22 December 2024, Sunday
KSFE Galaxy Chits Banner 2

വൈരുദ്ധ്യങ്ങളുടെ ഹെം

പി സുനിൽ കുമാർ
July 2, 2023 2:07 pm

ജൂലൈ രണ്ട് ഞായർ. അറുപത്തി രണ്ട് വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസമാണ് ഏണസ്റ്റ് ഹെമിങ് വേ തന്റെ ജീവനൊടുക്കിയത്. ഒന്നാം ലോകമഹായുദ്ധത്തിൽ പതിനെട്ട് വയസ് പ്രായത്തിൽ ഇറ്റലിയിൽ ആംബുലൻസ് ഡ്രൈവറായും സ്പാനിഷ് സിവിൽ വാറിൽ പത്ര റിപ്പോർട്ടറായും ക്യൂബയിൽ ആഭ്യന്തര യുദ്ധം നടക്കുമ്പോൾ അവിടെയും രണ്ട് പ്ലെയിൻ അപകടങ്ങളിൽ മുറിവ് പറ്റുകയും അതിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്ത കടുത്ത മനോനിലയുള്ള വിഖ്യാത എഴുത്തുകാരൻ അറുപത്തി രണ്ട് വയസ് കടക്കാൻ പത്തൊൻപത് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കെച്ചമിലെ തന്റെ വസതിയിൽ എന്തിനാണ് ജീവിതം അവസാനിപ്പിച്ചത്?
ഇംഗ്ളീഷ് സാഹിത്യത്തിൽ നിർണായകമായ സ്വാധീനം വഹിച്ച നോവലിസ്റ്റ്, കഥാകൃത്ത്, തനത് രചനാ ശൈലിയുടെ ഉടമ അങ്ങനെ നിരവധി നേട്ടങ്ങൾക്ക് അർഹനാണ് ഹെം എന്നും പാപ്പ എന്നും ആരാധകർ വിളിക്കുന്ന ഏണസ്റ്റ് മില്ലർ ഹെമിങ് വേ. ഡോക്ടറായിരുന്ന അച്ഛനോടൊപ്പം അദ്ദേഹത്തിന്റെ ജോലിസ്ഥലങ്ങളിൽ താമസിക്കുകയും നീന്തൽ, വേട്ടയാടൽ, കാടുകളിലേക്കുള്ള യാത്ര, കാളപ്പോര്, ഫുട്ബോൾ, ബോക്സിങ് എന്നിവയിൽ പരിശീലനം നേടുകയും ചെയ്തു. 1899 മുതൽ 1961 വരെയുള്ള ജീവിതം നന്നായി ആഘോഷിച്ചയാളാണ് ഹെമിങ് വേ. 1920 ൽ തന്റെ ഇരുപത്തിയൊന്നാം വയസിൽ ഗ്രീക്ക് തുർക്കി യുദ്ധത്തിൽ പങ്കെടുത്ത ഹെം അവിടെ നിന്നും ലഭിച്ച വിലയേറിയ അനുഭവങ്ങൾ ഇഴചേർത്താണ് സാഹിത്യരചനയിലേക്ക് തിരിയുന്നത്. 1923 ൽ ആദ്യ രചന പുറത്തു വന്നു. അതായത് പാപ്പാ ഹെമിങ് വേയുടെ ആദ്യരചനയ്ക്ക് 100 വർഷമായി. ആദ്യകാല രചനകൾ അന്നൊന്നും ശ്രദ്ധേയമായിരുന്നില്ല. കാളപ്പോരിന്റെ നാടായ സ്പെയിനിൽ ഇക്കാലത്ത് എത്തിയ ഹെം അതിലേക്ക് വളരെ ആകൃഷ്ടനായി മത്സരങ്ങളിൽ പങ്കെടുത്തു സമ്മാനങ്ങൾ വാരിക്കൂട്ടി. പിന്നെ പാരീസിലേക്ക് പോയി തന്റെ ഏറ്റവും പ്രിയപ്പെട്ട നഗരത്തിലേക്ക്. അവിടെ പലരും പ്രിയപ്പെട്ട കൂട്ടുകാരായി. 1928 ൽ അച്ഛൻ, മകനെ വെടിവെക്കാൻ പഠിപ്പിച്ച അതേ തോക്ക് ഉപയോഗിച്ച് ജീവിതം ഒടുക്കി. അത്, തന്നെ അറിയിച്ച അമ്മയോട് ഹെം കത്തിലൂടെ പറഞ്ഞു “ഞാനും അതേ വഴി ചിലപ്പോൾ സ്വീകരിക്കും, വേണ്ടിവന്നാൽ.” പത്തു വർഷത്തിന് ശേഷം അദ്ദേഹമെഴുതിയ നോവലായ ‘മണി മുഴങ്ങുന്നതാർക്ക് വേണ്ടി‘യിലെ നായക കഥാപാത്രത്തിന്റെ അച്ഛൻ ആ പാതയാണ് ജീവിതമവസാനിപ്പിക്കാൻ വേണ്ടി തെരഞ്ഞെടുത്തത് എന്നത് യാദൃച്ഛികമെന്ന് കരുതാൻ വായനക്കാരന് കഴിയില്ല.
