6 May 2024, Monday

രാഷ്ട്രീയത്തിൽ ഒന്നും ചെയ്യാനില്ലാത്തവര്‍ക്കു വേണ്ടിയുള്ള ഒന്നാണ് ഗവർണര്‍ പദവി: ബിനോയ് വിശ്വം

Janayugom Webdesk
കണ്ണൂർ
January 19, 2024 4:01 pm

രാഷ്ട്രീയത്തിൽ ഒന്നും ചെയ്യാനില്ലാത്തവരെ അവരോധിക്കാൻ വേണ്ടിയുള്ള ഒന്നാണ് ഗവർണര്‍ പദവിയെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം പി. സി പി ഐ കണ്ണൂർ ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ പാർലമെന്ററി വ്യവസ്ഥ‑രാഷ്ട്രീയ ചട്ടുകമാവുന്ന ഗവർണർമാർ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണർ പദവി എന്നത് അനവാശ്യമായ ഒരു ധൂർത്താണെന്ന് കമ്മ്യുണിസ്റ്റ് പാർട്ടി മുമ്പ് പറഞ്ഞിട്ടുണ്ട്. ഇത് ഗൗരവമായി ചർച്ച ചെയ്യേണ്ട ഒന്നാണ്. ഗവർണർമാർ ചെയ്യുന്ന എല്ലാ ചുമതലകളും മുഖ്യമന്ത്രി, ചീഫ് ജസ്റ്റിസ്, പ്രസിഡന്റ് എന്നിവർ ചെയ്യുവാൻ സാധിക്കും. അങ്ങനെ ചെയ്താൽ ഈ പദവി ആവശ്യമില്ല. വെറും ഒരു ആഭരണത്തിന് തുല്യമായ ഒന്നാണ്. അണിഞ്ഞു നടക്കാൻ മാത്രമെ കഴിയൂ. എന്നാൽ ചിലർക്ക് ഇത് വലിയ അധികാരമായി തോന്നും. അവർക്ക് ഭരണ ഘടന രണ്ട് തവണയെങ്കിലും കൃത്യമായി വായിച്ചാൽ അത് മനസിലാകും എന്താണ് അവരുടെ അധികാരമെന്ന്. ഒരു ഗവർണർക്കും അദ്ദേഹത്തിന്റെ സംസ്ഥാനത്തിന്റെ ക്യാബിനറ്റിന്റെ ഉപദേശപ്രകാരമല്ലാതെ ഒന്നും ചെയ്യാനില്ല. ഇതൊന്നും അറിയാത്ത അവസ്ഥയിലേക്ക് ഗവർണർമാർ മാറിയിരിക്കുന്നു. ഗവർണർമാർ രാഷ്ട്രീയ ചട്ടുകമായി മാറുകയാണ്. രാജ് ഭവനുകൾ ബി ജെ പിയുടെ ക്യാമ്പ് ഓഫീസായി മാറുന്നു. അറിയപ്പെടുന്ന കല്ലുവെച്ച ആർ എസ് എസുകാരെ യൂണിവേഴ്സിറ്റികളിലേക്ക് കയറ്റി വിടുന്നു. രാഷ്ട്രീയ കള്ളകടത്തുകാരുടെ കേന്ദ്രങ്ങളായി രാജ്ഭവനുകൾ മാറുന്നു. അവിടെയുള്ള ഗവർണർമാർക്ക് ബി ജെപിക്കാരുടെ കൈയ്യടി നേടാൻ സാധിച്ചേക്കാം. എന്നാൽ ജനങ്ങൾ അവരെ മാനിക്കുകയില്ല. 

