12 June 2024, Wednesday

വേണ്ടത് സമഗ്രപരീക്ഷാപരിഷ്കരണം

ഒ കെ ജയകൃഷ്ണന്‍
May 24, 2024 4:15 am

ഇക്കഴിഞ്ഞ എസ്എസ്എൽസി ഫലപ്രഖ്യാപനത്തിനിടയിൽ കേരളത്തിന്റെ പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി മറ്റൊരു പ്രഖ്യാപനം കൂടി നടത്തി. അടുത്തവർഷം മുതൽ എസ്എസ്എൽസി എഴുത്തുപരീക്ഷയ്ക്ക് മിനിമം സ്കോർ നടപ്പാക്കുന്നത് ആലോചിക്കുമെന്ന്. നൂറുശതമാനത്തിനടുത്തെത്തിയ വിജയത്തിന്റെ നിലവാരംകൂടി ഉയരണമെന്ന ആഗ്രഹം മുൻനിർത്തിയാകണം ഈ പ്രഖ്യാപനം. യഥാർത്ഥത്തിൽ നമ്മുടെ പരീക്ഷകളെ സംബന്ധിച്ച് കേരളത്തിലെ പൊതുസമൂഹത്തിൽ നടക്കുന്ന ചർച്ചയുടെ ബഹിർസ്ഫുരണം കൂടിയാണിത്. പരമ്പരാഗതമായി നാം അനുവർത്തിച്ചുവരുന്ന മൂല്യനിർണയരീതികളെ വിശകലനം ചെയ്യുകയും പോരായ്മകൾ പരിഹരിച്ച് കാലോചിതമായി പരിഷ്കരിക്കുകയും ചെയ്യുകയെന്നത് വിദ്യാഭ്യാസപ്രക്രിയയിൽ അനിവാര്യമായ ഒന്നാണ്.
എന്നാൽ കേരളത്തിന്റെ പൊതുവിദ്യാഭ്യാസരംഗത്തെ പരീക്ഷകളിലെ വിജയശതമാനവും, മുഴുവന്‍ കുട്ടികളും ജയിച്ചുപോകുന്നതും അടുത്തകാലത്ത് ചിലരെയൊക്കെ അസ്വസ്ഥപ്പെടുത്തുന്നതായി കാണാം. കുട്ടികളുടെ വിജയത്തെ ഇകഴ്ത്താനും കേന്ദ്രബോർഡുകളുടെ പഠന-പരീക്ഷാരീതികളെ പുകഴ്ത്താനും ബോധപൂർവമായ ശ്രമം നടന്നുവരുന്നുണ്ട്. പൊതുവിദ്യാഭ്യാസത്തിന് നേതൃത്വം നല്‍കുന്ന ചില ഉദ്യോഗസ്ഥരും ഇതിലുണ്ട് എന്നത് വസ്തുതയാണ്. അവർ അടിക്കാനുള്ള വടിയാക്കുന്നത് കാലങ്ങളായി നാം തുടർന്ന് വരുന്ന രീതികളിലെ പോരായ്മകളാണ്.
കേരളത്തിൽ ഇന്നത്തെ രീതിയിലുള്ള ഗ്രേഡിങ് ആരംഭിച്ചത് രണ്ട് ദശാബ്ദങ്ങൾക്ക് മുമ്പ് ഇ ടി മുഹമ്മദ്ബഷീർ വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോഴാണ്. കുട്ടികളുടെ ക്ലാസ്റൂം പ്രവർത്തനവും പഠനത്തിനായി അവർ തയ്യാറാക്കുന്ന സെമിനാർ, പ്രോജക്ട്, അസൈൻമെന്റുകൾ തുടങ്ങിയവ നിരന്തരമൂല്യനിർണയം നടത്തി നല്‍കുന്ന സ്കോറും എഴുത്തുപരീക്ഷയ്ക്ക് ലഭിക്കുന്ന സ്കോറും ചേർന്നതാണ് കുട്ടിയുടെ ആകെ പരീക്ഷാ സ്കോർ. നിരന്തരമൂല്യനിർണയത്തിന് 20ശതമാനവും ബാക്കി എഴുത്തു പരീക്ഷയ്ക്കുമാണ്. ഭൂരിഭാഗം കുട്ടികൾക്കും നിരന്തരമൂല്യനിർണയത്തിന് മുഴുവൻ സ്കോറും ലഭിക്കാറുണ്ട്. അതായത് 10–20 സ്കോർ. എഴുത്തുപരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞാലും പരീക്ഷപാസാകാൻ കുട്ടിക്ക് കഴിയും. ഇത് കുട്ടികളുടെയോ അധ്യാപകരുടെയോ കുഴപ്പമല്ല. പരീക്ഷാ രീതിയുടെ പരിമിതിയാണ്. പന്ത്രണ്ടാംക്ലാസ് പരീക്ഷകളിൽ എഴുത്ത് പരീക്ഷയ്ക്ക് 30ശതമാനം മാർക്ക് നിർബന്ധമാക്കിയിട്ടുണ്ട്.

