19 April 2024, Friday

കേരളത്തിലെ മൃഗചികിത്സാ സംവിധാനം മാതൃകയാകുന്നു; രാത്രികാലത്തും വീട്ടുപടിക്കൽ മൃഗചികിത്സാ സേവനം

Janayugom Webdesk
തിരുവനന്തപുരം
April 10, 2022 8:18 pm

മൃഗാരോഗ്യ പരിപാലന രംഗത്തും ശ്രദ്ധേയമായ നേട്ടം കൈവരിച്ച് കേരളം. മൃഗരോഗ പ്രതിരോധ സംവിധാനവും മൃഗചികിത്സാ സംവിധാനവും രാജ്യത്തിനാകെ മാതൃകയാകുന്നു. ദാരിദ്ര്യ നിർമ്മാർജനത്തിനും തൊഴിൽ സംരംഭകത്വത്തിനും നിർണായക പങ്കാണ് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് ഏറ്റെടുത്തിട്ടുള്ളത്. പരമ്പരാഗത കർഷകരെ നിലനിർത്തുന്നതിന് ആവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്തും പുതിയ സാങ്കേതികവിദ്യകളെ പരീക്ഷണ ശാലയിൽ നിന്നും പ്രവർത്തന മേഖലയിലേക്ക് കൊണ്ടുവരുന്നതിനും വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്. മൃഗം-പക്ഷി വളർത്തൽ മേഖലയിലെ ഉല്പാദന സാധ്യതകളെ പൂർണമായും വിനിയോഗിക്കുകയും പ്രധാന ലക്ഷ്യമാണ്.

വളർത്തുമൃഗങ്ങൾ പക്ഷികൾ എന്നിവയ്ക്ക് ഇടയിലുള്ള നാടൻ ഇനങ്ങളെ സംരക്ഷിക്കാനും മൃഗപരിശോധന, വാക്സിനേഷൻ, ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ ബോധവൽക്കരണ ശ്രമങ്ങളും നടന്നുവരുന്നു. മൃഗജന്യ രോഗങ്ങൾ നിയന്ത്രിക്കുക, ആധുനിക അറവുശാലകൾ ശരിയായ മാംസ പരിശോധന എന്നിവയിലൂടെ ശുദ്ധിയുള്ള മാംസ ഉല്പാദനവും വിപണനവും ഊർജ്ജിതമായി നടപ്പിലാക്കിവരുന്നുണ്ട്. മൃഗസംരക്ഷണ‑ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ നേതൃത്വത്തിൽ ദീർഘവീഷണത്തോടുള്ള നിരവധി പദ്ധതികളാണ് ഇതിനോടകം ആവിഷ്ക്കരിച്ചിട്ടുള്ളത്.

സംസ്ഥാനത്തെ 215 മൃഗാശുപത്രി, 885 ഡിസ്പെൻസറി, താലൂക്ക് തലങ്ങളിലുള്ള 50 വെറ്ററിനറി പോളി ക്ലീനിക്കുകൾ, ജില്ലാതലത്തിൽ 14 വെറ്റിനറി കേന്ദ്രങ്ങളും മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികള്‍ എന്നിവ മൃഗസംരക്ഷണ മേഖലയിൽ മികച്ച സേവനം നടത്തിവരുന്നു. കൂടാതെ സഞ്ചരിക്കുന്ന മൃഗാശുപത്രികൾ ക്ലിനിക്കൽ ലാബുകൾ, സംസ്ഥാനതല മുഖ്യരോഗനിർണ്ണയ കേന്ദ്രം നാല് പ്രാദേശിക രോഗനിർണ്ണയ ലബോറട്ടറികൾ, വന്ധ്യത നിവാരണ ഓഫീസ്, സാംക്രമിക രോഗ വിശകലന യൂണിറ്റ്, കന്നുകാലി ഉൽപ്പന്ന പരിശോധന ലബോറട്ടറി, അതിർത്തി ചെക്ക് പോസ്റ്റുകൾ എന്നിവയും ജനങ്ങൾക്ക് സൗകര്യപ്രദമാകുന്ന തരത്തിൽ പ്രവർത്തന സജ്ജമാണ്.
ക്ഷീര കർഷകർക്ക് മൃഗചികിത്സയ്ക്ക് അത്യാവശ്യമായ മരുന്നുകളെല്ലാം മൃഗാശുപത്രികൾവഴി സൗജന്യമായാണ് നൽകുന്നത്. അകിടുവീക്കം നിയന്ത്രണ വിധേയമാക്കുന്നതിനുള്ള സമഗ്രപരിപാടിയും ഏർപ്പെടുത്തിയിട്ടുണ്ട്. പാലോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കൽസ് വഴി സംസ്ഥാനത്തിന് ആവശ്യമായ വാക്സിനുകൾ ഉല്പാദിപ്പിക്കുന്നുണ്ട്. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ സംസ്ഥാനത്ത് 14 ജില്ലകളിലും ലാബുകളും 50 താലൂക്ക് തല ലാബുകളും പ്രവർത്തിച്ചുവരുന്നു.

രാത്രികാലത്തും വീട്ടുപടിക്കൽ മൃഗചികിത്സാ സേവനം

കർഷകരുടെ വീട്ടുപടിക്കൽ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനം നൽകുന്ന പദ്ധതിയ്ക്കും സർക്കാർ തുടക്കം കുറിച്ചതിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്. വെറ്ററിനറി സർജ്ജന്മാരെ കരാറടിസ്ഥാനത്തിൽ നിയമിച്ചാണ് പദ്ധതി നടപ്പിലാക്കിവരുന്നത്. വൈകുന്നേരം ആറ് മുതൽ രാവിലെ ആറുവരെ ഇവരുടെ സേവനം ലഭ്യമാകുന്ന പദ്ധതി വിജയിച്ചതോടെ എല്ലാ ബ്ലോക്ക് അടിസ്ഥാനത്തിലും വ്യാപിപ്പിച്ചിട്ടുണ്ട്.
മൃഗസംരക്ഷണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ട്(എഡിസിപി) ആണ് രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. വർഷംതോറം രണ്ടുതവണ വീതം സംഘടിപ്പിക്കുന്ന മുഴുവൻ കന്നുകാലികൾക്കും കുളമ്പുരോഗത്തിനെതിരെ പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്ന ഗോരക്ഷാ പദ്ധതി ഇതിൽ പ്രധാനം. ആട് വസന്ത, കോഴികൾക്കും താറാവുകൾക്കുമുള്ള പ്രതിരോധന കുത്തിവയ്പ്പുകളും എഡിസിപി നടത്തിവരുന്നുണ്ട്.

Eng­lish Sum­ma­ry: Home door vet­eri­nary ser­vice at night in Kerala

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.