22 December 2024, Sunday
KSFE Galaxy Chits Banner 2

ലോകം മഹാഗുരുവിലേക്ക്

സ്വാമി ഗുരുപ്രസാദ്
(സെക്രട്ടറി, ശിവഗിരി തീർത്ഥാടന കമ്മിറ്റി)
December 30, 2021 6:30 am

ജഗദ്ഗുരു ശ്രീനാരായണ പരമഹംസദേവൻ കല്പിച്ചനുവദിച്ച അഷ്ടവിഷയങ്ങളുടെ ചർച്ചകൾക്കും പഠനത്തിനും ഒരിക്കൽകൂടി അവസരം കൈവരുന്നു. ശിവഗിരി മഹാതീർത്ഥാടനം ഇത്തവണ നടക്കുമ്പോൾ തീർത്ഥാടന ലക്ഷ്യങ്ങൾക്കുള്ള പ്രാധാന്യം ഏറുകയാണ്. ലോകം ഒന്നായി വലിയൊരു ഭീഷണിയെ നേരിടുകയും മനുഷ്യസാധ്യമായ മാർഗങ്ങളിലൂടെ കുറെയൊക്കെ പ്രതിരോധിക്കാനും കഴിഞ്ഞ കോവിഡ്-19 ഈ തീർത്ഥാടനത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നുണ്ട്. കോവിഡ് വ്യാപകമായതിനെത്തുടർന്ന് ശിവഗിരി തീർത്ഥാടനം മാത്രമല്ല സമാനമായ മറ്റു പല തീർത്ഥാടനങ്ങളും ആഘോഷങ്ങളുമൊക്കെ ഒഴിവാകുകയുണ്ടായി. കേരളത്തിൽ മാത്രമല്ല ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും വിദേശരാജ്യങ്ങളിലും ഇതേ അവസ്ഥ തന്നെയാണ് കാണാനിടയായത്. കോവിഡ് ഭീഷണി വ്യാപകമായപ്പോഴും ഗുരുമൊഴികൾ എവിടെയും സംസാരവിഷയങ്ങളായി. ശിവഗിരി തീർത്ഥാടനത്തിനു അനുമതി നല്കിയത് 1928 ജനുവരി 16നായിരുന്നു. കേവലം ഒരാൾക്കൂട്ടത്തെ സൃഷ്ടിച്ചുകൊണ്ട് ആനയും അമ്പാരിയും വാദ്യഘോഷങ്ങളും മുദ്രാവാക്യങ്ങളും മുഴങ്ങുന്ന പതിവുരീതിയിൽ നടക്കാറുള്ള ആഘോഷങ്ങളിലേക്ക് ശിവഗിരി തീർത്ഥാടനം കടന്നുവരാറില്ല. മനുഷ്യകുലത്തിന്റെ സമഗ്രമായ പുരോഗതിക്കാധാരമായ വിഷയങ്ങളും ചർച്ചകളും പഠനങ്ങളുമാണ് ശിവഗിരിയിൽ തീർത്ഥാടനകാലം ഉയർന്നുകേൾക്കാറുള്ളത്. ഇതുവഴി ഇതര തീർത്ഥാടനങ്ങളിൽ നിന്നും ശിവഗിരി തീർത്ഥാടനം ഇന്നലെകളിലും ഇന്നും നാളെയും വ്യത്യസ്തത പുലർത്തുന്നു. വിദ്യാഭ്യാസത്തിനാണ് ഗുരുദേവൻ കൂടുതൽ പ്രേരണ നല്കിയിരുന്നത്. അറിവുള്ള ജനതയ്ക്ക് മറ്റെല്ലാ സൗഭൗഗ്യങ്ങളും വന്നുചേർന്നുകൊള്ളുമെന്നും അവിടുന്നു കണ്ടറിഞ്ഞു. തീർത്ഥാടനവിഷയങ്ങളിലെ പ്രഥമ പരിഗണനയും വിദ്യാഭ്യാസത്തിനു നല്കി. ശുചിത്വവും ഈശ്വരവിശ്വാസവും വേണമെന്നുള്ളത് അറിവുനേടിയ മനുഷ്യൻ സ്വയം ആർജ്ജിക്കുവാൻ പ്രേരിതനാകും.


