16 June 2024, Sunday

മദോന്മത്തനായ മോഡിയുടെ മതഭ്രാന്തിന്റെ ജല്പനങ്ങള്‍

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
May 24, 2024 4:30 am

‘ചില മൃഗങ്ങള്‍’ എന്ന കവിതയില്‍ പാബ്ലോ നെരുദ എഴുതി: ‘ഉടുമ്പുകളുടെ സായന്തനമായിരുന്നു അത്. മഴവില്‍ക്കമാനം വച്ച മണ്‍ചിറയ്ക്കകത്തു നിന്ന് അവന്റെ നാവ് ഒരു ശരംപോലെ പച്ചിലകളിലേക്ക് തുളഞ്ഞുകയറി.’
മതനിരപേക്ഷതയുടെ സസ്യശ്യാമള പച്ചിലകളിലേക്ക്, അധികാര ഹുങ്കിന്റെ മഴവില്‍ക്കമാനങ്ങള്‍ സൃഷ്ടിച്ച്, മണ്‍ചിറയ്ക്കകത്തുനിന്ന് വിഷം വമിക്കുന്ന നാവുകളിലൂടെ സര്‍പ്പാസ്ത്രങ്ങള്‍ തുളച്ചുകയറ്റുകയാണ് നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ സംഘ്പരിവാര ഫാസിസത്തിന്റെ വക്താക്കളും പ്രയോക്താക്കളും. ഒന്നാംഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ മോഡിയും കൂട്ടരും അപകടം മണത്തു. കര്‍ഷകരുടെയും തൊഴില്‍രഹിതരും അഭ്യസ്തവിദ്യരുമായ ചെറുപ്പക്കാരുടെയും തൊഴില്‍ നഷ്ടപ്പെടുന്നവരുടെയും പൗരാവകാശം നിഷേധിക്കപ്പെടുന്നവരുടെയും മതനിരപേക്ഷതയും ഭരണഘടനയും സംരക്ഷിക്കാനായി പൊരുതുന്നവരുടെയും പ്രതിഷേധവും പ്രക്ഷോഭവും ബിജെപിയുടെ നക്ഷത്രപ്രചാരകരായ നേതാക്കള്‍ക്കും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കുമെതിരെ അലയടിച്ചുയര്‍ന്നു. അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും നിരവധി ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കും റോഡ് ഷോകളും റാലികളും റദ്ദ് ചെയ്യേണ്ടിവന്നു. ജനവികാരം വ്യക്തമായതോടെ 400ലധികം സീറ്റ് നേടുമെന്ന് മാസങ്ങള്‍ക്ക് മുമ്പേ അഹന്തയോടെ പ്രഖ്യാപിച്ച നരേന്ദ്ര മോഡി അത് പാടേ മറന്നുപോയിരിക്കുന്നു. അമിത് ഷാ നാനൂറിലധികത്തില്‍ നിന്ന് കേവല ഭൂരിപക്ഷം നേടുമെന്ന നിലയിലെത്തി.

