1 May 2024, Wednesday

Related news

December 19, 2022
December 16, 2022
December 14, 2022
December 14, 2022
December 13, 2022
December 12, 2022
December 12, 2022
December 11, 2022
December 11, 2022
December 11, 2022

ലാസ്റ്റ് ഫിലിം ഷോ — സിനിമാ കാഴ്ചയുടെ ഗൃഹാതുരത്വത്തിലേക്ക്

രാജഗോപാല്‍ രാമചന്ദ്രന്‍
തിരുവനന്തപുരം
December 11, 2022 6:57 pm

2010കളുടെ അവസാനം സിനിമാ തിയേറ്ററുകള്‍ ഡിജിറ്റലായി മാറുന്ന കാലത്തെ കഥ പറയുന്ന ചിത്രമാണ് ഗുജറാത്തി ചിത്രമായ ലാസ്റ്റ് ഫിലിം ഷോ (ചെല്ലോ ഷോ). പാന്‍ നളിന്‍ സംവിധാനം ചെയ്ത ഈ ചിത്രം ഫെസ്റ്റിവല്‍ കാലിഡോസ്കോപ്പ് വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്. സ്കൂള്‍ വിദ്യാര്‍ത്ഥിയായ ഒമ്പത് വയസുകാരനായ സമയ് സിനിമയുടെ മാസ്മരിക വലയത്തിലകപ്പെടുന്നതാണ് ചിത്രത്തിന്റെ കഥാതന്തു. തിയേറ്ററില്‍ ടിക്കറ്റെടുക്കാതെ സിനിമ കാണുന്ന സമയ് പിടിക്കപ്പെടുന്നതും പുറത്താക്കപ്പെടുന്നതും പ്രൊജക്ടര്‍ ഓപ്പറേറ്ററായ ഫൈസല്‍ അവന്റെ സിനിമാ പ്രേമം കണ്ട് അവനെ കൂടെ കൂട്ടുന്നതുമാണ് ചിത്രത്തിന്റെ തുടക്കത്തില്‍. അവന്റെ സിനിമാപ്രേമത്തെ പിതാവും എതിര്‍ക്കുന്നുണ്ട്.

ആദ്യം തിയേറ്ററില്‍ നിന്നും കിട്ടുന്ന വെട്ടിയിട്ട ഫിലിം തുണ്ടുകള്‍കൊണ്ടും പിന്നീട് സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് മോഷ്ടിച്ചെടുക്കുന്ന സിനിമാ റീലുകള്‍ കൊണ്ടും അവന്‍ സുഹൃത്തുക്കള്‍ക്കൊപ്പം സിനിമാ പ്രദര്‍ശനമാരംഭിക്കുകയും ഒരു സിനിമാക്കാരനാകുക എന്ന സ്വന്തം മോഹത്തിന് അടിത്തറ പാകുകയും ചെയുന്നുണ്ട്. സിനിമ ഡിജിറ്റലായി മാറുന്നതോടെ അനാഥമാകുന്ന ഫിലിംറീലുകളുടെ അവസ്ഥ സമയയുടേത് പോലെ നല്ല സിനിമയെ സ്നേഹിക്കുന്ന കാണികളുടെ കണ്ണുകളും ഈറനണിയിക്കുന്നുണ്ട്.

ഇന്ത്യയുടെ ഓസ്കാര്‍ പ്രതീക്ഷയായ ലാസ്റ്റ് ഫിലിം ഷോയില്‍ സമയ് യെ അവതരിപ്പിക്കുന്നത് ഭവന്‍ റാബറി എന്ന ബാലതാരമാണ്. അസാധ്യമായ പ്രകടനം കൊണ്ട് അവന്‍ വിസ്മയിപ്പിക്കുന്നുണ്ട്. ഭവേഷ് റിമാലിയാണ് ഫൈസലായെത്തുന്നത്. വെള്ളിത്തിരയില്‍ നിന്ന് മൊബൈലിലേക്കെത്തിയ സിനിമയുടെ വികസനം അനാഥമാക്കിയ നിരവധി ജീവിതങ്ങളുണ്ട്. ഒരുകാലത്ത് തിയേറ്ററുകളില്‍ തരംഗമുണ്ടാക്കുകയോ ഇന്ത്യന്‍ സിനിമാ ചരിത്രത്തിന്റെ ഭാഗമാകുകയോ ചെയ്ത പല ചലച്ചിത്രങ്ങളുടെയും റീലുകളും പഴയകാല സിനിമാ പെട്ടികളും ഏതെങ്കിലും ഗോഡൗണുകളില്‍ നശിപ്പിച്ചുകൊണ്ടിരിക്കുകയോ പുതിയ ഉല്പന്നങ്ങളുടെ അസംസ്കൃത വസ്തുക്കളായി മാറുകയോ ചെയ്യുകയാണ്. റോളുകളായി പെട്ടികളില്‍ സൂക്ഷിച്ചിരുന്ന നിരവധി സിനിമകള്‍ അഞ്ഞൂറ് ജിബിക്കകത്തുള്ള കണ്ടെന്റുകളായി മൊബൈലിനുള്ളില്‍ കൊണ്ടുനടക്കാവുന്ന ഇക്കാലത്ത് പഴയ തിയേറ്റര്‍ ഓര്‍മ്മകളിലേക്ക് കൊണ്ടുപോകുന്നുണ്ട് ലാസ്റ്റ് ഫിലിം ഷോയെന്ന ഈ ചിത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.