18 April 2024, Thursday

Related news

March 23, 2024
January 3, 2024
September 29, 2023
September 27, 2023
September 11, 2023
August 31, 2023
August 28, 2023
August 25, 2023
July 22, 2023
July 12, 2023

അഡാനി ഗ്രൂപ്പ് തട്ടിപ്പ് സാമ്രാജ്യം; കണക്കുകളില്‍ കൃത്രിമം, കെട്ടിപ്പൊക്കിയത് കടത്തിന്മേല്‍ ; ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്

Janayugom Webdesk
ന്യൂഡല്‍ഹി
January 25, 2023 10:45 pm

അഡാനിയുടെ വ്യവസായ സാമ്രാജ്യം കടത്തിന്റെ പിന്‍ബലത്തില്‍ കെട്ടിപ്പൊക്കിയതെതെന്നും കണക്കുകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും യുഎസ് ആസ്ഥാനമായ ഗവേഷണ സ്ഥാപനം ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഓഹരിവിപണികളില്‍ അഡാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് തിരിച്ചടിയേറ്റു. ഇന്നലെ മാത്രം അഡാനി ഗ്രൂപ്പ് കമ്പനികളുടെ സംയുക്ത വിപണി മൂല്യത്തില്‍ 55,000 കോടി രൂപ നഷ്ടമായി.
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കോര്‍പ്പറേറ്റ് സ്ഥാപനമായ അദാനി ഗ്രൂപ്പ് ദീര്‍ഘകാലമായി ഓഹരി ക്രമക്കേടുകളും സാമ്പത്തിക തട്ടിപ്പുകളും നടത്തിവരുന്നതായി ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നു. ന്യായമായതിലും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അഡാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. 17.8 ലക്ഷം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

കോര്‍പ്പറേറ്റ് തട്ടിപ്പുകള്‍ക്ക് പുറമെ അഡാനി കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള ബിനാമി കമ്പനികളെക്കുറിച്ചും നികുതി തട്ടിപ്പിനെകുറിച്ചും കള്ളപ്പണം വെളുപ്പിക്കലിനെക്കുറിച്ചും റിപ്പോര്‍ട്ട് പ്രതിപാദിക്കുന്നു. ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്ത ഏഴ് അഡാനി ഗ്രൂപ്പ് കമ്പനികള്‍ സംയുക്തമായി 167 ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ഈ ഓഹരികളെല്ലാം തന്നെ അമിതമൂല്യനിര്‍ണയത്തിലാണെന്ന് ഹിന്‍ഡന്‍ബര്‍ഗ് ചൂണ്ടിക്കാട്ടി. അതേസമയം റിപ്പോര്‍ട്ടിനെകുറിച്ച് ഇതുവരെ അഡാനി ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല.

രാജ്യത്തെ ഏറ്റവും അധികം ബാധ്യതയുള്ള ബിസിനസ് ഗ്രൂപ്പുകളുടെ പട്ടികയില്‍ അഡാനി വര്‍ഷങ്ങളായി ഏറ്റവും മുന്‍ നിരയിലുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അഡാനി ഗ്രൂപ്പിന്റെ ആകെ കടം 40 ശതമാനം ഉയര്‍ന്ന് 2.2 ലക്ഷം കോടിയിലെത്തിയിരുന്നു. നേരത്തെ ക്രെഡിറ്റ് സ്യൂസ് അഡാനി ഗ്രൂപ്പിന്റെ കടബാധ്യതകളും അതിവേഗത്തിലുള്ള വളര്‍ച്ചയും ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.
ഇന്നലെ അഡാനിയുടെ പ്രധാന കമ്പനിയായ അഡാനി എന്റര്‍പ്രൈസസ് ഒരു ശതമാനം ഇടിഞ്ഞപ്പോള്‍ അഡാനി പോര്‍ട്‌സ് ആറു ശതമാനവും അഡാനി പവര്‍ അഞ്ച് ശതമാനവും അഡാനി ട്രാന്‍സ്മിഷന്‍ എട്ടുശതമാനവും വീതം നഷ്ടം നേരിട്ടു. അഡാനി ഗ്രീനിന് മൂന്ന് ശതമാനത്തിലേറെ ഇടിവുണ്ടായി. അടുത്തിടെ അഡാനി ഗ്രൂപ്പ് ഏറ്റെടുത്ത എസിസി, അംബുജ സിമന്റ് ഓഹരികളും പാടെ തകര്‍ന്നടിഞ്ഞിട്ടുണ്ട്.

Eng­lish Sum­ma­ry: Hin­den­burg report against Adani Group
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.