18 November 2024, Monday
KSFE Galaxy Chits Banner 2

കലോത്സവ കലാപ്രതിഭകള്‍ക്ക് ഹൃദയാഭിവാദ്യം

Janayugom Webdesk
January 9, 2023 5:00 am

ഞ്ചു നാള്‍. 24 വേദികളിലായി 14000ത്തിലധികം കലാകാരന്മാര്‍ മാറ്റുരച്ച അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവം കോഴിക്കോട് ശനിയാഴ്ച സമാപിച്ചു. ഏഷ്യയിലെതന്നെ വലിയ കലോത്സവങ്ങളില്‍ ഒന്നാണിത്. പങ്കെടുത്തത് 14,000 കലാകാരന്മാരാണെങ്കിലും സ്കൂള്‍തലം മുതല്‍ ആരംഭിച്ച്, സബ്‌ജില്ല, ജില്ലാതല മത്സരങ്ങളിലൂടെ ജയിച്ചു കയറുന്നവരെ പങ്കെടുപ്പിച്ചുള്ള സംസ്ഥാനതല മത്സരം കൂടി പൂര്‍ത്തിയാകുമ്പോള്‍ സ്കൂള്‍ കലോത്സവത്തിലെ യഥാര്‍ത്ഥ പങ്കാളിത്തം ലക്ഷങ്ങളാണെന്ന് കണക്കാക്കാവുന്നതാണ്. എല്ലാ വിദ്യാഭ്യാസ വര്‍ഷവുമാണ് സ്കൂള്‍ കലോത്സവങ്ങളുടെ കാലഗണനയെങ്കിലും കോവിഡ് ജീവിതചക്രം മാറ്റിമറിച്ച രണ്ടാണ്ട് നടത്താനാകാതെ പോയി. അതുകൊണ്ടുതന്നെ കരുതലോടെയും എന്നാല്‍ ഇതുവരെയില്ലാത്തത്ര ക്രമീകരണങ്ങളോടെയുമായിരുന്നു കോഴിക്കോട് കലോത്സവത്തിന് ആതിഥ്യമരുളിയത്. കലോത്സവ സമാപനത്തില്‍ സംഘാടക സമിതി അധ്യക്ഷന്‍ കൂടിയായിരുന്ന മന്ത്രി പി എ മുഹമ്മദ് റിയാസ്‍ വ്യക്തമാക്കിയൊരു കാര്യം പ്രസക്തമാണ്. ഇത്തവണ രക്ഷിതാക്കളുടെ മത്സരമായിരുന്നില്ല കോഴിക്കോട് നടന്നത് എന്നതായിരുന്നു അത്. ഇതുവരെ നടന്ന എല്ലാ കലോത്സവങ്ങളെ കുറിച്ചുമുയരാറുണ്ടായിരുന്ന പരാതി സ്വന്തം കുട്ടികള്‍ക്കുവേണ്ടി രക്ഷിതാക്കള്‍ പരസ്പരം മത്സരിക്കുന്നുവെന്നായിരുന്നു. അത് ഇത്തവണ വളരെയധികം ഉണ്ടായില്ലെന്നത് കലോത്സവത്തിന്റെ പ്രത്യേകതകളില്‍ പ്രധാനപ്പെട്ടതാണ്. പരാതികള്‍ വളരെയധികമില്ലാതെ ഇത്രയും വലിയ പങ്കാളിത്തമുള്ള മത്സരം സംഘടിപ്പിക്കുകയെന്നത് പ്രയാസമുള്ള കാര്യമാണ്. ഉച്ചഭാഷിണി മുതല്‍ പങ്കെടു ക്കുന്നവര്‍ക്ക് ഉറക്കമൊരുക്കലും ഭക്ഷണവും വരെ പരാതിക്കിട നല്കാനുള്ള സാധ്യതകള്‍ പലതാണ്. എന്നാല്‍ മികച്ച സംഘാടനത്തിലൂടെ 21 സബ്കമ്മിറ്റികളുടെ നേതൃത്വത്തില്‍ വലിയ പരാതികള്‍ ഇല്ലാതെ അഞ്ചുനാള്‍ നീണ്ട മത്സരം സമാപിച്ചുവെന്നത് വലിയ കാര്യമാണ്. ജനുവരി ഏഴിനാണ് മത്സരങ്ങള്‍ ഔപചാരികമായി ആരംഭിച്ചതെങ്കിലും അതിനും മാസങ്ങള്‍ക്ക് മുമ്പ് തന്നെ കൈമെയ് മറന്ന് പ്രവര്‍ത്തിച്ച ആയിരക്കണക്കിനാളുകളാണ് കലോത്സവത്തെ വിജയിപ്പിച്ചവര്‍. പ്രധാന സംഘാടക സമിതിക്കും സബ്‌കമ്മിറ്റികള്‍ക്കും കീഴില്‍ അവര്‍ നടത്തിയ അത്യധ്വാനമാണ് വിജയത്തിന്റെ ചാലക ശക്തിയായത്. അവരില്‍ അധ്യാപക — വിദ്യാര്‍ത്ഥികളുണ്ട്. രാഷ്ട്രീയ‑യുവജന — സാമൂഹ്യ- സന്നദ്ധ പ്രവര്‍ത്തകരുണ്ട്.