കുട്ടിക്കാലം മുതൽക്കേതന്നെ വീട്ടിൽ നിന്നും തോക്കുകളും മറ്റ് ആയുധങ്ങളും നേരിൽ കണ്ടും ഉപയോഗിച്ചും ഹെമ്മിന് നല്ല അനുഭവസമ്പത്തുണ്ടായിരുന്നു. മകനെ റിവോൾവർ ഉപയോഗിക്കാൻ അച്ഛൻ കുഞ്ഞിലേ ശീലിപ്പിച്ചിരുന്നു. യുദ്ധരംഗത്തെ അനുഭവങ്ങൾ മനുഷ്യന്റെ ചിന്തകളെ ആഴത്തിൽ മനസിലാക്കാനും രചനകളിൽ അതിന്റെ പൂർണാർധത്തിൽ വരച്ചിടാനും ഹെമ്മിനെ പര്യാപ്തനാക്കി.
ഹെമ്മിന്റെ കഥ പറച്ചിൽ രീതികൾ ഋജുവായതും സ്വാഭാവികത്വം നിറഞ്ഞതുമായിരുന്നു. വ്യക്തതയും പുതുമയും ആവാഹിച്ച കഥകളായിരുന്നു ഹെം പറഞ്ഞതും. അവയെല്ലാം ഹെമിങ് വേ പറഞ്ഞപോലെ മഞ്ഞുമലയുടെ മുകൾ ഭാഗം മാത്രം. ഉപരിതലസ്പർശിയായി ഹെം പറഞ്ഞ കാര്യങ്ങളൊക്കെയും അവിടം കൊണ്ട് അവസാനിക്കുന്നവയല്ലായിരുന്നു. അവയുടെ അടിയിൽ അന്തർലീനമായ ചുഴികളും മലരികളും ഒക്കെ വായനക്കാരൻ കണ്ടെത്തേണ്ടി വരും. എന്നാൽ പൂർണമായും അത് ഗ്രഹിക്കാൻ കഴിഞ്ഞെന്നു വരികയുമില്ല. എഴുത്തുകാരൻ ഉദ്ദേശിക്കുന്നത് പൂർണമായും മനസിലാക്കാൻ എല്ലാ വായനക്കാരനും കഴിയില്ല. അതു പോലെ തന്നെ തന്റെ മനസിലെ ആശയങ്ങൾ പൂർണമായും എഴുതാൻ ഒരെഴുത്തുകാരനും കഴിയില്ല എന്നും ഹെമിങ് വേ അഭിപ്രായപ്പെട്ടു. 

