16 June 2024, Sunday

ലക്ഷദ്വീപിനെ വീണ്ടെടുക്കണം

Janayugom Webdesk
May 24, 2024 5:00 am

കൃത്രിമത്വം നിറഞ്ഞ ഫോട്ടോഷൂട്ടുകൾ നടത്തുന്നതിൽ വിദഗ്ധനായ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഈ വർഷം ആദ്യം പുറത്തുവന്ന ചിത്രങ്ങൾ ലക്ഷദ്വീപിൽ നിന്നുള്ളതായിരുന്നു. ജനുവരി നാലിന് നടത്തിയ ഉല്ലാസയാത്രയ്ക്കിടെ, നിരത്തിവച്ച കാമറകൾക്ക് മുന്നിൽ കടലിൽ കുളിക്കുകയും മുങ്ങാംകുഴിയിടുകയും ചെയ്യുന്ന മോഡിച്ചിത്രങ്ങൾ വലിയ തോതിൽ ആഘോഷിക്കപ്പെട്ടിരുന്നു. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് സ്വന്തമായ സാംസ്കാരിക പൈതൃകമുള്ള ജനവാസ കേന്ദ്രമാണെങ്കിലും ഘടനകൊണ്ടും ഭൂപരമായ പ്രത്യേകതകൾകൊണ്ടും കേരളത്തിന്റെ തീരപ്രദേശങ്ങളോട് സമാനതകളുള്ള നാടാണ്. എങ്കിലും കേന്ദ്രഭരണത്തിൻ കീഴിലായതിനാലുള്ള പരിമിതികളും വികസന പ്രശ്നങ്ങളും നേരിടുന്ന പ്രദേശവുമാണിത്. അവിടെ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ 10 വർഷ ഭരണകാലയളവിനിടെ നിരവധി വികസന പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ടെന്നാണ് അവകാശപ്പെട്ടിരുന്നത്. ലക്ഷദ്വീപിന്റെ വികസനം യാഥാർത്ഥ്യമാക്കിയെന്ന് മോഡി അവകാശപ്പെടുമ്പോൾ പോലും അവിടെയുള്ള ജനങ്ങളുടെ ജീവിതനിലവാരം ഉയർന്നിട്ടില്ലെന്നും ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, തൊഴിൽ പോലുള്ള അടിസ്ഥാന പ്രശ്നങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല എന്നതുമാണ് യാഥാർത്ഥ്യം. മാത്രവുമല്ല മോഡി അധികാരത്തിലെത്തിയതിനുശേഷം ദ്വീപ് സമൂഹത്തിന്റെ സാംസ്കാരിക, തൊഴിൽ മേഖലകളെ പ്രതികൂലമായി ബാധിക്കുന്ന നിരവധി നടപടികൾ ഉണ്ടാകുകയും ചെയ്തു. പലപ്പോഴും ശത്രുതാപരമായ സമീപനമാണ് സ്വീകരിക്കുന്നത് എന്നും അവിടെ നിന്നുള്ള വർത്തമാനങ്ങളിൽ നിന്ന് വ്യക്തമാണ്. മോഡിയുടെ വിശ്വസ്തനും ഗുജറാത്ത് സ്വദേശിയുമായ പ്രഫുൽ ഖോഡ പട്ടേലിനെ അഡ്മിനിസ്ട്രേറ്ററാക്കിയതു മുതൽ അത് ശക്തമായി. ജനസംഖ്യയിൽ 96 ശതമാനം വരുന്ന മുസ്ലിം ജനവിഭാഗങ്ങളെ ലക്ഷ്യമാക്കി, സ്കൂൾ വിദ്യാർത്ഥികൾ ഹിജാബ് ധരിക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള നിർദേശം പുറപ്പെടുവിച്ചു. യൂണിഫോം കർശനമാക്കിയാണ് ഹിജാബ് ധരിക്കുന്നതിനുള്ള നിയന്ത്രണം ഏർപ്പെടുത്തിയത്. പ്രതിഷേധമുയർന്നപ്പോൾ ഹിജാബ് ധരിക്കാൻ വാക്കാൽ അനുവാദം നൽകിയെങ്കിലും കഴിഞ്ഞ വർഷം മുതൽ അതും എടുത്തുകളഞ്ഞു. മലയാളം മീഡിയം സ്കൂളുകൾ നിർത്തലാക്കുകയും ദ്വീപിൽ സിബിഎസ്ഇ സ്കൂളുകൾ മാത്രം മതിയെന്നും തീരുമാനിച്ചത് കഴിഞ്ഞ അധ്യയന വർഷം മുതലാണ്. അറബി ഭാഷാ സ്കൂളുകളും വേ ണ്ടെന്നുവച്ചു.

