മെഹ്ദി ഘസന്‍ഫാരി സംവിധാനം ഇറാനിയന്‍ സിനിമയാണ് ഹൂപോയെ. നീണ്ട ചുണ്ടുകളും വളഞ്ഞ കൊമ്പുള്ള ഒരു യൂറേഷ്യൻ പക്ഷിയാണ് ഹൂപോയെ. ഒരു കപ്പലില്‍ നിന്നാണ് സിനിമയുടെ കഥ തുടങ്ങുന്നത്. ഒരു സ്ത്രീ കപ്പലില്‍ വളര്‍ത്തുന്ന തന്റെ കോഴികള്‍ക്ക് തീറ്റ കൊടുക്കുന്നു. മറ്റൊരു സ്ത്രീ സ്വസ്ഥമായ ഉറക്കത്തിലാണ്. തൊട്ടിലില്‍ കിടക്കുന്ന കുട്ടി കൈകാലുകളിളക്കി തന്റെ ഉറക്കമില്ലായ്മ വ്യക്തമാക്കുന്നുണ്ട്. ഇതൊരു സ്പോയിലര്‍ അലേര്‍ട്ടാണ് എന്ന് പറഞ്ഞുകൊണ്ട് തുടങ്ങാം.
കപ്പല്‍ തീരത്തിനടുത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലില്‍ നിന്നും മുതിര്‍ന്ന സ്ത്രീ ഒരു ചെറുവഞ്ചിയില്‍ തീരത്തേക്ക് തിരിക്കുന്നു. അവരുടെ യാത്ര തീരത്ത് എന്നെങ്കിലും എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്ന അച്ഛനെ കാത്താണ്. കടലിലൂടെ ആ യാനത്തില്‍ ആ കുടുംബം അച്ഛന് വേണ്ടി യാത്ര നടത്തുന്നു. തീരത്ത് വന്ന് അച്ഛനെ തിരയുന്നു. അവള്‍ ഇത്തവണ തീരത്തെത്തുമ്പോള്‍ അവിടെ അവളെ കാത്ത് ഒരു അപരിചിതനുണ്ട്. അയാള്‍ ശബ്ദങ്ങള്‍ വിറ്റ് ജീവിക്കുന്ന ഒരുവനാണ്. കടലിന്റെയും കാറ്റിന്റെയും നായയുടെയുമെല്ലാം ശബ്ദങ്ങള്‍ അയാള്‍ റെക്കോര്‍ഡ് ചെയ്യുന്നു, അത് വില്‍ക്കുന്നു. അതിനായി അയാള്‍ നാടുകള്‍ മുഴുവന്‍ ചുറ്റിക്കറങ്ങുന്ന കൂട്ടത്തിലാണ് ആ കടല്‍ തീരത്തും എത്തിയത്. അവള്‍ അയാളില്‍ നിന്ന് ഒരു ലൈറ്ററും ഒരു റേഡിയോയും എടുക്കുന്നു. തന്റെ അച്ഛനെ മദ്യം വിറ്റതിന് പോലീസ് പിടിച്ചുവെന്നും എന്നാല്‍ അയാള്‍ ഓടി രക്ഷപ്പെട്ടുവെന്നും പറയുന്നു. ഈ നാട്ടില്‍ മദ്യ നിരോധനം മാറുന്ന നാളില്‍ അച്ഛൻ തിരിച്ചുവരുമെന്നാണ് അവള്‍ പ്രതീക്ഷിക്കുന്നത്. റേഡിയോയ്ക്കും ലൈറ്ററിനും പകരമായി ആദ്യം ഒന്നും തരില്ലെന്ന് പറയുന്നുണ്ടെങ്കിലും ഒന്നും സൗജന്യമായി വേണ്ടെന്ന് അവള്‍ തന്നെ പ്രഖ്യാപിച്ച് അയാള്‍ക്ക് വേണ്ടി ഒരു കവിത ചൊല്ലുന്നു. ആ കവിതയില്‍ അയാളുടെ ചോദ്യമായ കപ്പലിലും കടലിലുമായി ഒറ്റയ്ക്ക് നിങ്ങളെങ്ങനെ ജീവിക്കുന്നുവെന്നതിന് ഉത്തരമുണ്ടായിരുന്നു.
പിന്നീട് അയാള്‍ കാണുന്നത് മറ്റൊരു സ്ത്രീയേയാണ്. അവരെ ഒരാള്‍ ഓടിക്കുകയായിരുന്നു. റെക്കോര്‍ഡിസ്റ്റ് തടസ്സമായി വന്നതോടെ അയാള്‍ പിന്മാറുന്നു. അയാളുടെ കാറിന്റെ താക്കോല്‍ അവളുടെ കൈവശമുണ്ട്. അവള്‍ അത് വലിച്ചെറിയുകയും ചെയ്യുന്നു. അവള്‍ക്കും മകള്‍ക്കും ലിഫ്റ്റ് കൊടുക്കാമെന്ന് പറഞ്ഞ് അയാള്‍ കാറില്‍ കയറ്റിയതാണ്. പക്ഷെ ഇരുവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന ആഗ്രഹമാണ് അയാള്‍ പിന്നീട് പറഞ്ഞത്. അതാണ് അവളെ പ്രകോപിപ്പിച്ചത്. കാറിന്റെ താക്കോല്‍ കൂടാതെ തന്നെ അവള്‍ അയാള്‍ക്ക് വലിയൊരു നഷ്ടം ചെയ്തിരുന്നു. ഈ കഥയെല്ലാം പറയാൻ അവള്‍ നമ്മുടെ ശബ്ദ വില്‍പ്പനക്കാരനില്‍ നിന്നും ഒരു റിസ്റ്റ് വാച്ച് പ്രതിഫലമായി വാങ്ങിയിരുന്നു. തനിക്ക് ഒരു ലിഫ്റ്റ് തന്നാല്‍ എത്ര രൂപ പ്രതിഫലം തരും എന്ന ചോദ്യത്തിന് അയാള്‍ എവിടേക്ക് ലിഫ്റ്റ് എന്നാണ് ചോദിക്കുന്നത്. “നിന്റെ അമ്മേടെ കല്യാണത്തിന്” എന്ന മറുപടിയാണ് അവള്‍ നല്‍കി അവള്‍ പോകുകയാണ്.
