1 May 2024, Wednesday

Related news

December 19, 2022
December 16, 2022
December 14, 2022
December 14, 2022
December 13, 2022
December 12, 2022
December 12, 2022
December 11, 2022
December 11, 2022
December 11, 2022

സിനിമയിലൂടെ പ്രചരിപ്പിക്കേണ്ടത് വെറുപ്പും വിദ്വേഷവുമല്ല: ചൈതന്യ തമന്നെ

Janayugom Webdesk
December 19, 2022 4:51 pm

ചൈതന്യ തമന്നെ തന്റെ 25-ാം വയസ്സില്‍ കോര്‍ട്ട് എന്ന സിനിമയിലൂടെയാണ് ഇന്ത്യൻ സിനിമയില്‍ തന്റെ വരവ് അറിയിച്ചത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ കഥയ്ക്കൊപ്പം ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ പോരായ്മകളും ഈ സിനിമ തുറന്നുകാട്ടുന്നു. 27ാമത് ഐഎഫ്എഫ്കെയില്‍ ജൂറി അംഗമായിരുന്നു ചൈതന്യ. അദ്ദേഹവുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്.

ചോദ്യം: താങ്കളുടെ ആദ്യ സിനിമയായ കോര്‍ട്ട് അധഃസ്ഥിത വിഭാഗത്തെക്കുറിച്ചും ജാതീയതയെക്കുറിച്ചുമെല്ലാം പറയുന്നുണ്ട്. അതോടൊപ്പം കോടതികളിലെ കാലതാമസത്തെക്കുറിച്ചും. ആ ഒരു വിഷയത്തിലേക്ക് എത്തിച്ചേര്‍ന്ന സാഹചര്യം വ്യക്തമാക്കാമോ?

ഉത്തരം: ഞാൻ കോടതികളെക്കുറിച്ച് ധാരാളം റിസര്‍ച്ച് നടത്തിയിരുന്നു. എന്റെ രാഷ്ട്രീയം വ്യക്തമാക്കാനാണ് ഞാൻ ആ വിഷയം തന്നെ തെരഞ്ഞെടുത്തത്. മുംബൈയിലെ ഒരു ശരാശരി കുടുംബത്തിലാണ് ഞാൻ ജനിച്ച് വളര്‍ന്നത്. അവിടെ ജാതിയെക്കുറിച്ച് സംസാരിക്കാനാകില്ല. സുരക്ഷിതമല്ലാത്ത ഒരു കാര്യത്തിലും അവിടെ ഇടപെടാനുമാകില്ല. ഒരു വ്യത്യസ്തമായ മുംബൈയെയും വ്യത്യസ്തമായ ഇന്ത്യയെയും തുറന്ന് കാട്ടാനുള്ള വഴിയായിരുന്നു അത്. പരിഗണനകള്‍ ലഭിക്കാത്ത ധാരാളം മനുഷ്യര്‍ നമുക്കിടയില്‍ ഇപ്പോഴും ഉണ്ട്. നമ്മള്‍ അവരോട് നിരന്തരം സംസാരിക്കാറുണ്ട്. പക്ഷെ അവര്‍ പലപ്പോഴും നമുക്ക് മുന്നില്‍ അദൃശ്യരായിരിക്കും. അവര്‍ നമ്മുടെ വീട്ടില്‍ വരും നമ്മുടെ മാലിന്യങ്ങള്‍ എടുക്കും വസ്ത്രം അലക്കി തരും. അവരുടെ ജീവിതം നമുക്കെല്ലാം അറിയാം. പക്ഷെ ആരും അവര്‍ നേരിടുന്ന മനുഷ്യത്വരഹിത വിഷയങ്ങളെയും അടിച്ചമര്‍ത്തലിനെയും കുറിച്ച് സംസാരിക്കാറില്ല. 

എനിക്ക് 23 വയസ്സുള്ളപ്പോഴാണ് ഇതിന്റെ സ്ക്രിപ്റ്റ് എഴുതി തുടങ്ങിയത്. വളരെ മുതിര്‍ന്ന നാടകകൃത്തും മാധ്യമപ്രവര്‍ത്തകനുമായ രാമു രാമനാഥന്‍ എന്ന എന്റെ അധ്യാപകനെയാണ് ഞാനത് കാണിച്ചത്. ഞാനാകെ ഒന്ന് ഉണര്‍ന്നു. അദ്ദേഹം പറഞ്ഞത് കേട്ട് സംബാജി ബാഗാതെന്റെ സംഗീതം കേട്ടു. കൂടാതെ കുറച്ച് വായിച്ചു. ഇതെല്ലാം എന്റെ സ്ക്രിപ്റ്റിനെ സഹായിച്ചു. മനുഷ്യരെ എങ്ങനെ അവതരിപ്പിക്കണമെന്ന് മനസ്സിലായി. 