ഈയൊരു സാഹചര്യത്തിലാണ് പരീക്ഷമൂല്യനിർണയ പരിഷ്കരണ ചർച്ചകൾ സജീവമാകുന്നത്. കേന്ദ്രസിലബസുകാരും കേരളത്തിന്റെ ഗ്രേഡിങ് മാതൃക സ്വീകരിച്ച് മുന്നോട്ട് പോകുന്നു. ഇവിടെ യഥാർത്ഥപ്രശ്നം പത്താംക്ലാസ് പരീക്ഷയും സ്കോർ രീതിയും മാത്രമാണോ? അതെഴുതുന്ന കുട്ടികളും പഠിപ്പിക്കുന്ന അധ്യാപകരുമാണോ കുറ്റക്കാർ? ഒറ്റയടിക്കൊരു തിരിച്ചുപോക്ക് നടത്തിയാൽ വിജയശതമാനം ഇന്നത്തേതിന്റെ പകുതിയാക്കാം. തോല്പിക്കപ്പെടുന്നവര്‍ ആരൊക്കെയാകും? ഈ വർഷത്തെ പത്താം ക്ലാസ് ഫലം പരിശോധിച്ചാൽ കുറഞ്ഞ ഗ്രേഡ് ലഭിച്ച കുട്ടികളിൽ ബഹുഭൂരിപക്ഷവും പഠനപിന്തുണ ലഭിക്കാത്ത പാവപ്പെട്ട സാഹചര്യങ്ങളിലുള്ളവരും പാർശ്വവൽകൃത സമൂഹങ്ങളിൽപ്പെട്ടവരുമായ കുട്ടികളാണെന്ന് കാണാം. ഇവരെകൂടി പരിഗണിച്ചാകണം നമ്മുടെ പരിഷ്കരണങ്ങൾ.
കേരളത്തിലിന്നാവശ്യം സമഗ്രമായ ഒരു പരീക്ഷാപരിഷ്കരണമാണ്. കഴിഞ്ഞ 15 വർഷത്തിനിടയിൽ മൂന്ന് പാഠ്യപദ്ധതി പരിഷ്കരണവും അതിനനുസരിച്ച് പുതിയപാഠപുസ്തകങ്ങളും മാറിവന്നു. എന്നാൽ പരീക്ഷകൾ മാത്രം മാറ്റമില്ലാതെ പരമ്പരാഗതരീതിയിൽ തുടർന്നു. ഇവിടുത്തെ രക്ഷാകർതൃസമൂഹം പരീക്ഷകൾക്ക് വലിയപ്രാധാന്യം നല്‍കുന്നവരാണ്. ഇന്ന് നിലവിലുള്ളതും, ലോകതലത്തിലുള്ളതുമായ വിവിധ മൂല്യനിർണയോപാധികൾ, അവയിൽ വരുന്നമാറ്റങ്ങൾ, അതിന്റെ ഗുണദോഷങ്ങൾ എന്നിവ അവർക്കുകൂടി പരിചയപ്പെടാനും ചർച്ചചെയ്യാനും അവസരമുണ്ടാകണം. പരീക്ഷകൾക്കല്ല, പഠനത്തിനാണ് പ്രാധാന്യം എന്നവരെ ബോധ്യപ്പെടുത്തണം. ഇന്ന് പന്ത്രണ്ടാം ക്ലാസ് വരെ നടന്നുകൊണ്ടിരിക്കുന്ന നിരന്തരമൂല്യനിർണയം യാന്ത്രികവും പോരായ്മകളുള്ളതുമാണ്. കുട്ടികളുടെ എണ്ണം കൂടിയ ക്ലാസുകളിൽ ഓരോ കുട്ടിക്കും വ്യക്തിഗതമായി ശ്രദ്ധനല്‍കി നിരന്തരമൂല്യനിർണയം നടത്തുന്നതിന് നിലവിലെ സാഹചര്യത്തിൽ പരിമിതികളുണ്ട്. കുറ്റമറ്റരീതിയിൽ ഇതെങ്ങനെ നടപ്പാക്കാമെന്ന് അധ്യാപകർക്കോ കുട്ടികൾക്കോ കൃത്യമായ പരിശീലനമോ മാർഗനിർദേശങ്ങളോ നല്‍കിയിട്ടില്ല. എഴുത്ത് പരീക്ഷകളാകട്ടെ കേവലം ഓർമ്മപരിശോധനകളിലേക്ക് മടങ്ങി. 