മൂന്നാമത് അയാള്‍ പരിചയപ്പെടുന്നത് തന്നോട് ലിഫ്റ്റ് ചോദിക്കുന്ന ഒരു സഹോദരനെയും സഹോദരിയെയുമാണ്. അവര്‍ മാതളം വില്‍ക്കുന്നവരാണ്. അവര്‍ ലിഫ്റ്റിന് പ്രതിഫലമൊന്നും കൊടുക്കാതെ ഓടിപ്പോയെങ്കിലും അയാള്‍ക്ക് അവരുടെ വീടിന്റെ പരിസരം ഇഷ്ടപ്പെട്ടു. അയാള്‍ തന്റെ വീട് കൂടിയായ വാഹനം അവിടെ പാര്‍ക്ക് ചെയ്ത് താമസം തുടങ്ങി. അയാള്‍ മരത്തില്‍ കൊത്തുന്ന ശില്‍പ്പത്തില്‍ സഹോദരനും സഹോദരിക്കും കൗതുകമുണ്ട്. ആ പെണ്‍കുട്ടി അയാള്‍ക്ക് സമ്മാനമായി കുറച്ച് മാതള കുരുക്കള്‍ നല്‍കുന്നു. പിന്നീട് സഹോദരനും ഒരു മാതളവുമായി അവിടേക്ക് ചെല്ലുമ്പോള്‍ കുരുക്കളില്‍ ഒന്ന് കണ്ടെത്തുകയും മാതളം സമ്മാനിക്കാതെ മടങ്ങി പോകുകയും ചെയ്യുന്നു. പിന്നീട് കാണുന്നത് മുഖത്ത് വികാരങ്ങളൊന്നുമില്ലാതെയിരിക്കുന്ന പെണ്‍കുട്ടിയെയും അവളുടെ മടിയില്‍ മൂക്ക് അനക്കിക്കൊണ്ടിരിക്കുന്ന ആട്ടിൻ കുട്ടിയെയുമാണ്. ആ ആട്ടിൻ കുട്ടിയുടെ മൂക്കനക്കലിലാണ് അവളുടെ വേദന സംവിധായകൻ പ്രേക്ഷകരോട് പങ്കുവയ്ക്കുന്നത്.
അന്ന് രാത്രി നമ്മുടെ റെക്കോര്‍ഡിസ്റ്റിന് ഒരു അതിഥിയുണ്ടായിരുന്നു. ആദ്യം പോലീസുകാര്‍ വന്ന് അയാളോട് വിവരങ്ങളൊക്കെ ചോദിച്ചു. ചുറ്റുവട്ടത്ത് സംശയകരമായി എന്തെങ്കിലും കണ്ടോയെന്നും. അതിന് ശേഷമാണ് ആ വൃദ്ധൻ വരുന്നത്. അയാളുമായി സംസാരിക്കുമ്പോള്‍ കപ്പലില്‍ ജീവിക്കുന്ന സ്ത്രീയുടെ കവിത റെക്കോര്‍ഡിസ്റ്റിന്റെ മനസ്സില്‍ വീണ്ടും കേള്‍ക്കുന്നു. രാവിലെ മരച്ചുവട്ടില്‍ മദ്യപിച്ച് മരിച്ച് കിടക്കുന്ന വൃദ്ധനെയാണ് കാണുന്നത്. റെക്കോര്‍ഡിസ്റ്റ് വീണ്ടും കടല്‍ തീരത്ത് എത്തുകയും തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിനടുത്തേക്ക് നടന്ന് പോകുന്നതോടെ സിനിമ അവസാനിക്കുന്നു.
ചിത്രത്തിന്റെ നിര്‍മ്മാതാവ് ഹാദി ഘസന്‍ഫാരിയാണ്. അദ്ദേഹത്തിന്റെ സഹോദരനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു യഥാര്‍ത്ഥ സൗണ്ട് റെക്കോര്‍ഡിസ്റ്റിനെ തന്നെയാണ് ഒര്‍ജിനാലിറ്റിക്ക് വേണ്ടി അഭിനയിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു. താൻ മദ്യത്തിന് എതിരാണെങ്കിലും രാജ്യത്ത് നിലനില്‍ക്കുന്ന പലവിധത്തിലുള്ള നിരോധനങ്ങളുടെയും രാഷ്ട്രീയമാണ് ഇതിലൂടെ താൻ ഉന്നമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ. ഇറാനില്‍ ഒരു ജനത സമരത്തിലാണ്. പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് ജീവിക്കാനുള്ള അവകാശത്തിനുള്ള സമരത്തില്‍. ആ സമരത്തിന്റെ പ്രതിഫലനം തന്നെയാണ് ഹൂപോയെ എന്ന് ഒറ്റവാക്കില്‍ പറയാം.
English: Hoopoe is also about sanctions in Iran
You Can Also Like This Video
<iframe width=“647” height=“364” src=“https://www.youtube.com/embed/y8mM0_4e_7A” title=“ലഹരിവിരുദ്ധ പോരാട്ടത്തെ രാഷ്ട്രീയവൽക്കരിക്കരുത് | Janayugom Editorial” frameborder=“0” allow=“accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.