‘ഇത് മോഡിയുടെ ഗ്യാരന്റി’ എന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്ന മോഡിക്ക് ഇപ്പോള്‍ ഗ്യാരന്റിയെക്കുറിച്ച് ഉരിയാട്ടമില്ല. ഒരു പതിറ്റാണ്ടുകാലമായി മോഡിയുടെ ഗ്യാരന്റിയുടെ, വ്യാജവാഗ്ദാനങ്ങളുടെ പൊള്ളത്തരം തിരിച്ചറിഞ്ഞവരാണ് ഇന്ത്യന്‍ ജനത. പ്രതിവര്‍ഷം രണ്ട് കോടി തൊഴില്‍, പെട്രോള്‍ 50 രൂപയ്ക്ക് ഒരു ലിറ്റര്‍, ഡീസല്‍ 30 രൂപയ്ക്ക് ഒരു ലിറ്റര്‍, സൗജന്യ പാചകവാതക വിതരണ പദ്ധതിയും സിലിണ്ടറിന് 350 രൂപയും കള്ളപ്പണം പിടിച്ചെടുത്ത് ഓരോ പൗരന്റെയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപ. എത്രയെത്ര ഗ്യാരന്റി വാചാടോപങ്ങള്‍. ജനങ്ങളെ എന്നുമെന്നും കബളിപ്പിക്കാനാവില്ലെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ഒന്നാംഘട്ടം പിന്നിട്ടപ്പോള്‍ ജനസ്പന്ദനം മനസിലായിത്തുടങ്ങിയ മോഡിയും അമിത് ഷായും ആദിത്യനാഥുമുള്‍പ്പെട്ട താരപ്രചാരകര്‍ കാര്‍ഡ് മാറ്റിപ്പിടിച്ചു. വികസനവും തൊഴിലും ശൗചാലയവും പുതുഗ്യാരന്റികളും പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെ ബീഭത്സമായ മതഭ്രാന്തിന്റെ, വംശവിദ്വേഷത്തിന്റെ, വിഭജനത്തിന്റെ ‘കറുത്ത കാര്‍ഡ്’ പുറത്തെടുത്തു. രാമനും ഹിന്ദു പൗരോഹിത്യവും ന്യൂനപക്ഷ അധിക്ഷേപവും മാത്രമായി അജണ്ട. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ അയോധ്യയിലെ രാമക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുമെന്നും സരയൂനദിയില്‍ മുങ്ങിത്താണ രാമനെയും രാമക്ഷേത്രത്തെയും സംരക്ഷിക്കുവാന്‍ തനിക്കും തന്റെ കൂട്ടാളികള്‍ക്കും വോട്ട് നല്‍കണമെന്നുമാണ് മോഡിയുടെ അഭ്യര്‍ത്ഥന. രാമന്‍ സനാതന ധര്‍മ്മങ്ങളുടെ പ്രതിനിധിയും പ്രതീകവുമായാണ് ആദികവി രത്നാകരന്‍ എന്ന വാല്മീകി (ചിതല്‍പ്പുറ്റില്‍ നിന്ന് പുറത്തുവന്നയാള്‍) ഇതിഹാസമായ രാമായണത്തില്‍ അവതരിപ്പിച്ചത്. ആ ശ്രീരാമന്റെ ദര്‍ശനങ്ങളെ, സനാതന ധര്‍മ്മങ്ങളെ ജീവിതത്തില്‍ ആശ്ലേഷിച്ചുപിടിച്ച ഗാന്ധിജിയുടെ ഹൃദയത്തിലേക്ക് വെടിയുണ്ടകള്‍ വര്‍ഷിച്ച ഗോഡ്സെയുടെയും സവര്‍ക്കറുടെയും അനുചരന്മാര്‍ക്ക് എന്ത് രാമഭക്തി? എന്ത് സനാതനധര്‍മ്മം?