ബോളിവുഡ് സിനിമകളിലോ ഹിന്ദി സിനിമകളിലോ ഹൈക്കോടതിയെയോ സുപ്രിംകോടതിയെയോ അവതരിപ്പിക്കാറില്ല. ഞാൻ ഉത്തരം നല്‍കാനല്ല ശ്രമിച്ചത് ഉത്തരങ്ങള്‍ കണ്ടെത്താനാണ്. അതൊരു പ്രൊപ്പഗാൻഡ ആക്കാതിരിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. രാഷ്ട്രീയം കുത്തിത്തിരുകിയാല്‍ സിനിമയുടെ രാഷ്ട്രീയം നഷ്ടമാകും. കോര്‍ട്ടിലൂടെ ഒരിക്കലും ജാതിയെക്കുറിച്ച് മാത്രം പറയാനല്ല ശ്രമിച്ചത്. പുരുഷാധിപത്യം, ജാതി, വിവേചനം, എന്തിന് ഭാഷ ഉപയോഗിക്കുന്നതിലെ വ്യത്യാസം പോലും അവിടെ കൊണ്ടുവരാന്‍ ശ്രമിച്ചു. ഇംഗ്ലീഷ് ഇന്നും ഇവിടുത്തെ ഭൂരിഭാഗത്തിനും വഴങ്ങുന്ന ഭാഷയല്ല. കോടതി മുറിയിലും അത് തന്നെയാണ് അവസ്ഥ. ഞാൻ ആ എല്ലാ വശങ്ങളും കവര്‍ ചെയ്യാനാണ് ശ്രമിച്ചത്. 

ചോദ്യം: ഈസ്റ്റ് ഇന്ത്യ കമ്പനി ആദ്യം കൊല്‍ക്കത്തയിലാണ് വന്നത്. അവിടെ നിന്നും മീററ്റിലേക്ക് പോയി. മീററ്റിലെ ജനങ്ങള്‍ ഓടി രക്ഷപ്പെട്ടത് ബ്രിട്ടീഷ് പട്ടാളത്തെ പേടിച്ച് ആയിരുന്നില്ല, പകരം അവരുടെ കോടതി സംവിധാനത്തെ പേടിച്ചായിരുന്നു. നമ്മുടെ കോടതികള്‍ ഇപ്പോഴും കൊളോണിയല്‍ സംവിധാനത്തെ പിന്‍പറ്റുകയല്ലേ ചെയ്യുന്നത്?

ഉത്തരം: നമ്മുടെ പല നിയമങ്ങളും കൊളോണിയല്‍ കാലത്തേത് തന്നെയാണ്. അതാണ് എന്റെ സിനിമയിലൂടെ പറയാൻ ഞാൻ ശ്രമിച്ചതും. വലിയ തോതില്‍ നമ്മുടെ നിയമത്തിന് കൊളോണിയല്‍ ഹാംഗ് ഓവറുണ്ട്. രാജ്യദ്രോഹക്കുറ്റമാണ് അതിനുള്ള ഉദാഹരണം. അത് കൊളോണിയല്‍ കാലത്ത് വന്നതാണ്. അടിച്ചമര്‍ത്തുക എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരെ അടിച്ചമര്‍ത്താനാണ് ബ്രിട്ടീഷുകാര്‍ ആ നിയമം കൊണ്ടുവന്നത്. അതേ നിയമം തന്നെ സ്വതന്ത്രമായ ഒരു ജനാധിപത്യ രാജ്യത്തില്‍ എങ്ങനെയാണ് ഉപയോഗിക്കാനാകുക? ആ വശങ്ങള്‍ കൂടി ഈ സിനിമയിലൂടെ അടയാളപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചിരുന്നു. 

ചോദ്യം: ബോളിവുഡില്‍ എന്താണ് സംഭവിക്കുന്നത്?