ഇതുകൂടി വായിക്കാം; വിശ്വ മാനവികതയുടെ മഹാഗുരു


സംഘടന മനുഷ്യജീവിത നവീകരണത്തിനും ഉയർച്ചയ്ക്കും പര്യാപ്തം തന്നെ. ഗുരുദേവന്റെ ഗൃഹസ്ഥശിഷ്യരിലൊരാളായിരുന്ന വാടപ്പുറം ബാവ മുന്നിൽ നിന്നു രൂപം കൊടുത്ത തിരുവിതാംകൂർ തൊഴിലാളി പ്രസ്ഥാനം സംഘടനാരംഗത്തു മാതൃകതന്നെയായിരുന്നു. തിരുവിതാംകൂറിൽ പ്രവർത്തിച്ചുപോന്ന അക്കാലത്തെ ചില വ്യവസായ സ്ഥാപനങ്ങളിൽ ഉടമകൾ ജീവനക്കാരോടു കാട്ടിപ്പോന്ന അതി ക്രൂരതകൾക്കെതിരെയുള്ള പ്രതിരോധത്തിനായി തെരഞ്ഞെടുത്ത മാർഗങ്ങളിൽ ഒന്നായിരുന്നു ഈ തൊഴിലാളി സംഘടന. ഗുരുവിനെ സന്ദർശിച്ച് തൊഴിലാളികൾ നേരിടുന്ന വി­ഷമതകളെപ്പറ്റി ആവലാതി പറഞ്ഞ ബാവയോടു സംഘടിതമായി നിന്നുകൊണ്ടു പ്രതിസന്ധിയെ നേരിടാനായിരുന്നു ഗുരുവിന്റെ കല്പന. കയർഫാക്ടറികളിൽ പണിയെടുത്ത് എല്ലാവിധ പീഡനങ്ങളും പേറേണ്ടിവന്ന തൊഴിലാളിവർഗ്ഗത്തിന്റെ ഉയർത്തെഴുന്നേല്പിന്റെ കഥയാണ് ഗുരുദേവ ഉപദേശം തേടിയ ഈ മേഖലയ്ക്ക് പറയുവാനുള്ളത്. കേരളവും ഇന്ത്യയും ഇന്നു സംഘടിത തൊഴിൽ മേഖലകളിൽ വിവിധരീതിയിൽ കക്ഷിരാഷ്ട്രീയത്തിന്റെയും അല്ലാതെയുമുള്ള തൊഴിൽ സംഘടനകൾ സജീവമായി നിലനില്ക്കുന്നതിന്റെ പിന്നാമ്പുറങ്ങളിലൂടെ ഗവേഷണം നടത്തിയാൽ കാണാനാവുക ഈ മേഖലയിലെ ഗുരുദേവസാന്നിധ്യം തന്നെ. കൃഷി കോവിഡുകാലത്ത് എവിടെയും മുന്നേറുകയുണ്ടായി. ഏതെങ്കിലും കൃഷികളിലേക്കു തിരിയാത്ത ഒരു കുടുംബം നാട്ടിലില്ലെന്ന സ്ഥിതി വന്നുചേർന്നു. വലിയ വിലകൊടുത്ത് സമാഹരിച്ച് ഉപയോഗിച്ചുവന്ന ഭക്ഷ്യ ഉല്പന്നങ്ങൾ ഓരോ കുടുംബവും മനസുവച്ചാൽ നമുക്കു ഉല്പാദിപ്പിക്കാവുന്നതേയുള്ളു എന്നു കണ്ടെത്താനും കോവിഡ്‌കാലം പ്രേരിപ്പിച്ചു. മാത്രവുമല്ല ഉല്പന്നങ്ങളുടെ വിപണന സാധ്യത കുറഞ്ഞപ്പോൾ അയൽവീടുകളിലേക്കു കൂടി തങ്ങൾക്കുള്ളതു നല്കാനും അവരിൽ നിന്നുള്ളത് സ്വീകരിക്കാനും പ്രേരകമായി. മതിലുകൾ തീർത്തു സ്വകാര്യജീവിതത്തിൽ ശ്രദ്ധിച്ചു പോന്ന ജനത പരസ്പരസഹകരണത്തിനു തയാറായി. ഇനിയുള്ള കാലം ലോകം മഹാഗുരുവിന്റെ ഉപദേശങ്ങൾ നെഞ്ചിലേറ്റി മുന്നേറുക എന്നതാണു വേണ്ടത്. അതിന് എൺപത്തിയൊമ്പതാം തീർത്ഥാടനം പ്രേരണ നൽകട്ടെ. ലോകം മഹാഗുരുവിലേക്കാകട്ടെ.

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.