1 May 2024, Wednesday

Related news

December 19, 2022
December 16, 2022
December 14, 2022
December 14, 2022
December 13, 2022
December 12, 2022
December 12, 2022
December 11, 2022
December 11, 2022
December 11, 2022

ഇരകളാക്കപ്പെടുന്ന സ്ത്രീകളുടെ ജീവിതം തുറന്നുകാട്ടുന്ന അറിയിപ്പും യെസും

രാജഗോപാല്‍ രാമചന്ദ്രന്‍
തിരുവനന്തപുരം
December 11, 2022 6:54 pm

പൊലീസ് സ്റ്റേഷനിലോ കോടതികളിലോ രജിസ്റ്റര്‍ ചെയ്യപ്പെട്ട് ഇരകളോ അതിജീവിതകളോ ആകുന്ന സ്ത്രീകളേക്കാള്‍ വളരെയധികമാണ് വീട്ടിനുള്ളിലും ഓഫീസുകളിലും ഒതുക്കപ്പെട്ട് കഴിയപ്പെടുന്ന ഇരകള്‍. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെടാത്ത ഇരകളായി ജീവിക്കപ്പെടേണ്ട സ്ത്രീകളുടെ കഥകള്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ രണ്ട് മലയാള ചിത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പും മലയാള സിനിമ ടുഡേ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്ത യെസും.
‍വടക്കേ ഇന്ത്യയിലെ ഒരു മെഡിക്കല്‍ ഗ്ലൗസ് ഫാക്ടറിയില്‍ രണ്ട് സെക്ഷനുകളില്‍ ജോലിചെയ്യന്ന ഹരീഷ് — രശ്മി ദമ്പതികളുടെ കഥയാണ് അറിയിപ്പ് പറയുന്നത്.

കേരളത്തില്‍ നിന്നും കുടിയേറിയ ഹരീഷും രശ്മിയും വിദേശത്ത് ജോലിക്കായി പോകാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനിടെ രശ്മിയുടേതെന്ന പേരില്‍ ഒരു അശ്ലീല വീഡിയോ പ്രചരിപ്പിക്കപ്പെടുന്നതും വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഹരിഷീനും രശ്മിയ്ക്കുമുണ്ടാക്കുന്ന പ്രശ്നങ്ങളുമാണ് അറിയിപ്പിലൂടെ പറയുന്നത്. ജോലി സുരക്ഷയും ഹരീഷിന്റെ വ്യക്തി താല്‍പ്പര്യങ്ങളും സംരക്ഷിക്കപ്പെടാന്‍ വേണ്ടി ഓഫീസിലും വീട്ടിലും രശ്മി ഇരയാക്കപ്പെടുന്നുണ്ട്. ശാരീരികമായുള്ള മര്‍ദ്ദനത്തിനും രശ്മി ഇരയാകുന്നുണ്ട്. തെറ്റുകാരിയല്ലെന്ന് ഹരീഷിനും അടുത്ത സുഹൃത്തുക്കള്‍ക്കും ബോധ്യപ്പെട്ടിട്ടും തന്റെ വീഡിയോയല്ല പ്രചരിക്കുന്നതെന്ന അറിയിപ്പ് ഓഫീസില്‍ ഔദ്യോഗികമായി നല്‍കണമെന്ന ഉറപ്പ് രശ്മി ആവശ്യപ്പെടുന്നിടത്താണ് അറിയിപ്പിന്റെ കഥ സങ്കീര്‍ണ്ണമാകുന്നത്.

ചോക്ലേറ്റ് നായകന്‍ എന്ന കുപ്പായം അഴിച്ചുവച്ച് കുഞ്ചാക്കോ ബോബന്‍ യാത്ര തുടങ്ങിയിട്ട് കാലം കുറച്ചായി. മഹേഷ് നാരായണന്‍ തന്നിലല്‍പ്പിച്ച വിശ്വാസം വെള്ളിത്തിരയിലെത്തിക്കാന്‍ കുഞ്ചാക്കോ ബോബന് കഴിഞ്ഞു. ഈഗോയും ജാള്യതയുമൊക്കെ നിറഞ്ഞ ഹരീഷിനെ അത്രമനോഹരമായാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ചത്. രശ്മിയായി എത്തിയ ദിവ്യപ്രഭയുടേത് അവരുടെ ഇതുവരെയുള്ള സിനിമാ കരിയറിലെ ശക്തമായ വേഷമാണ്.

യെസ്

സജിത മഠത്തില്‍ അവതരിപ്പിക്കുന്ന ഹോംബേക്കറായ സുധര്‍മ്മയുടെയും നമിത പ്രമോദ് അവതരിപ്പിക്കുന്ന അല്‍മ വിന്‍സെന്റ് എന്ന പെണ്‍കുട്ടിയുടെയും കഥയാണ് യെസ് എന്ന സിദ്ധാര്‍ത്ഥ് ശിവ ചിത്രം. വിവാഹമോചിതയായ സുധര്‍മ്മയും സുധര്‍മ്മയുടെ ആദ്യഭര്‍ത്താവിനോടൊപ്പം ലിവിങ് ടുഗദര്‍ രീതിയില്‍ ജീവിക്കുന്ന അല്‍മ വിന്‍സെന്റും ഒരേ പുരുഷന്റെ വഞ്ചനയില്‍പ്പെട്ട രണ്ട് സ്ത്രീകളാണ്. ഒരു പ്രത്യേകസാഹചര്യത്തില്‍ ഇവര്‍ രണ്ടുപേരും കണ്ടുമുട്ടുന്നിടത്താണ് യെസ് ആരംഭിക്കുന്നത്. ശാരീരികമായി പീ‍ഡനത്തിനപ്പുറം ഒരു പുരുഷന്റെ മാനസിക പീഡനം അനുഭവിക്കുന്ന സ്ത്രീയുടെ രണ്ടു കാലങ്ങളാണ് സുധര്‍മ്മയും അല്‍മയും അവതരിപ്പിക്കുന്നത്.

അനുഭവം കൊണ്ട് സുധര്‍മ്മയെ സജിതയും അഭിനയം കൊണ്ട് അല്‍മയെ നമിതയും മനോഹരമാക്കിയിട്ടുണ്ട്. വിവാഹമോചിതയായ മധ്യവയസ്കതായ സുധര്‍മ്മയ്ക്ക് ജൈവപച്ചക്കറിയുമായെത്തി പ്രത്യേക കെയറിങ് നല്‍കുന്ന സുധീഷിന്റെ കഥാപാത്രം തിയേറ്ററില്‍ ചിരിയുണര്‍ത്തുന്നുണ്ട്. കഷ്ടിച്ച് പത്തോളം കഥാപാത്രങ്ങളിലൂടെ രണ്ട് മണിക്കൂറോളം പ്രേക്ഷകരെ തിയേറ്ററില്‍ പിടിച്ചിരുത്താന്‍ സെയിനാകുന്നുണ്ട്. സംവിധായകനായ സിദ്ധാര്‍ത്ഥ് ശിവയ്ക്കൊപ്പം ഒരു പറ്റം സ്ത്രീകള്‍ യെസില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നുള്ളതും എടുത്തു പറയേണ്ടതാണ്. തിരക്കഥാകൃത്തായ സജിതയും സംഗീത സംവിധായികയായ മഞ്ജരിയും ഗാനരചന നിര്‍വ്വഹിച്ച വിജയരാജമല്ലികയും (ട്രാന്‍സ് ജെന്‍‍ഡര്‍ കവിയിത്രി) അവരില്‍ ചിലര്‍ മാത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.