ഉത്തരം: ഞാൻ ബോളിവുഡ് സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. മറാത്തി തിയറ്ററിനപ്പുറത്ത് ഒരു കുട്ടിയായിരിക്കുമ്പോള്‍ എനിക്ക് മറ്റൊരു സാധ്യതയുണ്ടായിരുന്നില്ല. ഞാൻ മുംബൈയിലാണ് ജീവിക്കുന്നതെങ്കിലും ഒരു ബോളിവുഡ് മനുഷ്യനായി എനിക്ക് തോന്നിയിട്ടില്ല. അതിനാല്‍ ബോളിവുഡിനെക്കുറിച്ച് പറയാന്‍ ഞാൻ ആളല്ല എന്നും കരുതുന്നു. ഞാൻ പൂര്‍ണമായും മുഖ്യധാരാ ഇൻഡസ്ട്രിക്ക് വെളിയിലാണ്. 

പക്ഷെ ബോളീവുഡിന്റെ ഇപ്പോഴത്തെ പരാജയം ഒരു സൈക്കിള്‍ ആണെന്നാണ് എനിക്ക് തോന്നുന്നത്. ജനങ്ങള്‍ക്ക് വ്യത്യസ്തത വേണം. അവര്‍ക്ക് വ്യത്യസ്തമായ സിനിമയും ആസ്വാദനവും ആവശ്യമാണ്. ഇതൊരു മാറ്റ പ്രക്രിയയാണ്. ഒരേയൊരു ബോളിവുഡോ മലയാളം സിനിമയോ തമിഴ് സിനിമയോ ഉള്ളൂവെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എല്ലാവരും നന്നായി ശ്രമിക്കുന്നുണ്ട്. വര്‍ക്ക് ചെയ്യുന്നുണ്ട്. സമൂഹം അതിനോട് പ്രതികരിക്കുകയാണ് ചെയ്യുന്നത്. അത് മുഖ്യധാരയോ പണമോ ഒന്നുമല്ല, സംസ്കാരത്തിന്റെ ഭാഗമാണ്. കോര്‍ട്ട് ഒരു നൂറ് കോടി രൂപ നേടിയ സിനിമയായിരുന്നെങ്കില്‍ അവര്‍ എല്ലായ്പ്പോഴും മറ്റൊരു കോര്‍ട്ട് നിര്‍മ്മിക്കാൻ ശ്രമിക്കുമായിരുന്നു. അതിനപ്പുറത്തേക്ക് സാമൂഹിക പ്രതിബദ്ധതയൊന്നും ബോളിവുഡിനില്ല. പണം കണ്ടെത്താനാണ് നിര്‍മ്മാതാക്കള്‍ ശ്രദ്ധിക്കുന്നത്. 

നൂറ് കോടി ലഭിക്കുന്ന സിനിമ എവിടെ നിന്ന് വരുന്നുവെന്ന് അവര്‍ ശ്രദ്ധിക്കാറില്ല. അത് നേടിയ നടനെ അവര്‍ ശ്രദ്ധിച്ചേക്കാം. അത് കേരളത്തില്‍ നിന്നാകാം, മണിപ്പൂരില്‍ നിന്നാകാം. എവിടെ നിന്നും ആകാം. കാലം മാറുന്നുവെന്ന് നിര്‍മ്മാതാക്കള്‍ ആലോചിക്കുന്നത് നല്ലതായിരിക്കുമെന്ന് എനിക്ക് തോന്നുന്നു. ബോളിവുഡിലെ സിനിമകള്‍ നല്ല സംവിധാനത്തിലല്ല ഇപ്പോള്‍ പോകുന്നത് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. 

