21 May 2024, Tuesday

Related news

May 8, 2024
May 6, 2024
May 6, 2024
May 4, 2024
May 3, 2024
May 2, 2024
May 1, 2024
April 29, 2024
February 28, 2024
February 24, 2024

ചൂടുകാലം: കുടിനീര്‍ വിപണിയുടെ പൂക്കാലം

കെ രംഗനാഥ്
തിരുവനന്തപുരം
February 24, 2024 9:15 pm
കൊടുംവേനലില്‍ ഉരുകിയൊലിക്കുന്ന കേരളം കുടിനീര്‍ വിപണിക്ക് പൂക്കാലമാവുന്നു. ഇന്നലെവരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 81 ലക്ഷം ലിറ്റര്‍ കുപ്പിവെള്ളമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വേനല്‍ക്കാലത്തെ അപേക്ഷിച്ച് കുടിനീര്‍ വില്പനയില്‍ ഈ വര്‍ഷം 70 ശതമാനത്തിലേറെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.  സംസ്ഥാനത്ത് 250ല്‍പരം കുപ്പിവെള്ള ഉല്പാദന യൂണിറ്റുകളാണുള്ളത്. ഇവയില്‍ 110 എണ്ണം മാത്രമാണ് ഇക്കഴിഞ്ഞ ഡിസംബര്‍ വരെ പൂര്‍ണതോതില്‍ ഉല്പാദനം നടത്തിയിരുന്നതെങ്കില്‍ വേനലായതോടെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന യൂണിറ്റുകളും സജീവമായി.
20 ലിറ്റര്‍ കുപ്പികളിലെ വെള്ളത്തിനാണ് ഏറ്റവുമധികം ആവശ്യക്കാരെന്ന് കേരളാ ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഹിലാല്‍ മേത്തര്‍ പറഞ്ഞു. ഫ്ലാറ്റുകള്‍, ഓഫിസുകള്‍, കച്ചവട സ്ഥാപനങ്ങള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലം‍ എന്നിവിടങ്ങളിലാണ് 20 ലിറ്റര്‍ വെള്ളം ഏറ്റവുമധികം വിറ്റഴിയുന്നത്. തീവണ്ടി, ബസ് യാത്രികര്‍, ബാറുകള്‍, ആശുപത്രികള്‍‍, പൊതുപരിപാടി സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ വിറ്റഴിയുന്നത് അര ലിറ്റര്‍, ഒരു ലിറ്റര്‍ കുപ്പിവെള്ളമാണ്.
ഒരു കിണറില്‍ നിന്നോ കുഴല്‍ക്കിണറില്‍ നിന്നോ പ്രതിദിനം 40,000 ലിറ്റര്‍ ജലമെടുത്ത് ശുദ്ധീകരിച്ച് കുപ്പികളില്‍ വില്‍ക്കാനേ അനുവാദമുള്ളു. എന്നാല്‍ വിപണിയില്‍ കച്ചവടം കൊഴുത്തതോടെ പുഴകളില്‍ നിന്നും ശുദ്ധീകരിക്കാത്ത ജലം ടാങ്കറുകളില്‍ നിറച്ച് വില്‍ക്കുന്ന സാമൂഹ്യവിരുദ്ധരും രംഗത്തുണ്ട്. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്സിന്റെ ഗുണനിലവാര പരിശോധനയില്ലാതെയാണ് ഈ അശുദ്ധജല കച്ചവടം. ജല അതോറിറ്റിയില്‍ നിന്നും വാണിജ്യാവശ്യത്തിന് വെള്ളം വാങ്ങി ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്ന വിരുതന്മാരും ധാരാളം.
ഇപ്രകാരം വെള്ളം സംഭരിക്കുന്ന ടാങ്കറുകള്‍ അണുവിമുക്തമെന്ന് ഉറപ്പുവരുത്താനുള്ള സംവിധാനവുമില്ല. പെെപ്പുവെള്ളത്തിന്റെ 3500 മടങ്ങ് മാലിന്യമാണ് കുപ്പിവെള്ളത്തിലെന്ന് ബാഴ്സലോണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്ലോബല്‍ ഹെല്‍ത്ത് ഈയിടെ കണ്ടെത്തിയിരുന്നു. അതേസമയം കിണറുകളിലെയും കുഴല്‍ക്കിണറുകളിലെയും ജലലഭ്യതയും വേനല്‍ കഠിനമായതോടെ കാര്യമായി കുറഞ്ഞെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഭൂഗര്‍ഭ ജലനിരപ്പ് അതിവേഗം താഴുന്നതാണ് കാരണം.
സംസ്ഥാനത്ത് 70 ലക്ഷത്തോളം കിണറുകളുണ്ടെന്നാണ് ഔദ്യോഗികമായ കണക്ക്. കൊല്ലം ജില്ലയിലാണ് ഏറ്റവുമധികം കിണര്‍ജലം ഉപയോഗിക്കുന്നത്. അവിടെ 85 ശതമാനം ജനങ്ങളും കിണര്‍വെള്ളത്തെ ആശ്രയിക്കുമ്പോള്‍ ഇടുക്കിയില്‍ അത് 39 ശതമാനമാണ്. പത്തോ പതിനഞ്ചോ മീറ്റര്‍ ആഴത്തില്‍ കുഴിച്ചാല്‍ കിണര്‍വെള്ളം കണ്ടെത്തിയിരുന്ന കാലം പഴങ്കഥയായി. ഇപ്പോള്‍ 100 അടി താഴ്ചയില്‍ കുഴിച്ചാലും വെള്ളം കണ്ടെത്താനാവാത്ത അവസ്ഥ.  വെള്ളത്തിന്റെ അമിതമായ ഉപയോഗവും വെള്ളം പാഴാക്കലും മലയാളിയുടെ ശീലക്കേടുകളാണ്. കാലാവസ്ഥാ വ്യതിയാനംമൂലം ഭൂഗര്‍ഭജലനിരപ്പ് താഴുന്നതും കൂട്ടിവായിച്ചാല്‍ കേരളത്തെ കാത്തിരിക്കുന്നത് കടുത്ത ജലക്ഷാമമാണെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Eng­lish Sum­ma­ry: heat ris­es in the state
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.