പുതിയ ചോദ്യസങ്കേതങ്ങളും നൂതനചോദ്യനിർമ്മാണ രീതികളും അധ്യാപകപരിശീലനങ്ങളിൽ ഇപ്പോഴും അജണ്ടയായിട്ടില്ല.
ഇങ്ങനെയൊരു സാഹചര്യത്തിൽ നമ്മുടെ പരീക്ഷകൾ എങ്ങനെയാകണം, കുട്ടികളെ ഏതെല്ലാം മേഖലകളിൽ വിലയിരുത്തണം, അവരേതെല്ലാം ശേഷികൾ‑ജീവിതനൈപുണികൾ കൈവരിച്ചു, കലാ-കായിക‑സാമൂഹിക ഇടപെടലുകൾ, തുടർവിദ്യാഭ്യാസ അഭിരുചി, സ്കോറിങ് എന്നിവയെ സംബന്ധിച്ച് ബഹുതലസ്പർശിയായ സംവാദവും അതിലൂടെ മികച്ചമാതൃകകൾ കണ്ടെത്തുകയും വേണം. അതിനുവേണ്ടത് കേരളത്തിൽ ഒരു സമഗ്രമായ പരീക്ഷാപരിഷ്കരണവും നയവുമാണ്. കൂടുതൽ കുട്ടികളെ തോല്പിച്ചിരുത്തിയോ വിജയശതമാനം പിടിച്ചുകെട്ടിയോ ഗുണനിലവാരം കൂട്ടാമെന്നത് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കലാണ്. ഹയർസെക്കന്‍ഡറി പ്രവേശനത്തിനുള്ള കേവലം യോഗ്യതാപരീക്ഷ മാത്രമായി മാറിയ എസ്എസ്എല്‍സി തലത്തിലല്ല, പ്രൈമറിതലം മുതൽ കുട്ടികളുടെ നിലവാരം ഉറപ്പിക്കാനും അളക്കാനും കൃത്യതയാർന്ന പ്രായോഗികോപാധികൾ വേണം. ഇതോടൊപ്പം ഇതുവരെ നാം നടപ്പാക്കാൻ ശ്രമിച്ച, ദാർശനികതലത്തിൽ പ്രചാരം നേടിയവ എങ്ങനെ പ്രയോഗതലത്തിൽ പിന്നാക്കം പോകുന്നു എന്നതും ഗൗരവതരമായ പരിശോധനയ്ക്ക് വിധേയമാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.