11 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

July 23, 2024
April 18, 2024
October 6, 2023
November 26, 2022
October 17, 2022
October 13, 2022
October 13, 2022
October 12, 2022
October 12, 2022
September 15, 2022

ഹിന്ദി ഭാഷാ മേധാവിത്വം വൈവിധ്യ സംസ്കാരങ്ങളെ തകർക്കൽ

വി പി ഉണ്ണികൃഷ്ണൻ
മറുവാക്ക്
April 15, 2022 7:00 am

ഇന്ത്യൻ ഭരണഘടനാ ശില്പിയായ ഡോ. അംബേദ്കറുടെ ജന്മദിനത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്. സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ഉയർത്തിപ്പിടിച്ച അംബേദ്കർ പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ സ്വതന്ത്ര റിപ്പബ്ലിക്കാണ് ഭരണഘടനാ നിർമ്മാണത്തിലൂടെ വിഭാവനം ചെയ്യുന്നത്. ജാതീയവും മതപരവുമായ വേർതിരിവ് ഇല്ലാതാകണമെന്നും അംബേദ്കർ പറഞ്ഞിരുന്നു. ജാതീയ ഉച്ചനീചത്വങ്ങളും അയിത്തത്തിന്റേതായ നീചതകളും അനുഭവിച്ചു വളർന്ന ബാല്യവും ചുറ്റുമുള്ളവരുടെ ദുരനുഭവങ്ങൾ കണ്ടറിഞ്ഞും അദ്ദേഹം സമത്വത്തിനും സമഭാവനയ്ക്കും വേണ്ടി വാദിച്ചു. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഭരണഘടന ഇന്ന് സംഘ്പരിവാര്‍ ഭരണത്തിൻ കീഴിൽ ധ്വംസിക്കപ്പെടുകയാണ്. “വി ദി പീപ്പിള്‍ ഓഫ് ഇന്ത്യ” എന്നാണ് ഭരണഘടനയിലെങ്കിൽ ഇന്ന് ഇന്ത്യൻ ജനതയെ വിഭജിക്കുന്ന രാഷ്ട്രീയമാണ് സംഘ്പരിവാരവും അവർ നിയന്ത്രിക്കുന്ന ഭരണവും നടപ്പാക്കുന്നത്. നാനാത്വത്തിൽ ഏകത്വം എന്നത് ഇന്ത്യ ഹൃദയത്തോട് ചേർത്തുവച്ച മുദ്രയാണ്. എല്ലാ മതങ്ങളും ജാതികളും ഉപജാതികളും വേഷങ്ങളും ഭാഷകളും സംസ്കാരങ്ങളും ഒന്നുചേർന്നു വസിക്കുന്ന വൈവിധ്യങ്ങളിലെ ഏകത്വമാണ് ഇന്ത്യയുടെ പരമപ്രധാനമായ സവിശേഷത. ആ സവിശേഷതയെ നിർമ്മാർജ്ജനം ചെയ്യുകയാണ് സംഘ്പരിവാർ അജണ്ട. ഏകമതം, ഏകഭാഷ, ഏകവേഷം, ഏകഭക്ഷണം എന്ന ഏകശിലാത്മക തത്വം അവർ ഉയർത്തിപ്പിടിക്കുന്നു. അതിന്റെ ഭാഗമായി ഹിന്ദി ഭാഷയുടെ അധീശത്വം അടിച്ചേല്പിക്കുവാൻ അവർ ശ്രമം ആരംഭിച്ചിരിക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാവരും ഹിന്ദി നിർബന്ധമായി പഠിക്കണമെന്നും കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകള്‍ തമ്മിലുള്ളതുമായ ആശയവിനിമയം ഇനി മുതൽ ഹിന്ദി ഭാഷയിൽ തന്നെയാകണമെന്നതും പ്രഖ്യാപിച്ചത് ഏകഭാഷാ മേധാവിത്വത്തിനു വേണ്ടിയാണ്. അംബേദ്കർ മുഖ്യശില്പിയായ ഭരണഘടനയുടെ 343-ാം ഖണ്ഡികയിൽ ഹിന്ദി ഔദ്യോഗിക ഭാഷയാണെന്ന് രേഖപ്പെടുത്തിയതിനൊപ്പം 15 വർഷത്തേക്ക് ഇംഗ്ലീഷ് കൂടി തുടരുമെന്നും കൂട്ടിച്ചേർത്തു. സംസ്ഥാനങ്ങളുടെ എതിർപ്പിനെത്തുടർന്ന് ആംഗലേയ ഭാഷയുടെ കാലപരിധി ഉയർത്തി. ആംഗലേയ ഭാഷ ഔദ്യോഗികഭാഷ അല്ലാതാകണമെങ്കിൽ ഹിന്ദി മാതൃഭാഷ അല്ലാത്ത സംസ്ഥാന നിയമസഭകളുടെ അനുമതി വേണമെന്ന 1967ലെ ഭരണഘടനാഭേദഗതി ജനങ്ങളുടെയും സംസ്ഥാനങ്ങളുടെയും വികാരം മാനിച്ചാണ്.