മിത്തുകളും ബിംബങ്ങളും എന്നും സംഘ്പരിവാര ഫാസിസ്റ്റുകള്‍ക്ക് രാഷ്ട്രീയായുധമായിരുന്നു. രഥയാത്രകള്‍, ശിലാന്യാസം, ബാബറി പള്ളി പൊളിക്കല്‍, വര്‍ഗീയ ലഹളകള്‍ ഇതെല്ലാം രാഷ്ട്രീയ നേട്ട ത്തിനായുള്ള ഉപകരണങ്ങളായിരുന്നു. ആ രാഷ്ട്രീയായുധം കൊണ്ട് ഈ തെരഞ്ഞെടുപ്പില്‍ ഒരു വിഭാഗത്തിന്റെ വികാര വിചാരങ്ങളെ ഇക്കിളിപ്പെടുത്തി വോട്ടുകളാക്കുവാനുള്ള തീവ്രയത്നത്തിലാണ് ഇക്കൂട്ടര്‍. മഥുരയും കാശിയും സോമനാഥ ക്ഷേത്രവും താജ്മഹലും ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നു. ഇന്ത്യ സഖ്യം അധികാരത്തില്‍ വന്നാല്‍ ഇന്ത്യയെ പാകിസ്ഥാന് അടിയറവയ്ക്കുമെന്നും പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിച്ച് കീഴ്പ്പെടുത്തുമെന്നും വ്യാജ പ്രചരണത്തിന്റെ പ്രചണ്ഡ ഘോഷയാത്ര നടത്തുന്നു. ബിജെപി അധികാരത്തിലെത്തിയാല്‍ പാക് അധിനിവേശ കശ്മീര്‍ ആറ് മാസത്തിനുള്ളില്‍ തിരിച്ചുപിടിച്ച് ഇന്ത്യയുടെ ഭാഗമാക്കുമെന്ന് ആദിത്യനാഥ് പറയുന്നു. 10 വര്‍ഷം അധികാര മേല്‍ക്കോയ്മ നടത്തിയവര്‍ക്ക് എന്തുകൊണ്ട് അത് സാധിച്ചില്ല എന്ന ചോദ്യത്തിന് ഉത്തരമില്ല. ഏപ്രില്‍ 21ന് രാജസ്ഥാനിലെ ബന്‍സ്വാരയിലെ റാലിയില്‍ നരേന്ദ്ര മോഡി പറഞ്ഞു: ‘ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ അവര്‍ ഹിന്ദുക്കളുടെ സ്വര്‍ണവും വെള്ളിയും ഭൂമിയും കണക്കെടുപ്പ് നടത്തി കൂടുതല്‍ മക്കളുള്ള നുഴഞ്ഞുകയറ്റക്കാര്‍ക്ക് വീതിച്ചുനല്‍കും’ ഒരു മതനിരപേക്ഷ രാഷ്ട്രത്തിന്റെ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു പ്രധാനമന്ത്രി പറയാവുന്നതാണോ ഈ വാചകങ്ങള്‍.

നിയമ നീതിന്യായ സംവിധാനങ്ങളെയും ചരിത്ര ഗവേഷണ കൗണ്‍സിലിനെയും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെയും ഭരണകൂട സ്ഥാപനങ്ങളെയും ഫാസിസ്റ്റ് അജണ്ടകളോടെ കാല്‍ക്കീഴിലാക്കിയ മോഡി ഭരണകൂടം തെരഞ്ഞെടുപ്പ് കമ്മിഷനെയും നിശബ്ദമാക്കി തങ്ങളുടെ പാവകളിക്കാരാക്കി. ഏപ്രില്‍ ആദ്യവാരം മുതല്‍ നരേന്ദ്ര മോഡിയും അമിത് ഷായും ആദിത്യനാഥും ജെ പി നഡ്ഡയും നടത്തിയ മതവെെരത്തിന്റെയും വിദ്വേഷത്തിന്റെയും പ്രചരണത്തിനെതിരെ ഇന്ത്യ സഖ്യത്തിലെ എല്ലാ കക്ഷികളും മതനിരപേക്ഷ ചിന്തകരും പരാതി നല്‍കിയിട്ടും തെരഞ്ഞെടുപ്പ് അവസാന ഘട്ടങ്ങളിലേക്ക് കടക്കുന്നതുവരെ തെരഞ്ഞെടുപ്പ് കമ്മിഷനിലെ പാവക്കൂത്തുകാര്‍ മൗനത്തിന്റെ വല്മീകത്തിലായിരുന്നു. ഒടുവില്‍ മേയ് 22ന് നാവനങ്ങിയപ്പോള്‍ കൂടുതല്‍ പരിഹാസ്യരാവുകയും ചെയ്തു. നരേന്ദ്ര മോഡിയോടും അമിത്‌ ഷായോടും ആദിത്യനാഥിനോടും വിശദീകരണം ചോദിക്കാന്‍ ധെെര്യം പോരാത്ത തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നഡ്ഡയോട് സമൂഹത്തെ ഭിന്നിപ്പിക്കരുതേയെന്ന് മൃദുലഭാഷയില്‍ കേണപേക്ഷിക്കുന്നു. സമൂഹത്തെ ഭിന്നിപ്പിക്കുന്നുവെന്ന് കമ്മിഷന് ബോധ്യപ്പെട്ടെങ്കില്‍ അതിന്റെ കാരണഭൂതര്‍ക്കെതിരെ ചെറുവിരല്‍ അനക്കാത്തത് എന്തുകൊണ്ട്? മോഡിയാദികളുടെ പേരുപോലും ഉച്ചരിക്കുവാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അധെെര്യം. ബിജെപി ദേശീയാധ്യക്ഷന് കത്തയച്ചതിനൊപ്പം കോണ്‍ഗ്രസ് അധ്യക്ഷനും കമ്മിഷന്‍ കത്തയച്ചു. ബിജെപി ഭരണഘടനയെ അട്ടിമറിക്കുമെന്ന് പറയരുത്, തമിഴ്‌, കന്നഡ, മണിപ്പൂരിയുള്‍പ്പെടെയുള്ള ഭാഷകളെയും സംസ്കാരങ്ങളെയും ബിജെപി അപമാനിക്കുന്നുവെന്ന് ഉരുവിടരുത് എന്നാണ് കല്പന. ഭരണഘടന അധികാരത്തിലെത്തിയാല്‍ മാറ്റിയെഴുതുമെന്ന് പറഞ്ഞത് ആദിത്യനാഥാണ്. പാര്‍ലമെന്റിന്റെ പുതിയ മന്ദിരോദ്ഘാടനവേളയില്‍ ബിജെപി വിതരണം ചെയ്ത ഭരണഘടന തന്നെ തിരുത്തപ്പെട്ടതായിരുന്നു. മതനിരപേക്ഷതയും സോഷ്യലിസവും അവര്‍ വിതരണം ചെയ്ത ഭരണഘടനയില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. ഇനി ജനാധിപത്യവും തിരസ്കരിക്കപ്പെടും. മനുസ്മൃതിയായിരിക്കണം രാജ്യത്തിന്റെ ഭരണഘടന എന്ന മാധവ് സദാശിവ് ഗോള്‍വാള്‍ക്കറുടെ സിദ്ധാന്തം നടപ്പാക്കാനാണ് മോഡി യത്നിക്കുന്നത്.
75 വയസ് പരിധിവച്ച് രാഷ്ട്രീയ ഗുരുക്കളായ എല്‍ കെ അഡ്വാനിയെയും മുരളീമനോഹര്‍ ജോഷിയെയും മൂലയ്ക്കിരുത്തിയ നരേന്ദ്ര മോഡിക്ക് പ്രായപരിധി പ്രശ്നമേയല്ല. അമ്മ മരിക്കുന്നതുവരെ താന്‍ ധരിച്ചിരുന്നത് അമ്മയുടെ മകനാണ് എന്നാണ്. അമ്മ മരിച്ചപ്പോള്‍ മനസിലായി ദെെവം തന്നെ ഇന്ത്യയിലേക്ക് പറഞ്ഞയച്ചതാണെന്ന്. അതുകൊണ്ട് ഇന്ത്യയെ രക്ഷിക്കുവാന്‍ ദെെവപുത്രന്‍ തന്നെ വേണം പോലും. അധികാരപ്രമത്തത ബാധിച്ച ഒരാളുടെ ജല്പനമല്ലാതെ എന്താണിത്.
മതക്രോധത്തിന്റെയും വംശവെറിയുടെയും അധമരാഷ്ട്രീയമുയര്‍ത്തുന്നവര്‍ ‘മനസ് നന്നാവട്ടേ, മതമേതെങ്കിലുമാവട്ടെ’ എന്ന കവിവചനം ഓര്‍മ്മിച്ചാല്‍ നന്നായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.