ഇതുകൂടി വായിക്കൂ: മുതിര്‍ന്ന പൗരന്‍മാര്‍ക്കൊപ്പം ജനകീയ സര്‍ക്കാര്‍


മത്സരാര്‍ത്ഥികളും അധ്യാപക — വിദ്യാര്‍ത്ഥികളും മറ്റുള്ളവരുമായി പതിനായിരങ്ങളാണ് ഓരോ വേദിയിലും മത്സരം കാണുന്നതിനെത്തിയത്. പ്രതിദിനം കാല്‍ ലക്ഷത്തോളം പേര്‍ക്ക് ഭക്ഷണമൊരുക്കിയിട്ടുണ്ട്. ഇത്രയധികം പേര്‍ വന്നുപോകുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആരോഗ്യ — പൊലീസ്, ഫയർ ഫോഴ്സ്, കോര്‍പറേഷൻ തുടങ്ങിയ സംവിധാനങ്ങളും ഇന്ത്യൻ റിസർവ് ബറ്റാലിയൻ, എൻസിസി, എസ്‌പിസി കേഡറ്റുകൾ ഉള്‍പ്പെടെയുള്ള വോളണ്ടിയര്‍മാരും അക്ഷീണം യത്നിച്ചതുകൊണ്ട് അക്കാര്യത്തിലും വലിയ പരാതികളോ പ്രശ്നങ്ങളോ ഉണ്ടായില്ല. ലക്ഷക്കണക്കിനാളുകള്‍ ഒരേ സ്ഥലത്തെത്തുമ്പോള്‍ ഉണ്ടാകാവുന്ന മറ്റൊന്നാണ് യാത്രാ പ്രശ്നവും ഗതാഗത സ്തംഭനവും. കോഴിക്കോടുപോലെ ഒരു നഗരത്തില്‍ സ്വാഭാവികമായി ഉണ്ടാകാവുന്ന പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിനും സമഗ്രമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. അതിന് പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവയ്ക്കൊപ്പം തൊഴിലാളികളും വലിയ പങ്കുവഹിച്ചു. ഈ വിധത്തില്‍ ഭരണസംവിധാനങ്ങള്‍ മാത്രമല്ല, കോഴിക്കോട് നടക്കുന്നത് തങ്ങളുടെ കൂടി ഉത്സവമാണെന്ന് ഒരുനാടാകെ ഏറ്റെടുത്തതാണ് സംസ്ഥാന സ്കൂള്‍ കലോത്സവം ഇത്രമേല്‍ വിജയിക്കുന്നതിന് കാരണമായത്.


ഇതുകൂടി വായിക്കൂ: കോഴിക്കോടിന്റെ പക്ഷം ഇടതുപക്ഷം


അതോടൊപ്പം കലോത്സവ വിജയത്തിന്റെ പ്രധാന ഘടകം മത്സരിക്കാനെത്തിയ പതിനായിരക്കണക്കിന് കുട്ടികള്‍ കൂടിയാണ്. ജില്ലാതല മത്സരങ്ങളില്‍ മികവ് പ്രകടിപ്പിച്ച പതിനായിരങ്ങളാണ് വിവിധ ഇനങ്ങളില്‍ മത്സരിച്ചത്. കായിക മത്സരങ്ങളെ കുറിച്ച് പറയുമ്പോള്‍ സ്പോര്‍ട്മാന്‍ സ്പിരിറ്റ് എന്ന പ്രയോഗമുണ്ട്. കലാമത്സരങ്ങളില്‍ അതിന് സമാനമായ പദം പറഞ്ഞുകേട്ടിട്ടില്ലെങ്കിലും വിദ്യാര്‍ത്ഥികള്‍ അതേ മനോഭാവത്തോടെ മത്സരങ്ങളില്‍ പങ്കെടുത്തുവെന്നതും കോഴിക്കോട് സ്കൂള്‍ കലോത്സവത്തിന്റെ പ്രത്യേകതകളില്‍ ഒന്നാണ്. അപ്പീലുകളുടെ എണ്ണം കുറഞ്ഞതും വേദിയില്‍ വിദ്യാര്‍ത്ഥികള്‍ മത്സരിക്കുമ്പോള്‍ പുറത്ത് രക്ഷിതാക്കള്‍ മത്സരിക്കുന്നത് കുറഞ്ഞതും ഇത്തവണത്തെ കലോത്സവത്തെ വേറിട്ടതാക്കി. സംസ്ഥാനത്തു മാത്രമല്ല രാജ്യാന്തര വേദികളിലും കലാ — സാഹിത്യ സാംസ്കാരിക സാമൂഹ്യ മേഖലകളില്‍ പ്രഗത്ഭരായ നിരവധി പ്രതിഭകളെ സമ്മാനിച്ച ഒന്നാണ് കേരള സ്കൂള്‍ കലോത്സവങ്ങള്‍. ഗ്രേസ് മാര്‍ക്കിന്റെ പ്രലോഭനത്തിനപ്പുറം ജന്മസിദ്ധമായി അഭിരുചിയുള്ള രംഗങ്ങളില്‍ പ്രതിഭ തെളിയിക്കുന്നതിനുള്ള അവസരമായി കലോത്സവത്തെ കാണുന്നവരാണ് മത്സരാര്‍ത്ഥികളിലെ മഹാഭൂരിപക്ഷവും. അവരാണ് കലോത്സവത്തിന്റെ ജീവധാരയായി പങ്കാളികളാകുന്നതും നിലനിര്‍ത്തുന്നതും. കോഴിക്കോട് കലോത്സവത്തില്‍ മത്സരിച്ച പതിനായിരങ്ങളില്‍ കുറേയധികം പേര്‍ ഭാവിയിലും തിളങ്ങിനില്ക്കുമെന്നുറപ്പാണ്. അവരുള്‍പ്പെടെ അംഗീകാരം നേടിയവരെയും ഒപ്പം വേദിയില്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും മെച്ചപ്പെട്ടവര്‍ പലരുണ്ടായതിനാല്‍ പിന്തള്ളപ്പെട്ടുപോയ മത്സരാര്‍ത്ഥികളെയും ഹൃദയപൂര്‍വം അഭിവാദ്യം ചെയ്യുന്നു.

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.