24 May 2024, Friday

Related news

May 14, 2024
May 4, 2024
May 3, 2024
May 2, 2024
April 30, 2024
April 28, 2024
April 27, 2024
April 27, 2024
April 25, 2024
April 24, 2024

ഇംഫാല്‍ കുക്കി മുക്ത മേഖലയാക്കി സര്‍ക്കാര്‍

Janayugom Webdesk
ഇംഫാല്‍
September 3, 2023 11:03 pm

മണിപ്പൂരിലെ വര്‍ഗീയ സംഘര്‍ഷം നാലുമാസം പിന്നിട്ടിരിക്കെ ഇംഫാല്‍ കുക്കി വിമുക്ത മേഖലയാക്കി സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍. ഇംഫാലിലെ ന്യൂ ലാംബുലെൻ പ്രദേശത്തുനിന്നും അവസാനത്തെ 10 കുടുംബങ്ങളെ മണിപ്പൂര്‍ സര്‍ക്കാര്‍ ശനിയാഴ്ച പുലര്‍ച്ചയോടെ കുടിയൊഴിപ്പിച്ചു. നേരത്തെ ഇവിടെ 300ഓളം കുക്കി കുടുംബങ്ങള്‍ താമസിച്ചിരുന്നു.

പത്ത് കുടുംബങ്ങളില്‍ നിന്നായി 24 പേരെയാണ് സര്‍ക്കാര്‍ രാത്രിയില്‍ കുക്കി മലയോര മേഖലയിലേക്ക് മാറ്റിയത്. എന്നാല്‍ തങ്ങളുടെ വീടുകളില്‍ നിന്ന് ബലമായി പുറത്താക്കുകയായിരുന്നുവെന്ന് കുക്കി കുടുംബങ്ങള്‍ ആരോപിച്ചു. അവശ്യസാധനങ്ങള്‍ എടുക്കാന്‍പോലും സമയം നല്‍കിയില്ല. ധരിച്ചിരുന്ന വസ്ത്രങ്ങള്‍ മാത്രം എടുത്ത് ബുള്ളറ്റ് പ്രൂഫ് സൈനിക വാഹനങ്ങളില്‍ കയറ്റുകയായിരുന്നുവെന്ന് 78 കാരനായ പ്രിം വൈഫെയ് പറഞ്ഞു. സര്‍ക്കാര്‍ നടപടി ഏറെ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്.

ഇരുന്നൂറോളം പേര്‍ക്ക് ജീവന്‍ നഷ്ടമായ കലാപമുണ്ടായിട്ടും പതിറ്റാണ്ടുകളായി താമസിക്കുന്ന ഭൂമിയില്‍നിന്ന് പോകാതെ പിടിച്ചുനിന്ന കുക്കി കുടുംബങ്ങളെയാണ് സര്‍ക്കാര്‍ ഇടപെട്ട് മാറ്റിയിരിക്കുന്നത്. ഇംഫാല്‍ താഴ്‌വരയുടെ വടക്കുഭാഗത്ത് കുക്കി ആധിപത്യമുള്ള കാങ്‌പോക്‌പി ജില്ലയിലെ മൊട്ട്‌ബംഗിലേക്കാണ് ഈ കുടുംബങ്ങളെ എത്തിച്ചത്. സംസ്ഥാനത്തെ 40 ശതമാനത്തോളം വരുന്ന കുക്കി, നാഗാ വിഭാഗങ്ങള്‍ മലയോര ജില്ലകളിലാണ് അധിവസിക്കുന്നത്. നിലവില്‍ കുക്കി, മെയ്തി മേഖലകളായി സംസ്ഥാനം രണ്ടായി വേര്‍പിരിഞ്ഞ സാഹചര്യമുണ്ട്.

നിര്‍ബന്ധിത കുടിയൊഴിപ്പിക്കലില്‍ കടുത്ത പ്രതിഷേധവുമായി കുക്കി ഗോത്രങ്ങളുടെ പരമോന്നത സംഘടനയായ കുക്കി ഇൻപി മണിപ്പൂര്‍ രംഗത്തെത്തി. മെയ്തികള്‍ക്കും കുക്കികള്‍ക്കും പ്രത്യേക ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം സംഘടന ശക്തമാക്കി, സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് മണിപ്പൂരിലെ കുക്കി വംശീയ ഉന്മൂലനം നടക്കുന്നതെന്ന് സംഭവം വ്യക്തമാക്കുന്നുവെന്നും സംഘടന ആരോപിച്ചു.

അതേസമയം മെയ്തി വിഭാഗക്കാര്‍ ഇവരെ ലക്ഷ്യംവെക്കുമെന്നതിനാലാണ് മാറ്റിയതെന്ന് സര്‍ക്കാര്‍ പറയുന്നു. ഇവിടെ താമസിച്ചിരുന്ന മറ്റ് കുക്കി കുടുംബങ്ങള്‍ മേയ് മൂന്നിന് വംശീയ അക്രമം ആരംഭിച്ചതിനുശേഷം ഘട്ടംഘട്ടമായി സ്ഥലം വിട്ടുപോയിരുന്നു. കഴിഞ്ഞ ആഴ്ച മാത്രം സംസ്ഥാനത്ത് വിവിധ അക്രമസംഭവങ്ങളിലായി എട്ടു പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതിനകം പതിനായിരങ്ങള്‍ അന്യസംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ട്.

Eng­lish Sum­ma­ry: Govt made Imphal cook­ie free zone

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.