ബോളിവുഡിന്റെ തകര്‍ച്ചയ്ക്ക് അവര്‍ തന്നെയാണ് കാരണക്കാര്‍. ജനങ്ങള്‍ അവര്‍ക്ക് ആവശ്യമുള്ളത് മാത്രമേ കാണൂ. ബോളിവുഡ് ഇപ്പോഴും ശരാശരിക്ക് മുകളിലുള്ള നഗര ജീവിതത്തിന് പിന്നാലെയാണ്. പക്ഷെ സിനിമ എന്ന മാധ്യമം ഒട്ടനവധി മറ്റ് മാധ്യമങ്ങളുമായി മത്സരിക്കുകയാണ്. അവര്‍ യൂ ടൂബിലൂടെയും മറ്റും റീലുകള്‍ കാണുന്നു. അവര്‍ അന്താരാഷ്ട്ര ടെലിവിഷൻ ഷോകളും കാണുന്നുണ്ട്. സ്വാഭാവികമായും ഇന്ത്യയ്ക്ക് പുറത്തുള്ള സിനിമകളും അവര്‍ കാണുന്നുണ്ട്. ഇത് ബോളിവുഡിനെ മാത്രം ബാധിക്കുന്ന കാര്യമല്ല, സ്വതന്ത്ര സിനിമയെയും ബാധിക്കും. കാഴ്ചക്കാര്‍ ശ്രമിക്കുന്നത് കാഴ്ചയുടെ വിവിധ ഘടകങ്ങള്‍ കാണാനാണ്. 

ചോദ്യം: കോര്‍ട്ടിന് വേണ്ടി താങ്കള്‍ തയ്യാറെടുക്കുന്ന കാലം ഇന്ത്യ ഭരിച്ചത് മറ്റൊരു സര്‍ക്കാര്‍ ആണ്. പ്രത്യക്ഷത്തിലെങ്കിലും മതേതരമായിരുന്നു അന്ന് ഇന്ത്യ. ഇക്കാലത്താണെങ്കില്‍ കോര്‍ട്ട് എന്ന സിനിമയ്ക്ക് വേണ്ടി താങ്കള്‍ എങ്ങനെ തയ്യാറെടുക്കും? കാരണം അതിന് ശേഷം നമ്മള്‍ രോഹിത് വെമുലയുടെയും മറ്റും കേസുകള്‍ കണ്ടു. അതുകൊണ്ടാണ് ഈ ചോദ്യം.

ഉത്തരം: വെര്‍ണൻ ഗുല്‍സാവേസും മറ്റുമാണ് കോര്‍ട്ട് തയ്യാറാക്കുമ്പോള്‍ എന്റെ മനസ്സിലുണ്ടായിരുന്നത്. കാലം കഴിഞ്ഞപ്പോള്‍ ഇവിടെ രോഹിത് വെമുലയും മറ്റും വന്നു. നൂറ് വര്‍ഷം കഴിഞ്ഞാലും ഈ കഥയ്ക്ക് പ്രാധാന്യമുണ്ടാകും. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്നം ഇവിടെ നന്നായി ഉണ്ട്. എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതാണ് നാമിപ്പോള്‍ കാണുന്നത്. ഉദ്യോഗസ്ഥ വൃന്ദങ്ങളുടെയും സ്ഥാപനങ്ങളുടെയും അടിച്ചമര്‍ത്തലുകള്‍ നാം കാണുന്നുണ്ട്. അത് അധികാരം നേടുന്ന മനുഷ്യരുടെ പ്രശ്നമാണ്. അത് മനുഷ്യ സ്വഭാവമാണ്. 

ഇന്ന് ആ സിനിമ റിലീസ് ചെയ്യുമോയെന്ന് പോലും അറിയില്ല. ആ സമയത്തും ഇത് റിലീസ് ചെയ്യാൻ സാധ്യതയുണ്ടായിരുന്നില്ല. എന്നാല്‍ നമ്മള്‍ ഇന്ന് ജീവിക്കുന്നത് എല്ലാത്തിലും കുറ്റം കാണുന്ന സമൂഹത്തിലാണ്. 2014ലേക്കാളും സമൂഹമാധ്യമങ്ങള്‍ കൂടുതല്‍ വയലന്റായി. എല്ലാക്കാര്യത്തിലും പല തരത്തിലുള്ള അഭിപ്രായങ്ങള്‍ ആളുകള്‍ പറയാൻ തുടങ്ങി. സ്ത്രീകളോട് മോശമായി പെരുമാറുന്നവരെയും സൈബര്‍ ബുള്ളിയിംഗ് നടത്തുന്നവരെയും ഇന്ന് ധാരാളമായി കാണാം. ഇന്റര്‍നെറ്റ് എല്ലാവര്‍ക്കും ഇന്ന് എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന മാധ്യമമാണ്. അതിന്റെ നല്ല വശങ്ങളും ചീത്ത വശങ്ങളുമുണ്ടെന്ന് ആരും ചിന്തിക്കാറില്ല. 

