രതികരണമായിരുന്നു ബാഗ്ചിയുടേത്. ഗുരുതരമായ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി ഈ വർഷം 3.8 ദശലക്ഷം യുഎസ് ഡോളറിന്റെ സഹായം നല്കിയെന്നും നിലവിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ഇന്ത്യൻ ഹൈക്കമ്മിഷണർ ഗോപാൽ ബഗ്ലേ ശ്രീലങ്കൻ കൃഷിമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ശ്രീലങ്കക്ക് ഇന്ത്യ 44,000 മെട്രിക് ടൺ യൂറിയ നല്‍കുന്നതിനെകുറിച്ച് അറിയിക്കുകയും ചെയ്തു.
തിരുവനന്തപുരം: ശ്രീലങ്കയിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും പ്രതിസന്ധി നേരിടാന്‍ എല്ലാ സഹായവും നല്‍കുമെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യയ്ക്ക് നിലവിൽ അഭയാർത്ഥി പ്രതിസന്ധിയില്ലെന്നും ഇന്നലെ തിരുവനന്തപുരത്തെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ശ്രീലങ്കയുമായി നല്ല ബന്ധമാണ് ഇന്ത്യയ്ക്കുള്ളത്. നിലവിലെ പ്രതിസന്ധിയിൽ നിന്ന് പുറത്തുവരാൻ അവർ ശ്രമിക്കുകയാണ്. എല്ലാകാലവും ഇന്ത്യ ശ്രീലങ്കയെ സഹായിച്ചിട്ടുണ്ടെന്നും ജയശങ്കർ പറഞ്ഞു.
കൊളംബോ: രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ സർവകക്ഷി സർക്കാരിനുള്ള സമവായമുണ്ടാക്കാൻ ശ്രീലങ്കയിലെ പ്രധാന പ്രതിപക്ഷ കക്ഷികൾ യോഗം ചേർന്നു. പ്രതിഷേധത്തിനിടെ പ്രസിഡന്റ് ഗോതബയ രാജപക്സെയും പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയും രാജി പ്രഖ്യാപനം നടത്തിയതിനു പിന്നാലെയാണിത്.
ഇടക്കാലത്തേക്ക് എല്ലാ കക്ഷികളെയും ഉൾപ്പെടുത്തി ഐക്യ സർക്കാർ രൂപീകരിക്കാൻ തത്വത്തിൽ തിരുമാനിച്ചുവെന്ന് ശ്രീലങ്ക പൊതുജന പെരമുന പാർട്ടിയിലെ വിമൽ വീരവൻസ പറഞ്ഞു. എല്ലാ പാർട്ടികൾക്കും പ്രാതിനിധ്യമുള്ള ഒരു സർക്കാരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 13 ന് രാജപക്‌സെയുടെ രാജിക്കായി കാത്തിരിക്കേണ്ടതില്ലെന്ന് എസ്‌എൽപിപി ഗ്രൂപ്പിലെ മറ്റൊരു നേതാവായ വാസുദേവ നാനായക്കര പറഞ്ഞു.
പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ, ശ്രീലങ്കൻ മുസ്‍ലിം കോൺഗ്രസ് നേതാവ് റൗഫ് ഹക്കീം, തമിഴ് പുരോഗമന സഖ്യം നേതാവ് മനോ ഗണേശൻ, ഓൾ സിലോൺ മക്കൾ കോൺഗ്രസ് നേതാവ് റിഷാദ് ബദിയുദ്ദീൻ എന്നിവർ പ്രതിപക്ഷസഖ്യമായ സമാഗി ജന ബാലവേഗയയുടെ (എസ്ജെബി) യോഗത്തിൽ പങ്കെടുത്തു.
നാഷണൽ ഫ്രീഡം ഫ്രണ്ട് ഉൾപ്പെടെ ഒമ്പത് പാർട്ടികളുടെ മറ്റൊരു യോഗവും ചേർന്നു. സർവകക്ഷി സർക്കാരിനെക്കുറിച്ച് ദീർഘമായ ചർച്ച നടത്തിയതായി ശ്രീലങ്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി വൈസ് പ്രസിഡന്റ് വീരസുമന വീരസിംഗ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.