ഇതുകൂടി വായിക്കാം; ധ്രുവീകരണായുധമായി ഇനി മുതല്‍ ഹിന്ദി ഭാഷയും


കേന്ദ്രസർക്കാർ പ്രാദേശിക ഭാഷകളെ ഉന്മൂലനം ചെയ്യാനും ഏകഭാഷാ മേധാവിത്വം സ്ഥാപിക്കുവാനുമുള്ള അതിഗൂഢമായ പ്രയത്നത്തിലാണ്. കേന്ദ്ര സർക്കാർ പുതുതായി അവതരിപ്പിച്ച കേന്ദ്ര വിദ്യാഭ്യാസനയത്തിലും അതിന്റെ പ്രതിഫലനം കാണാം. പ്രാദേശിക ഭാഷകളെ ആ വിദ്യാഭ്യാസനയം പാടെ അവഗണിച്ചിരിക്കുന്നു. വിവിധങ്ങളായ ഭാഷകളുടെ സംഗമ ഭൂമിയാണ് ഇന്ത്യ. ഇന്ത്യയിൽ ഭൂരിപക്ഷം പേരുടെയും ഭാഷ ഹിന്ദിയാണെന്ന വാദവും തെറ്റാണ്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഉറുദു, മറാത്തി, ഒഡിയ, ഗുജറാത്തി, പഞ്ചാബി, ഹരിയാൻവി, രാജസ്ഥാനി, മൈഥിലി, കൊങ്കിണി, ബംഗാളി, മണിപ്പുരി, അസമിയ, ഭോജ്പുരി, ഹിന്ദുസ്ഥാനി, കശ്മീരി, സിന്ധി തുടങ്ങി എണ്ണമറ്റ ഭാഷകളുടെ കലവറയാണ് ഇന്ത്യ. ഈ ഭാഷകളെയാകെ അടിച്ചമർത്തുന്നത് സംസ്കാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും നേരെയുള്ള കടന്നാക്രമണമാണ്. ഓരോ ഭാഷയ്ക്കും അതിന്റേതായ പാരമ്പര്യവും സവിശേഷതയും സംസ്കാര മഹിമയുമുണ്ട്. ഭാഷകൾക്ക് വംശനാശം വന്നാൽ അവ സൃഷ്ടിച്ച സംസ്കാരവും പാരമ്പര്യവും കൂടി മണ്ണടിയും. ദേവനാഗരി ലിപിയിലെഴുതണമെന്ന് ശാഠ്യംപിടിക്കുന്നവരും ഹിന്ദി നിർബന്ധിത ഭാഷയാകണമെന്ന് കല്പിക്കുന്നവരും നാല് ശ്രേഷ്ഠഭാഷകൾ ദ്രാവിഡഭാഷകൾ ആണെന്ന സത്യം വിസ്മരിക്കുകയാണ്. ഭാഷാ പ്രശ്നത്തിന്റെ പേരിൽ നിരവധി തവണ കലാപങ്ങൾ നടന്ന മണ്ണാണ് ഇന്ത്യ. ഇതൊന്നും അറിയാതെയല്ല ഹിന്ദിഭാഷ എല്ലാവരിലും അടിച്ചേല്പിക്കുന്നത്. എല്ലാ ഭാഷകളും മഹത്തരമാണ്. പക്ഷേ, ഒരു ഭാഷ മാത്രം മഹത്തരവും മറ്റെല്ലാം അധമവുമാണെന്ന നീച വാദഗതി സങ്കുചിത മാനസങ്ങളുടെയും ദുഷ്ടശക്തികളുടേതുമാണ്. വള്ളത്തോൾ നാരായണമേനോൻ മാതൃഭാഷയെക്കുറിച്ച് ഇങ്ങനെ എഴുതി: “മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യന് പെറ്റമ്മ തൻഭാഷതാൻ ” ഭരണഘടനാ ധ്വംസനം നടത്തുന്നവർ ഇന്ത്യക്കാരുടെ പൗരാവകാശം റദ്ദു ചെയ്യുകയും വർഗീയ കലാപങ്ങളിൽ അഭിരമിക്കുകയും ജാതി — ഉപജാതി — മതങ്ങളുടെ പേരിൽ മാനവരാശിയെ ഭിന്നിപ്പിക്കുകയും ചെയ്യുന്നു. ഇപ്പോൾ രാമനവമിയുടെ പേരിൽ കലാപങ്ങൾ അഴിച്ചുവിടുകയും രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. അതിനൊപ്പമാണ് ഏകഭാഷാ സിദ്ധാന്തത്തിലൂടെ ജനങ്ങളെ വെല്ലുവിളിക്കുന്നത്. ഇത് ഇന്ത്യൻ ജനത പൊരുതി തോല്പിക്കുക തന്നെ ചെയ്യും.

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 11, 2025
March 11, 2025
March 11, 2025
March 10, 2025
March 10, 2025
March 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.