ജനാധിപത്യ വ്യവസ്ഥയുടെ അസ്ഥിവാരമായി കരുതപ്പെടുന്ന പാർലമെന്ററി സംവിധാനം ഇന്ന് വെല്ലു വിളി നേരിടുകയാണ്. പണ്ടും വെല്ലുവിളികൾ നേരിട്ടുണ്ടെങ്കിലും ഇന്ന് അതിന് കൂടുതൽ മൂർച്ച കൈവന്നിരിക്കുന്നു. ഭരണഘടനയിൽ മാറ്റം വരണം എന്ന് ഇടതുപക്ഷക്കാരുൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഞങ്ങൾ ആവശ്യപെട്ടത് ജനങ്ങൾക്ക്കൂടുതൽ അനുകൂലമായ ഒരു മാറ്റത്തിന് വേണ്ടിയാണ് എന്നാൽ ഇന്നത്തെ ഭരണാധികാരികൾ ആവശ്യപ്പെടുന്നത് ജനങ്ങളെ പാർശ്വവത്കരിച്ച് കോർപ്പറേറ്റ് കൊള്ളക്ക് അനുകൂലമാക്കാൻ വേണ്ടിയാണ്. മന്ത്രിമാരും ഭരണകക്ഷി നേതാക്കളും ഭരണ ഘടനയിൽ മനുസ്മൃതിയെ അടിസ്ഥാനമാക്കി മാറ്റം വരുത്തണം എന്ന് ഒരു മറയുമില്ലാതെ ഗൗരവമായി പറയുന്നു. ഇതിനെതിരെ ശബ്ദമുയർത്തുന്നവരെ പുറത്താക്കാൻ യാതൊരു മടിയുമില്ല.
146 പാർലമെന്റ് അംഗങ്ങളെ പുറത്താക്കി എന്നതിന് അർത്ഥം ഇവർ പ്രതിനിധീകരിക്കുന്ന ഇന്ത്യൻ ജസംഖ്യയിലെ 25% ആളുകളെ യാതൊരു മടിയുമില്ലാതെ പുറത്തെറിഞ്ഞു എന്നതാണ്. പ്രതിപക്ഷത്തിന്റെ വായ മൂടി കെട്ടികൊണ്ട് ഒരു പാർലമെന്റ് പ്രവർത്തിക്കുക എന്ന് പറയുകയാണ് മോദി സർക്കാർ. എന്ന രാഷ്ട്രീയമാണ് ബി ജെ പി യുടെ ഏറ്റവും വലിയ ജനാധിപത്യ വിരുദ്ധത എന്ന് കമ്മ്യുണിസ്റ്റ് പാർട്ടി വ്യക്തമായി ചൂണ്ടികാണിച്ചു കഴിഞ്ഞു. കെട്ടിലും മട്ടിലും പഴമ നിലനിർത്തിയിരുന്ന പാർലമെന്റിന്റ പഴയ മന്ദിരം മാറ്റി പുതിയ മന്ദിരം നിർമ്മിച്ചപ്പോൾ മോദി സർക്കാർപറഞ്ഞത് സുരക്ഷാ വീഴ്ചയൊരുക്കലും ഉണ്ടാവില്ല. എം പിയുടെ സ്റ്റാഫിനോ മുൻ എം പിക്കോ ഇവിടെ കയറണമെങ്കിൽ വലിയ കടമ്പയാണ്. അത്രയ്ക്കും പരിപൂർണ്ണ സുരക്ഷ ഉറപ്പാക്കി കൊണ്ടുള്ള പാർലമെന്റിലാണ് രണ്ട് പേർ ചാടിയിറങ്ങി മ‍ഞ്ഞ പുകയെറിഞ്ഞ് പരിഭ്രാന്തി പരത്തിയത്. ആ പുക വിഷപുകയോ ബോംബോ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു. അത്രയും വലിയ സുരക്ഷാ വീഴ്ചയുണ്ടാപ്പോഴാണ് ഈ സംഭവത്തെ കുറിച്ച് പ്രസ്താവന ചെയ്യണമെന്ന് എം പിമാർ ആവശ്യപ്പെടത്. ഇത്രയും വലിയ സുരക്ഷാലംഘനമുണ്ടായപ്പോൾ അതിനെ കുറിച്ച് പ്രസ്താവന നടത്തണമെന്ന് പറഞ്ഞപ്പോഴാണ് സസ്പെന്റ് ചെയ്തത്. 10 കൊല്ലത്തിൽ യു പി എ സർക്കാർ ഭരിക്കുമ്പോൾ 50 തവണയാണ് സസ്പെൻഷനുണ്ടായത്. എൻ ഡി എ ഗവ. ന്റെ 9 കൊല്ലത്തെ ഭരണത്തിൽ 194 സസ്പെൻഷനാണ്. ഇതൊരു സമീപനത്തിന്റെ പ്രഖ്യാപനമാണ്.

ഇതിൽ കമ്മ്യൂണിസ്റ്റ് എം പിമാർ സസ്പെന്റ് ചെയ്യപ്പെട്ടത് മൂന്ന് മാസത്തേക്കാൾ ഈ രീതികളെല്ലാം തുറന്ന് കാട്ടുന്നത് ഇടതുപക്ഷ ശബ്ദത്തെ മോദി എത്ര മാത്രം ഭയപ്പെടുന്നുവെന്നതാണ്. ആ ഭീതി നമ്മുടെ പാർലമെന്ററി വ്യവസ്ഥയെ എത്രമാത്രം പ്രതികൂലമായി ബാധിക്കുന്നുവെന്ന് തിരിച്ചറിയാൻ രാജ്യം ഇനിയും വൈകരുത്. പാർലമെന്റ് സംവിധാനത്തെ മോദി സർക്കാർ വെറും പ്രഹസനമാക്കി മാറ്റാൻ നോക്കുന്നു. അതിന് സമ്മതിക്കാൻ പാടില്ല. അങ്ങനെ സംഭവിച്ചാൽ ജനാധിപത്യം മരിക്കും, അത് മരിച്ചുവെന്നാൽ അതിനർത്ഥം ഭരണഘടനയും മരിച്ചുവെന്നാണ്. പിന്നെ അവിടെ മതേതരത്വമോ രാജ്യത്തിന്റെ സോഷ്യലിസ്റ്റ് സ്വപ്നങ്ങളോയില്ല. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ കുറിച്ചും മുദ്രാവാക്യത്തെ കുറിച്ചും ബി ജെപിക്ക് അറിയില്ല. വൈദേശിക വാഴ്ചക്കെതിരെ എല്ലാവരും പടവെട്ടിയപ്പോൾ കാണിയായി പോലും ബി ജെ പി യുണ്ടായില്ല. അന്ന് ആർ എസ് എ സാണ് ഉണ്ടായിരുന്നത്. അവർ രാഷ്ട്രീയമില്ലാത്ത സാംസ്കാരിക പ്രസ്ഥാനമാണെന്ന് പറഞ്ഞ് മാറി നിന്നു. എല്ലാവരും ബ്രിട്ടിഷുകാർക്കെതിരെ പോരാടിയപ്പോൾ ഹിന്ദു യുവാക്കള അച്ചടക്ക പാഠം പഠിപ്പിക്കുന്ന ഒരു കൂട്ടർ മാത്രം നല്ലവരായി മാറിനിന്നുവെന്ന് ബ്രിട്ടീഷ് വൈസ്രോയി ആർ എസ് എസുകാരെ കുറിച്ച് ലണ്ടനിലേക്ക് റിപ്പോർട്ട് അയച്ചു. അന്ന് ബ്രിട്ടിഷുകാർക്ക് വേണ്ടി ദാസ്യപണി ചെയ്ത് നല്ല കുട്ടിയുടെ മെഡൽ കുത്തി നടക്കുന്നവരാണ് ബിജെപിക്കാർ. അവർക്ക് ജനാധിപത്യം മരിച്ചുപോയാൽ ഒന്നുമില്ല. ഇതെല്ലാം മനസ്സിലാക്കി കൊണ്ട് ഇവർക്കെതിരെയുള്ള പോരാട്ടം ആ നിലക്ക് തന്നെ മുന്നോട്ട് പോകണം. 

ബി ജെ പിക്ക് പാർലമെന്ററി വ്യവസ്ഥ ഒരു അജഗള സ്തനമാണെന്നും അതിന്റെ ഭാഗമായാണ് അധികാരികളുടെ താത്പര്യത്തിനെതിരായ കാര്യങ്ങൾ ചൂണ്ടികാണിക്കുന്നവരെ സസ്പെന്റ് ചെയ്യുന്നത്. ഈ പോക്കിനെ പറ്റിയാണ് ജനാധിപത്യ ഇന്ത്യ ഉത്കണ്ഠപ്പെടുന്നത്. ഉത്കണ്ഠയിലൊതുങ്ങേണ്ടതല്ല ശക്തമായ പ്രതിഷേധമാണുണ്ടാവേണ്ടതെന്നും ബിനോയ് വിശ്വം എം പി പറഞ്ഞു.
സി പി ഐ സംസ്ഥാന കൗൺസിലംഗം സി എൻ ചന്ദ്രൻ അധ്യക്ഷനായി. എൽ ഡി എഫ് സംസ്ഥാന കൺവീനർ ഇ പി ജയരാജൻ, സി പി ഐ ദേശീയ എക്സിക്യൂട്ടീവംഗം അഡ്വ പി സന്തോഷ് കുമാർ എം പി എന്നിവർ സംസാരിച്ചു. സംസ്ഥാന കൗൺസിലംഗം സി പി ഷൈജൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ ടി ജോസ് എന്നിവർ സംബന്ധിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ സ്വാഗതവും ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എ പ്രദീപൻ നന്ദിയും പറഞ്ഞു.

Eng­lish Sum­ma­ry; Gov­er­nor­ship is for those who have noth­ing to do in pol­i­tics: Binoy Viswam

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.