കാളപ്പോരിന്റെയും മദ്യത്തിന്റെയും സ്രാവ് വേട്ടയുടെയും പശ്ചാത്തലം തന്റെ കഥകളിലെപ്പോലെ സ്വന്തം ജീവിതത്തിന്റെയും പശ്ചാത്തലമായി മാറുകയായിരുന്നു. ജീവിതയാത്രയ്ക്കിടയിൽ നിരവധി രാജ്യങ്ങളിൽ സഞ്ചരിച്ച ഹെം വീഞ്ഞിന്റെയും ലഹരിയുടെയും ലോകത്തേക്ക് ചെറുപ്പത്തിലേ വീണു. 1944 തൊട്ട് കുറേക്കാലം രണ്ടാം ലോകമഹായുദ്ധത്തിൽ റിപ്പോർട്ട് ചെയ്യാൻ പോയ ഹെം യുദ്ധമുന്നണിയിൽ പരാജയമുണ്ടാകുമെന്ന് മുൻകൂട്ടി കണ്ട് തന്റെ യുദ്ധപരിചയം ഉപയോഗിച്ച് യുദ്ധനിരയിൽ ക്യാപ്റ്റനായി മുന്നിൽനിന്ന് പോരാട്ടം നയിച്ചു വിജയിച്ചു. ഇതിന് 1947ൽ വെങ്കലമെഡൽ രാജ്യം അദ്ദേഹത്തിന് സമ്മാനിച്ചു. പിന്നെ കരീബിയൻ കടലിൽ സ്വന്തം ബോട്ടിറക്കി നാവികനായും സ്രാവ് വേട്ട നടത്തിയും അജയ്യനായി. ഇടയ്ക്ക് നിസാര കാര്യങ്ങൾക്ക് നിരാശാബാധിതനായി വിഷാദം പൂണ്ട് ഒറ്റപ്പെട്ടു കഴിയുകയും ചെയ്ത് ലോകത്തെ ഇരുളിൽ കണ്ടു. പലപ്പോഴും തന്റെ പ്രിയങ്കരമായ ടൈപ്പ്റൈറ്ററിൽ വിഷാദ താളം പിടിച്ചിരിക്കുന്ന ഹെമിങ് വേയെ പലരും കണ്ടിട്ടുണ്ട്. ഹെമിങ് വേ മിക്ക നോവലുകളും ടൈപ്പ്റൈറ്ററിലാണ് തയ്യാറാക്കിയിരുന്നത്. ആ ടൈപ്പ് റൈറ്റർ ഇപ്പോൾ അദ്ദേഹത്തിന്റെ പേരിലുള്ള മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.
1939 മുതൽ ക്യൂബയിൽ തങ്ങിയ ഹെമിങ് വേ ഇക്കാലത്ത് ഫിഡൽകാസ്ട്രോയുമായും സംവദിച്ചിരുന്നു. ബാറ്റിസ്റ്റ ഭരണകൂടത്തിനെതിരെ കാസ്ട്രോയും സംഘവും നടത്തുന്ന നീക്കം കാലത്തിന്റെ ആവശ്യമാണെന്ന് ഹെം അഭിപ്രായപ്പെട്ടിരുന്നു. ഇക്കാലത്താണ് ഹെമിങ് വേ ‘മണി മുഴങ്ങുന്നതാർക്ക് വേണ്ടി’ നോവൽ എഴുതിത്തുടങ്ങിയത് എന്ന് പറയുന്നു. ‘ആയുധങ്ങൾക്ക് വിട’ എന്ന നോവൽ തന്റെ യുദ്ധമുഖത്തെ തീവ്രാനുഭവങ്ങളുടെ ആകെത്തുകയാണ്. ആയിരത്തി തൊള്ളായിരത്തി അമ്പതുകളുടെ തുടക്കത്തിൽ ശ്രദ്ധേയമായ കൃതികളൊന്നും അദ്ദേഹത്തിൽ നിന്ന് ഉണ്ടായില്ല. ഇത് മാനസികമായ ഒട്ടേറെ വിഷമം അദ്ദേഹത്തിനുണ്ടാക്കി. ഇതിന് പരിഹാരമെന്നോണം എഴുതിയ നോവലാണ് ‘കിഴവനും കടലും.’ അമ്മയോട് ഉണ്ടായിരുന്ന നീരസം മറനീക്കി പുറത്തുവരുന്ന തരത്തിലായിരുന്നു അതിലെ സ്ത്രീ കഥാപാത്രം. ജീവിതം, മരണം, ഇവയെ എല്ലാം ആഴത്തിൽ, കുറഞ്ഞ പേജുകളിൽ ചിത്രീകരിച്ച നോവൽ ശ്രദ്ധേയമായി. എന്റെ എല്ലാ പ്രതീക്ഷകളും ഈ നോവലിലാണെന്നും എന്റെ ജീവിതത്തിന് ഇത് എന്നെന്നേക്കും ഉത്തമമായ സൃഷ്ടിയാകുമെന്നും അദ്ദേഹം പറഞ്ഞു. 1953 ൽ ഈ നോവലിന് പുലിറ്റ്സർ പ്രൈസും 1954 ൽ നോബൽസമ്മാനവും ലഭിച്ചു. പിന്നീട് അദ്ദേഹം ഒന്നുമെഴുതിയില്ല. ഇക്കാലത്താണ് 1928 ൽ താമസിച്ച ഹോട്ടലിൽ ഇരിക്കുന്ന ഒരു പെട്ടിയെപ്പറ്റി അദ്ദേഹം ഓർക്കുന്നത്. അത് തിരികെ എടുത്ത് പരിശോധിച്ചപ്പോൾ വിലയേറിയ കുറെ കുറിപ്പുകളും ലേഖനങ്ങളും കിട്ടി. അവ പിന്നീട് പ്രസിദ്ധീകരിക്കുകയും ചെയ്തു.
