30 December 2025, Tuesday

Related news

December 19, 2025
December 11, 2025
October 20, 2025
October 13, 2025
September 16, 2025
August 24, 2025
July 13, 2025
June 28, 2025
June 20, 2025
June 18, 2025

ചൂട് ഒരു നിസാര പ്രതിഭാസമല്ല

Janayugom Webdesk
February 27, 2024 5:00 am

വേനൽ കടുക്കുകയാണ്; സര്‍ക്കാര്‍ സംവിധാനങ്ങളുടെ മുന്നറിയിപ്പുകളും. അധികാരികള്‍ നല്‍കുന്ന മുന്നറിവുകള്‍ അവഗണിക്കുകയും, ദുരന്തമുഖത്തെത്തുമ്പോള്‍ മാത്രം അനുസരിക്കുകയും ചെയ്യുന്ന സാധാരണനിലയിലെ ലാഘവബുദ്ധി നാം കാണിക്കരുത്. കാരണം ചൂട് പരിധിവിടുന്നത് നിസാര പ്രതിഭാസമല്ല. ആഗോള താപനില പുതിയ റെക്കോഡിലേക്ക് കുതിച്ചുയർന്നുകൊണ്ടിരിക്കുകയാണ് എന്നാണ് ശാസ്ത്രലോകം അറിയിക്കുന്നത്. ക്രമാതീതമായി ഉയരുന്ന താപനില ലോകമെമ്പാടും ഉഷ്ണതരംഗങ്ങൾക്ക് കാരണമാകുന്നു. ആഗോളതാപനവും എൽനിനോ പ്രതിഭാസവും മൂലമാണ് താപനിലയിൽ വലിയ വർധനവുണ്ടാകുന്നത്. ഒപ്പം സമുദ്രത്തിലെ താപനിലയും വൻതോതിൽ ഉയർന്നിട്ടുണ്ട്. അതിനാൽത്തന്നെ ഫെബ്രുവരി മാസം ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ചൂടേറിയ മാസമായി ചരിത്രമാകുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ കണ്ടെത്തൽ. വർഷത്തിലെ ഏറ്റവും ചെറിയ മാസത്തിന്റെ അവസാനത്തിലേക്ക് കടക്കുമ്പോൾ ചൂട് പുതിയ റെക്കോഡിലേക്കാണ് കുതിച്ചുയരുന്നത്. ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന താപനില രേഖപ്പെടുത്തിയത് 2023ലാണ്. എന്നാല്‍ ഈവര്‍ഷം തുടക്കത്തിൽ തന്നെ അതിനെ കവച്ചുവയ്ക്കുന്ന തരത്തിലാണ് കണക്കുകൾ രേഖപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ഫെബ്രുവരിയിലൂടെയാണ് ലോകമിപ്പോൾ കടന്നുപോകുന്നതെന്ന് ഭൂവല്‍ക്ക ശാസ്ത്രജ്ഞനായ സീക്ക് ഹൗസ്‌ഫാദർ പറയുന്നു. എൽനിനോ മുൻവർഷങ്ങളിലെ പ്രവണത തുടരുമെങ്കിൽ, അതിന്റെ ഹ്രസ്വവും ഏറ്റവും ഉയർന്നതുമായ ആഘാതം ഇതായിരിക്കുമെന്നും അദ്ദേഹം പറയുന്നു. ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ, തായ്‌ലൻഡ്, ഇന്തോനേഷ്യ, കസാക്കിസ്ഥാൻ, കൊളംബിയ, ജപ്പാൻ, ഉത്തര കൊറിയ, മാലിദ്വീപ്, ബെലീസ് എന്നിവിടങ്ങളിൽ പ്രതിമാസ ചൂട് റെക്കോഡ് കടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി പകുതിയോടെ തന്നെ ഏകദേശം 140 രാജ്യങ്ങൾ പ്രതിമാസ താപനിലയിൽ റെക്കോഡ് രേഖപ്പെടുത്തിയെന്നും ശാസ്ത്രലോകം റിപ്പോർട്ട് ചെയ്യുന്നു. സമുദ്രോപരിതലത്തിലെ ചൂട് ക്രമാതീതമായി ഉയരുന്നതിനാൽ 2024 അവസാനത്തോടെ കൊടുങ്കാറ്റിനുള്ള സാധ്യതയുമുണ്ടെന്നും വെളിപ്പെടുത്തലുണ്ട്. വർധിച്ചുവരുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ വളരെക്കാലമായി ആശങ്കയുളവാക്കുന്നതാണെങ്കിലും വരുംവർഷങ്ങളിൽ ഇതിന്റെ വേഗതയും തീവ്രതയും കൂടുമെന്നത് ആശങ്കാജനകമാണ്.