ഈ ചോദ്യം ഞാൻ എന്നോടും ചോദിക്കാറുണ്ട്. ഉത്തരം അറിയില്ല എന്നതാണ് സത്യം. സെല്‍ഫ് സെന്‍സര്‍ഷിപ്പ് ഇവിടെ നടക്കുന്നുണ്ട്. നടന്മാര്‍ക്ക് പോലും പറയുന്ന സബ്ജക്ടിനെക്കുറിച്ച് പേടിയുണ്ട്. കുറ്റകരമായി വല്ലതുമുണ്ടോയെന്ന് അവരും ജാഗ്രത കാണിക്കും. എന്തെങ്കിലും നിയമ പ്രശ്നമുണ്ടാകുമോയെന്നാണ് എല്ലാവരുടെയും പേടി. അത്തരമൊരു പേടി ഉണ്ടായാല്‍ തന്നെ പ്രശ്നമാണ്. അത്തരമൊരു പേടിയുണ്ടെങ്കില്‍ ക്രിയേറ്റീവ് ആകാനാകില്ല. നമ്മുടെ കാഴ്ചപ്പാട് പ്രകടിപ്പിക്കാനാകാതെ വരും. 

അത് സര്‍ക്കാരിന്റെയോ അധികാരികളുടെയോ മാത്രം പ്രശ്നമല്ല. ധാരാളം ആളുകള്‍ ഭീഷണിയും ആക്രമണങ്ങളുമായി വരും. ആരുടെയും നിയന്ത്രണത്തിലല്ല ഇത്തരം കാര്യങ്ങളെന്നാണ് ഞാൻ കരുതുന്നത്. സൈബര്‍ പോലീസ് കൂടുതല്‍ സജീവവും അവര്‍ കലാകാരന്മാരോട് ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പലപ്പോഴും ആവിഷ്കാര സ്വാതന്ത്ര്യം ഒരു വശത്ത് മാത്രമാണ് നടക്കുന്നത്. 

ചോദ്യം: ഉറി, കാശ്മീര്‍ ഫയല്‍സ് പോലുള്ള പ്രൊപ്പഗാൻഡ സിനിമകള്‍ ബോളിവുഡ‍ിന് ദോഷമല്ലേ ചെയ്തിട്ടുള്ളൂ? കാരണം ഇത്തരം സിനിമകളാണ് പാൻ ഇന്ത്യന്‍ എന്നാണ് ചില ഭാഗങ്ങളില്‍ നിന്നുള്ള പ്രചരണം. അത്തരം സിനിമകളാണ് പാൻ ഇന്ത്യന്‍ എന്ന് താങ്കള്‍ കരുതുന്നുണ്ടോ?

ഉത്തരം: നിങ്ങള്‍ പറഞ്ഞ ഈ രണ്ട് സിനിമകളും ഞാൻ കണ്ടിട്ടില്ല. പക്ഷെ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന സിനിമകളെ ഞാൻ അംഗീകരിക്കില്ല. ഞാൻ അത്തരം സിനിമകള്‍ക്കെതിരെയേ നിലകൊള്ളൂ. അത്തരം സിനിമകള്‍ ജനങ്ങളെ വിഭജിക്കുകയും സത്യങ്ങളെ മൂടിവയ്ക്കുകയും ഇല്ലാതാക്കുകയും ചെയ്യും. ചരിത്രത്തെയും അത് വികലമാക്കും. വര്‍ഗ്ഗീയ വിദ്വേഷമോ കലാപമോ ഉണ്ടാക്കുകയും രാജ്യങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ദ വളര്‍ത്തുകയും ചെയ്യുന്ന സിനിമകളെ കലയുടെ ഭാഗമായി അംഗീകരിക്കാനാകില്ല. ഏതെങ്കിലും വിഭാഗത്തെ മാത്രം അടയാളപ്പെടുത്തുന്നതോ അല്ലെങ്കില്‍ ന്യായീകരിക്കുന്നതോ ആയ സിനിമകള്‍ എങ്ങനെയാണ് ദേശീയതയുടെ അടയാളങ്ങള്‍ ആകുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. 