പ്രിയ സുഹൃത്തുക്കൾ പലരും മരണപ്പെടുകയും ഏകാന്തതയിൽ നിരന്തരം ജീവിക്കാൻ കൊതിച്ചതും മനസിനെ വിഷാദഭരിതമാക്കി. ഉൽക്കടമായ വ്യഥയും രക്തസമ്മർദവും പ്രമേഹവും കരൾ രോഗവും അദ്ദേഹത്തെ നിരന്തരം വേട്ടയാടി. ഇടയ്ക്ക് മാനസിക ആസ്വാസ്ഥ്യത്തിനുള്ള ചികിത്സ തേടേണ്ടിയും വന്നു. പല കാലങ്ങളിലായി നാല് ഭാര്യമാർ ഹെമ്മിന്റെ പങ്കാളികളായി. 

അവസാനകാലത്ത് മേരി ആയിരുന്നു ഹെമ്മിന്റെ ഭാര്യ. കെച്ചം എന്ന പ്രദേശത്ത് ബിഗ്വുഡ് നദിക്കരെ സ്ഥിര താമസമാക്കിയ ഹെമ്മും മേരിയും മയോ ക്ലിനിക്കിൽ ചികിത്സക്ക് ശേഷം മടങ്ങി വന്നു. 1961 ജൂലൈ രണ്ടിന് ഞായറാഴ്ച കാലത്ത് ഹെമിങ് വേ മാനസികമായി തകർന്ന രീതിയിൽ ഉണർന്നെഴുന്നേറ്റു. വീടിന്റെ അടിയിലെ മുറിയിലേക്ക് പോയി തന്റെ മുറിയിലെ അലമാര തുറന്നു. കയ്യിട്ട് അവിടെ നിന്നും ഒരു തോക്ക് എടുത്തു. തിരികെ പടികൾ കയറി ലിവിങ് റൂമിലെത്തി ഏതാനും തവണ ഉലാത്തി. ഓക്ക് തടികൾ പാകിയ കതക് മെല്ലെ അടഞ്ഞു. ഒരു വെടിയൊച്ച. കാതടപ്പിക്കുന്ന ശബ്ദം. മേരി ഓടിച്ചെന്നു. രക്തത്തിൽ കുളിച്ച് പ്രിയപ്പെട്ട ഹെം. ആരാധകരുടെ പ്രിയപ്പെട്ട പാപ്പ. ഹെമ്മിന്റെ കൈകളിലെ
തോക്കെടുത്ത് ഭാര്യ നോക്കി. മുപ്പത്തിമൂന്ന് വർഷങ്ങൾക്ക് മുൻപ് അച്ഛൻ വെടിവച്ചു മരിച്ച അതേ തോക്ക് തന്നെയാണ് മകനും മരിക്കാനായി തന്റെ അലമാരയിൽ ഇത്രകാലവും കരുതിയിരുന്നത്! അതിനടുത്ത ദിനങ്ങളിൽ ഹെമിംഗ് വേ യുടെ സഹോദരി ഉർസുലയും സഹോദരൻ ലെസ്എസ്റ്ററും പാപ്പയുടെ അതേ മാതൃകയിൽ ലോകത്ത് നിന്നും യാത്രയായി.
ഹെമിങ് വേയുടെ കഥകളെപ്പറ്റി പറഞ്ഞപോലെ അദ്ദേഹത്തിന്റെ ജീവിതവും ഒരു വലിയ മഞ്ഞുകട്ടയുടെ മുകൾഭാഗം പോലെ മാത്രമേ ലോകം കണ്ടിട്ടുള്ളൂ. ലക്ഷക്കണക്കിന് ആരാധകർ കിണഞ്ഞു പരിശ്രമിച്ചിട്ടും ആ ജീവിതത്തിന്റെയോ കഥകളുടെയോ ആഴം ആരും കണ്ടെത്തിയിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.