ഇതുകൂടി വായിക്കൂ: കൃഷിഭൂമിയില്ല, കാടുകളില്ല; കാലാവസ്ഥാ ദുരന്തം മാത്രം


നമ്മുടെ സംസ്ഥാനത്തിന്റെ എല്ലായിടത്തും പതിവിലും കൂടുതൽ ചൂട് അനുഭവപ്പെടുന്നു. എൽനിനോ പ്രതിഭാസം മൂലം ഇവിടെയും വരണ്ട കാലാവസ്ഥയായിരിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. എൽനിനോ നീണ്ടുനിൽക്കുക ഏതാനും മാസങ്ങളിലേക്കാണെങ്കിലും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ കാലാവസ്ഥാ വ്യവസ്ഥകളെത്തന്നെ മാറ്റിമറിക്കുമെന്നാണ് ഗവേഷകർ ഭയപ്പെടുന്നത്. 2017–18 കാലഘട്ടത്തിൽ എല്‍നിനോ റിപ്പോർട്ട് ചെയ്യപ്പെട്ട ശേഷം ആഗോള കാലാവസ്ഥയിലും താപനിലയിലും ഉണ്ടായിട്ടുള്ള മാറ്റങ്ങൾക്ക് നമ്മളും സാക്ഷികളാണ്. ലോക കാലാവസ്ഥാ പ്രവചനത്തെത്തന്നെ തച്ചുതകർത്ത ഘട്ടമായിരുന്നു 2016. ആഗോള താപനിലയെ 2016ന് മുമ്പും ശേഷവും എന്ന രീതിയിലാണ് ശാസ്ത്രലോകം ഇപ്പോൾ വിലയിരുത്തുന്നത്. കഴിഞ്ഞ വർഷത്തേതുപോലെ ഫെബ്രുവരിയിൽത്തന്നെ പകൽച്ചൂട് വർധിക്കാൻ തുടങ്ങി. പൊതുവേ ചൂട് അനുഭവപ്പെടുന്ന പാലക്കാട് ഉള്‍പ്പെടെ ഏതാണ്ട് എല്ലാ ജില്ലകളിലും താപനില നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. സാധാരണ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലുണ്ടാകാവുന്ന പകല്‍ച്ചൂടിനെക്കാള്‍ അധികമായിരിക്കുന്നു ഫെബ്രുവരിയില്‍. അടുത്തമാസങ്ങളിലെത്തുമ്പോള്‍ മിക്കയിടത്തും അത് 40 കടക്കുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ തൊഴില്‍, യാത്ര, ഭക്ഷണം തുടങ്ങിയവയില്‍ അധികൃതര്‍ തരുന്ന മുന്നറിയിപ്പ് പാലിക്കേണ്ടത് അത്യാവശ്യമാണ്.


ഇതുകൂടി വായിക്കൂ: താപനം:അതീതമല്ല, അത്യുന്നതഹിമശൈലങ്ങളും


ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ദുരന്ത നിവാരണ അതോറിട്ടി അധികൃതർ അറിയിച്ചിട്ടുണ്ട്. പകൽ 11 മണി മുതൽ വൈകിട്ട് മൂന്ന് വരെ സമയത്ത് ശരീരത്തിൽ കൂടുതൽ സമയം നേരിട്ട് തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക, പരമാവധി ശുദ്ധജലം കുടിക്കുക, ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക, നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക, പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക, ഒആർഎസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിക്കണം. കുട്ടികളുടെ കാര്യത്തിൽ കൂടുതല്‍ ജാഗ്രത വേണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും, ക്ലാസ് മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കേണ്ടതും അത്യാവശ്യമാണെന്നും അറിയിപ്പുണ്ട്. യാത്രചെയ്യുമ്പോള്‍ ആവശ്യമായ വിശ്രമവും വെള്ളം കരുതുകയും വേണം. ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണമെന്നും മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. തീരപ്രദേശങ്ങളേയും മലയോര മേഖലകളെയും അപേക്ഷിച്ച് ഇടനാടുകളിലാണ് കൂടുതൽ താപനില രേഖപ്പെടുത്താൻ സാധ്യത. വേനൽമഴ സജീവമാകാൻ ഇനിയും മാസങ്ങൾ ബാക്കിയാണ്. അതുകൊണ്ട്, സൂര്യാഘാതത്തെ കരുതിയിരിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.