കഥ പറയുക എന്ന കല ഏതെങ്കിലും ഒരു ഗ്രൂപ്പിനിടയില്‍ മാത്രം നില്‍ക്കേണ്ട കാര്യമല്ല. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നായാലും ഏതൊരു വിഭാഗത്തെയും ലക്ഷ്യമിടുന്ന സിനിമകള്‍ പ്രൊപ്പഗാൻഡ സിനിമകളാണ്. പ്രൊപ്പഗാൻഡ എന്നത് ഒരു ട്രിക്കി വാക്കാണ്. കാരണം, ഏതൊരു രാഷ്ട്രീയ സ്പെക്ട്രത്തിലും അത് ഉപയോഗിക്കാനാകും. കലാകാരൻ അയാളുടെ ബോധത്തിനനുസരിച്ച് ഒരു വര്‍ക്ക് ചെയ്യുമ്പോള്‍ കാഴ്ചക്കാര്‍ക്ക് അത് ഏറ്റെടുക്കാനും ഏറ്റെടുക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്ന് മനസ്സിലാക്കണം. 

ഇവിടെയൊരു സെന്‍സര്‍ ബോര്‍ഡ് ഉണ്ട്. അവരാണ് അതിനെക്കുറിച്ച് ബോധവാന്മാരാകേണ്ടത്. കോര്‍ട്ട് എന്ന സിനിമയില്‍ ഒരു വനിതാ പബ്ലിക് പ്രോസിക്യൂട്ടര്‍ എല്ലാ ദിവസവും പുതിയ മുഖങ്ങള്‍ കാണുന്നുവെന്ന ഡയലോഗ് പറഞ്ഞപ്പോള്‍ അതില്‍ സെൻസര്‍ബോര്‍ഡ് ഇടപെട്ടു. ആ ഡയലോഗ് കുറ്റകരമാണെന്നാണ് അവര്‍ കണ്ടെത്തിയത്. അതിനാല്‍ ഞങ്ങള്‍ക്ക് അത് സെന്‍സര്‍ ചെയ്യേണ്ടതായി വന്നു. 

ചോദ്യം: സിനിമ ഒരു ജനകീയ മാധ്യമമാണ്. ചിലര്‍ പ്രത്യേകിച്ചും പ്രത്യേക അജണ്ടയുള്ളവര്‍ അതിനെ ഒരു പ്രൊപ്പഗാൻ‍ഡയോ അല്ലെങ്കില്‍ കാമ്പെയ്ന്റെ ഭാഗമോ ആയി ഉപയോഗിക്കുമ്പോള്‍ നമുക്ക് എങ്ങനെയാണ് പ്രതിരോധിക്കാനാകുക?

ഉത്തരം: പ്രൊപ്പഗാൻഡ എന്നത് നമ്മള്‍ ജീവിക്കുന്ന കാലത്തിനും സ്ഥലത്തിനുമനുസരിച്ച് മാറിക്കൊണ്ടിരിക്കും. അത് എവിടെ നിന്നും വരാം. പക്ഷെ അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളും പ്രചരിപ്പിക്കുന്നത് സിനിമ നിര്‍മ്മാണത്തിലെ അപകടകരമായ വസ്തുതയാണ്. സത്യത്തില്‍ നിന്നും ഏറെ അകലെയുള്ളതും അപകടകരവുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നാണ് എന്റെ നിലപാട്. കാശ്മീര്‍ ഫയല്‍സ് ഞാൻ കണ്ടിട്ടില്ലെന്ന് നേരത്തെ പറ‌ഞ്ഞല്ലോ? പക്ഷെ അതൊരു ഹിന്ദുത്വ ദേശീയതയുടെ ആഘോഷവും അഭിമാനവുമായി കൊണ്ടാടുന്നത് കണ്ടിരുന്നു. സിനിമ കാണാതെ അതിനെക്കുറിച്ച് ഒരു വിധി പറയാനാകില്ലെങ്കിലും പൊതുവായി പറ‌ഞ്ഞാല്‍ ഏതെങ്കിലും വിധത്തിലുള്ള വിദ്വേഷം പരത്താനാണ് അത് ശ്രമിക്കുന്നതെങ്കില്‍ അത് ശരിയല്ലെന്നാണ് എന്റെ പക്ഷം. അത് അപകടകരമാണ്. അത് ചെയ്യാൻ പാടില്ല. 

Eng­lish Sum­mery: Cin­e­ma is not the medi­um for spread­ing hate says chaithanya thamannah
You May Also Like This Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.