നാഗാലാൻഡിൽ നിരപരാധികളായ ഗ്രാമീണരെ കൂട്ടക്കൊല ചെയ്‌ത സൈനികനടപടിയെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. തെറ്റായ വിവരം ലഭിച്ചതിന്റെ പ്രശ്‌നമാണ്. വാഹനം നിർത്താതെ പോയതാണ് വെടിവയ്‌പിനു കാരണം. കരസേന ഇതിൽ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അമിത് ഷാ പാർലമെന്റിൽ പറഞ്ഞു.
കരസേനയുടെ നടപടിയിലാണ് ഗുരുതര പിഴവ് സംഭവിച്ചതെങ്കിലും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങോ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ പ്രതികരിച്ചില്ല.ഓട്ടിങ്ങിൽ തീവ്രവാദികൾ കടന്നിട്ടുണ്ടെന്ന് ശനിയാഴ്‌ച കരസേനയ്‌ക്ക് വിവരം ലഭിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് സൈ നിക കമാൻഡോകൾ പ്രവർത്തിച്ചതെന്നും അമിത് ഷാ പറഞ്ഞു. സംശയംതോന്നിയ വാഹനം നിർത്താൻ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല. തുടർന്ന്, സൈന്യം വെടിവച്ചു. വാഹനത്തിലുണ്ടായിരുന്ന എട്ടിൽ ആറുപേരും കൊല്ലപ്പെട്ടു.
ലഭിച്ച വിവരം തെറ്റായിരുന്നെന്ന് പിന്നീടാണ് ബോധ്യമായത്. വിവരമറിഞ്ഞെത്തിയ ഗ്രാമീണർ സൈനികരെ വളഞ്ഞ് രണ്ട് വാഹനത്തിന് തീയിട്ടു. ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സൈന്യം വെടിവച്ചപ്പോൾ ഏഴ് പേർകൂടി കൊല്ലപ്പെട്ടു. മോൺ നഗരത്തിലെ അസം റൈഫിൾസ് കേന്ദ്രം ജനക്കൂട്ടം ആക്രമിച്ചു. ഇതേത്തുടർന്ന് അസം റൈഫിൾസ് നടത്തിയ വെടിവയ്‌പിൽ ഒരാൾ മരിച്ചു.
ദൗർഭാഗ്യകരമായ സംഭവത്തിൽ കേന്ദ്രസർക്കാരും ഖേദിക്കുന്നു. പ്രത്യേക സംഘം അന്വേഷിക്കും. ഒരു മാസത്തിനകം റിപ്പോർട്ട് നൽകും. സുരക്ഷാ തന്ത്രത്തിലെ പിഴവുകളും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. കരസേനയുടെ ഉന്നതതലത്തിലും അന്വേഷണം നടക്കുന്നു.- നാഗാലാൻഡിൽ സ്ഥിതി നിയന്ത്രണാധീനമാണെന്നും അമിത് ഷാ പറഞ്ഞു.
English Summary: Home Minister Amit Shah justifies military action against massacre of innocent villagers in Nagaland
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.