
അധികാരത്തില്‍ വന്നാല്‍ രാജ്യത്തെ ഗുരുദ്വാരകളും മസ്ജിദുകളും ഇടിച്ച് നിരത്തുമെന്ന ബിജെപി നേതാവിന്റെ പ്രസ്താവനക്കെതിരെ സിഖ് സംഘടന.
നിയമസഭ തെരഞ്ഞടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിലാണ് ബിജെപി നേതാവ് സന്ദീപ് ധ്യാമ വിവാദ പ്രസ്താവന നടത്തിയത്. വിവാദ പ്രസ്താവന പഞ്ചാബിലും കോളിളക്കം സൃഷ്ടിച്ചു. ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ നിലപാടാണ് പ്രസ്താവനയിലുടെ പുറത്ത് വന്നതെന്ന് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) പറഞ്ഞു.
ടിജാര നിയമസഭ മണ്ഡലത്തിലെ തെരഞ്ഞടുപ്പ് യോഗത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സാന്നിദ്ധ്യത്തിലായിരുന്നു സന്ദീപ് ധ്യാമയുടെ വിദ്വേഷ പ്രസ്താവന. ബിജെപിയുടെ തനിനിറം പുറത്ത് കാട്ടുന്ന വാക്കുകളാണിതെന്നും ന്യൂനപക്ഷ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ബിജെപി നിലപാട് രാജ്യത്തിന് തന്നെ നാണക്കേടാണെന്നും എസ്ജിപിസി പ്രസിഡന്റ് ഹര്‍ജീന്ദര്‍ സിങ് ധാമി അഭിപ്രായപ്പെട്ടു.
പഞ്ചാബിലും സിഖ് സമുദായത്തിലും പ്രതിഷേധം ആളിക്കത്തിയതോടെ വിവാദ പ്രസ്താവന തിരുത്തിയ ധ്യാമ മസ്ജിദുകളും മദ്രസകളും ഇടിച്ച് നിരത്തുമെന്നാണ് ഉദ്ദേശിച്ചതെന്നും നാക്കു പിഴ സംഭവിച്ചതില്‍ ഖേദിക്കുന്നുവെന്നും പിന്നിട് പ്രഖ്യാപിച്ചുവെങ്കിലും വിഷയം ഗൗരവമായി തുടരുന്നതായി എസ്ജിപിസി നേതാക്കള്‍ പറഞ്ഞു.
അകാല്‍ തക്തും മറ്റ് സിഖ് സംഘടനകളും പ്രസ്താവനയ്ക്കതിരെ രംഗത്തുവന്നിട്ടുണ്ട്. രാജ്യത്തെ ന്യൂനപക്ഷ വിഭാഗം ജനങ്ങള്‍ ഇപ്പോള്‍ തന്നെ ഭീതിയിലാണ് ജീവിക്കുന്നതെന്ന് അകാല്‍ തക്ത് മുന്‍ തലവന്‍ ഗ്യാനി ഹര്‍പ്രീത് സിങ് അഭിപ്രായപ്പെട്ടു. ഗുരുദ്വാരകളും മസ്ജിദുകളും ഇടിച്ച് നിരത്തുമെന്ന പ്രഖ്യാപനം ജനാധിപത്യ സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന സംസ്കാരത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ സന്ദീപ് ധ്യാമയുടെ പ്രസ്താവനയില്‍ ബിജെപി പഞ്ചാബ് ഘടകം ഇതുവരെ പ്രതികരിച്ചിട്ടില്ല.
English Summary: Gurdwara and Masjid will be demolished: Sikh organizations against BJP
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.