 


ഇതുകൂടി വായിക്കൂ; പ്രതീക്ഷിക്കാം, ഏകാധിപത്യത്തിനെതിരെ വിധിയെഴുത്ത്


വിനോദ സഞ്ചാ ര വികസനത്തിന് പ്രാമുഖ്യം നൽകുന്നു എന്നതിന്റെ പേരിൽ പ്രദേശവാസികളുടെ ജീവനോപാധികൾ പോലും ഇല്ലാതാക്കുന്ന സമീപനങ്ങളും കൈക്കൊണ്ടു. അതിന്റെ മറവിൽ കോർപറേറ്റുകൾക്ക് കടന്നുകയറി ഭൂമി കയ്യടക്കാനും കെട്ടിട സമുച്ചയങ്ങൾ നിർമ്മിക്കുന്നതിനുമുള്ള നടപടികളാണ് ഇപ്പോൾ അവിടെയുണ്ടായിരിക്കുന്നത്. അതിന് വഴിയൊരുക്കുന്നതിനുള്ള നടപടികൾ മാസങ്ങൾക്ക് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. വിവിധ ദ്വീപുകളിൽ പണ്ടാരഭൂമിയിൽ ജനങ്ങൾക്ക് നൽകിയ അവകാശം എടുത്തുകളഞ്ഞത് അതിന്റെ ഭാഗമായിരുന്നു. 1500ലധികം ദ്വീപുനിവാസികൾ തലമുറകളായി കൈവശംവച്ച അവകാശമാണ് കേന്ദ്ര സർക്കാരിന്റെ നടപടിയിലൂടെ നഷ്ടമായത്. ലക്ഷദ്വീപ്, മിനിക്കോയ്, അമിനി ദ്വീപ് ഭൂവരുമാന, കുടികിടപ്പ് നിയമത്തിലെ 15 എ വകുപ്പാണ് കഴിഞ്ഞ വർഷം ഒക്ടോബർ 25ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ റദ്ദാക്കിയത്. സ്ഥിരമായി ഉടമസ്ഥാവകാശം അനുവദിക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് അപേക്ഷകൾ അഡ്മിനിസ്ട്രേറ്ററുടെ അടുത്തുള്ളപ്പോഴായിരുന്നു വിജ്ഞാപനത്തിലൂടെ നിലവിലുള്ള കൈവശാവകാശം പോലും റദ്ദാക്കിയത്. ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ്ഷാ ഉൾപ്പെടെയുള്ള വിനോദ സഞ്ചാര മാഫിയ ദ്വീപിലെത്തുകയും ആർഭാട കെട്ടിട സമുച്ചയങ്ങൾ നിർമ്മിക്കുന്നതിനുള്ള നടപടികൾ തുടങ്ങുകയും ചെയ്തത്. ഇതും കഴിഞ്ഞായിരുന്നു പ്രസ്തുത കെട്ടിട സമുച്ചയങ്ങളുടെ പ്രൊമോഷൻ ഉറപ്പാക്കുന്നതിന് എന്നതുപോലെ മോഡി ദ്വീപിലെത്തി ഫോട്ടോഷൂട്ട് നടത്തിയത്.
അതിനിടെ കെട്ടിട സമുച്ചയങ്ങൾക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള വഴി എളുപ്പമാക്കുന്നതിന് നൂറുകണക്കിന് മത്സ്യത്തൊഴിലാളികളെ കുടിയിറക്കുന്ന പദ്ധതിയും നടപ്പിലാക്കി. ഭൂമി പിടിച്ചെടുക്കുക മാത്രമല്ല അവരുടെ ജീവനോപാധികളായ വള്ളങ്ങൾ, വലകൾ, മത്സ്യസംഭരണത്തിനും മത്സ്യം ഉണക്കുന്നതിനുമുള്ള ഷെഡ്ഡുകൾ എന്നിവയും വ്യാപകമായി തകർത്തു. വാടകയ്ക്ക് തൊഴിലാളികൾ ഉപയോഗിച്ചിരുന്ന പ്രദേശങ്ങളാണ് ഏറ്റെടുത്തത്. വിനോദ സഞ്ചാരത്തിന്റെ മറവിൽ ദ്വീപ് ജനതയുടെ അസ്തിത്വം തന്നെ ഇല്ലാതാക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. ഇതിനെതിരെ പ്രതിഷേധിക്കുന്ന സിപിഐ ഉൾപ്പെടെ രാഷ്ട്രീയ, സാമൂഹ്യ പ്രസ്ഥാനങ്ങളുടെ പ്രവർത്തകരെ കേസിൽ കുടുക്കിയും ജയിലിൽ അടച്ചും ദ്രോഹിക്കുകയും ചെയ്യുന്നു. കോർപറേറ്റുകൾക്കുവേണ്ടി ഒരു ജനതയെ വേരോടെ പിഴുതെറിയാനുള്ള ശ്രമങ്ങളാണ് ലക്ഷദ്വീപിൽ നടക്കുന്നത്. അതിനെതിരെ യോജിച്ച പ്രവർത്തനങ്ങളാണ് നിലവിലെ സാഹചര്യങ്ങൾ ആവശ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.